ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ ബ്രസീലിലെ 60 ശതമാനം കുട്ടികൾക്കും മൂന്നു വയസ്സ് ആകുമ്പോഴേക്കും ദന്തക്ഷയം ഉണ്ടാകുന്നു. രാത്രിയിൽ പാനീയങ്ങൾ—പലപ്പോഴും മധുരമുള്ളവ—കുപ്പിയിൽ കൊടുത്തതിനുശേഷം പല്ല് നന്നായി വൃത്തിയാക്കാത്തതാണ് ഇതിന്റെ ഒരു കാരണം.—ഫോല്യാ ഓൺലൈൻ, ബ്രസീൽ.
◼ ഐക്യനാടുകളിലെ 25 ശതമാനം ജനനങ്ങളും നടക്കുന്നത് സിസേറിയൻ മുഖേനയാണ്. ന്യൂയോർക്ക് നഗരത്തിൽ ഇത്തരം ജനനങ്ങളുടെ എണ്ണം 1980-ലേതിനെക്കാൾ അഞ്ചിരട്ടി കൂടുതലാണ്. സിസേറിയൻ ആസൂത്രണം ചെയ്യാൻ എളുപ്പമാണ് എന്നതാണ് ഇതിനുള്ള ഒരു കാരണം. എന്നിരുന്നാലും ആവശ്യമില്ലാതെ അത്തരം ശസ്ത്രക്രിയ നടത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങൾ “ഭയങ്കരമാണ്.”—ദ ന്യൂയോർക്ക് ടൈംസ്, യു.എസ്.എ.
◼ കഴിഞ്ഞ നൂറു വർഷംകൊണ്ട് ലോകവ്യാപകമായി താപനിലയിൽ 0.6 ഡിഗ്രി സെൽഷ്യസ് വർധന ഉണ്ടായപ്പോൾ മെക്സിക്കോ നഗരത്തിലെ ശരാശരി താപനില ഏകദേശം 4 ഡിഗ്രി സെൽഷ്യസ് വർധിച്ചിരിക്കുന്നു. കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് വനനശീകരണവും നഗരവത്കരണവുമാണ്.—എൽ യൂണിവെഴ്സാൽ, മെക്സിക്കോ.
◼ ഐക്യനാടുകളിലെ 50 ശതമാനത്തിലധികം ഇണകളും വിവാഹത്തിനുമുമ്പ് ഒരുമിച്ചു താമസിക്കുന്നു. ഇവർക്കിടയിൽ വിവാഹ മോചനത്തിനുള്ള സാധ്യത, വിവാഹത്തിനുമുമ്പ് ഒരുമിച്ചു താമസിക്കാത്തവരോടുള്ള താരതമ്യത്തിൽ ഏതാണ്ട് ഇരട്ടിയാണ്.—സൈക്കോളജി റ്റുഡേ, യു.എസ്.എ.
ഏറ്റവും അലോസരപ്പെടുത്തുന്ന ജോലിശീലങ്ങൾ
“ഉച്ചത്തിലുള്ള ടെലിഫോൺ സംഭാഷണങ്ങൾ, സ്പീക്കർഫോണിന്റെ [ഉപയോഗം], ജോലിഭാരത്തെക്കുറിച്ച് സ്ഥിരം പരാതിപറയൽ എന്നിവയാണ് സഹജോലിക്കാരെ അങ്ങേയറ്റം അലോസരപ്പെടുത്തുന്ന ജോലിശീലങ്ങളായി ഏറ്റവുമധികം പരാമർശിക്കപ്പെട്ടിരിക്കുന്നത്” എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. “ജോലിക്കാർക്കിടയിലെ ചേരിതിരിവുകൾ, ജോലിക്കു വൈകിവരൽ, തനിയെ സംസാരിക്കൽ, അപ്പുറത്തിരുന്നു ജോലിചെയ്യുന്നവരോടു വർത്തമാനം പറയൽ, ശുചിത്വമില്ലായ്മ, ശബ്ദം കേൾപ്പിച്ച് ഭക്ഷണം കഴിക്കൽ” തുടങ്ങിയവയാണ് സഹജോലിക്കാരെ ശുണ്ഠിപിടിപ്പിക്കുന്ന മറ്റുചില ശീലങ്ങൾ. ഇത്തരം ദുശ്ശീലങ്ങൾ ജോലിക്കാരുടെ കാര്യക്ഷമതയെയും ബാധിക്കും. എന്നിരുന്നാലും പഠനം നടത്തിയവരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞ മിക്കവരും, തങ്ങളെ അലോസരപ്പെടുത്തുന്ന ശീലങ്ങളുള്ളവരുമായി ഒരിക്കലും ഒരു ഏറ്റുമുട്ടലിനു മുതിർന്നിട്ടില്ല എന്ന കാര്യം വെളിപ്പെടുത്തി. “അതിനു കാരണമുണ്ട്,” പത്രം പറയുന്നു. “അവരും ഇതുപോലുള്ള ശീലങ്ങൾ ഉള്ളവരായിരിക്കാം.”
നഗരവാസികളുടെ എണ്ണം കൂടുന്നു
“രണ്ടു വർഷത്തിനുള്ളിൽ ലോകജനസംഖ്യയുടെ പകുതിയും വസിക്കുന്നത് നഗരങ്ങളിൽ ആയിരിക്കും” എന്ന് സിബിസി ന്യൂസ് പ്രസ്താവിക്കുന്നു. നഗരവാസികളുടെ ശതമാനം ഏറ്റവും കൂടുതലുള്ളത് ഐക്യനാടുകളിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ട് പറയുന്നു; ഏകദേശം പത്തിൽ ഒമ്പതുപേരും വസിക്കുന്നത് നഗരങ്ങളിലാണ്. വെറും 55 വർഷങ്ങൾക്കുമുമ്പ് ഒരു കോടിയോ അതിൽ കൂടുതലോ ആളുകളുണ്ടായിരുന്ന നഗരങ്ങൾ ന്യൂയോർക്കും ടോക്കിയോയും മാത്രമായിരുന്നു. ഇന്ന് പക്ഷേ, ഒരു കോടിയിലധികം നിവാസികളുള്ള നഗരങ്ങളുടെ എണ്ണം 20 ആയി വർധിച്ചിരിക്കുന്നു. ജക്കാർത്ത, മെക്സിക്കോ നഗരം, മുംബൈ, സാവൊ പൗലൊ എന്നിവ അക്കൂട്ടത്തിൽപ്പെടുന്നു. യുഎൻ സെക്രട്ടറി ജനറൽ കോഫി ആന്നൻ ഇങ്ങനെ പറയുന്നു: “ത്വരിതഗതിയിലുള്ള ഈ വർധനയ്ക്കനുസരിച്ച് മിക്ക രാജ്യങ്ങളും സാമ്പത്തികവും സാമൂഹികവുമായി വലിയ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവരും.”
മനസ്സാക്ഷിപൂർവകമായ വിസമ്മതം
മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിൽനിന്നു വിട്ടുനിൽക്കുകയെന്നത് നിഷേധിക്കാനാവാത്ത ഒരവകാശം ആണെന്ന് കൊറിയൻ റിപ്പബ്ലിക്കിലെ ദേശീയ മനുഷ്യാവകാശ കമ്മിറ്റി പറയുന്നു. സൈനിക സേവനത്തിൽ ചേരാൻ മനസ്സാക്ഷി അനുവദിക്കാത്തവർക്കുവേണ്ടി ഒരു സൈനികേതര സേവനം ക്രമീകരിച്ചുകൊണ്ട് ഈ അവകാശം ആദരിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. മനസ്സാക്ഷിപൂർവകമായ ഈ വിസമ്മതം അനുവദിച്ചുകൊടുക്കാത്ത, നിലവിലുള്ള സൈനിക നിയമത്തെ പിന്തുണച്ചുകൊണ്ട് ഭരണഘടനാ കോടതി അടുത്തയിടെ ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. ഈ വിധിക്കു “വിരുദ്ധമായിരുന്നു” കമ്മിറ്റിയുടെ ശുപാർശ എന്ന് ദ കൊറിയ ടൈംസ് പറയുന്നു. ഈ അവകാശം ഒരു നിയമമാക്കേണ്ടത് നിയമനിർമാണ സഭയാണ്, അല്ലാതെ കോടതികളല്ല എന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. സൈനിക സേവനത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതിന്റെ പേരിൽ കൊറിയൻ റിപ്പബ്ലിക്കിൽ ഓരോ വർഷവും യഹോവയുടെ സാക്ഷികളിൽപ്പെട്ട 500-നും 700-നും ഇടയ്ക്കു യുവാക്കന്മാരാണ് ജയിലിലേക്കു പോകുന്നത്. ഇതുവരെ ഏകദേശം 10,000 സാക്ഷികളാണു ഇക്കാരണത്താൽ തടവിലാക്കപ്പെട്ടിട്ടുള്ളത്.