നിങ്ങൾക്ക് വർണാന്ധതയുണ്ടോ?
നിങ്ങൾക്ക് വർണാന്ധതയുണ്ടോ?
“ഞാൻ വസ്‌ത്രം ധരിക്കാൻ തുടങ്ങുമ്പോൾ എന്റെ ഭാര്യ ഞാൻ തിരഞ്ഞെടുത്ത വസ്‌ത്രങ്ങളുടെ നിറങ്ങൾ ‘മാച്ച്’ ചെയ്യുന്നുണ്ടോ എന്നു നോക്കും,” റോഡ്‌നി പറയുന്നു. “പ്രഭാതഭക്ഷണത്തിന്റെ സമയത്ത് അവളാണ് എനിക്ക് പഴങ്ങൾ നോക്കിയെടുത്തുതരുന്നത്. കാരണം അവ ശരിക്കും പഴുത്തതാണോ എന്നറിയാൻ എനിക്ക് ഒരു മാർഗവുമില്ല. ജോലിസ്ഥലത്താണെങ്കിൽ കമ്പ്യൂട്ടർ സ്‌ക്രീനിൽ എവിടെ ക്ലിക്ക് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാകും ചിലപ്പോൾ ഞാൻ, പലപ്പോഴും സ്‌ക്രീനിലെ ഐക്കണുകൾ നിറവ്യത്യാസം കൊണ്ടാണല്ലോ തിരിച്ചറിയുന്നത്. ഇനി വണ്ടി ഓടിക്കുമ്പോൾ ട്രാഫിക് ലൈറ്റുകളിലെ ചുമന്ന സിഗ്നലും പച്ച സിഗ്നലും ഒരുപോലെയാണ് എനിക്ക്. അതുകൊണ്ട് ഞാൻ നോക്കുന്നത് മുകളിലത്തെ ലൈറ്റാണോ താഴത്തെ ലൈറ്റാണോ കത്തുന്നതെന്നാണ്. ട്രാഫിക് ലൈറ്റുകൾ മുകളിലും താഴെയുമായിട്ടല്ലാതെ തിരശ്ചീനമായി ക്രമീകരിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ ഞാൻ ശരിക്കും വെട്ടിലാകും.”
* ഈ പ്രശ്‌നമുള്ള ബഹുഭൂരിപക്ഷം പേരുടെയും കാര്യത്തിലെന്നപോലെ റോഡ്‌നിക്കും കറുപ്പും വെളുപ്പും മാത്രമല്ല മറ്റു നിറങ്ങളും കാണാനാകും. എന്നാൽ ചില നിറങ്ങൾ ആളുകൾ സാധാരണ കാണുന്നതുപോലെയല്ല റോഡ്‌നി കാണുന്നത്.
റോഡ്‌നിയുടെ പ്രശ്‌നം വർണാന്ധതയാണ്. കണ്ണിനുള്ളിൽ പ്രകാശവുമായി സംവേദിക്കുന്ന റെറ്റിനയ്‌ക്ക് ഉണ്ടാകുന്ന തകരാറുമൂലമാണ് ഇതു സംഭവിക്കുന്നത്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ പാരമ്പര്യമായുണ്ടായ ഒരു ജനിതക വൈകല്യമാണ് റെറ്റിനയുടെ തകരാറിനു കാരണമായത്. യൂറോപ്യൻ വംശജരായ 12 പുരുഷന്മാരിൽ ഒരാളിലും സ്‌ത്രീകളിൽ 200 പേരിൽ ഒരാളിലും ഈ കുഴപ്പം കാണാനാകും.സാധാരണഗതിയിൽ, മനുഷ്യന്റെ കണ്ണിലെ റെറ്റിനയിൽ നിറങ്ങൾ തിരിച്ചറിയുന്നതിനുവേണ്ടി കോണിന്റെ ആകൃതിയിലുള്ള മൂന്നു തരം കോശങ്ങൾ ഉണ്ടാകും. ഓരോ തരവും പ്രകാശത്തിന്റെ മൂന്നു പ്രാഥമിക നിറങ്ങളായ നീല, പച്ച, ചെമപ്പ് എന്നിവ തിരിച്ചറിയുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. വ്യത്യസ്‌ത തരംഗദൈർഘ്യമുള്ള പ്രകാശം അതാതുതരം കോൺ കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും തുടർന്ന് ആ വിവരം മസ്‌തിഷ്‌കത്തിൽ എത്തുന്നതിന്റെ ഫലമായി ഒരാൾ നിറങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു. * വർണാന്ധതയുള്ള ആളുകളിൽ, ഒന്നോ അതിലധികമോ തരത്തിലുള്ള കോൺ കോശങ്ങളുടെ സംവേദനക്ഷമത കുറവായിരിക്കും, അല്ലെങ്കിൽ അവയ്‌ക്കു സംവേദിക്കാനാകുന്നത് വ്യത്യസ്‌ത തരംഗദൈർഘ്യമുള്ള ഒരു നിറവുമായിട്ടായിരിക്കും. അതിനാൽ ഒരു സാധാരണ വ്യക്തി ഒരു നിറത്തെ മനസ്സിലാക്കുന്നതിൽനിന്നു വ്യത്യസ്‌തമായിട്ടായിരിക്കും അവർ ആ നിറത്തെ തിരിച്ചറിയുന്നത്. ഈ അസുഖമുള്ള ഭൂരിപക്ഷം ആളുകൾക്കും മഞ്ഞ, പച്ച, ഓറഞ്ച്, ചെമപ്പ്, ബ്രൗൺ എന്നീ നിറങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഈ തകരാറുള്ളപ്പോൾ ബ്രൗൺ ബ്രഡിലെ അല്ലെങ്കിൽ മഞ്ഞ ചീസിലെ പച്ചപ്പൂപ്പൽ കാണുകയോ നീലക്കണ്ണും സ്വർണമുടിയുമുള്ള ഒരാളെ പച്ചക്കണ്ണും ചെമപ്പുമുടിയുമുള്ള ഒരാളിൽനിന്നും തിരിച്ചറിയുകയോ ചെയ്യുന്നത് തികച്ചും ദുഷ്‌കരമാണ്. ഒരു വ്യക്തിയുടെ ചെമപ്പുനിറം തിരിച്ചറിയുന്ന കോണുകൾക്ക് തകരാറുണ്ടെങ്കിൽ ഒരു ചുവന്ന റോസാപുഷ്‌പം കറുത്ത നിറത്തിലായിരിക്കും അയാൾ കാണുന്നത്. വളരെ കുറച്ചുപേരിൽ മാത്രമാണു നീല നിറത്തിന്റെ കോണിനു തകരാറു കാണുന്നത്.
വർണാന്ധതയും കുട്ടികളും
സാധാരണഗതിയിൽ ജന്മനായുണ്ടാകുന്ന ഒരു തകരാറാണ് വർണാന്ധത. പലപ്പോഴും കുട്ടികളായിരിക്കുമ്പോൾ ഈ കുറവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ അവർ പഠിക്കുന്നു, അവർ പോലും അറിയാതെ. ദൃഷ്ടാന്തത്തിന്, ചില നിറങ്ങൾ തമ്മിലുള്ള വ്യത്യാസം അവർക്കു തിരിച്ചറിയാൻ ആകുന്നില്ലെങ്കിലും, ബ്രൈറ്റ്‌നസിലും കോൺട്രാസ്റ്റിലും കാണുന്ന മാറ്റങ്ങൾ അവർ ഗ്രഹിക്കുകയും അവയെ വ്യത്യസ്‌ത നിറങ്ങൾക്കു കൊടുത്തിരിക്കുന്ന പേരുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. വസ്‌തുക്കളെ അവയുടെ നിറങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാതെ അവയുടെ പ്രതലത്തിന്റെ മിനുസവും മറ്റും നോക്കി അവർ തിരിച്ചറിയുന്നു. വാസ്‌തവത്തിൽ മിക്ക കുട്ടികളും തങ്ങൾക്ക് ഈ തകരാറുണ്ടെന്ന് തിരിച്ചറിയുന്നേയില്ല.
എൽകെജി, യുകെജി പോലുള്ള ചെറിയ ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കാൻ മിക്കപ്പോഴും നിറങ്ങളും നിറങ്ങളുള്ള വസ്‌തുക്കളും ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ നിറങ്ങൾ തിരിച്ചറിയാനാവാതെ വരുന്നതുമൂലം വർണാന്ധതയുള്ള കുട്ടികൾക്ക് പഠനം പലപ്പോഴും ബുദ്ധിമുട്ടാകുന്നു. അതവർ പഠിക്കാൻ മോശമാണെന്ന തെറ്റിദ്ധാരണ മാതാപിതാക്കളിലും അധ്യാപകരിലും ഉളവാക്കുന്നു. പിങ്ക് നിറത്തിൽ മേഘങ്ങളെയും പച്ചനിറത്തിൽ മനുഷ്യരെയും ബ്രൗൺ നിറത്തിലുള്ള ഇലകളോടുകൂടിയ മരങ്ങളും വരച്ചതിന് ഒരു അഞ്ചുവയസ്സുകാരനെ ഒരു അധ്യാപിക ശിക്ഷിക്കുകപോലും ചെയ്‌തു. വർണാന്ധതയുള്ള ഒരു കുട്ടിക്ക് ഈ നിറങ്ങളുടെ കോമ്പിനേഷൻ തികച്ചും സാധാരണമാണ്. അതുകൊണ്ടാണ് നന്നേ ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ വർണാന്ധതയ്‌ക്കുള്ള പരിശോധന ഇടയ്‌ക്കിടെ നടത്തണമെന്ന് ചില ആധികാരിക കേന്ദ്രങ്ങൾ ശുപാർശ ചെയ്യുന്നത്.
ഈ അസുഖം ഭേദമാക്കാനുള്ള ചികിത്സാ രീതികളൊന്നും നിലവിൽ ഇല്ലെങ്കിലും, പ്രായമേറുന്നതോടെ ഇതു കൂടുതൽ വഷളാവുകയോ മറ്റു കാഴ്‌ചത്തകരാറുകൾ വരുത്തിവെക്കുകയോ ചെയ്യില്ല. * എങ്കിലും വർണാന്ധത ദേഷ്യവും വിഷമവുമൊക്കെ ജനിപ്പിക്കുന്നതാണ്. എന്നിരുന്നാലും ദൈവരാജ്യ ഭരണത്തിൻകീഴിൽ യേശുക്രിസ്‌തു ദൈവഭയമുള്ള മനുഷ്യരിൽനിന്നും അപൂർണതയുടെ എല്ലാ ദോഷവും തുടച്ചുനീക്കും. അങ്ങനെ ഏതെങ്കിലും രീതിയിൽ കാഴ്‌ചയ്‌ക്കു തകരാറുണ്ടായിരുന്നവർ യഹോവയുടെ കൈവേലയുടെ മഹത്ത്വം അതിന്റെ സകല പൂർണതയിലും കാണും.—യെശയ്യാവു 35:5; മത്തായി 15:30, 31; വെളിപ്പാടു 21:3-5.
[അടിക്കുറിപ്പുകൾ]
^ ഖ. 3 വർണാന്ധത എല്ലാ വർഗത്തിൽപ്പെട്ട ആളുകളിലും കാണാറുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് കോക്കേഷ്യൻ വംശജരിലാണ്.
^ ഖ. 4 നാം കാണുന്നതുപോലെ അല്ലെങ്കിലും പല മൃഗങ്ങൾക്കും നിറങ്ങൾ തിരിച്ചറിയാൻ സാധിക്കും. ഉദാഹരണത്തിന് നായ്‌ക്കളുടെ റെറ്റിനയിൽ രണ്ടുതരത്തിലുള്ള കോണുകൾ മാത്രമേയുള്ളൂ, ഒന്ന് നീലനിറത്തിനും അടുത്തത് ചെമപ്പിനും പച്ചയ്‌ക്കും ഇടയ്‌ക്കുള്ള ഒരു നിറത്തിനും. ചില പക്ഷികൾക്കാകട്ടെ, അവയുടെ റെറ്റിനയിൽ നാലു തരത്തിലുള്ള കോണുകൾ ഉണ്ട്. മനുഷ്യനേത്രത്തിനു ഗോചരമല്ലാത്ത അൾട്രാവയലറ്റ് പ്രകാശം അവയ്‌ക്കു തിരിച്ചറിയാനാകും.
^ ഖ. 8 രോഗങ്ങൾമൂലവും വർണാന്ധത സംഭവിക്കാം. അങ്ങനെ എന്തെങ്കിലും മാറ്റങ്ങൾ നിങ്ങൾ നിരീക്ഷിക്കുന്നെങ്കിൽ ഒരു നേത്രരോഗ വിദഗ്‌ധനെ കാണുന്നതു നന്നായിരിക്കും.
[18-ാം പേജിലെ ചതുരം/രേഖാചിത്രങ്ങൾ]
വർണാന്ധതയ്‌ക്കുള്ള പരിശോധനകൾ
വ്യത്യസ്‌ത വർണങ്ങളിലുള്ള കുത്തുകളുടെ പാറ്റേണുകൾ ഉപയോഗിച്ചാണ് ഒരു വ്യക്തിയിലുള്ള വർണാന്ധത ഏതു തരത്തിലുള്ളതാണെന്നും എത്രത്തോളം ഉണ്ടെന്നും സാധാരണ പരിശോധിക്കുന്നത്. പ്രചുരപ്രചാരം നേടിയ ഇഷേഹരാ പരിശോധനയിൽ 38 വ്യത്യസ്‌ത മാതൃകകളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തി നല്ല പകൽവെട്ടത്ത് ഇതിലൊരു പാറ്റേൺ കാണുകയാണെന്നു വിചാരിക്കുക. സാധാരണ കാഴ്‌ചശക്തി ഉള്ള ആളാണെങ്കിൽ അദ്ദേഹത്തിന്, മുകളിൽ 42 എന്ന സംഖ്യയും താഴെ 74 എന്ന സംഖ്യയും വായിക്കാനാകും (ഇടതുവശത്തെ ചിത്രം കാണുക). എന്നാൽ ചെമപ്പ്-പച്ച നിറങ്ങൾക്കു തകരാറുള്ള—ഏറ്റവും സാധാരണമായ തകരാറ്—ഒരാൾ മുകളിൽ ഒന്നും കാണില്ല, താഴെ കാണുന്നത് 21 എന്ന സംഖ്യയുമായിരിക്കും. *
പരിശോധനയിൽ എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ ഇത് പാരമ്പര്യമായി ലഭിച്ചതാണോ മറ്റെന്തെങ്കിലും കാരണംകൊണ്ട് ഉണ്ടായതാണോ എന്നു നിശ്ചയിക്കുന്നതിന് ഒരു നേത്രരോഗ വിദഗ്‌ധൻ കൂടുതൽ പരിശോധനകൾ ശുപാർശ ചെയ്‌തേക്കാം.
[അടിക്കുറിപ്പ്]
^ ഖ. 15 മാതൃകകൾ ഇവിടെ കാണിച്ചിരിക്കുന്നത് ദൃഷ്ടാന്തത്തിനുവേണ്ടി മാത്രമാണ്. രോഗനിർണയ പരിശോധനകൾ നടത്തേണ്ടത് അതിനു യോഗ്യത നേടിയിട്ടുള്ള ഒരു വ്യക്തിയായിരിക്കണം.
[കടപ്പാട്]
18-ാം പേജിലെ കളർ ടെസ്റ്റ് പ്ലേറ്റ്‌സ്: Reproduced with permission from the Pseudoisochromatic Plate Ishihara Compatible (PIPIC) Color Vision Test 24 Plate Edition by Dr. Terrace L. Waggoner/www.colorvisiontesting.com
[19-ാം പേജിലെ ചതുരം]
പുരുഷന്മാരിൽ കൂടുതലായി കാണുന്നതെന്തുകൊണ്ട്?
വർണാന്ധത പാരമ്പര്യമായി പകരുന്നത് X ക്രോമസോമുകൾ വഴിയാണ്. പുരുഷന്മാർക്ക് ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ഉള്ളപ്പോൾ സ്‌ത്രീകൾക്ക് രണ്ടു X ക്രോമസോമുകളാണുള്ളത്. അതുകൊണ്ട് സ്‌ത്രീകളിൽ ഒരു X ക്രോമസോമിലെ ഒരു ജീനിനു തകരാറുണ്ടെങ്കിലും മറ്റേ X ക്രോമസോമിൽ നല്ല ജീൻ ഉണ്ടെങ്കിൽ അവളുടെ കാഴ്‌ചയ്‌ക്കു കുഴപ്പമൊന്നും സംഭവിക്കില്ല. എന്നാൽ പുരുഷന്റെ കാര്യത്തിൽ അവന് ഒരു X ക്രോമസോം മാത്രമുള്ളതിനാൽ അതിനു തകരാറു സംഭവിച്ചാൽ വർണാന്ധത ഉണ്ടാകും.
[18-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
നാം നിറങ്ങൾ കാണുന്നതെങ്ങനെ?
ഒരു വസ്‌തുവിൽത്തട്ടി വരുന്ന പ്രകാശം കോർണിയയിലൂടെയും ലെൻസിലൂടെയും കടന്ന് റെറ്റിനയിൽ പതിക്കുന്നു
കോർണിയ
ലെൻസ്
റെറ്റിന
പ്രതിബിംബം തലകീഴായാണു റെറ്റിനയിൽ പതിക്കുന്നത്, പക്ഷേ മസ്‌തിഷ്‌കം അതിനെ നേരെയാക്കുന്നു
നേത്ര നാഡി മസ്‌തിഷ്‌കത്തിലേക്ക് സന്ദേശം എത്തിക്കുന്നു
റെറ്റിനയിൽ കോൺ കോശങ്ങളും റോഡ് കോശങ്ങളുമുണ്ട്. ഇതു രണ്ടും ചേർന്ന് വസ്‌തുവിന്റെ പൂർണമായ കാഴ്‌ച സാധ്യമാക്കുന്നു
റോഡുകൾ
കോണുകൾ
കോൺ കോശങ്ങൾ ചെമപ്പ്, പച്ച, നീല എന്നീ നിറങ്ങൾ തിരിച്ചറിയുന്നു
ചെമപ്പ്
പച്ച
നീല
[ചിത്രങ്ങൾ]
സാധാരണ കാഴ്‌ച
വർണാന്ധതയുള്ളപ്പോൾ കാണുന്നത്