ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ ലോകജനസംഖ്യയിൽ 15-നും 64-നും ഇടയിൽ പ്രായമുള്ളവരുടെ 5 ശതമാനം അതായത് 20 കോടിയോളം ആളുകൾ കഴിഞ്ഞ വർഷം നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിച്ചതായി കണക്കാക്കപ്പെടുന്നു.—2005 വേൾഡ് ഡ്രഗ് റിപ്പോർട്ട്, യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം.
◼ വെടിയുതിർത്തുകൊണ്ടുള്ള അക്രമത്തിനു സാക്ഷിയാകേണ്ടിവരുന്ന കൗമാരപ്രായത്തിലുള്ള ഒരു കുട്ടി, അടുത്ത രണ്ടു വർഷത്തിനുള്ളിൽ അക്രമത്തിൽ ഏർപ്പെടാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടിയാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.—സയൻസ് മാസിക, യു.എസ്.എ.
◼ ബ്രസീലിലെ സാവൊ പൗലോയിലുള്ള ഒരു ആശുപത്രിയിൽ ഒരു വർഷത്തെ കാലയളവിൽ നിർണയിക്കപ്പെട്ട സ്തനാർബുദ കേസുകളിൽ 16.8 ശതമാനവും 35 വയസ്സിൽ താഴെയുള്ള സ്ത്രീകളിലാണു കണ്ടെത്തിയത്. ആരംഭത്തിൽത്തന്നെ കണ്ടുപിടിക്കുന്നെങ്കിൽ സുഖം പ്രാപിക്കാൻ 90 ശതമാനം സാധ്യതയുണ്ട്.—ഫോയാ ഓൺലൈൻ, ബ്രസീൽ.
വിരസതയെ തടുക്കാൻ
വിരസതയെപ്പറ്റി പഠിക്കുന്ന ഗവേഷകർ അതിനെ “നമ്മുടെ കാലഘട്ടത്തിലെ പ്രധാനരോഗങ്ങളിലൊന്ന്” എന്നാണു വിശേഷിപ്പിക്കുന്നതെന്നു വാൻകൂവർ സൺ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “നാല് വടക്കേ അമേരിക്കക്കാരിൽ ഏകദേശം മൂന്നുപേരും ജീവിതത്തിൽ കൂടുതൽ പുതുമ ആഗ്രഹിക്കുന്നു” എന്ന് ഒരു സർവേ കണ്ടെത്തി. വിരസതയെ തടുക്കാൻ പത്രം നൽകുന്ന നിർദേശങ്ങളിൽ ചിലത് ഇതാ: “മടുപ്പുളവാക്കുന്ന ജീവിതരീതിക്കു മാറ്റം വരുത്തുക,” “പുതിയതായി എന്തെങ്കിലും പഠിക്കുക,” “അർഥവത്തായ സന്നദ്ധ സേവനം” ചെയ്യുക, “നടക്കാൻ പോകുന്നതു . . . പോലെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക,” “കൃതജ്ഞതാ മനോഭാവം ഉണ്ടായിരിക്കുക.”
ആധുനികകാല അടിമത്തം
“ലോകവ്യാപകമായി കുറഞ്ഞത് 12.3 ദശലക്ഷം ആളുകൾ നിർബന്ധിത വേലയ്ക്ക് അടിമകളാണ്” എന്ന് ഐക്യരാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) നടത്തിയ ഒരു പഠനം റിപ്പോർട്ടു ചെയ്യുന്നു. അതിൽ 2.4 ദശലക്ഷത്തിലധികം ആളുകൾ മനുഷ്യരെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വിപണിയിലെ കച്ചവടച്ചരക്കുകളാണെന്നു കണക്കാക്കപ്പെടുന്നു. ഭീഷണിയുടെ പുറത്ത് നിർബന്ധപൂർവം ചെയ്യിക്കുന്ന ജോലികളും സേവനങ്ങളുമാണ് നിർബന്ധിതവേല. വേശ്യാവൃത്തി, സൈനിക സേവനം, തൊഴിലാളി തൊഴിലുടമയുടെ അടിമയാകുന്നത് എന്നിവയെല്ലാം നിർബന്ധിത വേലയ്ക്ക് ഉദാഹരണങ്ങളാണ്. അവസാനം പറഞ്ഞ ഉദാഹരണത്തിൽ കടമായി കൊടുത്ത പണം ഈടാക്കാൻ വേണ്ടി തൊഴിലുടമ വേതനം പിടിച്ചുവെക്കുന്നതിനാൽ തൊഴിലാളിക്കു കിട്ടുന്നത് തുച്ഛമായ വേതനം മാത്രം, ചിലപ്പോൾ ഒന്നും കിട്ടിയില്ലെന്നുംവരാം. ഐഎൽഒ-യുടെ ഡയറക്ടർ ജനറൽ ഹ്വാൻ സൊമാവിയായുടെ അഭിപ്രായത്തിൽ നിർബന്ധിത വേല “ആളുകൾക്ക് അവരുടെ അടിസ്ഥാന അവകാശങ്ങളും അന്തസ്സും നിഷേധിക്കുന്നു.”
ക്രിയോൾ ഭാഷയിലുള്ള ആദ്യത്തെ സമ്പൂർണ ബൈബിൾ
“ഓസ്ട്രേലിയയിലെ ഒരു തദ്ദേശ ഭാഷയിലേക്കുള്ള ബൈബിളിന്റെ—ഉല്പത്തിമുതൽ വെളിപ്പാടുവരെ—ആദ്യത്തെ പരിഭാഷ പൂർത്തീകരിച്ചിരിക്കുന്നു” എന്ന് ദ സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ടുചെയ്യുന്നു. 2007-ൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന പുതിയ ക്രിയോൾ ഭാഷാന്തരം വടക്കൻ ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിലുള്ള 30,000-ത്തോളം ആദിവാസികൾക്കു പ്രയോജനം ചെയ്യും. “ഈ പദ്ധതി പൂർത്തീകരിക്കാൻ 27 വർഷമെടുത്തു” എന്ന് പത്രം പറയുന്നു. “പുതിയ നിയമത്തിന്റെ 22 പുതിയ ഭാഷാന്തരങ്ങൾ 2004-ൽ രജിസ്റ്റർ ചെയ്യപ്പെട്ടു” എന്ന് യുണൈറ്റഡ് ബൈബിൾ സൊസൈറ്റികൾ വെളിപ്പെടുത്തുന്നു. മുഴുവനായോ ഭാഗികമായോ 2,377 ഭാഷകളിലും ഭാഷാഭേദങ്ങളിലും ഇന്ന് ബൈബിൾ ലഭ്യമാണ്.
പാർക്കു ചെയ്ത വാഹനങ്ങളിലെ ചൂട്
2004-ൽ ഐക്യനാടുകളിൽ, പാർക്കു ചെയ്ത വാഹനങ്ങളിൽ വിട്ടേച്ചുപോയ 35 കുട്ടികൾ സൂര്യാഘാതമേറ്റു മരിച്ചതായി പീഡിയാട്രിക്സ് മാസിക പറയുന്നു. പുറത്തെ താപനില 30 ഡിഗ്രി സെൽഷ്യസ് കവിയുമ്പോൾ വാഹനത്തിനകത്തെ താപനില പൊടുന്നനെ 57 മുതൽ 68 വരെ ഡിഗ്രി ഉയരുന്നതായി പഠനങ്ങൾ കാണിക്കുന്നു. പുറത്തെ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോൾപ്പോലും കാറിനകത്ത് പിന്നെയും 22 ഡിഗ്രി കൂടെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇങ്ങനെ ചൂടുകൂടുന്നത് അധികവും പാർക്കു ചെയ്തു കഴിഞ്ഞ് 15 മുതൽ 30 വരെ മിനിട്ടുകൾക്കുള്ളിലാണ്. ജനൽച്ചില്ലുകൾ നാലു സെന്റിമീറ്റർ താഴ്ത്തിവെച്ചതോ കാർ നിറുത്തുന്നതിനുമുമ്പുതന്നെ എയർ കണ്ടീഷനർ പ്രവർത്തിപ്പിച്ച് തണുപ്പിച്ചതോ ഒന്നും താപനിലയിൽ വ്യത്യാസം വരുത്തിയില്ല. ഇതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം നിരവധി ജീവൻ രക്ഷിക്കുമെന്നു ലേഖകർ വിശ്വസിക്കുന്നു.