ഉത്തരം കിട്ടേണ്ട ചോദ്യം
ഉത്തരം കിട്ടേണ്ട ചോദ്യം
“എന്തുകൊണ്ട്?” വേദനയുടെയും നിസ്സഹായതയുടെയും ആഴങ്ങളിൽനിന്ന് ഉയരുമ്പോൾ ലളിതമായ ഈ ചോദ്യം കരളലിയിക്കുന്ന ഒരു ദീനരോദനമായി മാറുന്നു. കൊടുങ്കാറ്റുകൾ സംഹാരതാണ്ഡവമാടുമ്പോഴും ഭൂകമ്പത്തിൽ നഗരങ്ങൾ തകർന്നടിയുമ്പോഴും ഭീകരാക്രമണങ്ങൾ സ്വസ്ഥമായ ജീവിതത്തെ പിച്ചിച്ചീന്തുമ്പോഴും അപകടങ്ങളിൽ പ്രിയപ്പെട്ടവർക്കു പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യുമ്പോഴുമെല്ലാം മനോവ്യഥയോടെ ആളുകൾ ചോദിക്കുന്നു: “എന്തുകൊണ്ട്?”
ദുരന്തങ്ങൾക്ക് ഇരയാകുന്നവരിൽ മിക്കപ്പോഴും നിഷ്കളങ്കരും നിസ്സഹായരുമായവർ ഉൾപ്പെടുന്നുവെന്നതു ദുഃഖകരമാണ്. അടുത്ത കാലത്ത് അത്തരം ദുരന്തങ്ങൾ കുതിച്ചുയർന്നപ്പോൾ അനേകരും ദൈവത്തോട് “എന്തുകൊണ്ട്?” എന്നു ചോദിക്കാൻ പ്രേരിതരായി. ചില ഉദാഹരണങ്ങൾ നോക്കുക:
◼ “ദൈവമേ, എന്തിനു നീ ഞങ്ങളോട് ഇങ്ങനെ ചെയ്തു? നിനക്ക് ഇഷ്ടമില്ലാത്ത എന്താണു ഞങ്ങൾ ചെയ്തത്?”, സുനാമി തിരകൾ ഇന്ത്യയിലെ ഒരു ഗ്രാമത്തെ വിഴുങ്ങിയപ്പോൾ അവിടെയുള്ള പ്രായംചെന്ന ഒരു സ്ത്രീ ഇങ്ങനെ വിലപിച്ചതായി റോയിറ്റേഴ്സ് ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു.
◼ “ദൈവം എവിടെയായിരുന്നു? എല്ലാം നിയന്ത്രിക്കാൻ അവനു കഴിവുണ്ടെങ്കിൽപ്പിന്നെ ഇതു സംഭവിക്കാൻ അവൻ അനുവദിച്ചത് എന്തുകൊണ്ട്?”, ഒരു തോക്കുധാരി പള്ളിയിലേക്കു നിറയൊഴിച്ച് പലരെയും കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയും ചെയ്തപ്പോൾ യു.എസ്.എ.-യിലെ ടെക്സാസിൽനിന്നുള്ള ഒരു പത്രം ഉന്നയിച്ച ചോദ്യങ്ങളാണ് ഇവ.
◼ “അവൾ മരിക്കാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണ്?”, ഭർത്താവും പറക്കമുറ്റാത്ത അഞ്ചു മക്കളുമുള്ള തന്റെ സ്നേഹിതയുടെ ജീവൻ കാൻസർ കവർന്നെടുത്തപ്പോൾ ഒരു സ്ത്രീ ചോദിച്ചു.
തങ്ങൾക്കു നേരിടുന്ന അനർഥങ്ങൾക്കു പിന്നിൽ ദൈവമാണെന്നു ചിന്തിക്കുന്നവർ ഇവർ മാത്രമല്ല. ഉദാഹരണത്തിന് പ്രകൃതി വിപത്തുകളോടുള്ള ബന്ധത്തിൽ ഈയിടെ നടന്ന ഒരു ഇന്റർനെറ്റ് സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേരും, ചുഴലിക്കാറ്റുപോലുള്ള വിപത്തുകൾക്കു ദൈവമാണ് ഉത്തരവാദിയെന്ന് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് അനേകരും അങ്ങനെ ചിന്തിക്കുന്നത്?
സത്യത്തെ മറയ്ക്കുന്ന വിശദീകരണങ്ങൾ
മതനേതാക്കൾ നൽകുന്ന ഉത്തരങ്ങൾ ആളുകളെ ആശ്വസിപ്പിക്കുന്നതിനു പകരം മിക്കപ്പോഴും കുഴപ്പിക്കുകയാണു ചെയ്യുന്നത്. അവർ സാധാരണ നൽകാറുള്ള വിശദീകരണങ്ങളിൽ മൂന്നെണ്ണം മാത്രം നമുക്കിപ്പോൾ പരിചിന്തിക്കാം.
ഒന്ന്: വഴിപിഴച്ച മനുഷ്യരെ ശിക്ഷിക്കാൻ ദൈവം ദുരന്തങ്ങൾ വരുത്തുന്നുവെന്ന് അനേകം മതനേതാക്കളും പഠിപ്പിക്കുന്നു. ഉദാഹരണത്തിന് കത്രീന ചുഴലിക്കാറ്റ് ഐക്യനാടുകളിലെ ലൂസിയാനയിലുള്ള ന്യൂ ഓർലിയൻസിൽ നാശം വിതച്ചപ്പോൾ ദൈവം ആ നഗരത്തെ ശിക്ഷിച്ചതാണെന്ന് ചില മതനേതാക്കൾ പറയുകയുണ്ടായി. അവിടത്തെ അഴിമതിയും ചൂതാട്ടവും അധാർമികതയും അതിനു കാരണമായി അവർ ചൂണ്ടിക്കാട്ടി. ജലപ്രളയത്താലും തീയാലും ദൈവം ദുഷ്ടജനങ്ങളെ നശിപ്പിച്ചതായി പറയുന്ന ബൈബിൾ വിവരണങ്ങൾ അതിന്റെ തെളിവെന്ന നിലയിൽ ചിലർ എടുത്തുകാട്ടുകപോലും ചെയ്തു. അത്തരം വിശദീകരണങ്ങളിലൂടെ അവർ യഥാർഥത്തിൽ ബൈബിളിനെ വളച്ചൊടിക്കുകയാണു ചെയ്യുന്നത്.—“ദൈവത്തിന്റെ ചെയ്തികളോ?” എന്ന ചതുരം കാണുക.
രണ്ട്: മനുഷ്യവർഗത്തിന്മേൽ വിപത്തുകൾ കൊണ്ടുവരുന്നതിനു ദൈവത്തിനു തക്കകാരണമുണ്ടെന്നും എന്നാൽ അവ നമുക്കു മനസ്സിലാക്കാനാവില്ലെന്നും ചില മതപുരോഹിതന്മാർ തറപ്പിച്ചുപറയുന്നു. ആ വിശദീകരണം പക്ഷേ, അനേകർക്കും തൃപ്തികരമല്ല. ‘ഇത്തരം ഘോരകൃത്യങ്ങൾ ചെയ്യാനും അതേസമയം ആശ്വാസത്തിനായി കേഴുകയും “എന്തുകൊണ്ട് ഇതെല്ലാം സംഭവിക്കുന്നു?” എന്നു ദയനീയമായി ചോദിക്കുകയും ചെയ്യുന്ന മനുഷ്യർക്കുമുമ്പിൽ മൗനംദീക്ഷിക്കാനും സ്നേഹവാനായ ഒരു ദൈവത്തിനു കഴിയുമോ’ എന്ന് അവർ ചിന്തിക്കുന്നു. എന്നാൽ ബൈബിൾ പറയുന്നപ്രകാരം ‘ദൈവം സ്നേഹംതന്നെ’യാണ്.—1 യോഹന്നാൻ 4:8.
മൂന്ന്: ദൈവം ഒരുപക്ഷേ സർവശക്തനോ സ്നേഹവാനോ ആയിരിക്കില്ല എന്നു മറ്റുചില മതനേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ വിശദീകരണവും സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നു. അമ്പരപ്പിക്കുന്ന വെളിപ്പാടു 4:11) സ്നേഹിക്കാനുള്ള കഴിവു നമുക്കു നൽകിയ, സ്നേഹത്തിന്റെ മകുടോദാഹരണമെന്ന് സ്വന്തം വചനം വിശേഷിപ്പിക്കുന്ന ആ ഒരുവന് കഷ്ടപ്പെടുന്ന മനുഷ്യനോടു സഹതാപം തോന്നാതിരിക്കുമോ?—ഉല്പത്തി 1:27; 1 യോഹന്നാൻ 4:8.
മഹാപ്രപഞ്ചം ഉൾപ്പെടെ “സർവ്വവും സൃഷ്ടിച്ച” ദൈവത്തിന് ഈ ഒരു കൊച്ചു ഗ്രഹത്തിലെ കഷ്ടപ്പാടുകൾക്കു തടയിടാൻ പ്രാപ്തിയില്ലേ? (നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളെ മഥിക്കുന്ന ചോദ്യത്തിന്—ദൈവം എന്തുകൊണ്ട് കഷ്ടപ്പാട് അനുവദിക്കുന്നു എന്ന ചോദ്യത്തിന്—മനുഷ്യർ നൽകാൻ ശ്രമിച്ചിട്ടുള്ള വിശദീകരണങ്ങളിൽ ചിലതു മാത്രമാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. അതിപ്രധാനവും സമയോചിതവുമായ ഈ വിഷയത്തോടുള്ള ബന്ധത്തിൽ ബൈബിൾ എന്തു പഠിപ്പിക്കുന്നുവെന്ന് അടുത്ത ലേഖനത്തിൽ നമുക്കു പരിചിന്തിക്കാം. എല്ലാ ചിന്താക്കുഴപ്പങ്ങളും ദുരീകരിക്കുന്ന യുക്തവും യുക്തിസഹവുമായ വിശദീകരണം ബൈബിൾ നൽകുന്നുവെന്നു നിങ്ങൾക്കു കാണാൻ കഴിയും. ജീവിതത്തിൽ ദുരന്തങ്ങൾ നേരിട്ടിട്ടുള്ളവർക്ക് അനൽപ്പമായ ആശ്വാസവും അതു പ്രദാനം ചെയ്യുന്നു.
[4-ാം പേജിലെ ചതുരം/ചിത്രം]
ദൈവത്തിന്റെ ചെയ്തികളോ?
നാം ഇന്നു കാണുന്ന പ്രകൃതി വിപത്തുകൾക്കു പിന്നിൽ ദൈവത്തിന്റെ കരങ്ങളുണ്ടെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ഒരിക്കലുമില്ല! ദൈവത്തിന്റെ ന്യായവിധി നിർവഹണങ്ങൾ പ്രകൃതി വിപത്തുകളിൽനിന്നു തികച്ചും വ്യത്യസ്തമാണെന്നു ബൈബിൾ വിവരണങ്ങൾ പ്രകടമാക്കുന്നു. ഉദാഹരണത്തിന് ദൈവം ന്യായവിധികൾ നടപ്പാക്കുന്നത് വിവേചനയോടെയാണ്; അവൻ വ്യക്തികളുടെ ഹൃദയനില ഗ്രഹിക്കുകയും ദുഷ്ടന്മാരെ മാത്രം നശിപ്പിക്കുകയും ചെയ്യുന്നു. (ഉല്പത്തി 18:23-32) കൂടാതെ, നീതിമാന്മാർക്കു രക്ഷപ്പെടാൻ അവസരം ലഭിക്കേണ്ടതിന് അവൻ കാലേകൂട്ടി മുന്നറിയിപ്പുകൾ നൽകുന്നു.
നേരെമറിച്ച്, കാര്യമായ—അല്ലെങ്കിൽ ഒട്ടുംതന്നെ—മുന്നറിയിപ്പ് ഇല്ലാതെയാണ് പ്രകൃതി വിപത്തുകൾ ആഞ്ഞടിക്കുന്നത്. അവ വിവേചനാരഹിതമായി ആളുകളെ കൊന്നൊടുക്കുകയോ അംഗഹീനരാക്കുകയോ ചെയ്യുന്നു. പരിസ്ഥിതിക്കു ഹാനിവരുത്തിക്കൊണ്ടും ഭൂമികുലുക്കവും പ്രളയവും മറ്റും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ പണിതുകൊണ്ടും അത്തരം ദുരന്തങ്ങൾക്ക് മനുഷ്യൻ ആക്കം വർധിപ്പിച്ചിരിക്കുന്നു.
[കടപ്പാട്]
SENA VIDANAGAMA/AFP/Getty Images
[4-ാം പേജിലെ ചിത്രം]
പരസ്പരവിരുദ്ധവും കുഴപ്പിക്കുന്നതുമായ വിശദീകരണങ്ങളാണ് മതനേതാക്കൾക്കുള്ളത്