“നിങ്ങൾ മുത്തശ്ശിമാരുടെ ദിനം ആഘോഷിക്കാറുണ്ടോ?”
“നിങ്ങൾ മുത്തശ്ശിമാരുടെ ദിനം ആഘോഷിക്കാറുണ്ടോ?”
ശീതകാലത്തെ നല്ല തണുപ്പുള്ള ഒരു പ്രഭാതം. പോളണ്ടിലെ 16 വയസ്സുള്ള നറ്റാലിയ എന്ന പെൺകുട്ടി ട്രെയിൻ കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് സ്ഥലത്തെ രണ്ടു ജേർണലിസ്റ്റുകൾ അവളെ സമീപിച്ച് “നിങ്ങൾ മുത്തശ്ശിമാരുടെ ദിനം ആഘോഷിക്കാറുണ്ടോ?” എന്നു ചോദിച്ചത്.
മുത്തശ്ശിമാരുടെ ദിനം, മുത്തച്ഛന്മാരുടെ ദിനം, മാതൃദിനം, വനിതാദിനം, അധ്യാപകദിനം ഇവയെല്ലാം പോളണ്ടിലെ വിശേഷദിവസങ്ങളാണ്. കൊച്ചുകുട്ടികൾ ഗ്രീറ്റിങ് കാർഡുകൾ ഉണ്ടാക്കിക്കൊണ്ടാണ് സാധാരണഗതിയിൽ മുത്തശ്ശിമാരുടെ ദിനവും മുത്തച്ഛന്മാരുടെ ദിനവും കൊണ്ടാടുന്നത്. എന്നാൽ മുതിർന്ന കുട്ടികൾ അവർക്ക് സമ്മാനങ്ങളോ പുഷ്പങ്ങളോ നൽകുന്നു.
ആ ചോദ്യം കേട്ടപ്പോൾ എന്തു പറയണമെന്ന് നറ്റാലിയയ്ക്ക് ആദ്യം നിശ്ചയമില്ലായിരുന്നു. എന്നാൽ ഒന്നു മൗനമായി പ്രാർഥിച്ചശേഷം അവൾ ജേർണലിസ്റ്റുകളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണ്. മുത്തശ്ശിമാരുടെ ദിനം ഞാൻ ആഘോഷിക്കാറില്ല.” ആ മറുപടി ജേർണലിസ്റ്റുകളെ അമ്പരപ്പിച്ചു. അപ്പോൾ നറ്റാലിയ പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ മുത്തശ്ശിയോടൊപ്പമാണു താമസിക്കുന്നത്. അതുകൊണ്ട് മുത്തശ്ശിക്ക് പൂക്കൾ സമ്മാനിക്കാനും മുത്തശ്ശിയോടു സംസാരിക്കാനും നന്ദി പറയാനും ഉള്ള അവസരങ്ങൾ എനിക്ക് എന്നുമുണ്ട്. ഞാനിതൊക്കെ വർഷത്തിൽ ഒരിക്കൽ മാത്രമായി ചെയ്യേണ്ടതില്ലല്ലോ?”
നറ്റാലിയയുടെ മറുപടി ജേർണലിസ്റ്റുകൾക്ക് നന്നേ ബോധിച്ചു. ഒരുപക്ഷേ നിങ്ങൾക്കും അത് ഇഷ്ടമായി കാണും. പിറ്റേന്നു രാവിലത്തെ പത്രത്തിൽ നറ്റാലിയയുടെ പ്രസ്താവനയും ഫോട്ടോയും പ്രസിദ്ധീകരിച്ചു വന്നു.
നിങ്ങളുടെ വിശ്വാസങ്ങളുടെയും പ്രവർത്തനങ്ങളുടെയും കാരണം വിശദീകരിക്കാൻ നറ്റാലിയയെപ്പോലെ സജ്ജരാണോ എന്നു സ്വയം ചോദിക്കാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ—പ്രത്യേകിച്ചും അപ്രതീക്ഷിതമായി ചോദ്യങ്ങളെ നേരിടേണ്ടി വരുമ്പോൾ? ദൈവത്തിന്റെ സത്യാരാധകർ, തങ്ങൾ എന്തുകൊണ്ട് ചില വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു എന്നു വിശദീകരിക്കാൻ എല്ലായ്പോഴും ഒരുങ്ങിയിരുന്നുകൊണ്ടും, സാധ്യമാകുന്ന എല്ലാ സാഹചര്യങ്ങളിലും സ്വമനസ്സാലേ അങ്ങനെ ചെയ്തുകൊണ്ടും ദൈവത്തെ ബഹുമാനിക്കാൻ ശ്രമിക്കുന്നു.—1 പത്രൊസ് 3:15.