ബൈബിളിന്റെ മാർഗനിർദേശം ആശ്രയയോഗ്യമോ?
ബൈബിളിന്റെ മാർഗനിർദേശം ആശ്രയയോഗ്യമോ?
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഒരു രാഷ്ട്രീയക്കാരൻ നൽകുന്ന മോഹനവാഗ്ദാനങ്ങൾ നിങ്ങളുടെ ചെവിയിലെത്തുമ്പോൾ അല്ലെങ്കിൽ ഒരു യൂസ്ഡ്-കാർ ഡീലറിന്റെ വാചകക്കസർത്തു കേൾക്കുമ്പോൾ നിങ്ങൾ ചോദിച്ചേക്കാം, ‘ഇയാൾ പറയുന്നതു വിശ്വസിക്കാമോ?’ ഒരു പ്രയോജനവുമില്ലാത്ത സാധനങ്ങൾക്കും വിവരങ്ങൾക്കുമായി പണവും സമയവും ചെലവഴിക്കാൻ ആരാണ് തയ്യാറാകുക?
സമാനമായി നിങ്ങൾ ചിന്തിച്ചേക്കാം: ‘ഉപകാരപ്രദമായ എന്തെങ്കിലും ബൈബിളിൽനിന്ന് എനിക്കു പഠിക്കാനാകുമോ? ബൈബിൾ വായിക്കാനും പഠിക്കാനും ഞാൻ ചെലവഴിക്കുന്ന സമയവും ചെയ്യുന്ന ശ്രമവും തക്ക മൂല്യമുള്ളതാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പിൻവരുന്ന ബൈബിൾ വാക്യത്തിൽത്തന്നെയുണ്ട്: “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.” (മത്തായി 11:19) അതേ, ഒരു ബുദ്ധിയുപദേശം ഫലവത്താണോ എന്നത് അതു ബാധകമാക്കുന്നതുകൊണ്ട് ആളുകൾക്കു ലഭിക്കുന്ന ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്. ബൈബിൾ പഠിക്കാൻ സമയം നീക്കിവെച്ച ചിലരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തിൽ. അവരുടെ ആത്മാർഥമായ വാക്കുകൾ, ആ അതുല്യഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യണമോയെന്നു തീരുമാനിക്കാൻ നിങ്ങളെ സഹായിക്കും.
മരണവും മരണശേഷവും?
ഐക്യനാടുകളിൽനിന്നുള്ള കാരെന്റെ അമ്മ മരിച്ചിട്ട് അധികനാളായിട്ടില്ല. കുട്ടിക്കാലം മുതൽക്കേ അവൾ വിശ്വസിച്ചിരുന്നത് നല്ല ആളുകളെല്ലാം മരണശേഷം സ്വർഗത്തിൽ പോകുമെന്നാണ്. എന്നാൽ ആ വിശ്വാസം ആശ്വാസം കൈവരുത്തിയില്ല. ‘ഇപ്പോൾ സ്വർഗത്തിലുള്ള എന്റെ അമ്മ കാഴ്ചയ്ക്ക് എങ്ങനെയിരിക്കും? ഇനി, ഞാൻ അവിടെ എത്തുകയാണെങ്കിൽ എങ്ങനെ അമ്മയെ കണ്ടെത്തും? മരണാനന്തരം ഞാൻ എത്തിപ്പെടുന്നതു മറ്റെവിടെയെങ്കിലും ആയിരിക്കുമോ?’ എന്നിങ്ങനെയുള്ള ചിന്തകൾ അവളെ അലട്ടിയിരുന്നു.
യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയ കാരെൻ, മരണമടഞ്ഞവർ സ്വർഗത്തിൽ പോയിട്ടില്ലെന്നും അവർ ഒരു ഗാഢനിദ്രയ്ക്കു സമാനമായ അവസ്ഥയിലാണെന്നും മനസ്സിലാക്കി. “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്ന് സഭാപ്രസംഗി 9:5 പറയുന്നു. എന്നാൽ അമ്മയെ വീണ്ടും കാണുന്നതു സംബന്ധിച്ചോ?
“ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [ക്രിസ്തുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു” എന്ന ബൈബിൾ പ്രസ്താവന അവൾക്ക് ആശ്വാസവും പ്രത്യാശയുമേകി. (യോഹന്നാൻ 5:28, 29) ബൈബിൾ നിശ്വസ്തമാക്കിയ ദൈവം തന്റെ പുത്രൻ മുഖാന്തരം മരിച്ചവരെ ജീവനിലേക്ക്, അതും ഈ ഭൂമിയിലേക്കുതന്നെ, കൊണ്ടുവരുമെന്നും കാരെൻ മനസ്സിലാക്കി. “മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കലുകൾ എത്ര യുക്തിസഹമാണ്,” അവൾ പറയുന്നു.
ശരിയായ ആരാധനാരീതി ഏതാണ്?
റൊമേനിയക്കാരിയാണ് ആഞ്ചെലാ. അവൾക്കു പരിശുദ്ധാത്മാവിനെ ലഭിക്കാൻ ഒരു പെന്തെക്കൊസ്ത് ശുശ്രൂഷകൻ പ്രാർഥിച്ചതിനെ തുടർന്ന് അവൾ അന്യഭാഷകൾ സംസാരിക്കാൻ തുടങ്ങി. അന്ന് അവൾക്ക് 14 വയസ്സ്. എന്നിരുന്നാലും പെന്തെക്കൊസ്ത് പഠിപ്പിക്കലുകൾ ബൈബിളുമായി ഒത്തുപോകുന്നില്ലെന്ന് അവളുടെ മാതാപിതാക്കൾ കണ്ടെത്തി. പെന്തെക്കൊസ്ത് കൂട്ടായ്മകളിൽ സംബന്ധിക്കുന്നതു നിറുത്തിയ ആ കുടുംബം യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു.
ആദ്യമൊക്കെ നിരാശ തോന്നിയെങ്കിലും, തന്റെ പൂർവകാല ആരാധനാരീതികളും ബൈബിളിന്റെ പഠിപ്പിക്കലുകളും തമ്മിൽ അന്തരമുണ്ടെന്ന് ആഞ്ചെലാ താമസിയാതെതന്നെ മനസ്സിലാക്കി. ഉദാഹരണത്തിന്, യോഹന്നാൻ 17:3 വായിച്ച ആഞ്ചെലായ്ക്ക് ദൈവാംഗീകാരം ലഭിക്കാൻ ആദ്യം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടണമെന്നു മനസ്സിലായി. ആ വാക്യം ഇങ്ങനെയാണ്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” “ദൈവത്തെക്കുറിച്ചു കാര്യമായി ഒന്നുംതന്നെ അറിയാതിരുന്ന എനിക്ക് എങ്ങനെയാണു പരിശുദ്ധാത്മാവ് ലഭിക്കുക?” അവൾ ചിന്തിച്ചു. “തന്റെ നിശ്വസ്ത വചനത്തിലൂടെ സത്യാരാധന കണ്ടെത്താൻ എന്നെ സഹായിച്ചതിനു ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്,” ആഞ്ചെലാ പറയുന്നു.
ജീവിതം തിരുത്തിക്കുറിച്ച ബുദ്ധിയുപദേശം
“എളുപ്പം ചൂടാകുന്ന പ്രകൃതക്കാരനായിരുന്നു ഞാൻ,” ഇന്ത്യയിൽനിന്നുള്ള ഗബ്രിയേൽ പറയുന്നു. “ദേഷ്യം വന്നാൽ ഞാൻ പൊട്ടിത്തെറിക്കും, കയ്യിൽക്കിട്ടുന്നതെല്ലാം വലിച്ചെറിയും, എന്തിന് ആളുകളെ ഉപദ്രവിക്കുകപോലും ചെയ്യുമായിരുന്നു. കോപം വരുതിയിൽ നിറുത്താൻ ബൈബിൾ പഠനം എന്നെ സഹായിച്ചു. നിയന്ത്രണംവിടുമെന്നു തോന്നുന്ന സാഹചര്യങ്ങളിൽപ്പോലും ഇപ്പോൾ ഞാൻ ശാന്തത കൈവെടിയുന്നില്ല.”
“ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ” എന്ന സദൃശവാക്യങ്ങൾ 16:32 പോലുള്ള വാക്യങ്ങൾ ഗബ്രിയേലിനെ സ്വാധീനിച്ചു. കോപത്തിനു കടിഞ്ഞാണിടുന്നതിൽ വിജയിച്ച മറ്റൊരു വ്യക്തിയാണ് ധീരജ്. അദ്ദേഹം പറയുന്നു: “നിയന്ത്രണം വിടുന്നത് ബലഹീനതയാണെന്നും അതേസമയം ആത്മസംയമനം പാലിക്കുന്നതാണ് കരുത്തെന്നും തിരിച്ചറിയാൻ ആ വാക്യം എന്നെയും സഹായിച്ചു.”
ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഫിലിപ്പിന്റെ കാര്യമെടുക്കുക. ഒരു ഗുണ്ടയായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ മര്യാദയില്ലാത്ത സംസാരവും അടിപിടിയും മോഷണവുമൊക്കെ സാധാരണമായിരുന്നു. കുറ്റകൃത്യങ്ങളുടെ പേരിൽ ജയിൽശിക്ഷയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ദൈവത്തെ അറിയാൻ ഫിലിപ്പ് വാഞ്ഛിച്ചു. അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠനം ആരംഭിച്ചു. ദൈവത്തെ സേവിക്കാനുള്ള ആഗ്രഹം വളർത്തിയെടുത്ത അദ്ദേഹം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. ദുശ്ശീലങ്ങളോടു വിടപറഞ്ഞ ഫിലിപ്പ് ക്രിമിനൽ കൂട്ടാളികളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഇത്തരം മാറ്റങ്ങൾ വരുത്താൻ ഏതു ബൈബിൾ സത്യങ്ങളാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്?
യോഹന്നാൻ 6:44-ലെ യേശുവിന്റെ വാക്കുകൾ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ കാണിച്ചു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” ഫിലിപ്പ് പറയുന്നു, “എന്നിൽ എന്തോ നന്മ കണ്ട യഹോവ തന്റെ ജനത്തോടൊപ്പമായിരിക്കാൻ, സ്നേഹം തുളുമ്പുന്ന ഈ സഹോദരവർഗത്തോടൊപ്പമായിരിക്കാൻ, എന്നെ ആകർഷിച്ചു.” അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാരോടു യഹോവ കരുണ കാണിച്ചതിനെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങളും അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. ഫിലിപ്പ് തുടരുന്നു, “അനുതാപമുള്ള അപൂർണ മനുഷ്യരോട് ഇടപെടുമ്പോൾ യഹോവ എത്രമാത്രം ന്യായയുക്തത പ്രകടമാക്കുന്നുവെന്നു മനസ്സിലാക്കാൻ ഈ വിവരണങ്ങൾ എന്നെ സഹായിച്ചു.”—2 ശമൂവേൽ 12:1-14; സങ്കീർത്തനം 51.
ഓസ്ട്രേലിയയിൽനിന്നുള്ള ഒരു ചെറുപ്പക്കാരനായ വേയ്ഡ് മദ്യപാനം, മയക്കുമരുന്ന്, ചൂതാട്ടം, അവിഹിതബന്ധങ്ങൾ എന്നിങ്ങനെ സന്തോഷത്തിനുള്ള വഴികൾ തേടിയുള്ള ജീവിതമാണ് നയിച്ചിരുന്നത്. ഫലമോ? നിരാശ മാത്രം. ഒരിക്കൽ യഹോവയുടെ സാക്ഷികളുമായി സംസാരിക്കാനിടയായ അദ്ദേഹം ഒരു സൗജന്യ ബൈബിളധ്യയനം സ്വീകരിച്ചു. വേയ്ഡ് എന്താണ് പഠിച്ചത്?
“യേശു മറ്റുള്ളവരോട് ഇടപെട്ട വിധം എന്നിൽ ആഴമായ മതിപ്പുളവാക്കി” വേയ്ഡ് പറയുന്നു. “കുട്ടികൾ ഉൾപ്പെടെ എല്ലാവരോടും യേശു ദയയും അനുകമ്പയും സ്നേഹവും കാണിച്ചു. പഠിക്കുന്തോറും ആ മാതൃക പകർത്താനുള്ള ആഗ്രഹവും ഏറിവന്നു. ഒരു ‘മനുഷ്യനാകാനും’ വ്യക്തിത്വം മെച്ചപ്പെടുത്താനുമെല്ലാം ബൈബിളിൽനിന്നു ഞാൻ പഠിച്ചു.” എന്നാൽ മുൻകാലങ്ങളിൽ ചെയ്തുകൂട്ടിയ തെറ്റുകളോ? മത്തായി 5:5) ദുശ്ശീലങ്ങളെല്ലാം ജീവിതത്തിൽനിന്നു പിഴുതെറിഞ്ഞ വേയ്ഡ് ഇപ്പോൾ ശുദ്ധമനസ്സാക്ഷിയോടെ യഹോവയെ സേവിക്കുന്നു.
വേയ്ഡ് തുടരുന്നു: “പാപങ്ങളെക്കുറിച്ച് അനുതപിച്ചു മാറ്റങ്ങൾ വരുത്തിയാൽ ദൈവത്തിന്റെ ക്ഷമ ലഭിക്കുമെന്നു ബൈബിൾ പഠിപ്പിച്ചു. പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന എനിക്കിപ്പോൾ ഭാവിയെക്കുറിച്ച് ഒരു ശുഭപ്രതീക്ഷയുണ്ട്!” (ജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിച്ച വ്യക്തികളുടെ അനുഭവസാക്ഷ്യങ്ങളാണ് മേൽപ്പറഞ്ഞവ. തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗവും ചോദ്യങ്ങൾക്കുള്ള ഉത്തരവും കണ്ടെത്താൻ ബൈബിൾ പഠിപ്പിക്കലുകൾ സഹായകമാണോ എന്നറിയാൻ അവർ അത് സുസൂക്ഷ്മം പരിശോധിച്ചു. ബൈബിളിന്റെ പ്രായോഗിക മാർഗനിർദേശങ്ങൾ ആശ്രയയോഗ്യമാണെന്ന് അവർക്കു ലഭിച്ച സത്ഫലങ്ങൾ അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്കും അതേ അനുഭവംതന്നെ ലഭിക്കും, തീർച്ച.
ഒരു പുരാതന നിശ്വസ്തമൊഴി ഇങ്ങനെയാണ്: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.”—സദൃശവാക്യങ്ങൾ 3:13-18.
[25-ാം പേജിലെ ചതുരം/ചിത്രം]
ബൈബിൾ മാറ്റിമറിച്ച ജീവിതം
വിവാഹമൊക്കെ കഴിച്ച് സന്തോഷത്തോടെ കഴിയുകയായിരുന്നു ബിൽ. പക്ഷേ പെട്ടെന്നാണ് എല്ലാം തകിടംമറിഞ്ഞത്, അതും ആദ്യ വിവാഹ വാർഷികത്തിനു മുമ്പ്. പണ്ടെപ്പോഴോ ചെയ്ത ഒരു കുറ്റത്തിന് അദ്ദേഹം തടവിലായി.
ജയിലിലായതിന്റെ ആഘാതത്തിൽനിന്നു മോചിതനായ ബിൽ തന്റെ നീണ്ട തടവുകാലം പ്രയോജനപ്രദമായ വിധത്തിൽ ചെലവഴിക്കാൻ തീരുമാനിച്ചു. അദ്ദേഹം പറയുന്നു: “ഞാൻ തടവറയിൽത്തന്നെയിരുന്ന് ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തു.” പഠിക്കുന്നതെല്ലാം ബാധകമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. “സഹതടവുകാരോട് ഞാൻ ദയയോടെയും സൗഹാർദത്തോടെയും ഇടപെട്ടു. മോശമായ കാര്യങ്ങളിൽ അവരോടൊപ്പം കൂടാൻ എന്നെക്കിട്ടില്ലെന്ന് അവർക്കു മനസ്സിലായി. അവർ എന്നെക്കുറിച്ചു പറയുമായിരുന്നു: ‘ബിൽ അയാളുടേതായ വിധത്തിലാണ്, അതായത് ദൈവത്തെയും ബൈബിളിനെയും കുറിച്ച് അറിയാനാണു സമയം ചെലവഴിക്കുന്നത്. അയാളെക്കൊണ്ട് ആർക്കും ഒരു ശല്യവുമുണ്ടാകില്ല.’”
“എന്റെ സത്പേരു നിമിത്തം സഹതടവുകാർ എന്നെ വഴക്കുകളിലേക്കും മറ്റും വലിച്ചിഴച്ചില്ല. എന്നെക്കൊണ്ട് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നു ഗാർഡുകൾക്കും മനസ്സിലായി. അതുകൊണ്ട്, ദിവസത്തിൽ ഏറിയപങ്കും തടവുകാരിൽ ഭൂരിപക്ഷത്തോടൊപ്പം ആയിരിക്കേണ്ടതില്ലാത്ത ചില ജോലികൾക്കായി അവർ എന്നെ ശുപാർശ ചെയ്തു. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയതു വലിയൊരു സംരക്ഷണമായിരുന്നു.”
ജയിലിൽവെച്ചു നടത്തിയിരുന്ന യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിച്ച ബിൽ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചു സഹതടവുകാരോട് ഉത്സാഹപൂർവം സംസാരിക്കുകയും ചെയ്തു. ശിക്ഷയുടെ കാലാവധി പൂർത്തിയാകുംമുമ്പുതന്നെ അദ്ദേഹം യഹോവയുടെ ഒരു സാക്ഷിയായി സ്നാപനമേറ്റു. പോയകാലം അയവിറക്കിക്കൊണ്ട് അദ്ദേഹം പറയുന്നു: “അമ്പതോളം വർഷം പാഴാക്കിയ ഞാൻ മാറ്റങ്ങൾ വരുത്താൻതന്നെ തീരുമാനിച്ചു. ഒരു തടവുകാരനെ സംബന്ധിച്ചിടത്തോളം അതിനുള്ള ഏക മാർഗം ബൈബിൾ പഠിപ്പിക്കലുകൾ ബാധകമാക്കുന്നതാണെന്ന് എനിക്കു ബോധ്യമായി. ബൈബിൾ കൃത്യമായി മനസ്സിലാക്കുന്നതിനുള്ള വഴി യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കുന്നതാണെന്നും. ബൈബിൾസത്യം പഠിപ്പിക്കുന്ന ഏക മതം അവരുടേതാണ്. അതാണ് സത്യം.”
ജയിൽമോചിതനായ ബിൽ ഇപ്പോൾ ഐക്യനാടുകളിലുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്നിൽ തീക്ഷ്ണതയോടെ സേവിക്കുന്നു. ദൈവവചനം ഉത്സാഹത്തോടെ പഠിക്കുന്ന അദ്ദേഹവും ഭാര്യയും അതിനു ചേർച്ചയിൽ ജീവിതം നയിക്കുന്നു. യെശയ്യാവു 48:17, 18-ലെ വാക്കുകൾ എത്ര സത്യമാണെന്ന് അവർ അനുഭവിച്ചറിഞ്ഞിരിക്കുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”
[23-ാം പേജിലെ ചിത്രം]
കാരെൻ, ഐക്യനാടുകൾ
[23-ാം പേജിലെ ചിത്രം]
ആഞ്ചെലാ, റൊമേനിയ
[24-ാം പേജിലെ ചിത്രം]
ഗബ്രിയേൽ, ഇന്ത്യ
[24-ാം പേജിലെ ചിത്രം]
ധീരജ്, ഇന്ത്യ
[24, 25 പേജുകളിലെ ചിത്രം]
ഫിലിപ്പും കുടുംബവും, ദക്ഷിണാഫ്രിക്ക
[24-ാം പേജിലെ ചിത്രം]
വേയ്ഡ്, ഓസ്ട്രേലിയ