“കളങ്കം അറിയാത്ത മാതാപിതാക്കൾക്കു പിറന്നത്”
“കളങ്കം അറിയാത്ത മാതാപിതാക്കൾക്കു പിറന്നത്”
ബ്രസീലിലെ ഉണരുക! ലേഖകൻ
“സൂര്യനും സമുദ്രവുമാകുന്ന, കളങ്കം അറിയാത്ത മാതാപിതാക്കൾക്കു പിറന്നത്” എന്നാണ് ഉപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യന്റെ ചൂടിൽ സമുദ്രജലം വറ്റിച്ചുണ്ടാക്കുന്ന ഉപ്പിന്റെ കാര്യത്തിൽ ഇതു തീർച്ചയായും സത്യമാണ്.
ബ്രസീലിന്റെ വടക്കുകിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന റിയോ ഗ്രാൻഡി ഡൊ നൊർട്ടെ എന്ന സംസ്ഥാനം ഉപ്പുത്പാദന കേന്ദ്രങ്ങൾക്കു പ്രസിദ്ധമാണ്. ഉഷ്ണകാലാവസ്ഥയും കുറഞ്ഞ വർഷപാതവും തുടർച്ചയായി വീശുന്ന വരണ്ട കാറ്റും, സൂര്യതാപത്തിന്റെ സഹായത്താൽ ഉപ്പ് ഉത്പാദിപ്പിക്കാൻ ഈ പ്രദേശത്തെ അനുയോജ്യമാക്കിത്തീർക്കുന്നു. ബ്രസീലിൽ ഉപയോഗിക്കുന്ന ശുദ്ധിചെയ്തതും അല്ലാത്തതുമായ ഉപ്പിന്റെ 95 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നു. ചെറിയ ഒരു തീരദേശ പട്ടണമായ ആറേയ ബ്രാങ്കായിലാണ് ഈ കേന്ദ്രങ്ങളിലൊന്നു സ്ഥിതിചെയ്യുന്നത്.
ഉത്പാദന കേന്ദ്രത്തിലേക്കൊരു സന്ദർശനം
സൂര്യതാപത്തിന്റെ സഹായത്താൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ സാധാരണഗതിയിൽ അതിവിസ്തൃതമായിരിക്കും. ആറേയ ബ്രാങ്കായുടെ കാര്യത്തിലും ഇതു സത്യമാണ്. ഹൈവേയിലൂടെ ഇവിടേക്കു സഞ്ചരിക്കുന്ന മിക്ക സന്ദർശകരും ഇവിടത്തെ ഉപ്പുനിലയത്തിന്റെ വിസ്തൃതി കണ്ട് വിസ്മയിച്ചുപോകുന്നു. ഉപ്പുത്പാദനത്തിനായി സംഭരിച്ചിട്ടുള്ളതും നോക്കെത്താദൂരത്തിൽ വ്യാപിച്ചുകിടക്കുന്നതുമായ സമുദ്രജലം പ്രഭാത സൂര്യന്റെ പൊൻപ്രഭയിൽ വെട്ടിത്തിളങ്ങുന്നു.
മതിൽകെട്ടി വേർതിരിച്ചിരിക്കുന്ന ഈ പ്രദേശത്തിന്റെ ഏകദേശം 90 ശതമാനം സ്ഥലത്തും ബാഷ്പീകരിക്കപ്പെടുന്നതിനുള്ള ജലമാണ്. ശേഷം ഭാഗത്താണ് ഉപ്പ് പരലായി രൂപപ്പെടുന്നത്.നിലയത്തെ ഒന്നടങ്കം വെള്ളപുതപ്പിക്കുന്ന ഉപ്പുപരലുകൾ സൂര്യപ്രകാശം ശക്തമായി പ്രതിഫലിക്കുന്നതിനാൽ ഇവിടം സന്ദർശിക്കുന്നവർ കൂളിങ് ഗ്ലാസ് ധരിക്കേണ്ടത് അനിവാര്യമാണ്. ചിറകെട്ടി വേർതിരിച്ചിരിക്കുന്നതും തടികൊണ്ടുള്ള ഗേറ്റുകളുള്ളതുമായ പാടങ്ങളിലൂടെ കടത്തിവിടുമ്പോൾ സമുദ്രജലം ബാഷ്പീകരിക്കപ്പെടുകയും ശേഷിക്കുന്ന ജലത്തിൽ ഉപ്പിന്റെ ആനുപാതിക അളവ് വർധിച്ചുവരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മൊത്തം 67 പാടങ്ങളുണ്ട്. ചുട്ടുപൊള്ളുന്ന വെയിലും ഉഷ്ണക്കാറ്റും ഓരോ സെക്കൻഡിലും ഏകദേശം 650 ലിറ്റർ ജലം ബാഷ്പീകരിക്കുന്നു! എന്നാൽ ജലം മൊത്തം ബാഷ്പീകരിക്കപ്പെടുന്നതിന് ഏകദേശം 90 മുതൽ 100 വരെ ദിവസം വേണ്ടിവരുന്നു.
സമുദ്രജലം ബാഷ്പീകരിക്കപ്പെടുമ്പോൾ അവശേഷിക്കുന്നത് സോഡിയം ക്ലോറൈഡ് മാത്രമല്ല. കാൽസിയം കാർബണേറ്റ്, കാൽസിയം സൾഫേറ്റ്, മഗ്നീഷ്യം സൾഫേറ്റ് തുടങ്ങിയ മറ്റു ലവണങ്ങളും നേരിയ അളവിൽ അതിൽ ഉണ്ടായിരിക്കും. ഈ ലവണങ്ങൾ പക്ഷേ, പല ഘട്ടങ്ങളിലായി വേർതിരിയുകയും പാടങ്ങളിൽ അടിയുകയും ചെയ്യുന്നു.
ഈ പാടങ്ങളിൽനിന്നുള്ള സാന്ദ്രതയേറിയ ഉപ്പുവെള്ളം, ഉപ്പ് പരലായി രൂപപ്പെടുന്ന 20 പാടങ്ങളിൽ എത്തിച്ചേരുന്നു. അവയിൽ ചിലതിലെല്ലാം ഖരരൂപത്തിലുള്ള ഉപ്പുമാത്രമല്ലാതെ വെള്ളത്തിന്റെ അംശം ഒട്ടും ഉണ്ടായിരിക്കില്ല. അവിടെനിന്ന് ഒരു കൂറ്റൻ യന്ത്രത്തിന്റെ സഹായത്താൽ ഉപ്പ് ഇളക്കിയെടുത്ത് ട്രക്കുകളിൽ നിറച്ച് ശുദ്ധീകരണം നടത്തുന്ന സ്ഥലത്തേക്കു കൊണ്ടുപോകുന്നു. അവിടെവെച്ച് അതു കഴുകി വെള്ളം വാർന്നുപോകാൻ അനുവദിക്കുന്നു. അതിനുശേഷം വീണ്ടും അത് ഉലച്ചുകഴുകി ശുദ്ധിയാക്കുന്നു.
അവിടെനിന്ന് അതു ചരക്കുവഞ്ചികളിൽ, കരയിൽനിന്ന് ഏതാണ്ട് 12 കിലോമീറ്റർ പുറങ്കടലിലുള്ള, മനുഷ്യനിർമിതമായ ഒരു തുറമുഖ ദ്വീപിലേക്കു കൊണ്ടുപോകുന്നു. 166 മീറ്റർ നീളവും 92 മീറ്റർ വീതിയുമുള്ള ഈ ദ്വീപിൽ ഒരു ലക്ഷം ടൺ ഉപ്പ് സംഭരിച്ചുവെക്കാൻ കഴിയും. തുടർന്ന് ഒരു കൺവേയർബെൽറ്റിൽ പുറങ്കടലിലുള്ള ഒരു ടെർമിനലിൽ എത്തിച്ച് അവിടെനിന്ന് കപ്പലിൽ കയറ്റി ബ്രസീലിന്റെ ഇതര ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു.
ബഹുമുഖപ്രയോജനമുള്ളതും ജീവത്പ്രധാനവുമായ ഒരു വസ്തു
നമ്മുടെ ശരീരത്തിന് ഉപ്പ് അധികം ആവശ്യമില്ലെങ്കിലും മനുഷ്യമൃഗാദികളുടെ ജീവനും ആരോഗ്യത്തിനും അതു കൂടിയേതീരൂ. ഭക്ഷണത്തിനു രുചിവരുത്തുന്ന ഒരു വെളുത്ത വസ്തു എന്നു മാത്രമായിരിക്കാം നാം ഉപ്പിനെക്കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ തുണിവ്യവസായം, ലോഹസംസ്കരണം തുടങ്ങിയ മേഖലകളിൽ അതിനു പല ഉപയോഗങ്ങളുണ്ട്. സോപ്പ്, വാർണിഷ്, പോളീഷ്, ഇനാമെൽ എന്നിവയുടെയും അനേകം രാസവസ്തുക്കളുടെയും നിർമാണത്തിലും ഉപ്പ് ഉപയോഗിച്ചുവരുന്നു. ഇന്ന് ഉപ്പിന് 14,000-ത്തിലധികം ഉപയോഗങ്ങളുള്ളതായി പറയപ്പെടുന്നു!
ഉപ്പ് എന്നെങ്കിലും തീർന്നുപോകുമെന്നു പേടിക്കേണ്ടതില്ല. 12 കോടി ടണ്ണോളം സോഡിയം ക്ലോറൈഡാണ് വെറും ഒരു ഘനമൈൽ സമുദ്രജലത്തിലുള്ളത്! പണ്ടു കാലങ്ങളിൽ അതത്ര എളുപ്പം ലഭ്യമായിരുന്നില്ലെന്നുമാത്രം. ഉദാഹരണത്തിന് അന്നൊക്കെ ചൈനയിൽ സ്വർണത്തിനു മാത്രമാണ് ഉപ്പിനെക്കാൾ മൂല്യമുണ്ടായിരുന്നത്. ബൈബിൾ പല പ്രാവശ്യം ഉപ്പിനെക്കുറിച്ചു പറയുകയും പല വിധങ്ങളിലുള്ള അതിന്റെ ഉപയോഗം എടുത്തുകാട്ടുകയും ചെയ്യുന്നു.
ഔഷധ ഗുണങ്ങളോ അണുനാശക സവിശേഷതകളോ ഉള്ളതായി കരുതപ്പെട്ടിരുന്നതിനാലായിരിക്കാം, ജനിച്ച ഉടനെ ശിശുക്കളുടെ ഇളംമേനിയിൽ ചിലപ്പോഴൊക്കെ ഉപ്പു പുരട്ടിയിരുന്നു. (യെഹെസ്കേൽ 16:4) ആലങ്കാരിക അർഥത്തിലും ബൈബിളിൽ ഉപ്പ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് യേശു തന്റെ ശിഷ്യന്മാരോടു “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്നു പറഞ്ഞു. (മത്തായി 5:13) അവർ ജീവരക്ഷാകരമായ ഒരു സന്ദേശം വഹിച്ചിരുന്നതിനാലാണ് അവൻ അങ്ങനെ പറഞ്ഞത്. ഉപ്പ് സ്ഥിരതയുടെയും ശാശ്വതത്വത്തിന്റെയും ഒരു പ്രതീകമായിത്തീരുകയും ചെയ്തു. അതുകൊണ്ട് “ഒരു ലവണനിയമം,” അഥവാ ഉപ്പു നിയമം മാറാത്ത ഒരു ഉടമ്പടിയായി വീക്ഷിക്കപ്പെട്ടിരുന്നു.—സംഖ്യാപുസ്തകം 18:19.
ഉപ്പ് എത്രമാത്രം ഒഴിച്ചുകൂടാനാവാത്തതും പ്രയോജനപ്രദവുമാണെന്നും ചരിത്രത്തിലുടനീളം അതിന് ഇത്രമാത്രം പ്രാധാന്യം ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്നും കുറെക്കൂടെ മെച്ചമായി മനസ്സിലാക്കാൻ ആറേയ ബ്രാങ്കാ ഉപ്പുത്പാദന കേന്ദ്രത്തിലേക്കുള്ള യാത്ര നമ്മെ സഹായിച്ചിരിക്കുന്നു. ‘സൂര്യനും സമുദ്രവുമാകുന്ന, കളങ്കം അറിയാത്ത മാതാപിതാക്കൾക്കു പിറക്കുന്ന’ ഈ ഉത്പന്നം സമൃദ്ധമായി ലഭ്യമായിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!
[16-ാം പേജിലെ ചിത്രം]
ഉപ്പുപാടത്തുനിന്ന് യന്ത്രസഹായത്താൽ പരലുപ്പു ശേഖരിക്കുന്നു
[16-ാം പേജിലെ ചിത്രം]
ശുദ്ധീകരിക്കാത്ത ഉപ്പ്
[16, 17 പേജുകളിലെ ചിത്രം]
ഉപ്പ് ഉലച്ചുകഴുകുകയും സംഭരിക്കുകയും ചെയ്യുന്ന സ്ഥലം