കഴുതകൾ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു?
കഴുതകൾ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു?
എത്യോപ്യയിലെ ഉണരുക! ലേഖകൻ
ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ 16-ാമത്തേതായ എത്യോപ്യയുടെ തലസ്ഥാന നഗരമായ ആഡിസ് അബാബ. അതിന്റെ തെരുവുകളിൽ കഴുതകൾ ഒരു സ്ഥിരംകാഴ്ചയാണ്. ഭാരം ചുമക്കുന്നതിനും മറ്റുമായി അവയെ ഉപയോഗിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ഒരിക്കൽ സഞ്ചരിച്ച വഴി സാധാരണഗതിയിൽ മറക്കാത്ത അവ ലക്ഷ്യത്തിലെത്തണമെന്ന ‘നിശ്ചയദാർഢ്യത്തോടെ’ നടന്നുനീങ്ങുന്നു. അതുകൊണ്ടുതന്നെ കഴുതകൾ സഞ്ചരിക്കുന്ന റോഡിൽ വാഹനമോടിക്കേണ്ടത് എങ്ങനെയെന്നു ഡ്രൈവർമാർ പഠിച്ചിരിക്കുന്നു. ഗതാഗതത്തിരക്കൊന്നും കഴുതയ്ക്ക് ഒരു പ്രശ്നമേയല്ല. വലിയ ചുമടുമായി അതു വരികയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ആരെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്യുമെന്നൊന്നും അതിനു ചിന്തയില്ല. അതുകൊണ്ട് ദേഹത്തു കരിയോ ചാണകമോ മറ്റോ പറ്റാതിരിക്കണമെങ്കിൽ അൽപ്പം മാറിനടക്കുന്നതായിരിക്കും ബുദ്ധി!
എത്യോപ്യയിൽ 50 ലക്ഷത്തോളം കഴുതകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു—ഏറെക്കുറെ 12 പേർക്ക് ഒന്നുവീതം. അഗാധമായ താഴ്വരകളാൽ വേർതിരിക്കപ്പെട്ടതും ഒറ്റപ്പെട്ടു കിടക്കുന്നതുമായ മലകളിലാണു ലക്ഷക്കണക്കിന് എത്യോപ്യക്കാർ വസിക്കുന്നത്. കൂടാതെ, ഇവിടത്തെ വിസ്തൃതമായ മധ്യപീഠഭൂമിയെ അസംഖ്യം അരുവികൾ പല വിഭാഗങ്ങളായി തിരിക്കുന്നു. അങ്ങോട്ടെല്ലാം പാലങ്ങളോ മൺപാതകളോപോലും നിർമിക്കുന്നത് രാജ്യത്തിന്റെ ഖജനാവു കാലിയാക്കുന്ന സംരംഭമായിരിക്കും. സഹനശക്തിയും അടിപതറാതെ എവിടെയും സഞ്ചരിക്കാൻ കഴിവുമുള്ള കഴുതകൾ അതുകൊണ്ടുതന്നെ ഗതാഗത മേഖല കയ്യടിയിരിക്കുന്നു.
എത്യോപ്യയിലെ വ്യത്യസ്ത കാലാവസ്ഥകളുമായി—പർവതങ്ങളിലെ തണുപ്പായാലും സമതലങ്ങളിലെ ഉഷ്ണമായാലും—ഒത്തുപോകാനും കഴുതകൾക്കു കഴിയുന്നു. കുത്തനെയുള്ള കയറ്റം, ഇടുങ്ങിയ നടപ്പാത, കല്ലുകൾ നിറഞ്ഞ നദീതടം, ചെളിപുതഞ്ഞ വഴി എന്നുവേണ്ട ഏതൊരു വൈതരണിയും അവയ്ക്കു മുമ്പിൽ മുട്ടുകുത്തും. കുതിരയ്ക്കോ ഒട്ടകത്തിനോ കടന്നുചെല്ലാനാകാത്ത സ്ഥലങ്ങളിൽപ്പോലും അവ എത്തിപ്പെടുന്നു. ചരക്കു കൊണ്ടുപോകാൻ ദശലക്ഷങ്ങൾ മുഖ്യമായും കഴുതയെ ആശ്രയിക്കുന്നു, പ്രത്യേകിച്ച് വാഹനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമായ വീടുകളുള്ള സ്ഥലങ്ങളിൽ.
ഇടുങ്ങിയ വളവും തിരിവും കഴുതയ്ക്കു നേർവഴിയാണ്, ഇരുവശത്തും വേലികളുള്ള ഊടുവഴികളും അവയ്ക്കു പ്രശ്നമല്ല. വിലപിടിപ്പുള്ള ടയറിന്റെ ആവശ്യമില്ലെന്നു മാത്രമല്ല, വഴുവഴുപ്പുള്ള പ്രതലങ്ങളിലും സുഗമമായി സഞ്ചരിക്കാൻ അവയ്ക്കു കഴിയും. ഏതു രൂപത്തിലും വലുപ്പത്തിലുമുള്ള ചരക്കുകൾ ഏതു മുക്കിലും മൂലയിലും എത്തിച്ചുകൊടുക്കാൻ അവയ്ക്കു കഴിയും. ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ
അക്ഷമരാകുന്ന ഡ്രൈവർമാർ ദേഷ്യത്തോടെ ഹോണടിച്ചുകൊണ്ട് വണ്ടിക്കകത്തിരിക്കുമ്പോൾ കഴുതകൾ എങ്ങനെയെങ്കിലുമൊക്കെ വഴിയുണ്ടാക്കി മുന്നോട്ടുപോകുന്നു. വൺവേകളിൽ എതിർദിശയിൽ കയറിവന്നാൽപ്പോലും അവയ്ക്കു പേടിക്കാനില്ല—പിഴയിടാൻ പോലീസുകാർക്കു നിർവാഹമില്ലല്ലോ! പാർക്കിങ്ങിന്റെ കാര്യത്തിലും തലവേദനയില്ല. ഒരു കഴുതയെ വാങ്ങാൻ ഏകദേശം 50 ഡോളർ കൊടുക്കേണ്ടിവന്നേക്കാം. എന്നാൽ ഒരു വാഹനം കൊണ്ടുനടക്കുന്നതിന്റെ ചെലവിനോടുള്ള താരതമ്യത്തിൽ അത് ഏതുമില്ല.തലസ്ഥാന സന്ദർശനം
വെളുപ്പാൻകാലത്ത് ആയിരക്കണക്കിനു കഴുതകൾ 30 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ആഡിസ് അബാബയിലേക്കു യാത്രതിരിക്കുന്നു. മിക്കപ്പോഴും 25 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അവ അവിടെ എത്തുന്നത്. ചന്തദിവസമായ ബുധനും ശനിയും വലിയ തിരക്കായിരിക്കും. യാത്രയ്ക്കു മൂന്നു മണിക്കൂർവരെ വേണ്ടിവന്നേക്കാമെന്നതിനാലാണു വെളുക്കുംമുമ്പെയുള്ള ഈ പുറപ്പാട്. കൂടെ ഉടമസ്ഥരുമുണ്ടാകും. കഴുതയുടെ ഒപ്പമെത്താൻ അവർ മിക്കപ്പോഴും ഓടുന്നതു കാണാം.
സാധാരണമായി ധാന്യങ്ങൾ, പച്ചക്കറി, വിറക്, സിമന്റ്, കരി, പാചക എണ്ണ നിറച്ച വീപ്പകൾ, ബിയർ, സോഡ എന്നിവയടങ്ങിയ പെട്ടികൾ ഇവയെല്ലാമാണു കഴുതകൾ ചുമക്കുന്നത്. ചില കഴുതകൾ 90 കിലോയോ അതിലേറെയോ ഭാരം വഹിക്കുന്നു. മുളയും യൂക്കാലിയുടെ കഴയും പോലുള്ള നീളംകൂടിയ സാധനങ്ങളാണു കൊണ്ടുപോകേണ്ടതെങ്കിൽ അത് അവയുടെ ഇരുവശങ്ങളിലുമായി കെട്ടിയിടുന്നു. കഴുത അതു വലിച്ചുകൊണ്ടു പൊയ്ക്കൊള്ളും. വൈക്കോലും പുല്ലുമൊക്കെ ചുമന്നുകൊണ്ടുള്ള അതിന്റെ വരവ് ഒന്നു കാണേണ്ടതുതന്നെയാണ്, കെട്ടിന്റെ വലുപ്പം കാരണം പാവം കഴുതയെ കാണാൻപോലും കഴിയില്ല.
ഭാരിച്ച ചുമടുമായി രാവിലെ ചന്തയിലേക്കു പോകുമ്പോൾ കഴുതകൾക്കു നല്ല സ്പീഡായിരിക്കും. അവിടെയെത്തി എല്ലാം വിറ്റു ഭാരമൊഴിഞ്ഞു കഴിഞ്ഞാൽപ്പിന്നെ ആശ്വാസമായി. വഴിയരികിലുള്ള പുല്ലും ഇലയുമൊക്കെ തിന്നുകൊണ്ട് സാവകാശമായിരിക്കും മടക്കയാത്ര. ചന്തയ്ക്കു പോകേണ്ടതില്ലാത്തപ്പോൾ മറ്റു സ്ഥിരം പണികളുണ്ട്; വെള്ളവും വിറകും കൊണ്ടുവരേണ്ടത് അവയുടെ ഉത്തരവാദിത്വമാണ്. കഴുതകളെ വാടകയ്ക്കും ലഭ്യമാണ്. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ചരക്കുകൾ എത്തിച്ചുകൊടുക്കുന്ന “ട്രാൻസ്പോർട്ട് കമ്പനി”കളിൽ സേവനമനുഷ്ഠിക്കുന്ന കഴുതകളുമുണ്ട്. ചില സ്ഥലങ്ങളിൽ കഴുതകൾ വലിക്കുന്ന ഇരുചക്ര വണ്ടികൾ കാണാം, രണ്ടു കഴുതകൾ ചേർന്നു വലിക്കുന്ന സാമാന്യം വലുപ്പമുള്ള വണ്ടികളുമുണ്ട്.
ആദരവ് അർഹിക്കുന്ന സേവകർ
വാഹനങ്ങളോടുള്ള താരതമ്യത്തിൽ കഴുതകൾക്കു ‘മെയിന്റനൻസ്’ തുലോം കുറവാണ്. സ്വന്തമായി തീറ്റ കണ്ടെത്തിക്കൊള്ളുമെന്നു മാത്രമല്ല എന്തും തിന്നുകയും ചെയ്തുകൊള്ളും. നന്നായി പരിപാലിക്കപ്പെടുന്ന കഴുതകൾക്ക് യജമാനനെ വലിയ കാര്യമാണ്. ബുദ്ധിയുടെ കാര്യത്തിൽ അവ കുതിരയെ കടത്തിവെട്ടും. വഴി ഓർത്തിരിക്കാനുള്ള അവയുടെ കഴിവ് അപാരം തന്നെ! ഒറ്റയ്ക്ക് എട്ടു കിലോമീറ്റർവരെ പോയി വെള്ളം കൊണ്ടുവരാൻ കഴുതയ്ക്കു കഴിയും, ‘ലോഡു ചെയ്യാനും’ ‘അൺലോഡു ചെയ്യാനും’ ആരെങ്കിലും ഉണ്ടായിരുന്നാൽ മാത്രം മതി. കഴുതകളെ മണികെട്ടി ‘പോസ്റ്റ്മാനായും’ വിടാറുണ്ട്. പോകുന്ന വഴിയിൽ, ശബ്ദം കേട്ടെത്തുന്ന ആളുകൾ തങ്ങൾക്കുള്ള ഉരുപ്പടികൾ എടുത്തുകൊള്ളും.
കഠിനാധ്വാനം ചെയ്യാൻ കഴുതകൾക്കു മടിയില്ലെങ്കിലും ചുമടു കൂടിപ്പോയാൽ ഉടമസ്ഥൻ വിവരമറിയും. പണിയെടുത്തു മടുത്തുപോയാലും പ്രശ്നമാണ്. അങ്ങനെയെങ്ങാനും സംഭവിക്കുകയോ അവയ്ക്കു വേദനിക്കുംവിധം ചുമടു വെച്ചുകൊടുക്കുകയോ ചെയ്താൽ ആശാൻ ഒറ്റക്കിടപ്പാണ്. അപ്പോൾ, തെറ്റിദ്ധരിച്ചുകൊണ്ട് ചിലർ അതിനെ ശകാരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തേക്കാം. അങ്ങനെ സംഭവിച്ചതായി പറയുന്ന ഒരു ബൈബിൾ വിവരണം നിങ്ങൾ ഓർക്കുന്നുണ്ടാകും.—സംഖ്യാപുസ്തകം 22:20-31.
കഴുതകൾ പരിഗണനയും പരിപാലനവും അർഹിക്കുന്നു. ഭദ്രമായി വെച്ചുകൊടുക്കാത്തതിനാൽ ചുമട് തെന്നുകയും കഴുത കുഴിയിലോ മറ്റോ വീണു കാലൊടിയാൻ ഇടയാകുകയും ചെയ്യുന്നതു പരിതാപകരമാണ്. വ്രണങ്ങൾ, ചെള്ള്, കുളമ്പുവ്യാധി, ന്യൂമോണിയ എന്നിവയും മറ്റു പ്രശ്നങ്ങളും കഠിനാധ്വാനം ചെയ്യുന്ന ഈ ‘ചുമട്ടുകാരെ’ തളർത്തിക്കളയുന്നു. ഇതിന്റെ വീക്ഷണത്തിൽ, ആഡിസ് അബാബയിൽനിന്നു ദൂരെയല്ലാത്ത ഡെബ്രെ സേറ്റിൽ ആധുനിക സൗകര്യങ്ങളോടെ കഴുതകൾക്കായി ഒരു ക്ലിനിക് തുടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടറുകൾ, ചികിത്സാവാർഡുകൾ, മൊബൈൽ യൂണിറ്റുകൾ, ഓപ്പറേഷൻ തീയേറ്റർ എന്നിവയെല്ലാം അവിടെയുണ്ട്. 2002-ൽ 40,000-ത്തോളം കഴുതകൾക്ക് ഇവിടെനിന്നു ചികിത്സ ലഭിക്കുകയുണ്ടായി.
ഗോത്രപിതാവായ അബ്രാഹാം കുന്നും മലയും താണ്ടി മോരീയാ പർവതത്തിലേക്കു പോയപ്പോൾ അവന്റെ കഴുതയും ഒപ്പമുണ്ടായിരുന്നു. (ഉല്പത്തി 22:3) ഇസ്രായേൽ ജനതയുടെ ദൈനംദിന ജീവിതത്തിൽ കഴുതയ്ക്ക് ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് അവരുടെ ചരിത്രം വെളിപ്പെടുത്തുന്നു. യേശുക്രിസ്തു യെരൂശലേമിലേക്കു ഘോഷയാത്രയായി വന്നതും ഒരു കഴുതപ്പുറത്തായിരുന്നു.—മത്തായി 21:1-9.
എത്യോപ്യയിലും കഴുതയ്ക്ക് ദീർഘകാല സേവനത്തിന്റെ ചരിത്രമാണുള്ളത്. എന്നാൽ ഇവിടത്തെ ജനജീവിതത്തിൽ അവയ്ക്ക് ഇപ്പോഴും വലിയ ഒരു സ്ഥാനമുണ്ട്. കാലത്തിന്റെ നീരൊഴുക്കിൽ ട്രക്കുകളുടെയും കാറുകളുടെയും വ്യത്യസ്ത മോഡലുകൾ വന്നുപോയെങ്കിലും കഴുതയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. നിശ്ചയമായും കഴുതകൾ നമ്മുടെ ആദരവ് അർഹിക്കുന്നു.
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
‘The Donkey Sanctuary’, Sidmouth, Devon, UK