ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
▪ ശീഘ്രഗതിയിലുള്ള നഗരവത്കരണംമൂലം കഴിഞ്ഞ പതിറ്റാണ്ടിൽ ഉദ്ദേശം 4 കോടി ചൈനക്കാർക്കു കൃഷിഭൂമി നഷ്ടമായി.—ചൈനാ ഡെയ്ലി, ചൈന.
▪ 2005-ൽ ലോകവ്യാപകമായി 28 സമഗ്രയുദ്ധങ്ങളും 11 സായുധപോരാട്ടങ്ങളും അരങ്ങേറി.—വൈറ്റൽ സൈൻസ് 2006-2007, വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
▪ ടോക്കിയോ സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഒരു സംഘം, 55 കിലോഗ്രാംപോലും ഭാരമില്ലാത്തതും ഗാർഹികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബാറ്ററികൊണ്ടു പ്രവർത്തിക്കുന്നതും മനുഷ്യനെ വഹിക്കുന്നതുമായ ഒരു വിമാനം വിജയകരമായി പറത്തുകയുണ്ടായി. 59 സെക്കന്റിനുള്ളിൽ അത് 391 മീറ്റർ ദൂരം പറന്നു.—മൈനിച്ചി ഡെയ്ലി ന്യൂസ്, ജപ്പാൻ.
▪ ഇന്റർനെറ്റ് കമ്പ്യൂട്ടർ ക്യാമറ (വെബ്കാം) ഉപയോഗിക്കവേ ചില “പ്രൊഫൈൽ സൈറ്റുകൾ” സന്ദർശിച്ച 12-നും 20-നും ഇടയ്ക്കു പ്രായമുള്ള ഡച്ചുകാരിൽ “40 ശതമാനം ആൺകുട്ടികളും 57 ശതമാനം പെൺകുട്ടികളും വെബ്കാമിനുമുന്നിൽവെച്ചു വസ്ത്രങ്ങൾ അഴിച്ചുമാറ്റാനോ എന്തെങ്കിലുമൊരു ലൈംഗിക പ്രവൃത്തി ചെയ്യാനോ തങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടു ചെയ്തു.”—ററ്റ്ഗെഴ്സ് നിസ്സോ ഗ്രോപ്പ്, നെതർലൻഡ്സ്.
വീഡിയോ ഗെയിംസിനോടുള്ള പ്രിയം ആസക്തിയായി മാറുമോ?
“ക്രമാതീതമായി കമ്പ്യൂട്ടർ ഗെയിംസ് കളിക്കുന്നവരുടെ തലച്ചോറിന്റെ പ്രതികരണരീതി, മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ടിരിക്കുന്നവരുടേതിനു സമാനമാണ്” എന്ന് ജർമനിയിലെ ബെർലിനിലുള്ള ഷാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ആസക്തിഗവേഷകസംഘത്തിന്റെ മേധാവിയും മനഃശാസ്ത്രജ്ഞനുമായ റാൽഫ് റ്റാലെമാൻ പറയുന്നു. നിയന്ത്രണങ്ങളില്ലാതെ കമ്പ്യൂട്ടർ ഗെയിംസ് കളിക്കുമ്പോഴുണ്ടാകുന്ന ഉദ്ദീപനം കളിക്കാരന്റെ തലച്ചോറിലെ ഡോപമിൻ ഉത്പാദനം വർധിപ്പിക്കുന്നെന്നും അത് ഉളവാക്കുന്ന സുഖാനുഭൂതി, ക്രമേണ ഒരു “ആസക്തി”യായിത്തീരുന്നുവെന്നും കരുതപ്പെടുന്നു. വീഡിയോ ഗെയിംസ് കളിക്കുന്നവരിൽ 10 ശതമാനത്തിലേറെപ്പേരിൽ ഇതു സംഭവിച്ചേക്കാമെന്ന് ഒരു സർവേ വെളിപ്പെടുത്തി.
“അരക്ഷിതത്വവും ആകുലതയും” സമ്പന്നരുടെ സഹചാരി?
“അരക്ഷിതത്വവും ആകുലതയും കോടീശ്വരന്മാരെ വേട്ടയാടുന്നു,” ചൈനാ ഡെയ്ലി എന്ന ബെയ്ജിങ് ദിനപ്പത്രം പ്രസ്താവിക്കുന്നു. 220 കോടി യുവാൻ (1,237 കോടി 50 ലക്ഷം രൂപ) ശരാശരി ആസ്തിയുള്ള, പൂർവ ചൈനയിൽനിന്നും ദക്ഷിണ ചൈനയിൽനിന്നുമുള്ള വ്യക്തികൾക്കിടയിൽ നടത്തിയ ഒരു സർവേയിൽ “മതവിശ്വാസം, ദാമ്പത്യം, ജീവിതം, തൊഴിൽ, പണം എന്നീ കാര്യങ്ങളോടുള്ള [സമ്പന്നരുടെ] മനോഭാവം” പഠനവിധേയമാക്കിയ ഗവേഷകർ, “കോടീശ്വരന്മാരിൽ ഭൂരിപക്ഷവും ഒരേസമയം പണത്തെ പ്രിയപ്പെടുകയും വെറുക്കുകയും ചെയ്യുന്നതായി” കണ്ടെത്തി. ചാരിതാർഥ്യത്തിനും സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കും പുറമേ, “പണം തങ്ങൾക്കു സമ്മാനിച്ചിരിക്കുന്ന മുഖ്യസംഗതി മനഃക്ലേശമാണ്” എന്ന് സർവേയിൽ പങ്കെടുത്ത അനേകരും പറഞ്ഞു.
കൃഷിപ്പണി—മനോരോഗികൾക്ക് ഒരു ഉത്തമ ചികിത്സ
കൃഷി, അധ്യാപനം, ആരോഗ്യപരിപാലനം എന്നീ മേഖലകൾ കോർത്തിണക്കിക്കൊണ്ടുള്ള ഗ്രീൻ കെയർ എന്ന സംരംഭത്തെക്കുറിച്ചു പഠിക്കാൻ 14 രാജ്യങ്ങളിൽനിന്നുള്ള നൂറിലേറെ വിദഗ്ധർ അടുത്തയിടെ നോർവേയിലെ സ്റ്റവാങ്ങറിൽ ഒത്തുകൂടി. വർഷങ്ങളായി മാനസിക രോഗികളായിരിക്കുന്ന ചിലർ കൃഷിപ്പണികളിൽ ഏർപ്പെട്ടു തുടങ്ങുന്നതോടെ അവരെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കേണ്ടതായി വരുന്നില്ലെന്ന് നോർവീജിയൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയായ എൻആർകെ അഭിപ്രായപ്പെടുന്നു. “ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്” കൃഷിപ്പണി. നോർവേയിലെ 600-ലേറെ പരമ്പരാഗത ഫാമുകൾ ഗ്രീൻ കെയറുമായി സഹകരിച്ചു പ്രവർത്തിക്കുന്നു, തത്ഫലമായി ഭൂവുടമകൾക്കു കൂടുതൽ ലാഭവും ലഭിക്കുന്നു.
പള്ളിഗോപുരങ്ങൾക്ക് ഇങ്ങനെയും ഉപയോഗം!
ഐക്യനാടുകളിലെ, “ഖജനാവു ശുഷ്കിച്ചുകൊണ്ടിരിക്കുന്ന ന്യൂ ഇംഗ്ലണ്ട് പള്ളികൾ തങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു: മനോഹരമായി ഉയർന്നുനിൽക്കുന്ന പള്ളിഗോപുരങ്ങൾ വയർലസ് കമ്പനികൾക്കു സെൽഫോൺ ആന്റിനകൾ സ്ഥാപിക്കാൻ വാടകയ്ക്കു കൊടുക്കുക,” ന്യൂസ്വീക്ക് മാസിക പറയുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സെൽഫോൺ ടവറുകൾ സ്ഥാപിക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്. തങ്ങളുടെ ചുറ്റുവട്ടത്ത് ആന്റിനകൾ അവയുടെ വികൃതമുഖവുമായി പൊങ്ങിനിൽക്കുന്നതു കാണാൻ ജനത്തിനൊട്ടു താത്പര്യവുമല്ല. പള്ളിഗോപുരങ്ങളാകുമ്പോൾ സെൽഫോൺ കമ്പനികൾക്കു തങ്ങളുടെ സാമഗ്രികൾ ഭംഗിയായി മറച്ചുവെക്കാനാകും. ഇക്കാര്യത്തിൽ പള്ളികൾക്കു മാർഗനിർദേശം നൽകുന്ന ഒരു കമ്പനിയുടെ പ്രസിഡന്റ് ഇങ്ങനെ പറയുന്നു: “ഞങ്ങൾ ആദ്യമായി ആന്റിന സ്ഥാപിച്ച പള്ളിയിൽ ഇപ്പോൾ മൂന്നു കമ്പനികളുടെ ആന്റിനകളുണ്ട്. അങ്ങനെ ആർക്കും ഉപയോഗമില്ലാതെ കിടന്നിരുന്ന, ഗോപുരത്തിനുള്ളിലെ സ്ഥലം 74,000 ഡോളറിന്റെ വാർഷിക വരുമാനമാണ് ആ പള്ളിക്കുണ്ടാക്കിക്കൊടുക്കുന്നത്.”