സ്രാവുകളുടെ സങ്കടം
സ്രാവുകളുടെ സങ്കടം
മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ
സ്രാവിനെക്കാൾ ഭയജനകമായ ജീവികൾ അധികമുണ്ടാവില്ല. ലോകവ്യാപകമായി ഓരോ വർഷവും സ്രാവുകളുടെ ശരാശരി 75 ആകമണങ്ങൾ ഉണ്ടാകുന്നുവെന്നു കണക്കാക്കപ്പെടുന്നു, പ്രകോപനം കൂടാതെയുള്ള ഈ ആക്രമണങ്ങളിൽ 10 എണ്ണം മാരകവുമാണ്. വലിയ വാർത്താപ്രാധാന്യം നേടുന്ന ഈ ആക്രമണങ്ങളും തെറ്റായ ധാരണ നൽകുന്ന ചലച്ചിത്രങ്ങളും സ്രാവുകളെ നരഭോജികളായി ചിത്രീകരിക്കുന്നു. സ്രാവുകളോടു ശ്രദ്ധിച്ച് ഇടപെടണമെന്നതു ശരിയാണ്. എന്നാൽ കാര്യങ്ങളെ നിഷ്‌പക്ഷമായി വിലയിരുത്തുകയാണെങ്കിൽ, കടന്നലുകളും മുതലകളും ഇതിനെക്കാളേറെ ആളുകളെ ആക്രമിച്ചുകൊല്ലുന്നുണ്ടെന്നതാണ് സത്യം. വാസ്‌തവത്തിൽ മനുഷ്യനാണു സ്രാവുകളെ ആക്രമിക്കുന്നത്. “ഓരോ വർഷവും പത്തുകോടി സ്രാവുകളെയാണു നാം പിടിക്കുന്നത്. അവയെ ഒന്നോടൊന്നു ചേർത്തു നീളത്തിൽ വെച്ചാൽ ഭൂഗോളത്തെ അഞ്ചു പ്രാവശ്യം ചുറ്റാനുണ്ടാകും,” ‘ആർജെസ് മെറിനർ കൺസൽട്ടിങ് സയന്റിസ്റ്റ്‌സ്’ എന്ന സംഘടനയുടെ ഒരു ഗവേഷകൻ പ്രീമിയർ മാസികയിൽ റിപ്പോർട്ടുചെയ്യുന്നു. ഇതോടൊപ്പം കുറഞ്ഞ ജനനനിരക്കും വളരാനുള്ള കാലതാമസവും ദൈർഘ്യമേറിയ ഗർഭകാലവും മലീമസമായ പ്രജനനമേഖലകളും സ്രാവുകളുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നതിന് ഇടയാക്കിയിരിക്കുന്നു. അവയുടെ സംഖ്യ ഗണ്യമായി കുറഞ്ഞാൽ പൂർവസ്ഥിതി പ്രാപിക്കുന്നതിനു പല വർഷങ്ങളെടുക്കും.
സ്രാവിനെ പിടിക്കുന്നത് മിക്കവാറും അതിന്റെ ചിറകുകൾക്കു വേണ്ടിയാണ്. ഔഷധഗുണമുള്ളതും ലൈംഗിക ഉത്തേജനമേകുന്നതുമാണ് ചിറകുകൾ എന്നു വിശ്വസിക്കുന്ന ഏഷ്യയിലെ ചിലർ ഇതിന് അതീവ മൂല്യം കൽപ്പിക്കുന്നു. * സ്രാവിൻ ചിറകുകൊണ്ടുള്ള സൂപ്പ് വിശിഷ്ടഭോജ്യമാണ്, ഒരു പാത്രം സൂപ്പിന് 150 ഡോളർ (ഏകദേശം 6,000 രൂപ) വരെ വിലവരും! ലാഭകരമായ ഏഷ്യൻ വിപണി, ചിറകുകൾ മുറിച്ചെടുത്തിട്ട് സ്രാവുകളെ തിരികെ സമുദ്രത്തിലേക്കു വിടുന്ന ക്രൂരവും ഹാനികരവുമായ “ഫിന്നിങ്” സമ്പ്രദായത്തിനു വഴിതെളിച്ചിരിക്കുന്നു. ഇത്തരം സ്രാവുകൾ പിന്നീട് പട്ടിണിയാലും മറ്റും ചത്തൊടുങ്ങുന്നു.
അതിജീവനത്തിന് അടിയന്തിര പ്രവർത്തനം
സ്രാവുകളുടെ സങ്കടത്തിനു നാം ചെവികൊടുക്കേണ്ടതുണ്ടോ? ആനയോടും തിമിംഗിലത്തോടും നമുക്കു
തോന്നുന്ന സഹതാപം സ്രാവിനോടു തോന്നുക പ്രയാസമായിരിക്കാം. എങ്കിലും, സമുദ്രത്തിലെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്‌ക്ക് സ്രാവുകൾ വഹിക്കുന്ന നിർണായക പങ്ക് മറന്നുകളയാനാവില്ല. ഉദാഹരണത്തിന്, മറ്റു മത്സ്യങ്ങൾ കണക്കറ്റു പെരുകുന്നതു തടയാൻ സ്രാവുകളുടെ ആഹാരരീതി സഹായിക്കുന്നു.പല രാജ്യങ്ങളിലും സ്രാവുവേട്ട നിയന്ത്രിക്കാൻ നിയമങ്ങളില്ല. സ്രാവിനെ ധാരാളമായി പിടിക്കുന്ന രാജ്യങ്ങളിലൊന്നായ മെക്‌സിക്കോയിൽ 30,000-ത്തിലധികം ടൺ സ്രാവുകളാണ് ഓരോ വർഷവും കരകാണുന്നത്. പത്തു വർഷത്തെ ചർച്ചക്കുശേഷം അടുത്തയിടെ മെക്‌സിക്കോ, ഫിന്നിങ് നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. ലോകത്തിന്റെ പല സംവരണ മേഖലകളിലും നിയമവിരുദ്ധമായി മത്സ്യബന്ധനം വർധിക്കുന്നതിന് സ്രാവിൻ ചിറകിനോടുള്ള പ്രിയം ഇടയാക്കിയിരിക്കുന്നതും ഇവയെ രക്ഷിക്കുന്നത് ഒരു തലവേദന ആക്കിത്തീർത്തിരിക്കുകയാണ്. ഉദാഹരണത്തിന്, ‘ഗാലപ്പഗസ് നാഷണൽ പാർക്ക് സർവീസി’ന്റെ ഡയറക്ടർ വളരെ സങ്കടത്തോടെ ഇങ്ങനെ പറയുകയുണ്ടായി: “കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഗാലപ്പഗസിൽ സ്രാവിൻ ചിറകുകൾക്കായി നിയമവിരുദ്ധമായ മത്സ്യബന്ധനം ഗണ്യമായി വർധിച്ചിരിക്കുന്നു. വളരെ ലാഭകരമായ ഈ കച്ചവടം ഇവിടെ ഒരു മാഫിയാ ആയി മാറിയിരിക്കുന്നു.”
ചില രാജ്യങ്ങളിൽ ഫിന്നിങ് നിരോധിച്ചുകൊണ്ട് സ്രാവുകളെ രക്ഷിക്കാൻ ക്രിയാത്മക നടപടികൾ കൈക്കൊണ്ടിരിക്കുന്നു. എന്നാൽ, ഇതുകൊണ്ട് ഒന്നുമായിട്ടില്ല എന്ന് ‘ലോക വന്യജീവി സംരക്ഷണനിധി’യുടെ പോളിസി ഓഫീസറായ ഷാർലൊറ്റ് മോയിൻസെൻ മുന്നറിയിപ്പു നൽകുന്നു. അവർ പറയുന്നു: “സ്രാവുകൾ ലോകത്തെമ്പാടും അപകടത്തിലാണ്. സ്രാവുകളുടെ സംഖ്യ തീരെ കുറഞ്ഞുപോകുന്നതു തടയാനായി, ഫിന്നിങ് നിരോധിക്കുന്നതു കൂടാതെ സ്രാവുകളെപ്പറ്റി വിവരം ശേഖരിക്കാനും നിയന്ത്രിതമായി പിടിക്കാനും അവിചാരിതമായി പിടിച്ചു നശിപ്പിക്കാതിരിക്കാനുമുള്ള നിബന്ധനകൾ വെക്കാൻ മത്സ്യബന്ധനത്തിനു മേൽനോട്ടം വഹിക്കുന്ന എല്ലാ സംഘടനകളോടും ഞങ്ങൾ അഭ്യർഥിക്കുകയാണ്.”
സന്തോഷകരമെന്നു പറയട്ടെ, തന്റെ മനോഹര സൃഷ്ടികളെ നിർദയം കൊന്നൊടുക്കുന്ന പ്രവൃത്തിയെ വന്യജീവികളുടെ സ്രഷ്ടാവ് താമസംവിനാ തടയും. ഭയജനകമെങ്കിലും ഒഴിച്ചുകൂടാനാവാത്ത സ്രാവും ഇതിൽപ്പെടുന്നു.—വെളിപ്പാടു 11:18.
[അടിക്കുറിപ്പ്]
^ ഖ. 4 സ്രാവിൻ ചിറകുകളിൽ രസത്തിന്റെ അംശം വളരെയേറെ ഉള്ളതിനാൽ ഇതു പുരുഷ വന്ധ്യതയ്‌ക്കു കാരണമാകാം എന്നത് ഒരു വൈരുധ്യമാണ്.
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സ്രാവു സത്യങ്ങൾ
വലിപ്പം: ഏറ്റവും വലിയ ഇനമായ (മുകളിൽ കാണുന്ന) തിമിംഗിലസ്രാവ് 60 അടി നീളവും ഏതാനും ടൺ ഭാരവും വരുന്നതാണ്. പ്ലവകങ്ങളും ചെറുമീനുകളും തിന്നു ജീവിക്കുന്ന ഇവ നിർദോഷികളാണ്.
ഗർഭകാലം: ഗർഭധാരണശേഷം 22 മാസം കഴിഞ്ഞാണു പ്രസവം.
പുനരുത്‌പാദന നിരക്ക്: ഒരു പ്രസവത്തിൽ ശരാശരി രണ്ടു മുതൽ പത്തു വരെ കുഞ്ഞുങ്ങൾ ഉണ്ടാകും. മിക്ക ഇനവും പ്രസവിക്കുകയാണ്, മുട്ടയിടുകയല്ല.
വളർച്ചാ നിരക്ക്: മിക്കതും 12 മുതൽ 15 വരെ വർഷംകൊണ്ടാണു പുനരുത്‌പാദനപ്രാപ്‌തിയിൽ എത്തുന്നത്.
ആയുസ്സ്: മിക്ക ഇനത്തിന്റെയും ആയുസ്സ് നിർണയിക്കുക എളുപ്പമല്ല. ആക്രമണ സ്വഭാവമുള്ള (താഴെ കാണുന്ന) വലിയ വെള്ള ഇനം 60 വർഷം വരെ ജീവിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്.
[കടപ്പാട്]
Seawatch.org
© Kelvin Aitken/age fotostock
[16, 17 പേജുകളിലെ ചിത്രം]
സ്രാവുകളുടെ 300-ലധികം ഇനങ്ങളിൽ 62-ഉം വംശനാശ ഭീഷണി നേരിടുന്നവയാണ്
[കടപ്പാട്]
© Mark Strickland/SeaPics.com
[17-ാം പേജിലെ ചിത്രം]
വെറും അരക്കിലോ സ്രാവിൻ ചിറകിന്റെ വില 200 ഡോളറോ (ഏകദേശം 8,000 രൂപ) അതിലധികമോ ആണ്. വലിയ വെള്ള സ്രാവിന്റെ ഒരു ജോഡി താടിയെല്ലിന് 10,000 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) വരെ വിലവന്നേക്കാം.
[കടപ്പാട്]
© Ron & Valerie Taylor/SeaPics.com