എനിക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാനാകും?
“സ്കൂൾ പഠനം കഴിഞ്ഞാൽ ഒരു ഇലക്ട്രീഷ്യനായി എനിക്കു ജോലി കിട്ടിയേക്കും. രാജ്യഹാൾ നിർമാണത്തിൽ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”—ട്രിസ്റ്റൻ, 14.
“പുതിയ അച്ചടി യന്ത്രത്തിനുവേണ്ടി ഞാൻ 20 ഡോളർ [900 രൂപ] സംഭാവന ചെയ്യുകയാണ്. എന്റെ പോക്കറ്റ് മണിയാണിത്. പക്ഷേ ഇതു നിങ്ങൾക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”—അബ്ബീ, 9.
ചെറുപ്പക്കാരെ സ്വാർഥരായാണ് പലരും മുദ്രകുത്തുന്നത്. എന്നാൽ അനേകം യുവജനങ്ങളും അതിന് ഒരപവാദമാണ്. യഹോവയുടെ സാക്ഷികൾക്കിടയിലെ നിരവധി യുവതീയുവാക്കന്മാർ തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും മറ്റുള്ളവരെ സേവിക്കാനായി വിനിയോഗിക്കുന്നു. (സങ്കീർത്തനം 110:3) ഏതാനും ചില ഉദാഹരണങ്ങൾകൂടി നോക്കുക.
ഓസ്ട്രേലിയയിലുള്ള ഏഴു വയസ്സുകാരനായ ജിറായുടെ വല്യമ്മ മരിച്ച് ഏറെ താമസിയാതെയാണ് വല്യപ്പൻ അവന് 50 ഡോളർ (1,700 രൂപ) നൽകിയത്. ആ പണംകൊണ്ട് അവൻ എന്താണു ചെയ്തത്? അടുത്ത സഭായോഗത്തിനു പോയപ്പോൾ അവൻ ആ തുക മുഴുവൻ സംഭാവനപ്പെട്ടിയിൽ നിക്ഷേപിച്ചു. എന്തുകൊണ്ട്? അവൻ അമ്മയോട് ഇങ്ങനെ പറഞ്ഞു: “എനിക്ക് കളിപ്പാട്ടങ്ങൾ ധാരാളമുണ്ട്, പക്ഷേ ഒരു വല്യമ്മയേ ഉണ്ടായിരുന്നുള്ളൂ, യഹോവയെ വളരെയേറെ സ്നേഹിച്ചിരുന്ന വല്യമ്മ ഞാൻ ഈ പണം സംഭാവന ചെയ്യാൻ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാകണം.”
ഐക്യനാടുകളിലുള്ള അഞ്ചു വയസ്സുകാരിയായ ഹന്നയ്ക്ക് കുതിരകളെ ഇഷ്ടമാണ്. 75 ഡോളർ (3,375 രൂപ) വിലവരുന്ന ഒരു കളിക്കുതിരയെ വാങ്ങാൻ അവൾ ആഗ്രഹിച്ചു. സമ്പാദ്യശീലത്തിന്റെ മൂല്യം പഠിപ്പിക്കാനായി ഹന്നയുടെ മാതാപിതാക്കൾ കുടുക്കയിലിടാൻ അവൾക്ക് ഇടയ്ക്കിടെ പണം നൽകുമായിരുന്നു. അങ്ങനെ ആ കുതിരയെ വാങ്ങാനാവശ്യമായ പണം അവളുടെ പക്കൽ ഉണ്ടായിരുന്നു.
എന്നാൽ ആ സമയത്താണ് കത്രീന ചുഴലിക്കൊടുങ്കാറ്റ് മെക്സിക്കൻ ഉൾക്കടൽത്തീരത്ത് നാശം വിതച്ചത്. അതിന് ഇരയായവരെ കുറിച്ചു കേട്ട ഹന്ന താൻ സ്വരൂപിച്ചുവെച്ച പണം മുഴുവനും, അതായത് 100 ഡോളറിലധികം (4,500 രൂപയിലധികം), അവരെ സഹായിക്കാനായി സംഭാവന നൽകാൻ തീരുമാനിച്ചു. യഹോവയുടെ സാക്ഷികളുടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഹന്ന ഇപ്രകാരം എഴുതി: “ഞാൻ യഹോവയെ സ്നേഹിക്കുന്നതിനാലും കൊടുങ്കാറ്റിന് ഇരകളായവരെ സഹായിക്കാൻ ആഗ്രഹിക്കുന്നതിനാലുമാണ് ഈ പണം നിങ്ങൾക്കു നൽകുന്നത്.” ഇത്തരം ദയാപ്രവൃത്തികൾ യഹോവ ശ്രദ്ധിക്കുന്നുണ്ടോ? എബ്രായർ 13:16.
ബൈബിൾ ഇപ്രകാരം പറയുന്നു: “നന്മചെയ്വാനും കൂട്ടായ്മകാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്.”—2004-ൽ ഫ്ളോറിഡയിൽ രണ്ടു ചുഴലിക്കൊടുങ്കാറ്റു വീശിയടിച്ചതിനെ തുടർന്ന് ഐക്യനാടുകളിലെ റ്റിഫാനി എന്ന പെൺകുട്ടിയും യഹോവയുടെ സാക്ഷികളുടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് എഴുതുകയുണ്ടായി: “എന്റെ അനുജൻ തിമൊത്തിയും ഞാനും 110 ഡോളർ (4,950 രൂപ) സംഭാവന നൽകാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വീടിന് കാര്യമായ കേടുപാടൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ മറ്റു വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ ഞങ്ങൾ കണ്ടു. അവരെ സഹായിക്കാനായി ഞങ്ങൾ പണം സ്വരുക്കൂട്ടാൻ തുടങ്ങി. ഒരു വീടിന്റെ ചുമര് നീക്കം ചെയ്യാൻ സഹായിച്ചതിന് തിമൊത്തിക്ക് 10 ഡോളർ (450 രൂപ) കിട്ടി. എനിക്ക് 100 ഡോളർ (4,500 രൂപ) സ്വരുക്കൂട്ടാൻ സാധിച്ചു.” റ്റിഫാനിക്ക് 13 വയസ്സുണ്ട്, അവളുടെ അനുജനായ തിമൊത്തിക്കാകട്ടെ വെറും 7 വയസ്സും! മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഫലം എന്താണ്? സദൃശവാക്യങ്ങൾ 11:25 ഇങ്ങനെ പറയുന്നു: “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.”
ഐക്യനാടുകളിലുള്ള ചെറുപ്രായക്കാരായ ഒരു കൂട്ടം സാക്ഷികളുടെ കാര്യമെടുക്കുക. നാലിനും പതിനഞ്ചിനും ഇടയ്ക്കാണ് അവരുടെ പ്രായം. ആഫ്രിക്കയിലെ തങ്ങളുടെ സഹവിശ്വാസികൾക്ക് രാജ്യഹാളുകൾ ആവശ്യമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ അതിനായി എന്തെങ്കിലും ചെയ്യാൻ അവർ തീരുമാനിച്ചു. “വീട്ടുമുറ്റത്തുവെച്ച് ബിസ്കറ്റുകളും കേക്കുകളും വിറ്റ് ഞങ്ങൾ 106.54 ഡോളർ (4,794 രൂപ) സമാഹരിച്ചു. ആഫ്രിക്കയിലുള്ളവർക്ക് ബൈബിൾ പഠനക്ലാസ്സുകൾ നടത്തുന്നതിനുള്ള കെട്ടിടങ്ങൾ നിർമിക്കാൻ ഈ പണം ഉപയോഗിക്കുമെന്നു ഞങ്ങൾ ആളുകളോട് പറയുമായിരുന്നു. പലരും അതിനോട് അനുകൂലമായി പ്രതികരിച്ചു. ഇത്രയും പണം സമാഹരിക്കാൻ ഞങ്ങൾക്ക് ഒമ്പതു മണിക്കൂർ വേണ്ടിവന്നെങ്കിലും അതു ശ്രമത്തിനു
തക്ക മൂല്യമുള്ളതായിരുന്നു—അത് യഹോവയ്ക്കുവേണ്ടി ആയിരുന്നു!”നിങ്ങൾക്കും സഹായിക്കാം
മേൽപ്പറഞ്ഞ അനുഭവത്തിലെ ചെറുപ്പക്കാർ യേശുവിന്റെ പിൻവരുന്ന പ്രസ്താവനയുടെ സത്യത മനസ്സിലാക്കിയിരിക്കുന്നു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) കൊടുക്കുന്നതിന്റെ സന്തോഷം നിങ്ങൾക്കും അനുഭവിക്കാം. ഏതെല്ലാം വിധങ്ങളിൽ?
സഹായം ആവശ്യമുള്ള സഹവിശ്വാസികളെക്കുറിച്ചു നിങ്ങൾക്ക് അറിയാമോ? ഉദാഹരണത്തിന്, എവിടെയെങ്കിലും ഒരു പ്രകൃതിവിപത്ത് നടന്നിട്ടുണ്ടോ? സ്വന്തം വീടോ വസ്തുവകകളോ പ്രിയപ്പെട്ടവരെയോ നഷ്ടമാകുന്നെങ്കിൽ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക എന്നൊന്നു ചിന്തിച്ചു നോക്കൂ. ക്രിസ്ത്യാനികളായ ഓരോരുത്തരും “സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി. (ഫിലിപ്പിയർ 2:4) നിങ്ങൾ താമസിക്കുന്നതു പ്രകൃതിവിപത്തുകൾ നടന്ന സ്ഥലത്തിനു വളരെ ദൂരെയാണെങ്കിൽപ്പോലും യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന ദുരിതാശ്വാസ പ്രവർത്തനത്തിനുവേണ്ടി സംഭാവന നൽകാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. a
നിങ്ങൾക്കു മറ്റു വിധങ്ങളിലും സഹായഹസ്തം നീട്ടാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണെങ്കിൽ രാജ്യഹാളിൽ വരുന്നവരെക്കുറിച്ച് ഒന്നു ചിന്തിക്കുക? അക്കൂട്ടത്തിൽ പ്രായാധിക്യമുള്ളവരോ മറ്റുവിധത്തിൽ സഹായം ആവശ്യമുള്ളവരോ ഉണ്ടോ? അവർക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾക്കു കഴിയുമോ? അപ്പൊസ്തലനായ പൗലൊസ് റോമാക്കാർക്ക് ഇങ്ങനെ എഴുതി: “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:10) സഹായിക്കേണ്ട ആവശ്യമുണ്ടെന്നു മനസ്സിലായാൽ മുൻകൈയെടുക്കുക. നിസ്സാരമായ ജോലികൾപോലും ചെയ്യാൻ സന്നദ്ധരായിരിക്കുക. മറ്റുള്ളവരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓർക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.”—സദൃശവാക്യങ്ങൾ 19:17.
നിങ്ങൾക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഏറ്റവും മെച്ചപ്പെട്ട വിധം ദൈവവചനമായ ബൈബിളിനെക്കുറിച്ചു നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ അവരുമായി പങ്കുവെക്കുക എന്നതാണ്. യേശു ഇപ്രകാരം പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) വിശേഷിച്ച് ഇക്കാലത്ത് ആളുകൾ ജീവദായകമായ ബൈബിൾ സത്യം കേൾക്കേണ്ടതുണ്ട്. അതുകൊണ്ട് പ്രസംഗവേലയിൽ അവിരാമം തീക്ഷ്ണമായി ഏർപ്പെടുക. “നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല” എന്ന ഉറച്ചബോധ്യത്തോടെതന്നെ. —1 കൊരിന്ത്യർ 15:58.
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
◼ സഹായം ആവശ്യമുള്ള ആരെയെങ്കിലും കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ?
◼ സഹായിക്കാനായി നിങ്ങൾക്ക് എന്തു ചെയ്യാവുന്നതാണ്?
[അടിക്കുറിപ്പ്]
a ഒരു പ്രത്യേക ദുരിതാശ്വാസ പ്രവർത്തനത്തിനു വേണ്ടിയുള്ള സംഭാവനകൾ വിലമതിപ്പോടെ സ്വീകരിക്കപ്പെടുന്നു. എങ്കിലും, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രവർത്തനത്തിനുവേണ്ടി സംഭാവന ചെയ്യുന്നതായിരിക്കും നല്ലത്. കാരണം, ഒരു പ്രത്യേക ആവശ്യം ഉണ്ടാകുമ്പോൾ പണം എടുക്കുന്നത് ഈ ഫണ്ടിൽനിന്നാണ്.
[25-ാം പേജിലെ ആകർഷക വാക്യം]
“നന്മചെയ്വാനും കൂട്ടായ്മകാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.”—എബ്രായർ 13:16
[24, 25 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
നൽകാൻ പഠിക്കേണ്ടത് എന്തുകൊണ്ട്?
“എന്റെ മാതാപിതാക്കൾ യഹോവയെയും അയൽക്കാരെയും സേവിക്കാനായി സമയവും ഊർജവും ചെലവഴിക്കുന്നതു കണ്ടപ്പോൾ അവരുടെ ഗതി പിന്തുടരാൻ ഞാനും പ്രേരിതനായി. എന്റെ പിതാവ് എന്നോട് ഇങ്ങനെ പറയുമായിരുന്നു: ‘യഹോവയ്ക്കുവേണ്ടി ചെയ്യുന്നത് എത്ര നിസ്സാരമായിരുന്നാലും അത് എന്നേക്കും നിലനിൽക്കുന്നതാണ്. യഹോവ എന്നേക്കും ജീവിക്കുന്നവനാണ്, അവൻ അത് എന്നേക്കും ഓർമിക്കുകയും ചെയ്യും. എന്നാൽ നിനക്കുവേണ്ടിത്തന്നെയുള്ള ജീവിതം നിഷ്ഫലമാണ്. നീ മരിക്കുന്നതോടെ, നീ ചെയ്തതും മരിക്കും.’”—കെന്റാറോ, 24, ജപ്പാൻ.
“തുറന്നു പറയാമല്ലോ, ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രായാധിക്യമുള്ളവരെ വീട്ടുജോലികളിൽ സഹായിക്കുന്ന കാര്യം എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. കൂട്ടുകാരുമൊത്ത് ചിരിച്ചുകളിച്ചു നടക്കാനായിരുന്നു എനിക്കിഷ്ടം. എന്നാൽ പ്രായംചെന്നവരോടൊത്തു സമയം ചെലവഴിച്ച ഞാൻ അത് ആസ്വദിക്കുകതന്നെ ചെയ്തു. അപ്പോഴാണ് അവരും എന്നെപ്പോലെ ഉള്ളവരാണെന്ന് എനിക്കു മനസ്സിലായത്. ഒരിക്കൽ അവരും ചെറുപ്പമായിരുന്നല്ലോ. അവരെ സഹായിക്കാൻ ഇത് എന്നെ പ്രേരിപ്പിച്ചു.”—ജോൺ, 27, ഇംഗ്ലണ്ട്.
“ചെറുപ്പമായിരുന്നപ്പോൾ ഞാൻ രാജ്യഹാൾ ശുചീകരണത്തിലും മറ്റ് അനവധി പ്രവർത്തനങ്ങളിലും സഹായിച്ചിട്ടുണ്ട്. സഭയിലെ മറ്റുള്ളവർക്കുവേണ്ടി ശാരീരിക ജോലികൾ ചെയ്യുന്നതും ഞാൻ ആസ്വദിച്ചിരുന്നു. ആരെയെങ്കിലും സഹായിക്കുമ്പോൾ അവരുടെ സന്തോഷം നിങ്ങൾക്കു കാണാനാകുന്നു. ഉദാഹരണത്തിന്, ഒരിക്കൽ ഞാൻ ചിലരോടൊപ്പം പ്രായചെന്ന ഒരു സഹോദരിയുടെ വീട്ടിൽ വാൾപേപ്പർ ഒട്ടിക്കാൻ പോയി. അവർക്ക് എത്ര സന്തോഷം തോന്നിയെന്നോ! നിങ്ങൾ ആരെയെങ്കിലും സന്തോഷിപ്പിക്കുമ്പോൾ നിങ്ങൾക്കും സന്തോഷം ലഭിക്കും.”—എർമാൻ, 23, ഫ്രാൻസ്.
[24-ാം പേജിലെ ചിത്രം]
ദുരന്തത്തിന് ഇരയായവരെ സഹായിക്കാനായി ചെറുപ്രായക്കാരായ പലരും സംഭാവനകൾ നൽകുന്നു