വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എങ്ങനെ ചെലവു നിയന്ത്രിക്കാൻ കഴിയും?

എനിക്ക്‌ എങ്ങനെ ചെലവു നിയന്ത്രിക്കാൻ കഴിയും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എനിക്ക്‌ എങ്ങനെ ചെലവു നിയ​ന്ത്രി​ക്കാൻ കഴിയും?

“സാധനങ്ങൾ വിലക്കു​റ​വിൽ കിട്ടുന്നു എന്നതു​കൊ​ണ്ടു​മാ​ത്രം അവ വാങ്ങാൻ ഞാൻ പ്ലാനി​ടും, വാസ്‌ത​വ​ത്തിൽ എനിക്ക്‌ അതിന്റെ ആവശ്യ​മി​ല്ലാ​യി​രി​ക്കും, പലപ്പോ​ഴും എന്റെ ബജറ്റിൽ ഒതുങ്ങു​ക​യു​മി​ല്ലാ​യി​രി​ക്കും.”—അനാ, a ബ്രസീൽ.

“പണച്ചെ​ല​വുള്ള ചില രസകര​മായ കാര്യങ്ങൾ ഒത്തുകൂ​ടി​ച്ചെ​യ്യാൻ ചില​പ്പോ​ഴൊ​ക്കെ കൂട്ടു​കാർ എന്നെ വിളി​ക്കും. അവരോ​ടൊ​പ്പം അടിച്ചു​പൊ​ളി​ക്കാ​നാണ്‌ എനിക്കി​ഷ്ടം. ‘അയ്യോ! എന്റെ കയ്യിൽ പണമില്ല, അതു​കൊ​ണ്ടു ഞാൻ വരുന്നില്ല’ എന്നു പറയാൻ അല്ലെങ്കിൽത്തന്നെ ആരാണ്‌ ഇഷ്ടപ്പെ​ടുക?”—ജോൻ, ഓസ്‌​ട്രേ​ലിയ.

വേണ്ടത്ര പണമില്ല എന്ന്‌ വേവലാ​തി​പ്പെ​ടുന്ന ഒരു വ്യക്തി​യാ​ണോ നിങ്ങൾ? കുറച്ചു​കൂ​ടെ പണം പോക്ക​റ്റ്‌മ​ണി​യാ​യി കിട്ടി​യി​രു​ന്നെ​ങ്കിൽ ആ ഗെയിം വാങ്ങാ​മാ​യി​രു​ന്നു, അല്ലെങ്കിൽ അൽപ്പം കൂടെ പണം ജോലി​ചെ​യ്‌തു സമ്പാദി​ക്കാ​നാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ‘ആവശ്യ​മുള്ള’ ആ ഷൂസ്‌ സ്വന്തമാ​ക്കാ​മാ​യി​രു​ന്നു എന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? എന്നാൽ ഇല്ലാത്ത പണത്തെ​ക്കു​റിച്ച്‌ വേവലാ​തി​പ്പെ​ടു​ന്ന​തി​നു പകരം കയ്യിലുള്ള പണം സൂക്ഷിച്ചു ചെലവാ​ക്കാൻ പഠിക്കു​ന്ന​തല്ലേ നല്ലത്‌?

മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം താമസി​ക്കുന്ന ഒരു യുവവ്യ​ക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ പണം കൈകാ​ര്യം ചെയ്യാൻ പഠിക്കു​ന്ന​തൊ​ക്കെ വീട്ടിൽനി​ന്നു മാറി​ത്താ​മ​സി​ക്കു​മ്പോ​ഴാ​കട്ടെ എന്നു നിങ്ങൾ കരുതി​യേ​ക്കാം. പക്ഷേ അത്‌ പാരച്യൂട്ട്‌ ഉപയോ​ഗി​ക്കാൻ പഠിക്കു​ന്ന​തി​നു​മുമ്പ്‌ ഒരു വിമാ​ന​ത്തിൽനി​ന്നു ചാടു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. താഴേക്കു വീഴു​ന്ന​തി​നി​ട​യിൽ, എന്താണു ചെയ്യേ​ണ്ട​തെന്നു മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ ഒരുപക്ഷേ ചാടുന്ന വ്യക്തിക്കു കഴി​ഞ്ഞെ​ന്നി​രി​ക്കും. എങ്കിലും ചാടു​ന്ന​തി​നു​മു​മ്പു​തന്നെ പാരച്യൂട്ട്‌ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞി​രി​ക്കു​ന്നത്‌ എത്രയോ നല്ലതാണ്‌!

സമാന​മാ​യി, പണം സൂക്ഷിച്ചു ചെലവാ​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ പഠിക്കാ​നുള്ള ഏറ്റവും പറ്റിയ സമയം സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങൾക്ക്‌ ഒരു യാഥാർഥ്യ​മാ​കു​ന്ന​തി​നു​മു​മ്പാണ്‌. ‘പണം ഒരു അഭയം’ അഥവാ സംരക്ഷണം എന്ന്‌ ശലോ​മോൻ രാജാവ്‌ എഴുതു​ക​യു​ണ്ടാ​യി. (സഭാ​പ്ര​സം​ഗി 7:12, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം) പക്ഷേ ചെലവു ചുരു​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അറിയാ​മെ​ങ്കിൽ മാത്രമേ പണം നിങ്ങൾക്ക്‌ ഒരു സംരക്ഷ​ണ​മാ​യി ഉതകു​ക​യു​ള്ളൂ. പണം സൂക്ഷിച്ചു കൈകാ​ര്യം ചെയ്യാൻ പഠിക്കു​മ്പോൾ നിങ്ങളു​ടെ ആത്മവി​ശ്വാ​സം വർധി​ക്കും; മാതാ​പി​താ​ക്കൾക്കു നിങ്ങ​ളെ​ക്കു​റി​ച്ചുള്ള മതിപ്പും വർധി​ക്കും.

ആദ്യപാ​ഠ​ങ്ങൾ

ഒരു കുടും​ബം നടത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തിൽ എന്തെല്ലാ​മാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും മാതാ​പി​താ​ക്ക​ളോ​ടു ചോദി​ച്ചി​ട്ടു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, വെള്ളത്തി​നും വൈദ്യു​തി​ക്കു​മാ​യി ഓരോ മാസവും എത്ര രൂപ ചെലവാ​കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ അറിയാ​മോ? വാഹന​ത്തി​നുള്ള ഇന്ധനം, ഭക്ഷണം, വാടക, വീടിന്റെ ലോൺ എന്നിവ​യു​ടെ കാര്യ​മോ? അത്തരം കാര്യ​ങ്ങ​ളൊ​ക്കെ അറിയാൻ ശ്രമി​ക്കു​ന്നത്‌ ഒരു ‘ബോറൻ’ പരിപാ​ടി​യാ​ണെന്നു നിങ്ങൾ കരുതി​യേ​ക്കാം. പക്ഷേ ഒന്നോർക്കണം, നിങ്ങൾക്കും ആ ചെലവു​ക​ളിൽ ഒരു പങ്കുണ്ട്‌. മാത്ര​വു​മല്ല, കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കേ​ണ്ടി​വ​രു​മ്പോൾ ഈ ചെലവു​ക​ളൊ​ക്കെ നിങ്ങൾതന്നെ വഹി​ക്കേ​ണ്ടി​വ​രും. അതു​കൊണ്ട്‌ ചെലവു​ക​ളെ​ക്കു​റിച്ച്‌ അറിഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും നല്ലതാണ്‌. ഓരോ​ന്നി​നും വേണ്ടി എത്ര പണം ചെലവാ​കു​ന്നു​വെന്ന്‌ നിങ്ങൾക്ക്‌ അച്ഛനമ്മ​മാ​രോ​ടു ചോദി​ക്കാ​നാ​കും. ഉള്ള പണം​കൊണ്ട്‌ ആ ചെലവു​കൾ നിർവ​ഹി​ക്കു​ന്ന​തെ​ങ്ങ​നെ​യാ​ണെന്ന്‌ അവർ വിശദീ​ക​രി​ച്ചു തരു​മ്പോൾ നന്നായി ശ്രദ്ധി​ക്കുക.

‘ജ്ഞാനി കേട്ടിട്ടു വിദ്യാ​ഭി​വൃ​ദ്ധി​പ്രാ​പി​ക്കു​ക​യും, ബുദ്ധി​മാൻ സദുപ​ദേശം സമ്പാദി​ക്കു​ക​യും’ ചെയ്യു​മെന്ന്‌ ഒരു ബൈബിൾ സദൃശ​വാ​ക്യം പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:5) നേരത്തേ പരാമർശിച്ച അനാ പറയുന്നു: “ഒരു ബജറ്റ്‌ ഉണ്ടാ​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ പിതാവ്‌ എന്നെ പഠിപ്പി​ച്ചു; കുടുംബ വരുമാ​നം വിനി​യോ​ഗി​ക്കു​ന്ന​തിൽ കാര്യ​ക്ഷ​മ​മായ ആസൂ​ത്രണം എത്ര​ത്തോ​ളം പ്രധാ​ന​മാ​ണെ​ന്നും അദ്ദേഹം എനിക്കു പറഞ്ഞു​തന്നു.” ഇതിനി​ടെ അനായു​ടെ അമ്മ അവളെ പ്രാ​യോ​ഗി​ക​മായ മറ്റു ചില പാഠങ്ങൾ പഠിപ്പി​ച്ചു. “സാധനങ്ങൾ വാങ്ങു​ന്ന​തി​നു​മുമ്പ്‌ പല കടകളിൽ വില​ചോ​ദി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു മനസ്സി​ലാ​ക്കാൻ മമ്മി എന്നെ സഹായി​ച്ചു,” അവൾ തുടരു​ന്നു. “കുറച്ചു പണം​കൊണ്ട്‌ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ മിടു​ക്കി​യാ​യി​രു​ന്നു മമ്മി.” ഇതെല്ലാം അനായെ എങ്ങനെ സഹായി​ക്കു​ന്നു? “കിട്ടുന്ന പണം സൂക്ഷിച്ച്‌ ഉപയോ​ഗി​ക്കാൻ എനിക്ക്‌ ഇപ്പോൾ കഴിയു​ന്നുണ്ട്‌,” അവൾ പറയുന്നു. “ചെലവു ചുരു​ക്കാൻ ഞാൻ വളരെ ശ്രദ്ധി​ക്കു​ന്നു; അതു​കൊ​ണ്ടു​തന്നെ, അനാവ​ശ്യ​മായ കടങ്ങ​ളോ​ടു ബന്ധപ്പെട്ട തലവേ​ദ​ന​ക​ളൊ​ന്നു​മില്ല.”

വെല്ലു​വി​ളി​കൾ തിരി​ച്ച​റി​യു​ക

ചെലവു നിയ​ന്ത്രി​ക്കു​ന്നത്‌ പറയു​ന്നത്ര എളുപ്പമല്ല എന്നതു ശരിതന്നെ, പ്രത്യേ​കിച്ച്‌ നിങ്ങൾ ഇപ്പോ​ഴും അച്ഛനമ്മ​മാ​രു​ടെ തണലി​ലാ​യി​രി​ക്കു​ക​യും പോക്ക​റ്റ്‌മ​ണി​യാ​യോ എന്തെങ്കി​ലും ജോലി​ചെ​യ്‌തോ നിങ്ങൾക്ക്‌ പണം കിട്ടു​ക​യും ചെയ്യു​ന്നു​ണ്ടെ​ങ്കിൽ. കാരണം മിക്കവാ​റും ചെലവി​ന്റെ കാര്യ​ങ്ങ​ളൊ​ക്കെ നോക്കു​ന്നത്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളാ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾക്കു കിട്ടുന്ന പണത്തിന്റെ നല്ലൊരു ഭാഗവും ഇഷ്ടം പോലെ ചെലവാ​ക്കാൻ നിങ്ങൾക്കു കഴിയു​മാ​യി​രി​ക്കും. മാത്ര​വു​മല്ല, പണം ചെലവാ​ക്കു​ന്നത്‌ രസമുള്ള ഒരു കാര്യ​മാ​യി​രി​ക്കാം. “പണം ചെലവാ​ക്കാൻ എനിക്ക്‌ ഒരു പ്രയാ​സ​വു​മില്ല, അതു വളരെ രസമുള്ള കാര്യ​മാണ്‌,” ഇന്ത്യക്കാ​ര​നായ പാരെഷ്‌ പറയുന്നു. ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള സേറയ്‌ക്കും അതേ അഭി​പ്രാ​യ​മാ​ണു​ള്ളത്‌. അവൾ പറയു​ന്നതു ശ്രദ്ധി​ക്കുക: “സാധനങ്ങൾ വാങ്ങി​ക്കു​ന്നത്‌ എനി​ക്കൊ​രു ഹരമാണ്‌.”

മാത്രമല്ല, അമിത​മാ​യി പണം ചെലവാ​ക്കാൻ കൂട്ടു​കാർ നിങ്ങളെ നിർബ​ന്ധി​ച്ചേ​ക്കാം. 21-കാരി​യായ എലന പറയുന്നു: “എന്റെ കൂട്ടു​കാർക്കി​ട​യിൽ ഷോപ്പിങ്‌ എന്നത്‌ ഒരു പ്രധാന വിനോ​ദ​മാ​യി​ത്തീർന്നി​രി​ക്കു​ക​യാണ്‌. അവരുടെ കൂടെ പുറത്തു​പോ​കു​മ്പോൾ, അടിച്ചു​പൊ​ളി​ക്ക​ണ​മെ​ങ്കിൽ പണം ചെലവാ​ക്കു​ക​തന്നെ വേണം, അതാണു വെപ്പ്‌.”

കൂട്ടു​കാ​രു​ടെ അംഗീ​കാ​രം നേടാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു എന്നതിൽ അസാധാ​ര​ണ​മാ​യി ഒന്നുമില്ല. പക്ഷേ നിങ്ങ​ളോ​ടു​തന്നെ ഒന്നു ചോദി​ച്ചു​നോ​ക്കൂ, ‘കൂട്ടു​കാ​രു​ടെ കൂടെ​ക്കൂ​ടു​മ്പോൾ ഞാൻ പണം ചെലവാ​ക്കു​ന്നത്‌, അത്‌ എനിക്കു താങ്ങാ​നാ​കും എന്നതു​കൊ​ണ്ടാ​ണോ, അതോ ചെലവാ​ക്കാ​തെ വേറെ നിവൃ​ത്തി​യില്ല എന്നെനി​ക്കു തോന്നു​ന്ന​തു​കൊ​ണ്ടാ​ണോ?’ കൂട്ടു​കാ​രു​ടെ​യും മറ്റും ആദരവു പിടി​ച്ചു​പ​റ്റാൻവേ​ണ്ടി​യാണ്‌ അനേക​രും പണം ചെലവാ​ക്കു​ന്നത്‌. ഈ ശീലം നിങ്ങളെ ഗുരു​ത​ര​മായ സാമ്പത്തിക പ്രശ്‌ന​ങ്ങ​ളിൽ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം, പ്രത്യേ​കിച്ച്‌ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗി​ക്കുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ. സാമ്പത്തിക ഉപദേ​ശ​ക​യായ സൂസി ഓർമൻ ഈ മുന്നറി​യി​പ്പു നൽകുന്നു: “നിങ്ങളു​ടെ നല്ല ഗുണങ്ങ​ളാൽ മറ്റുള്ള​വ​രു​ടെ ആദരവു നേടു​ന്ന​തി​നു​പ​കരം വസ്‌തു​വ​ക​കൾകൊണ്ട്‌ അവരുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ ക്രെഡിറ്റ്‌ കാർഡ്‌ ദുരു​പ​യോ​ഗം​ചെ​യ്‌ത്‌ കടം വരുത്തി​വെ​യ്‌ക്കാൻ നല്ല സാധ്യ​ത​യുണ്ട്‌.”

ക്രെഡിറ്റ്‌ കാർഡി​ലെ പണം അല്ലെങ്കിൽ കിട്ടുന്ന ശമ്പളം ഒറ്റയടി​ക്കു ചെലവാ​ക്കി​ത്തീർക്കു​ന്ന​തി​നു പകരം എലനയു​ടെ രീതി ഒന്നു പരീക്ഷി​ച്ചു നോക്കി​ക്കൂ​ടേ? അവൾ പറയുന്നു: “കൂട്ടു​കാ​രോ​ടൊ​പ്പം പുറത്തു പോകു​മ്പോൾ, ഞാൻ മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്യുന്നു; എത്ര രൂപവരെ ചെലവാ​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ എനിക്ക്‌ ഒരു ധാരണ ഉണ്ടായി​രി​ക്കും. കിട്ടുന്ന ശമ്പളം ഞാൻ അങ്ങനെ​തന്നെ ബാങ്കി​ലി​ടും. കൂട്ടു​കാ​രോ​ടൊ​പ്പം പോകു​ന്നു​ണ്ടെ​ങ്കിൽ അതിനുള്ള പണം മാത്രം ഞാൻ അതിൽനി​ന്നെ​ടു​ക്കും. ആദ്യം കാണു​ന്നതു കണ്ണും​പൂ​ട്ടി വാങ്ങാതെ പല കടകളിൽ വില​ചോ​ദി​ച്ച​തി​നു​ശേഷം സാധനം വാങ്ങാൻ എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പണം സൂക്ഷിച്ചു ചെലവാ​ക്കു​ക​യും ചെയ്യുന്ന കൂട്ടു​കാ​രോ​ടൊ​പ്പം ഷോപ്പിങ്‌ നടത്തു​ന്ന​താ​ണു ബുദ്ധി എന്നും ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 13:20.

വേണ്ട എന്ന്‌ അച്ഛനമ്മ​മാർ പറയു​മ്പോൾ

നിങ്ങൾ ജോലി​യൊ​ന്നും ചെയ്യു​ന്നി​ല്ലെ​ന്നും പോക്ക​റ്റ്‌മ​ണി​യാ​യി പണം കിട്ടു​ന്നി​ല്ലെ​ന്നും കരുതുക. അപ്പോൾപ്പോ​ലും, പണം എങ്ങനെ ചെലവാ​ക്കണം എന്നതി​നെ​ക്കു​റി​ച്ചുള്ള മൂല്യ​വ​ത്തായ പാഠങ്ങൾ നിങ്ങൾക്ക്‌ അച്ഛനമ്മ​മാ​രിൽനി​ന്നു പഠിക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങൾ അച്ഛനമ്മ​മാ​രോ​ടു പണം ചോദി​ക്കു​ക​യോ എന്തെങ്കി​ലും സാധനം വാങ്ങി​ത്ത​രാൻ ആവശ്യ​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ അവർ സമ്മതി​ക്കാ​തി​രു​ന്നേ​ക്കാം. അതിനുള്ള ഒരു കാരണം, നിങ്ങൾ ചോദിച്ച സാധന​ത്തി​ന്റെ വില കുടും​ബ​ത്തി​ന്റെ ബജറ്റിൽ ഒതുങ്ങില്ല എന്നതാ​യി​രി​ക്കാം. നിങ്ങളു​ടെ ഇഷ്ടം സാധി​ച്ചു​ത​രാൻ അവർക്ക്‌ ആഗ്രഹ​മു​ണ്ടെ​ങ്കിൽപ്പോ​ലും അങ്ങനെ ചെയ്യാ​തി​രി​ക്കു​മ്പോൾ അവർ ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ നിങ്ങൾക്കാ​യി ഒരു നല്ല മാതൃക വെക്കു​ക​യാണ്‌. പണം ബുദ്ധി​പൂർവം വിനി​യോ​ഗി​ക്കു​ന്ന​തിന്‌ ആത്മനി​യ​ന്ത്രണം വളരെ അത്യന്താ​പേ​ക്ഷി​ത​മാ​ണു​താ​നും.

നിങ്ങളു​ടെ ആഗ്രഹം സാധി​ച്ചു​ത​രാ​നുള്ള പണം മാതാ​പി​താ​ക്ക​ളു​ടെ കൈവശം ഉണ്ടെന്നു കരുതുക. അപ്പോൾപ്പോ​ലും അവർ അങ്ങനെ ചെയ്‌തി​ല്ലെന്നു വരാം. അവർ പിശുക്കു കാണി​ക്കു​ക​യാ​ണെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. പക്ഷേ ശ്രദ്ധി​ക്കുക: അവർ പ്രധാ​ന​പ്പെട്ട ഒരു പാഠം നിങ്ങളെ പഠിപ്പി​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രി​ക്കാം—ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം സ്വന്തമാ​ക്കു​ന്നതല്ല സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​നം എന്ന പാഠം. ഇതി​നോ​ടുള്ള ബന്ധത്തിൽ ബൈബിൾ ഇങ്ങനെ പറയുന്നു: “ദ്രവ്യ​പ്രി​യന്നു ദ്രവ്യം കിട്ടീ​ട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീ​ട്ടും തൃപ്‌തി​വ​രു​ന്നില്ല.”—സഭാ​പ്ര​സം​ഗി 5:10.

ആഗ്രഹി​ക്കു​ന്ന​തെ​ന്തും വാങ്ങി​ച്ചു​കൊ​ടു​ക്കുന്ന അച്ഛനമ്മ​മാ​രുള്ള യുവജ​ന​ങ്ങ​ളു​ടെ അനുഭവം നോക്കി​യാൽ മേൽപ്പറഞ്ഞ വാക്കുകൾ എത്ര സത്യമാ​ണെന്നു മനസ്സി​ലാ​കും. തങ്ങൾ യഥാർഥ​ത്തിൽ സംതൃ​പ്‌ത​ര​ല്ലെന്ന്‌ പെട്ടെ​ന്നു​തന്നെ ആ ചെറു​പ്പ​ക്കാർ തിരി​ച്ച​റി​യു​ന്നു. എത്രയ​ധി​കം സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടി​യാ​ലും വീണ്ടും വീണ്ടും വാങ്ങണ​മെന്ന ചിന്തയാ​യി​രി​ക്കും അവർക്കെ​പ്പോ​ഴും. തങ്ങളുടെ എല്ലാ ആഗ്രഹ​ങ്ങ​ളും സാധി​ച്ചു​കി​ട്ടുന്ന യുവജ​നങ്ങൾ വളർന്നു​വ​രു​മ്പോൾ നന്ദിയി​ല്ലാത്ത വ്യക്തി​ക​ളാ​യി​ത്തീർന്നേ​ക്കാം. “ദാസനെ [അല്ലെങ്കിൽ കുട്ടിയെ] ബാല്യം​മു​തൽ ലാളി​ച്ചു​വ​ളർത്തു​ന്ന​വ​നോ​ടു അവൻ ഒടുക്കം ദുശ്ശാ​ഠ്യം [“നന്ദി​കേടു,” NW] കാണി​ക്കും” എന്ന്‌ ശലോ​മോൻ മുന്നറി​യി​പ്പു നൽകി.—സദൃശ​വാ​ക്യ​ങ്ങൾ 29:21.

പണം സമയമാണ്‌

ചില സംസ്‌കാ​ര​ങ്ങ​ളിൽ ‘സമയം പണമാണ്‌’ എന്നൊരു ചൊല്ലുണ്ട്‌. പണം സമ്പാദി​ക്ക​ണ​മെ​ങ്കിൽ സമയം ചെലവ​ഴി​ക്ക​ണ​മെ​ന്നും അതു​കൊ​ണ്ടു​തന്നെ സമയം പാഴാ​ക്കു​ന്നത്‌ പണം വെറുതെ ചെലവാ​ക്കു​ന്ന​തി​നു തുല്യ​മാ​ണെ​ന്നു​മാണ്‌ ഇതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. ഇതു മറിച്ചും സത്യമാണ്‌, അതായത്‌ പണം സമയമാണ്‌. പണം വെറുതെ ചെലവാ​ക്കി​ക്ക​ള​യു​മ്പോൾ ആ പണം സമ്പാദി​ക്കാൻ ചെലവ​ഴിച്ച സമയം പാഴാ​ക്കി​ക്ക​ള​യു​ക​യാണ്‌ നിങ്ങൾ ചെയ്യു​ന്നത്‌. ചെലവു ചുരു​ക്കാൻ പഠിക്കു​മ്പോൾ നിങ്ങൾ ഫലത്തിൽ സമയം പാഴാ​ക്കാ​തി​രി​ക്കാൻ പഠിക്കു​ക​യാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

എലനയു​ടെ വാക്കുകൾ ശ്രദ്ധി​ക്കുക. “ചെലവ്‌ എത്ര ചുരു​ക്കു​ന്നു​വോ അത്രയും കുറച്ച്‌ ഞാൻ സമ്പാദി​ച്ചാൽ മതി,” അവൾ പറയുന്നു. “പ്രാ​യോ​ഗി​ക​മായ ഒരു ബജറ്റ്‌ ഉണ്ടാക്കു​ക​യും അതനു​സ​രി​ച്ചു ചെലവാ​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ ദീർഘ​സ​മയം ജോലി​ചെ​യ്‌തു വീട്ടേണ്ട വലിയ കടങ്ങളില്ല. എന്റെ സമയത്തി​ന്റെ​യും ജീവി​ത​ത്തി​ന്റെ​യും നിയ​ന്ത്രണം എന്റെ കയ്യിലാണ്‌.” നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ പിടി നിങ്ങളു​ടെ കയ്യിലാ​കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മി​ല്ലേ?

ചിന്തിക്കാൻ:

◼ചെലവു ചുരു​ക്കാൻ ബുദ്ധി​മു​ട്ടാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? അങ്ങനെ തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

◼പണമോഹം ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?1 തിമൊ​ഥെ​യൊസ്‌ 6:9, 10.

[അടിക്കു​റിപ്പ്‌]

a പേരുകൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[12-ാം പേജിലെ പെട്ടി/ചിത്രം]

കൂടുതൽ പണം പ്രശ്‌നം പരിഹ​രി​ക്കു​മോ?

കൂടുതൽ പണം, ചെലവാ​ക്ക​ലി​നോ​ടു ബന്ധപ്പെട്ട നിങ്ങളു​ടെ പ്രശ്‌ന​ങ്ങൾക്കു പരിഹാ​ര​മാ​കു​മോ? “കൂടുതൽ പണം ലഭിക്കു​ന്നത്‌ സാമ്പത്തിക പ്രശ്‌ന​ങ്ങൾക്ക്‌ പരിഹാ​ര​മാ​കു​മെ​ന്നാണ്‌ നാമെ​ല്ലാം കരുതു​ന്നത്‌, പക്ഷേ ഒട്ടുമി​ക്ക​പ്പോ​ഴും അതു ശരിയല്ല,” സാമ്പത്തിക ഉപദേ​ശ​ക​യായ സൂസി ഓർമൻ പറയുന്നു.

ഉദാഹ​ര​ണ​ത്തിന്‌, യാതൊ​രു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ അല്ലെങ്കിൽ കണ്ണടച്ചു​പി​ടി​ച്ചു​കൊണ്ട്‌ വാഹനം ഓടി​ക്കുന്ന ഒരു വ്യക്തി​യാ​ണു നിങ്ങൾ എന്നു കരുതുക. കൂടുതൽ ഇന്ധനം നിറയ്‌ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ യാത്ര സുഗമ​മാ​കു​മോ? കൂടുതൽ സുരക്ഷി​ത​മാ​യി ലക്ഷ്യസ്ഥാ​ന​ത്തെ​ത്താൻ നിങ്ങളെ അതു സഹായി​ക്കു​മോ? അതു​പോ​ലെ​തന്നെ, ചെലവു നിയ​ന്ത്രി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു പഠിക്കാ​തെ കൂടുതൽ പണം സമ്പാദി​ക്കു​ന്ന​തു​കൊ​ണ്ടു പ്രയോ​ജ​ന​മില്ല, അത്‌ നിങ്ങളു​ടെ സാഹച​ര്യം മെച്ച​പ്പെ​ടു​ത്തു​ക​യില്ല.

[13-ാം പേജിലെ പെട്ടി/ചാർട്ട്‌]

ചെലവു നിയ​ന്ത്രി​ക്കു​ക

കഴിഞ്ഞ മാസം നിങ്ങൾ എത്ര രൂപ ചെലവാ​ക്കി? എന്തിനു​വേ​ണ്ടി​യാ​യി​രു​ന്നു അത്‌? നിങ്ങൾക്ക​റി​യി​ല്ലാ? ചെലവു​കൾ നിങ്ങളെ നിയ​ന്ത്രി​ക്കു​ന്ന​തി​നു​മുമ്പ്‌ ചെലവു​കളെ നിയ​ന്ത്രി​ക്കാൻ പഠിക്ക​ണ​മെ​ന്നു​ണ്ടോ? അതിനുള്ള മാർഗം ഇതാ:

വരവു​ചെ​ല​വു​ക​ളു​ടെ ഒരു രേഖ സൂക്ഷി​ക്കുക. ഒരു മാസ​ത്തേ​ക്കെ​ങ്കി​ലും, നിങ്ങൾക്കു കിട്ടുന്ന പണവും അതു കിട്ടിയ തീയതി​യും എഴുതി​വെ​ക്കുക. വാങ്ങുന്ന ഓരോ സാധന​ത്തി​ന്റെ​യും പേരും വിലയും കുറി​ച്ചു​വെ​ക്കുക. മാസാ​വ​സാ​നം മൊത്തം വരവും ചെലവും കൂട്ടി​നോ​ക്കുക.

ഒരു ബജറ്റ്‌ ഉണ്ടാക്കുക. ഒരു പേജിൽ മൂന്നു കോളം വരയ്‌ക്കുക. ആദ്യത്തെ കോള​ത്തിൽ ഒരു മാസം നിങ്ങൾ പ്രതീ​ക്ഷി​ക്കുന്ന മുഴുവൻ വരവും എഴുതുക. എന്തി​നെ​ല്ലാം വേണ്ടി പണം ചെലവാ​ക്കാൻ നിങ്ങൾ ഉദ്ദേശി​ക്കു​ന്നു എന്നു പട്ടിക​പ്പെ​ടു​ത്താ​നു​ള്ള​താണ്‌ രണ്ടാമത്തെ കോളം; നിങ്ങൾ തയ്യാറാ​ക്കിയ വരവു​ചെ​ല​വു​ക​ളു​ടെ രേഖ ഇക്കാര്യ​ത്തിൽ സഹായ​ക​മാ​കും. ദിവസങ്ങൾ കടന്നു​പോ​കവേ, പട്ടിക​പ്പെ​ടു​ത്തിയ ഓരോ കാര്യ​ത്തി​നു​മാ​യി നിങ്ങൾ യഥാർഥ​ത്തിൽ ചെലവാ​ക്കുന്ന പണം മൂന്നാ​മത്തെ കോള​ത്തിൽ എഴുതുക. പട്ടിക​പ്പെ​ടു​ത്താത്ത ചെലവു​ക​ളും രേഖ​പ്പെ​ടു​ത്തുക.

ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തുക. ചില സാധന​ങ്ങൾക്കു​വേണ്ടി നിങ്ങൾ പ്രതീ​ക്ഷി​ച്ച​തി​ലും കൂടുതൽ ചെലവാ​ക്കേ​ണ്ടി​വ​രു​ക​യും നിങ്ങൾ കടത്തി​ലാ​കു​ക​യും ചെയ്യു​ന്നെ​ങ്കിൽ തുടർന്നുള്ള ചെലവു​കൾ നിയ​ന്ത്രി​ക്കുക. കടങ്ങൾ വീട്ടുക. പിന്നീ​ട​ങ്ങോട്ട്‌ ചെലവു​കൾ നിങ്ങളെ നിയ​ന്ത്രി​ക്കാൻ അനുവ​ദി​ക്കാ​തി​രി​ക്കുക.

[ചാർട്ട്‌]

ഇതു വെട്ടി​യെ​ടു​ക്കുക!

എന്റെ പ്രതി​മാസ ബജറ്റ്‌

വരവ്‌ പ്രതീ​ക്ഷി​ക്കുന്ന ചെലവ്‌ യഥാർഥ ചെലവ്‌

പോക്കറ്റ്‌മണി ഭക്ഷണം

പാർട്ട്‌-ടൈം ജോലി വസ്‌ത്രം

മറ്റുള്ളവ ഫോൺ

വിനോ​ദം

സംഭാ​വ​ന​കൾ

സമ്പാദ്യം

മറ്റുള്ളവ

 

 

മൊത്തം മൊത്തം മൊത്തം

രൂപ രൂപ രൂപ

[ചിത്രം]

പണം ചെലവാ​ക്കി​ക്ക​ള​യു​മ്പോൾ ഒന്നോർക്കുക, ആ പണം സമ്പാദി​ക്കാൻ ചെലവ​ഴിച്ച സമയവും നിങ്ങൾ പാഴാ​ക്കു​ക​യാണ്‌

[11-ാം പേജിലെ ചിത്രം]

ബജറ്റ്‌ ഉണ്ടാക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു കാണി​ച്ചു​ത​രാൻ നിങ്ങൾക്ക്‌ മാതാ​പി​താ​ക്ക​ളോ​ടു ചോദി​ച്ചു​കൂ​ടേ?