‘മരിക്കുംമുമ്പ് എനിക്കു ദൈവത്തെ സേവിക്കണം’
‘മരിക്കുംമുമ്പ് എനിക്കു ദൈവത്തെ സേവിക്കണം’
മാമി ഫ്രീയുടെ കഥ
ലൈബീരിയയിൽ 1990-ൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പോരാട്ടം ശക്തിപ്പെട്ടതോടെ ക്രാൻ ഗോത്രക്കാരിയായ 12 വയസ്സുകാരി മാമിയും അവളുടെ കുടുംബവും തലസ്ഥാനമായ മൊൺറോവിയയിലുള്ള അവരുടെ വീട്ടിൽ കുടുങ്ങിപ്പോയി. മാമി പറയുന്നു: “അടുത്ത വീട്ടിൽ ഒരു സ്ഫോടനം കേട്ടു. അവിടെ ഒരു മിസൈൽ പതിച്ച് വീട് കത്തിയമരുന്നതാണു ഞങ്ങൾ കണ്ടത്. തീ ഞങ്ങളുടെ വീട്ടിലേക്കും പടർന്ന് ആളിക്കത്താൻ തുടങ്ങി.” പുറത്ത് പൊരിഞ്ഞ പോരാട്ടം നടക്കുകയായിരുന്നു. അതിനിടയിലൂടെ മാമിയും അവളുടെ അമ്മയും അമ്മയുടെ ഇളയ സഹോദരനും പ്രാണരക്ഷാർഥം ഓടി.
“പെട്ടെന്ന് എന്റെ ശരീരത്തിൽ എന്തോ തറച്ചുകയറി,” മാമി ഓർമിക്കുന്നു.
“‘എന്തുപറ്റി?’ എന്ന് അമ്മ അപ്പോൾ ചോദിച്ചു”.
“എന്തോ എന്റെ ശരീരത്തിൽ തുളച്ചുകയറി! ഒരു വെടിയുണ്ടയാണെന്നു തോന്നുന്നു,” ഞാൻ പറഞ്ഞു.
വേദനകൊണ്ടു പുളഞ്ഞ മാമി നിലത്തുവീണു. അവൾ ഇങ്ങനെ പ്രാർഥിച്ചു: “ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ. ഞാൻ മരിക്കാൻ പോകുകയാണെന്നു തോന്നുന്നു, പക്ഷേ മരിക്കുന്നതിനുമുമ്പ് എനിക്ക് അങ്ങയെ സേവിക്കണം.” അതിനുശേഷം അവളുടെ ബോധം മറഞ്ഞു.
മാമി മരിച്ചെന്നു കരുതിയ അയൽക്കാർ അവളെ അടുത്തുള്ള കടലോരത്ത് സംസ്കരിക്കാൻ ശ്രമിച്ചു. എന്നാൽ അവളെ സമീപത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് അവളുടെ അമ്മ ശഠിച്ചു. സങ്കടകരമെന്നു പറയട്ടെ, ആശുപത്രിയിലേക്കു പ്രവഹിച്ചുകൊണ്ടിരുന്ന മുറിവേറ്റ സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കും ആവശ്യമായ വൈദ്യസഹായം നൽകാൻ തക്കവണ്ണം സുസജ്ജമായിരുന്നില്ല ആശുപത്രി. മാമിയുടെ അമ്മാവനും മുറിവേറ്റിരുന്നു, അദ്ദേഹം ആ രാത്രി മരിച്ചു, എന്നാൽ മാമി രക്ഷപ്പെട്ടു, പക്ഷേ അവളുടെ അരയ്ക്കു കീഴ്പോട്ടു തളർന്നുപോയി.
അവൾക്ക് തുടർന്നും ആന്തരിക രക്തസ്രാവമുണ്ടാകുകയും ദുസ്സഹമായ വേദന അനുഭവപ്പെടുകയും ചെയ്തു. നാലു മാസങ്ങൾക്കുശേഷം, വെടിയുണ്ട തറച്ചിരിക്കുന്ന കൃത്യസ്ഥാനമറിയാൻ ഡോക്ടർമാർ എക്സ്റേ എടുത്തു. അത് അവളുടെ ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ഇടയിലാണെന്നു കണ്ടുപിടിച്ചു. ഒരു ശസ്ത്രക്രിയ വളരെ അപകടകരമായിരിക്കുമായിരുന്നു. അതുകൊണ്ട് അവളുടെ അമ്മ അവളെ ഒരു പരമ്പരാഗത പച്ചമരുന്ന് ചികിത്സകന്റെ അടുക്കൽ കൊണ്ടുപോയി. മാമി ഓർമിക്കുന്നു, “അയാൾ ഒരു ബ്ലേഡ് ഉപയോഗിച്ച് എന്റെ ശരീരത്ത് മുറിവുണ്ടാക്കി. എന്നിട്ട് അയാളുടെ വായ് മുറിവിൽ അടുപ്പിച്ച് വെടിയുണ്ട വലിച്ചെടുക്കാൻ ശ്രമിച്ചു. വായിൽനിന്ന് ഒരു വെടിയുണ്ട
പുറത്തേക്കെടുത്തുകൊണ്ട് ‘കിട്ടിപ്പോയി’ എന്ന് അയാൾ പറഞ്ഞു. ഞങ്ങൾ അയാൾക്കു പണം കൊടുത്തിട്ട് അവിടെനിന്നു പോന്നു.”പക്ഷേ ആ മനുഷ്യൻ കബളിപ്പിക്കുകയായിരുന്നു. പിന്നീട് എടുത്ത എക്സ്റേകളിൽനിന്ന് വെടിയുണ്ട അവിടെത്തന്നെയുണ്ടെന്നു മനസ്സിലായി. അതുകൊണ്ട് മാമിയും അവളുടെ അമ്മയും പച്ചമരുന്ന് ചികിത്സകന്റെ അടുക്കൽ തിരിച്ചെത്തി. വെടിയുണ്ട നീക്കംചെയ്യപ്പെട്ടതായി എക്സ്റേകളിൽ തെളിയണമെങ്കിൽ വീണ്ടും ഒമ്പതു മാസമെടുക്കുമെന്ന് അയാൾ അവരെ വിശ്വസിപ്പിച്ചു. വീട്ടിലേക്കു മടങ്ങിയ അവർ ക്ഷമയോടെ കാത്തിരുന്നു. ഇക്കാലമത്രയും വേദന തരണംചെയ്യാൻ അവൾ പല മരുന്നുകളും കഴിച്ചു. ഒമ്പതു മാസങ്ങൾക്കുശേഷം കൂടുതൽ എക്സ്റേകൾ എടുത്തു. വെടിയുണ്ട അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു. പച്ചമരുന്നു ചികിത്സകൻ സ്ഥലംവിട്ടിരുന്നു.
വെടിയുണ്ട മാമിയുടെ ശരീരത്തിൽ തുളച്ചുകയറിയിട്ട് അപ്പോൾ 18 മാസം കഴിഞ്ഞിരുന്നു. ഒരു ബന്ധു അവളെ ഒരു മന്ത്രവാദിനിയുടെ അടുക്കൽ കൊണ്ടുപോയി. സഹായിക്കുന്നതിനു പകരം, മാമിയോ അല്ലെങ്കിൽ അവളുടെ അമ്മയോ ഒരു നിശ്ചിത ദിവസം മരിക്കുമെന്ന് അവർ പറഞ്ഞു. മാമിക്ക് അപ്പോൾ 13 വയസ്സായിരുന്നു പ്രായം. “ഞാൻ കരച്ചിലോടു കരച്ചിലായിരുന്നു,” മാമി പറയുന്നു. “എന്നിരുന്നാലും ആ ദിവസം വന്നെത്തിയപ്പോൾ, ആരും മരിച്ചില്ല.”
പിന്നീട് മറ്റൊരു ബന്ധു മാമിയെ ഒരു സഭാനേതാവിന്റെ അടുക്കൽ കൊണ്ടുപോയി. മാമിയുടെ തളർവാതത്തിനു കാരണം വെടിയുണ്ടയല്ല മറിച്ച് ഒരു മന്ത്രപ്രയോഗമാണെന്നു സൂചിപ്പിക്കുന്ന ഒരു ദർശനം തനിക്കു ലഭിച്ചതായി അയാൾ അവകാശപ്പെട്ടിരുന്നു. താൻ നിർദേശിക്കുന്ന ആചാരങ്ങൾ പിൻപറ്റുകയാണെങ്കിൽ ഒരാഴ്ചയ്ക്കകം മാമി നടക്കുമെന്ന് അയാൾ ഉറപ്പുകൊടുത്തു. മാമി വിശദീകരിക്കുന്നു: “സമുദ്രജലത്തിൽ ഞാൻ നിരവധി പ്രാവശ്യം ആചാരപരമായി കുളിച്ചു, ഉപവസിച്ചു, ദിവസവും പാതിരാത്രി മണിക്കൂറുകളോളം ഞാൻ തറയിൽ കിടന്നുരുണ്ടു. എന്നാൽ ഈ ശ്രമങ്ങളെല്ലാം വൃഥാവിലായി. എന്റെ അവസ്ഥയ്ക്കു യാതൊരു മാറ്റവുമുണ്ടായില്ല.”
പിന്നീട് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാൻ തുടങ്ങി. നീണ്ട കാലത്തെ കാത്തിരിപ്പിനുശേഷം മാമിയുടെ ശരീരത്തിൽനിന്നു വെടിയുണ്ട നീക്കംചെയ്യപ്പെട്ടു. രണ്ടു വർഷത്തിലധികം ശമനമില്ലാത്ത വേദനയുമായി അവൾ മല്ലിട്ടിരുന്നു. അവൾ ഓർമിക്കുന്നു, “ശസ്ത്രക്രിയയ്ക്കുശേഷം, വേദന ഒട്ടുമുക്കാലും ശമിച്ചു, ശ്വസനം കൂടുതൽ എളുപ്പമായിത്തീർന്നു. എന്റെ ശരീരം ഭാഗികമായി തളർന്നുപോയെങ്കിലും, ഒരു വാക്കറിന്റെ സഹായത്താൽ എനിക്ക് എഴുന്നേറ്റു നിൽക്കാനായി.”
മാമി യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നു
ശസ്ത്രക്രിയയ്ക്ക് ഏതാനും ആഴ്ചകൾക്കുശേഷം, മാമിയുടെ അമ്മ യഹോവയുടെ സാക്ഷികളായ രണ്ടുപേരെ കണ്ടുമുട്ടി. ബൈബിൾ വായിക്കുന്നത് തന്റെ മകൾ ആസ്വദിച്ചിരുന്നെന്ന് അറിയാമായിരുന്നതിനാൽ അവർ സാക്ഷികളെ വീട്ടിലേക്കു ക്ഷണിച്ചു. മാമി ഉടൻതന്നെ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. എന്നിരുന്നാലും കുറെ മാസങ്ങൾക്കുശേഷം മാമിക്ക് ആശുപത്രിയിലേക്കു മടങ്ങേണ്ടിവന്നതിനാൽ സാക്ഷികളുമായുള്ള സമ്പർക്കം നഷ്ടപ്പെട്ടു.
എന്നിരുന്നാലും ബൈബിൾ പരിജ്ഞാനത്തിനായുള്ള ദാഹം അപ്പോഴും അവൾക്കുണ്ടായിരുന്നു. അതുകൊണ്ട് ഒരു സഭയിലെ മതനേതാവ് അവളെ സഹായിക്കാമെന്നു പറഞ്ഞപ്പോൾ അവൾ ആ വാഗ്ദാനം സ്വീകരിച്ചു. വേദപാഠക്ലാസ് നടന്നുകൊണ്ടിരുന്നപ്പോൾ ഒരു സഹപാഠി അധ്യാപകനോടു ചോദിച്ചു, “യേശു ദൈവത്തോടു തുല്യനാണോ?”
“അതേ,” അധ്യാപകൻ പറഞ്ഞു. “അവർ തുല്യരാണ്. പക്ഷേ തീർത്തും തുല്യരല്ല.”
‘തീർത്തും തുല്യരല്ലെന്നോ?’ മാമി ചിന്തിച്ചു. ‘അതു യുക്തിക്കു നിരക്കുന്നതല്ല. അതിൽ എന്തോ തെറ്റുണ്ട്.’ താൻ പഠിക്കുന്നത് ബൈബിൾ സത്യമല്ലെന്നു മനസ്സിലാക്കിയപ്പോൾ മാമി ആ സഭയുമായി സഹവസിക്കുന്നതു ക്രമേണ നിറുത്തി.
1996-ൽ മൊൺറോവിയയിൽ പിന്നെയും കലാപം പൊട്ടിപ്പുറപ്പെട്ടു. മാമിക്ക് രണ്ടു കുടുംബാംഗങ്ങളെക്കൂടി നഷ്ടമായി. അവളുടെ വീട് രണ്ടാമതും അഗ്നിക്കിരയായി. ഏതാനും മാസങ്ങൾക്കുശേഷം വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ രണ്ടു സാക്ഷികൾ മാമിയെ കണ്ടുമുട്ടി. മാമി തന്റെ ബൈബിൾ പഠനം പുനരാരംഭിച്ചു. അവൾ ആദ്യമായി സഭായോഗത്തിൽ സംബന്ധിച്ചപ്പോൾ, മേൽവിചാരകന്മാർ ഉൾപ്പെടെ സഭയിലെ എല്ലാവരും രാജ്യഹാളിന്റെ ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നതു കണ്ടത് അവളെ അതിശയിപ്പിച്ചു. ആ വർഷത്തിന്റെ ഒടുവിൽ “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ്
കൺവെൻഷനുകളിൽ ഒന്നിൽ സംബന്ധിക്കാനായത് അവളെ പുളകംകൊള്ളിച്ചു. യഹോവയുടെ സാക്ഷികളുടെ അത്ര വലിയൊരു കൂടിവരവിൽ അവൾ ആദ്യമായി പങ്കെടുക്കുകയായിരുന്നു.“അത് എന്നിൽ അങ്ങേയറ്റം മതിപ്പുളവാക്കി,” മാമി പറയുന്നു. “വ്യത്യസ്ത ഗോത്രങ്ങളിൽനിന്ന് ഉള്ളവരായിരുന്നെങ്കിലും സാക്ഷികൾക്കിടയിൽ ആത്മാർഥ സ്നേഹം ഉണ്ടായിരുന്നു. എല്ലാം കാര്യങ്ങളും സുസംഘടിതമായിരുന്നു.”
ദൈവത്തെ സേവിക്കണമെന്നുള്ള ആഗ്രഹം സഫലമാകുന്നു
1998-ൽ പോരാട്ടം ശക്തിപ്പെട്ടതോടെ അയൽരാജ്യമായ കോറ്റ് ഡീവ്വോറിലേക്കു പലായനം ചെയ്യാൻ മാമിയും അവളുടെ അമ്മയും നിർബന്ധിതരായി. അവിടെയുള്ള പീസ് ടൗൺ അഭയാർഥി ക്യാമ്പിൽ 6,000-ത്തോളം ലൈബീരിയക്കാരോടൊപ്പം അവർ താമസിച്ചു. മാമി സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നത് തുടരുകയും ദ്രുതഗതിയിൽ പുരോഗതി വരുത്തുകയും ചെയ്തു. അധികം താമസിയാതെ, തന്റെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ആഗ്രഹം അവൾ പ്രകടിപ്പിച്ചു. പരസ്യശുശ്രൂഷയിൽ ഏർപ്പെടാൻ കഴിയേണ്ടതിന് അവളുടെ ആത്മീയ സഹോദരീസഹോദരന്മാർ അവളെ വീൽച്ചെയറിലിരുത്തി തള്ളിക്കൊണ്ടു പോകുമായിരുന്നു. ഈ വിധത്തിൽ മറ്റുള്ള അഭയാർഥികൾക്ക് ഒരു നല്ല സാക്ഷ്യം നൽകാൻ മാമിക്കു കഴിഞ്ഞു.
മാമി താമസിക്കുന്ന സ്ഥലത്തുനിന്ന് ആറു കിലോമീറ്റർ അകലെയാണ് രാജ്യഹാൾ. ശാരീരിക പരിമിതികൾ നിമിത്തം അവിടെ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണെങ്കിലും അവൾ എല്ലാ സഭായോഗങ്ങളിലും സംബന്ധിച്ചു. 2000 മേയ് 14-ാം തീയതി ഒരു പ്രത്യേകദിന സമ്മേളനത്തിൽ പങ്കെടുക്കാനും ജലസ്നാപനത്താൽ ദൈവത്തോടുള്ള തന്റെ സമർപ്പണം പ്രതീകപ്പെടുത്താനും അവൾ 190 കിലോമീറ്ററിലധികം യാത്ര ചെയ്തു. (മത്തായി 28:19, 20) സ്നാപനമേൽക്കുന്നതിനായി മാമിയെ ഒരു അരുവിയിലേക്ക് എടുത്തുകൊണ്ടുപോയി. നിറകണ്ണുകളോടെ നിരവധി പേർ അവളുടെ സ്നാപനത്തിനു സാക്ഷ്യം വഹിച്ചു. വെള്ളത്തിൽനിന്നു പുറത്തുവന്നപ്പോൾ അവളുടെ മുഖം ശോഭിക്കുകയായിരുന്നു.
ഇപ്പോൾ ഘാനയിലെ ഒരു അഭയാർഥി ക്യാമ്പിലായിരിക്കുന്ന മാമിയുടെ ലക്ഷ്യം ഒരു സാധാരണ പയനിയർ അഥവാ മുഴുസമയ ശുശ്രൂഷക ആകുകയെന്നതാണ്. അവളുടെ അമ്മയും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും താൻ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും ചെയ്യുന്നു. “അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും” എന്നു ദൈവവചനത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന കാലത്തിനായി അവർ ഇരുവരും ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കുന്നു.—യെശയ്യാവു 35:5-7.
[22-ാം പേജിലെ ചിത്രം]
മാമിയുടെ ശരീരത്തിൽനിന്നു നീക്കംചെയ്ത വെടിയുണ്ട
[23-ാം പേജിലെ ചിത്രം]
സ്നാപനമേൽക്കുന്നതിനായി മാമിയെ അരുവിയിലേക്ക് എടുത്തുകൊണ്ടു പോകുന്നു
[23-ാം പേജിലെ ചിത്രം]
അമ്മ എമ്മയുമൊത്ത് ഒരു ബൈബിളധ്യയനം നടത്തുന്നു