വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ശാശ്വതനഗരി”യുടെ സംഗീതം

“ശാശ്വതനഗരി”യുടെ സംഗീതം

“ശാശ്വതനഗരി”യുടെ സംഗീതം

ഇറ്റലിയിലെ ഉണരുക! ലേഖകൻ

കണ്ണിനും കാതിനും കുളിർമയേകുന്ന റോമിലെ ജലധാരകൾ ഓറ്റോറീനൊ റെസ്‌പിഖി എന്ന ഇറ്റാലിയൻ സംഗീതജ്ഞന്റെ ഹൃദയതന്ത്രികളെ തൊട്ടുണർത്തിയപ്പോൾ ജനിച്ചതാണ്‌ “റോമിന്റെ ജലധാരകൾ” എന്ന സംഗീതശിൽപ്പം. റോമിലെ ഏറ്റവും വിസ്‌മയജനകമായ ജലധാരകളിലൊന്നാണ്‌ ട്രേവി ജലധാര. നമുക്ക്‌ അവിടംവരെ ഒന്നു പോയാലോ?

ജലധാരയിലേക്കുള്ള ഇടുങ്ങിയ റോഡിലൂടെ നടന്ന്‌ ഒരു വളവു തിരിയുമ്പോൾ കാണുന്ന കാഴ്‌ച നമ്മെ വിസ്‌മയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു​—⁠65 അടി വീതിയിലും 85 അടി ഉയരത്തിലും തലയുയർത്തിനിൽക്കുന്ന ട്രേവി ജലധാര. ഇടുങ്ങിയ ആ സ്ഥലം നിറഞ്ഞുനിൽക്കുകയാണ്‌ ആ കൂറ്റൻ ജലധാര!

ക്ലെമന്റ്‌ 12-ാമൻ പാപ്പയാണ്‌ ട്രേവി ജലധാര നിർമിക്കാനുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഇറ്റാലിയൻ ശിൽപ്പി നീക്കോലോ സാൽവി ഡിസൈൻ ചെയ്‌ത ഇതിന്റെ നിർമാണം 1732-ൽ ആരംഭിച്ച്‌ 1762-ൽ പൂർത്തിയായി. പൊതുയുഗത്തിനു മുമ്പ്‌ ഒന്നാം നൂറ്റാണ്ടിലെ ആക്വാ വിർഗോ എന്ന നീർപ്പാത്തിയാണ്‌ ഈ ജലധാരയിലേക്കു വെള്ളമെത്തിക്കുന്നത്‌, നഗരത്തിൽനിന്ന്‌ ഏകദേശം 13 കിലോമീറ്റർ ദൂരെയാണ്‌ ഇതിന്റെ പ്രഭവസ്ഥാനം.

ഒരു കൊട്ടാരച്ചുവരിന്‌ അഭിമുഖമായി പണിതീർത്തിരിക്കുന്ന ഈ ജലധാരയുടെ ഇതിവൃത്തം കടലാണ്‌. തന്റെ കാൽക്കീഴിൽ അലയടിക്കുന്ന വെള്ളത്തെ നിയന്ത്രിച്ചുകൊണ്ട്‌ ശംഖാകൃതിയുള്ള തേരിൽ പ്രൗഢിയോടെ നിൽക്കുന്നു ഇതിഹാസ കഥാപാത്രമായ ഓഷ്യാനസ്‌ (ചിലർ പറയുന്നതനുസരിച്ച്‌ നെപ്‌റ്റ്യൂൺ). മറ്റു പ്രതിമകൾക്കു ചുറ്റുമായി ഇരച്ചുകയറുന്ന വെള്ളം താഴെ പാറകളിൽ തട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാൽ തീരത്തേക്ക്‌ അടിച്ചു കയറുന്ന തിരമാലകളാണെന്നേ തോന്നൂ. ചത്വരാങ്കണത്തിന്റെ നല്ലൊരു ഭാഗവും ജലധാര കൈയടക്കിയിരിക്കുന്നതിനാൽ അതു ജലധാരയുടെ ഭാഗമാണെന്ന്‌ ഒരു സന്ദർശകനു തോന്നിയാൽ അതിൽ അതിശയമില്ല.

ദിവസവും നൂറുകണക്കിന്‌ ആളുകളാണ്‌ ഈ ചത്വരം സന്ദർശിക്കാനും റോമിന്റെ പ്രമുഖ ആകർഷണങ്ങളിലൊന്നായ ഈ ജലധാരയിലേക്ക്‌ നാണയത്തുട്ടുകൾ എറിയാനുമായി എത്തുന്നത്‌. ആഴ്‌ചയിലൊരിക്കൽ ഇതിലെ വെള്ളം വറ്റിക്കും. ടൂറിസ്റ്റുകൾ നിക്ഷേപിക്കുന്ന നാണയം ശേഖരിച്ച്‌ ഏതെങ്കിലും ധർമസ്ഥാപനങ്ങൾക്ക്‌ കൊടുക്കും. ഓരോ ആഴ്‌ചയും ശരാശരി 11,000 ഡോളറാണ്‌ ഇങ്ങനെ ശേഖരിക്കുന്നത്‌.

റെസ്‌പിഖി വിശ്വസിച്ചതുപോലെ, ജലധാരകൾ “ശാശ്വതനഗരി”യോടു ചേർന്നു പാടിയാൽ ട്രേവി ജലധാരയുടെ ശബ്ദമായിരിക്കും ഉയർന്നു കേൾക്കുന്നത്‌. റോമിലെത്തുന്ന സന്ദർശകരുടെ മനംകവരുന്ന മറ്റെല്ലാ ജലധാരകളെയും നിഷ്‌പ്രഭമാക്കുന്നു ഈ ജലധാരയുടെ സംഗീതം.