ദൈവാരാധനയിൽ സന്തോഷം കണ്ടെത്താനാകുമോ?
ബൈബിളിന്റെ വീക്ഷണം
ദൈവാരാധനയിൽ സന്തോഷം കണ്ടെത്താനാകുമോ?
“ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, അവനെ സ്‌നേഹിക്കുകയും ചെയ്യുന്നു. പക്ഷേ . . . പള്ളിയിൽപോക്ക് എനിക്കു മടുപ്പാണ്.” ക്രൈസ്‌തവ വിശ്വാസിയായ ഒരു സ്‌ത്രീയുടെ വാക്കുകളാണിവ. നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്? ദൈവത്തെ ആരാധിക്കാനായി തങ്ങളുടേതായ ചില പുതിയ രീതികൾക്കു രൂപംകൊടുക്കാൻ വിരസത, അതൃപ്‌തി, ഇച്ഛാഭംഗം എന്നിവ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നു എന്നതാണു വാസ്‌തവം.
“സ്വന്തമായി മെനഞ്ഞെടുക്കുന്ന മതം”—ആളുകൾ സ്വയം രൂപപ്പെടുത്തിയെടുക്കുന്ന ആരാധനാരീതികളെ ഒരു പത്രം വിശേഷിപ്പിച്ചത് അങ്ങനെയാണ്. എന്നാൽ ദൈവാരാധനയിൽ സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരമൊരു ചുവടുമാറ്റത്തിലൂടെ യാതൊരു പ്രയോജനവും ലഭിക്കാനിടയില്ല. എന്തുകൊണ്ടെന്നാൽ മുമ്പു സഹവസിച്ചിരുന്ന സഭയോടു വിടപറയാൻ അവരെ പ്രേരിപ്പിച്ച ആ അതൃപ്‌തി വീണ്ടും അവരെ വേട്ടയാടിയേക്കാം.
ഇതു പിൻവരുന്ന ചോദ്യമുയർത്തുന്നു: ‘ബൈബിളിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കുന്നതു വിരസമോ സന്തോഷരഹിതമോ ആണോ?’ ഒരിക്കലുമല്ല. ഉദാഹരണത്തിന്, ഒരു സങ്കീർത്തനക്കാരന്റെ വാക്കുകൾ ശ്രദ്ധിക്കൂ: “വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; . . . വരുവിൻ, നാം വണങ്ങി നമസ്‌കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.”—സങ്കീർത്തനം 95:1, 6.
മറ്റൊരു സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ചു വിലമതിപ്പോടെ ഇങ്ങനെ പാടി: “നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” തിരുവെഴുത്തുകൾ യഹോവയെ “സന്തുഷ്ടനായ ദൈവം” എന്നു വിളിക്കുന്നു. പുരാതനകാലത്തെയും ഇന്നത്തെയും അവന്റെ ആരാധകർ പലപ്പോഴും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.—സങ്കീർത്തനം 83:18; 1 തിമൊഥെയൊസ് 1:11, NW.
സന്തുഷ്ടിയുടെ അടിസ്ഥാനം
നമ്മോടുള്ള സ്‌നേഹത്തിന്റെ പ്രകടനമായി യഹോവ എന്തു ചെയ്‌തിരിക്കുന്നുവെന്നു തിരിച്ചറിയുന്നതാണ് ആരാധനയിൽ യഥാർഥ സന്തോഷം കണ്ടെത്തുന്നതിനുള്ള അടിസ്ഥാനം. അവൻ എന്താണു ചെയ്‌തിരിക്കുന്നത്? “തന്റെ ഏകജാതനായ പുത്രനിൽ [യേശുക്രിസ്‌തുവിൽ] വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ [മനുഷ്യവർഗത്തെ] സ്‌നേഹിച്ചു.”—യോഹന്നാൻ 3:16.
അതുകൊണ്ട് “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 2:3, 4) കേവലം ഏതാനും ബൈബിൾവാക്യങ്ങൾ അറിഞ്ഞിരിക്കുന്നതിനെയല്ല ഇത് അർഥമാക്കുന്നത്. പകരം, നാം വായിക്കുന്നതു ‘ഗ്രഹിക്കേണ്ടത്’ ആവശ്യമാണ്. (മത്തായി 15:10) ശ്രദ്ധാപൂർവവും ആത്മാർഥവുമായ പഠനം അതിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രതിഫലമോ: ‘നിങ്ങൾ ദൈവപരിജ്ഞാനം കണ്ടെത്തും.’ അത് ആനന്ദകരമായിരിക്കും എന്നതിനു സംശയമില്ല.—സദൃശവാക്യങ്ങൾ 2:1-5.
ഒന്നാം നൂറ്റാണ്ടിൽ അത്തരം സന്തോഷം അനുഭവിച്ചറിഞ്ഞവരാണ് മക്കദോന്യയിലെ ബെരോവ നഗരത്തിലുണ്ടായിരുന്നവർ. പൗലൊസ് അപ്പൊസ്‌തലൻ ദൈവവചനത്തിൽനിന്നു പ്രവൃത്തികൾ 17:11.
പഠിപ്പിച്ചപ്പോൾ “അവർ വചനം പൂർണ്ണജാഗ്രതയോടെ [“അതീവതാൽപര്യത്തോടെ,” പി.ഒ.സി. ബൈബിൾ] കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” തിരുവെഴുത്തുകളുടെ പഠനം വിരസമോ സന്തോഷരഹിതമോ ആയിരുന്നെങ്കിൽ അത്രമാത്രം താത്‌പര്യം അവർക്കുണ്ടായിരിക്കുമായിരുന്നില്ല.—യേശു പറഞ്ഞു: “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW]; അവർക്കു തൃപ്‌തിവരും.” (മത്തായി 5:6) കുറേനാൾ പട്ടിണികിടന്നിട്ട് പിന്നീട് എല്ലാ നേരവും വയറുനിറയെ ആഹാരം കഴിച്ചു തുടങ്ങിയവരെപ്പോലെ, തങ്ങളുടെ ആത്മീയ വിശപ്പു ശമിക്കുന്നതായി കാണുന്നതിന്റെ ആവേശത്തിലാണ് ഇന്നനേകരും. അങ്ങനെ അവരിൽ പലരും ബെരോവക്കാരെപ്പോലെ വിശ്വാസികളായിത്തീരുന്നു.—പ്രവൃത്തികൾ 17:12.
ഒരു ജീവിതഗതി
ഒന്നാം നൂറ്റാണ്ടിലെ സത്യാരാധകർ ഒരു പ്രത്യേക ‘മാർഗം’ സ്വീകരിച്ചവരായിരുന്നു. ആദിമ ക്രിസ്‌ത്യാനികൾ അനുവർത്തിച്ചുപോന്ന പുതിയ ജീവിതഗതിയെ പ്രവൃത്തികൾ 9:2-ൽ വർണിച്ചിരിക്കുന്നത് അങ്ങനെയാണ്. ഇന്നും ദൈവാരാധനയിൽ സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ അതിനെ അവരുടെ ജീവിതഗതിയാക്കണം. തങ്ങളുടെ ചിന്താഗതിയെയും അനുദിന പെരുമാറ്റത്തെയും സ്വാധീനിക്കാൻ അവർ ബൈബിൾസത്യത്തെ അനുവദിക്കേണ്ടതുണ്ട്.
അതുകൊണ്ടായിരുന്നു “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷി”ക്കാൻ പൗലൊസ് അപ്പൊസ്‌തലൻ എഫെസ്യരെ ഉദ്‌ബോധിപ്പിച്ചത്. എന്നാൽ അതുമാത്രം പോരായിരുന്നു. “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊൾവിൻ” എന്നും അവൻ കൂട്ടിച്ചേർത്തു.—എഫെസ്യർ 4:22-24. *
ആ ബുദ്ധിയുപദേശം പിൻപറ്റിക്കൊണ്ട് ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ വർധിച്ച സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും ഉറവിലേക്കു നാം നയിക്കപ്പെടും. ഏതാണ് ആ ഉറവ്? “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം” നടക്കുന്നതിന് കൊലൊസ്സ്യയിലെ ക്രിസ്‌ത്യാനികൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു പൗലൊസ് എഴുതി. (കൊലൊസ്സ്യർ 1:10) നമ്മുടെ ജീവിതം സത്യദൈവത്തിനു പ്രസാദകരമാണെന്നു തിരിച്ചറിയുന്നത് തീർച്ചയായും സന്തോഷദായകമാണ്! തന്നെയുമല്ല, നമുക്കു ദൈവത്തെ “പൂർണ്ണ”മായി പ്രസാദിപ്പിക്കാൻ കഴിയേണ്ടതിന് അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യുന്നു.
നാമെല്ലാം പാപം ചെയ്യുന്നു; നമുക്കെല്ലാം ദൈവത്തിൽനിന്നുള്ള ക്ഷമ ആവശ്യമാണ്. 1 തിമൊഥെയൊസ് 1:15-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “ക്രിസ്‌തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു” എന്ന് പൗലൊസ് പറഞ്ഞു. നമുക്കായി തന്റെ ജീവിതം ബലിയർപ്പിച്ചതിലൂടെ യേശു നമ്മുടെ പാപങ്ങളുടെ ക്ഷമ സാധ്യമാക്കിയിരിക്കുന്നു. അതുമൂലം, സത്യാരാധകനായിത്തീരുന്ന ഒരു വ്യക്തിക്ക് തന്നെ വേട്ടയാടിയിരുന്ന കുറ്റബോധം നീങ്ങിപ്പോയതിന്റെ ആ വലിയ ആശ്വാസം അനുഭവിക്കാനും ഒരു ശുദ്ധ മനസ്സാക്ഷിയുണ്ടായിരിക്കാനും കഴിയും. ഉത്സാഹപൂർവം ദൈവേഷ്ടം ചെയ്യുന്നിടത്തോളം കാലം തന്റെ പാപങ്ങളുടെ ക്ഷമ സാധ്യമാണെന്ന ഉറപ്പുള്ളതിനാൽ അദ്ദേഹത്തിന് ആഹ്ലാദിക്കാനുമാകും.
സന്തോഷിക്കുന്നതിനുള്ള കൂടുതലായ കാരണം
സത്യദൈവത്തെ ആരാധിക്കാൻ മുന്നിട്ടിറങ്ങുന്ന ആരും തനിച്ചല്ല. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.” (സങ്കീർത്തനം 122:1) സത്യാരാധകരായ മറ്റുള്ളവരുമൊത്തു ക്രമമായി കൂടിവരുന്നതു നമ്മുടെ സന്തോഷം പതിന്മടങ്ങു വർധിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിച്ച ഒരാളുടെ വാക്കുകൾ ശ്രദ്ധിക്കൂ: “സാഹോദര്യത്തിൽനിന്നും കൂട്ടായ്‌മയിൽനിന്നും ഉരുത്തിരിയുന്ന ദയാവായ്‌പും സഹായമനസ്‌കതയുമാണ് അവിടെ ഞങ്ങളെ വരവേറ്റത്. അവിടെക്കൂടിവന്ന യുവജനങ്ങൾ തികഞ്ഞ അച്ചടക്കമുള്ളവരായിരുന്നു. അതിൽ അവർക്കും അവരുടെ മാതാപിതാക്കൾക്കും അഭിമാനംകൊള്ളാനാകും. ഹൃദയസ്‌പർശിയും ആവേശകരവുമായ അത്തരമൊരു കൂടിവരവിന് എന്നെ ക്ഷണിച്ചതിന് എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്.”
യഹോവയെ ആരാധിക്കാനുള്ള അവസരങ്ങൾ വളരെ ആസ്വാദ്യവും ആഹ്ലാദകരവും ആണെന്ന് അനേക നാളുകൾക്കുമുമ്പ് ദാവീദിനു തോന്നിയതുപോലെ ഇന്നു നിങ്ങൾക്കും തോന്നിയേക്കാം. “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ” എന്ന് അവൻ പ്രോത്സാഹിപ്പിച്ചു. (സങ്കീർത്തനം 100:2) ശരിയായ ആന്തരത്തോടെ ദൈവത്തെ സേവിക്കുന്ന സകലർക്കും തങ്ങളുടെ ആരാധന സന്തോഷം പകരുമെന്നു പ്രതീക്ഷിക്കാനാകും.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
▪ സത്യാരാധനയുടെ അടിസ്ഥാനം എന്താണ്?—1 തിമൊഥെയൊസ് 2:3-6.
▪ നമുക്കു സന്തോഷം പ്രദാനം ചെയ്യുന്നതിൽ യേശുവിന്റെ മറുവിലയാഗത്തിന് എന്തു പങ്കാണുള്ളത്?—1 തിമൊഥെയൊസ് 1:15.
▪ നിങ്ങളുടെ ആരാധന സന്തോഷകരമാക്കാൻ ക്രിസ്‌തീയ യോഗങ്ങൾക്ക് എങ്ങനെ കഴിയും?—സങ്കീർത്തനം 100:1-5.
[അടിക്കുറിപ്പുകൾ]
^ ഖ. 14 പുതുമനുഷ്യനെ ധരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വ്യക്തമായ ചിത്രം ലഭിക്കാനായി എഫെസ്യർ 4, കൊലൊസ്സ്യർ 3 എന്നീ അധ്യായങ്ങൾ വായിക്കുക.
[10-ാം പേജിലെ ചിത്രം]
മറ്റുള്ളവരോടൊപ്പം ബൈബിൾ പഠിക്കുന്നത് സന്തോഷം പകരുന്ന അനുഭവമാണ്