പ്രണയത്തിലായവർ തമ്മിൽ വിവാഹത്തിനു മുമ്പു ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു ശരിയാണോ?
ബൈബിളിന്റെ വീക്ഷണം
പ്രണയത്തിലായവർ തമ്മിൽ വിവാഹത്തിനു മുമ്പു ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു ശരിയാണോ?
പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ വിവാഹത്തിനു മുമ്പു ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ തെറ്റില്ല എന്നാണ് ഒരു സർവേയിൽ പങ്കെടുത്ത കൗമാരക്കാരിൽ ഏകദേശം 90 ശതമാനവും അഭിപ്രായപ്പെട്ടത്. മാധ്യമങ്ങൾ ഈ ചിന്താഗതിയെ പ്രതിഫലിപ്പിക്കുകയും പലപ്പോഴും ശരിവെക്കുകയും ചെയ്യുന്നു. പ്രണയത്തിലായവർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് തികച്ചും സ്വാഭാവികമായ ഒരു സംഗതിയായി ടിവി പരിപാടികളും ചലച്ചിത്രങ്ങളും നിരന്തരം പ്രദർശിപ്പിക്കുന്നു.
ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മാർഗനിർദേശത്തിനായി ലോകത്തിലേക്കു നോക്കുകയില്ല, കാരണം ഈ ലോകം അതിന്റെ അധിപതിയായ പിശാചിന്റെ ചിന്താഗതിയാണു പ്രതിഫലിപ്പിക്കുന്നത് എന്ന് അവർ മനസ്സിലാക്കുന്നു. (1 യോഹന്നാൻ 5:19) “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്” ആണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവർ തങ്ങളുടെ വികാരങ്ങളാൽ മാത്രം നയിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കുന്നു. (യിരെമ്യാവു 17:9) യഥാർഥത്തിൽ ജ്ഞാനികളായവർ സ്രഷ്ടാവിലേക്കും അവന്റെ നിശ്വസ്ത വചനത്തിലേക്കും മാർഗനിർദേശത്തിനായി നോക്കുന്നു.—സദൃശവാക്യങ്ങൾ 3:5, 6; 2 തിമൊഥെയൊസ് 3:16, 17.
ലൈംഗികത—ഒരു ദിവ്യ ദാനം
“എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു” എന്നു യാക്കോബ് 1:17 പറയുന്നു. വിവാഹക്രമീകരണത്തിനുള്ളിലെ ലൈംഗികബന്ധം അത്തരത്തിലുള്ള അമൂല്യ ദാനങ്ങളിലൊന്നാണ്. (രൂത്ത് 1:9; 1 കൊരിന്ത്യർ 7:2, 7) പുനരുത്പാദനം സാധ്യമാക്കുന്നെന്നു മാത്രമല്ല, ഭാര്യയും ഭർത്താവും അങ്ങേയറ്റം ആർദ്രതയോടും ആനന്ദത്തോടും കൂടിയ ശാരീരികവും വൈകാരികവുമായ ഒരു ഉറ്റബന്ധത്തിലേക്കു വരുന്നതിനും ഇതു വഴിയൊരുക്കുന്നു. “നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക” എന്ന് പുരാതനകാലത്തെ ഒരു രാജാവായ ശലോമോൻ എഴുതി. “അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ.”—സദൃശവാക്യങ്ങൾ 5:18, 19.
യഹോവ നൽകിയിരിക്കുന്ന ദാനങ്ങളിൽനിന്നു നാം പ്രയോജനം അനുഭവിക്കാനും അവയിൽ ആനന്ദം കണ്ടെത്താനും അവൻ ആഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. അതുകൊണ്ടുതന്നെ, നമ്മുടെ ജീവിതത്തെ നയിക്കാനായി ഏറ്റവും ഉത്തമമായ നിയമങ്ങളും തത്ത്വങ്ങളും അവൻ നൽകിയിട്ടുണ്ട്. (സങ്കീർത്തനം 19:7, 8) ‘ശുഭകരമായി പ്രവർത്തിപ്പാൻ നമ്മെ അഭ്യസിപ്പിക്കയും നാം പോകേണ്ടുന്ന വഴിയിൽ നമ്മെ നടത്തുകയും ചെയ്യുന്നത്’ യഹോവയാണ്. (യെശയ്യാവു 48:17) നമ്മുടെ സ്വർഗീയ പിതാവും സ്നേഹത്തിന്റെ മൂർത്തിമത്ഭാവവുമായ യഹോവ നമുക്കു നന്മ കൈവരുത്തുന്ന എന്തെങ്കിലും നമ്മിൽനിന്ന് പിടിച്ചുവെക്കുമോ?—സങ്കീർത്തനം 34:10; 37:4; 84:11; 1 യോഹന്നാൻ 4:8.
വിവാഹത്തിനു മുമ്പുള്ള ലൈംഗികത ക്രൂരതയാണ്
ഒരു സ്ത്രീയും പുരുഷനും വിവാഹത്തിൽ ഒന്നിക്കുമ്പോൾ അവർ “ഒരു ദേഹ”മായിത്തീരുന്നു എന്നു പറയാനാകും. അവിവാഹിതരായ രണ്ടുപേർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ, അതായത് പരസംഗത്തിലേർപ്പെടുമ്പോൾ, അവരും “ഏക ശരീര”മായിത്തീരുന്നു; എന്നാൽ ദൈവദൃഷ്ടിയിൽ അശുദ്ധമായ ഒന്നാണെന്നു മാത്രം. a കൂടാതെ, അത്തരം ബന്ധങ്ങൾ ക്രൂരവുമാണ്. എന്തുകൊണ്ട്?—മർക്കൊസ് 10:7-9; 1 കൊരിന്ത്യർ 6:9, 10, 16.
ഒരു കാരണം, യഥാർഥ പ്രതിബദ്ധതകൂടാതെയുള്ള ലൈംഗികതയാണ് പരസംഗം. ആത്മാഭിമാനത്തിനു തുരങ്കംവെക്കുന്നതു കൂടാതെ രോഗം, അനാവശ്യ ഗർഭധാരണം,
മനോവ്യഥ എന്നിവയ്ക്കും ഇത് ഇടയാക്കിയേക്കാം. എല്ലാറ്റിനുമുപരിയായി, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളുടെ ലംഘനമാണിത്. അതുകൊണ്ട്, പരസംഗത്തിലേർപ്പെടുന്നയാൾ മറ്റേ വ്യക്തിയുടെ ഇപ്പോഴത്തെയും ഭാവിയിലെയും ക്ഷേമത്തെക്കുറിച്ചും സന്തുഷ്ടിയെക്കുറിച്ചും ഒട്ടുംതന്നെ ചിന്തിക്കുന്നില്ല.ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, തന്റെ ആത്മീയ സഹോദരന്റെയോ സഹോദരിയുടെയോ അവകാശങ്ങളിലുള്ള ഒരു കടന്നുകയറ്റം കൂടിയാണ് പരസംഗം. (1 തെസ്സലൊനീക്യർ 4:3-6) ഉദാഹരണത്തിന്, ദൈവദാസർ എന്ന് അവകാശപ്പെടുന്ന വ്യക്തികൾ വിവാഹത്തിനു പുറത്ത് ലൈംഗികതയിൽ ഏർപ്പെടുമ്പോൾ ക്രിസ്തീയ സഭയിലേക്കു അവർ അശുദ്ധി കൊണ്ടുവരുന്നു. (എബ്രായർ 12:15, 16) മാത്രമല്ല, അവർ അവരുമായി പരസംഗത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് ഒരു ശുദ്ധമായ ധാർമിക നില ഉണ്ടായിരിക്കുന്നതിനും, ആ വ്യക്തി ഏകാകി ആണെങ്കിൽ ധാർമിക ശുദ്ധിയോടെ ഭാവിയിൽ ഒരു വിവാഹത്തിലേക്കു പ്രവേശിക്കുന്നതിനുമുള്ള അവസരം നിഷേധിക്കുന്നു. ഇവർ സ്വന്തം കുടുംബത്തിന്റെ സത്പേരിനു കളങ്കംചാർത്തുന്നതു കൂടാതെ തന്റെ ലൈംഗിക പങ്കാളിയുടെ കുടുംബത്തിനെതിരെയും തെറ്റുചെയ്യുന്നു. അവസാനമായി, ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളെയും തത്ത്വങ്ങളെയും ലംഘിച്ചതിനാൽ അവനെ വേദനിപ്പിക്കുകയും അവനോട് അനാദരവു കാണിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 78:40, 41) അതുകൊണ്ട്, ഈവക ദുഷ്പ്രവൃത്തികളിലേർപ്പെടുന്ന അനുതാപമില്ലാത്തവരോടു യഹോവ ‘പ്രതികാരം ചെയ്യും.’ (1 തെസ്സലൊനീക്യർ 4:6) “ദുർന്നടപ്പു” അഥവാ പരസംഗം “വിട്ടു ഓടുവിൻ” എന്നു ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നതിൽ അതിശയിക്കാനുണ്ടോ?—1 കൊരിന്ത്യർ 6:18.
നിങ്ങൾ ആരുമായെങ്കിലും പ്രണയത്തിലാണോ, ആ വ്യക്തിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, അന്യോന്യം അടുത്തറിയാനുള്ള ഈ സമയം പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും ദൃഢമായ ഒരു അടിസ്ഥാനമിടുന്നതിനായി എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഇതു പരിചിന്തിക്കുക: ആത്മനിയന്ത്രണം പാലിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്ന ഒരുവനെ പൂർണമായി വിശ്വസിക്കാൻ ഒരു സ്ത്രീക്ക് എങ്ങനെ കഴിയും? സ്വന്തം ലൈംഗിക താത്പര്യങ്ങളെ തൃപ്തിപ്പെടുത്താനായോ മറ്റേ വ്യക്തിയെ പ്രീതിപ്പെടുത്താനായോ ദൈവികനിയമങ്ങളെ കാറ്റിൽപ്പറത്തുന്ന ഒരു സ്ത്രീയെ സ്നേഹിക്കാനും ബഹുമാനിക്കാനും ഏതു പുരുഷനാണ് ഇഷ്ടപ്പെടുക?
ഒരു കാര്യംകൂടി ഓർമിക്കുക, ദൈവത്തിന്റെ സ്നേഹപൂർവകമായ നിലവാരങ്ങളെ പുച്ഛിച്ചു തള്ളുന്നവർ തങ്ങൾ വിതയ്ക്കുന്നതിന്റെ ഫലം കൊയ്യേണ്ടിവരും. (ഗലാത്യർ 6:7) ‘ദുർന്നടപ്പുകാരൻ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു’വെന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 6:18; സദൃശവാക്യങ്ങൾ 7:5-27) വിവാഹിതരാകുന്നതിനു മുമ്പു ലൈംഗിക ബന്ധത്തിലേർപ്പെട്ട ഇണകൾ ആത്മാർഥമായി അനുതപിക്കുകയും യഹോവയുമായുള്ള തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ പ്രയത്നിക്കുകയും പരസ്പരമുള്ള വിശ്വാസം ബലിഷ്ഠമാക്കുകയും ചെയ്യുന്നെങ്കിൽ ക്രമേണ നിഷേധാത്മക വികാരങ്ങളെ ഒരു പരിധിവരെ തരണം ചെയ്യാൻ സാധിച്ചേക്കും എന്നതു ശരിയാണ്. എങ്കിലും, അവരുടെ കഴിഞ്ഞകാല ജീവിതഗതി പലപ്പോഴും, മായാത്ത മുറിപ്പാടുകൾ അവശേഷിപ്പിച്ചേക്കാം. ഒരു യുവദമ്പതികൾ, തങ്ങൾ അവിവാഹിതരായിരുന്നപ്പോൾ പരസംഗത്തിൽ ഏർപ്പെട്ടതിൽ ഇപ്പോൾ അതിയായി ഖേദിക്കുന്നു. ‘അശുദ്ധമായ ആ തുടക്കമാണോ ഞങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾക്കു കാരണം’ എന്ന് ഭർത്താവ് ചിലപ്പോഴൊക്കെ തന്നോടുതന്നെ ചോദിക്കാറുണ്ട്.
യഥാർഥ സ്നേഹം നിസ്സ്വാർഥമാണ്
യഥാർഥ സ്നേഹം പ്രണയാർദ്രമായിരിക്കാമെങ്കിലും അത് ‘അയോഗ്യമായി നടക്കുകയോ സ്വാർത്ഥം അന്വേഷിക്കുകയോ ചെയ്യുന്നില്ല.’ (1 കൊരിന്ത്യർ 13:4, 5) പകരം, അത് ഇണയുടെ ക്ഷേമത്തിനും നിത്യസന്തുഷ്ടിക്കുമായി പരിശ്രമിക്കുന്നു. അത്തരം സ്നേഹം അന്യോന്യം ബഹുമാനിക്കുന്നതിനും ദൈവം ഉദ്ദേശിച്ചതുപോലെ ലൈംഗികബന്ധം വിവാഹബന്ധത്തിൽ മാത്രം ഒതുക്കിനിറുത്തുന്നതിനും ഒരു സ്ത്രീയെയും പുരുഷനെയും പ്രേരിപ്പിക്കുന്നു.—എബ്രായർ 13:4.
കുട്ടികൾ സ്നേഹവും സുരക്ഷിതത്വവും കെട്ടുറപ്പും ഉള്ള ചുറ്റുപാടിൽ വളർന്നുവരാനാണ് ദൈവം ഉദ്ദേശിച്ചത്. (എഫെസ്യർ 6:1-4) അതുകൊണ്ടുതന്നെ കുട്ടികളുള്ള കുടുംബത്തിൽ പരസ്പര വിശ്വാസവും സുരക്ഷിതത്വവും കളിയാടുന്ന സന്തുഷ്ട ദാമ്പത്യത്തിന്റെ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് വിശേഷാൽ പ്രധാനമാണ്. വിവാഹത്തിൽ മാത്രമേ രണ്ടു വ്യക്തികൾ യഥാർഥമായി പ്രതിബദ്ധത പ്രകടമാക്കുന്നുള്ളൂ. തങ്ങളുടെ തുടർന്നുള്ള ജീവിതത്തിൽ കഷ്ടകാലത്തും നല്ലകാലത്തും അന്യോന്യം പരിപാലിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും അവർ മനസ്സുകൊണ്ടും—മിക്കപ്പോഴും വാക്കുകളിലൂടെയും—പ്രതിജ്ഞചെയ്യുന്നു.—റോമർ 7:2, 3.
ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അവരുടെ ബന്ധത്തെ കൂടുതൽ ബലിഷ്ഠമാക്കാനാകും. അതുപോലെതന്നെ, ഒരു സന്തുഷ്ട ദാമ്പത്യം ആസ്വദിക്കുന്ന ഇണകൾ, ലൈംഗിക ബന്ധം കൂടുതൽ ആനന്ദകരവും അർഥവത്തും ആണെന്നു കണ്ടെത്തും. മാത്രമല്ല, അത് അവരുടെ ബന്ധത്തിന് അപമാനം വരുത്തുകയോ മനസ്സാക്ഷിയെ വ്രണപ്പെടുത്തുകയോ ചെയ്യുന്നില്ല, അത് സ്രഷ്ടാവിനോടുള്ള അനുസരണക്കേടുമല്ല.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ വിവാഹത്തിനു മുമ്പുള്ള ലൈംഗികതയെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്? —1 കൊരിന്ത്യർ 6:9, 10
◼ പരസംഗം ഹാനികരമായിരിക്കുന്നത് എന്തുകൊണ്ട്?—1 കൊരിന്ത്യർ 6:18
◼ പ്രണയത്തിലായിരിക്കുന്ന രണ്ടുപേർക്ക് എങ്ങനെ യഥാർഥ സ്നേഹം പ്രകടമാക്കാനാകും? —1 കൊരിന്ത്യർ 13:4, 5
[അടിക്കുറിപ്പ്]
a “പരസംഗം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് വിവാഹ പങ്കാളിയല്ലാത്ത ഒരാളുമായുള്ള എല്ലാത്തരം ലൈംഗിക പ്രവർത്തനങ്ങളെയും അർഥമാക്കുന്നു, അതായത് അധരസംഭോഗമുൾപ്പെടെ, ലൈംഗികാവയവങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളെയും.—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 2004 ആഗസ്റ്റ് 8 ലക്കം ഉണരുക!യുടെ 12-ാം പേജും 2004 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 13-ാം പേജും കാണുക.