വാർധക്യത്തിന്റെ വെല്ലുവിളികളുമായി ജീവിക്കാനാകുന്ന വിധം
വാർധക്യത്തിന്റെ വെല്ലുവിളികളുമായി ജീവിക്കാനാകുന്ന വിധം
“ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.” (സങ്കീർത്തനം 90:10) 3,000 വർഷം പഴക്കമുള്ള ഈ കാവ്യഗീതം വാർധക്യം കാലപ്പഴക്കമുള്ള ഒരു വെല്ലുവിളിയാണെന്നു സ്ഥിരീകരിക്കുന്നു. വൈദ്യശാസ്ത്ര രംഗത്ത് സ്തുത്യർഹമായ പുരോഗതികളുണ്ടായിട്ടും വാർധക്യത്തിന്റെ ചില വശങ്ങൾ പ്രത്യേകാൽ ‘പ്രയാസവും ദുഃഖവും’ ഉളവാക്കുന്നു. അവ എന്തൊക്കെയാണ്, അവ ഉയർത്തുന്ന വെല്ലുവിളികളുമായി ചിലർ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്?
പ്രായംചെന്നവരെങ്കിലും ബുദ്ധിക്കു തകരാറു സംഭവിക്കാത്തവർ
“വാർധക്യകാലത്ത് ഓർമശക്തി പോലുള്ള ബൗദ്ധികപ്രാപ്തികൾ ക്ഷയിക്കുന്നതാണ് എന്നെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്” എന്ന് 79 വയസ്സുള്ള ഹാൻസ് പരിതപിക്കുന്നു. പ്രായംചെന്ന അനേകരുടെയും കാര്യത്തിലെന്നപോലെ, ഹാൻസിനെയും മറവിയെന്ന പ്രശ്നം വല്ലാതെ ആകുലപ്പെടുത്തി. പുരാതനകാലത്തെ ഒരു കവി “പൊൻകിണ്ണം” എന്നു വിളിച്ചതിന്മേലുള്ള, അതായത് വിലപ്പെട്ട ഓർമകളുടെ ഭണ്ഡാരമായ അമൂല്യമായ തലച്ചോറിന്മേലുള്ള, തന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ഉത്കണ്ഠപ്പെട്ടു. (സഭാപ്രസംഗി 12:6) ഹാൻസ് ചോദിച്ചു, “മാനസിക പ്രാപ്തികൾ ക്ഷയിക്കുന്നത് വാർധക്യസഹജമാണോ?”
ഹാൻസിനെപ്പോലെ നിങ്ങളും ചില പേരുകൾ മറക്കുകയോ അത്തരം ഓർമപ്പിശകുകൾ ഗുരുതരമായ മാനസിക അപചയത്തിന്റെ ആരംഭമാണെന്നു കരുതുകയോ ചെയ്യുന്നെങ്കിൽ ഇതു മനസ്സിൽപ്പിടിക്കുക: എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഓർമപ്പിശക് ഉണ്ടാകാറുണ്ട്. തന്നെയുമല്ല പ്രായംചെന്ന ഒരു വ്യക്തിയുടെ മാനസിക പ്രവർത്തനങ്ങളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾക്കു കാരണം സാധാരണഗതിയിൽ ബുദ്ധിഭ്രംശം (സാധാരണഗതിയിൽ ബൗദ്ധികപ്രവർത്തനങ്ങൾ ക്രമേണ ക്ഷയിച്ചു പോകുന്ന അവസ്ഥ) അല്ല. a വാർധക്യകാലത്ത് കുറച്ചൊക്കെ ഓർമക്കുറവ് അനുഭവപ്പെടുന്നതു സാധാരണമാണെങ്കിലും, “പ്രായംചെന്ന മിക്കവർക്കും മരണംവരെ തങ്ങളുടെ മാനസിക പ്രാപ്തികളുടെമേൽ പൂർണ നിയന്ത്രണമുണ്ട്” എന്നു ന്യൂയോർക്കിലെ സ്റ്റേറ്റൻ ഐലൻഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ പെരുമാറ്റശാസ്ത്ര വിഭാഗത്തിലെ അധ്യക്ഷനായ മൈക്കൽ റ്റി. ലിവി എഴുതുന്നു.
വസ്തുതകൾ ഓർമയിലേക്കു കൊണ്ടുവരുന്ന വേഗത്തിന്റെ കാര്യത്തിൽ ചെറുപ്പക്കാർ സാധാരണഗതിയിൽ പ്രായമായവരെ കടത്തിവെട്ടും എന്നുള്ളതു ശരിയാണ്. എന്നാൽ “വേഗം എന്ന ഘടകം മാറ്റിനിറുത്തുകയാണെങ്കിൽ . . . കുറഞ്ഞപക്ഷം ചെറുപ്പക്കാരുടേതിനോടു കിടപിടിക്കുന്നതായിരിക്കും
പൊതുവേ പ്രായംചെന്നവരുടെ പ്രകടനവും” എന്നു നാഡീരോഗവിദഗ്ധനായ റിച്ചാർഡ് റെസ്റ്റാക്ക് പറയുന്നു. വാസ്തവത്തിൽ അനുയോജ്യമായ അഭ്യസനവും പരിശീലനവും ലഭിക്കുകയാണെങ്കിൽ ആരോഗ്യമുള്ള തലച്ചോറിന്റെ ഉടമകളായ പ്രായമായവർക്ക് തുടർന്നും പഠിക്കാനും ഓർമിക്കാനും പ്രത്യേക കഴിവുകൾ മെച്ചപ്പെടുത്താനും കഴിയും.ഓർമത്തകരാറും ചികിത്സിച്ചു ഭേദമാക്കാവുന്ന പ്രശ്നങ്ങളും
ചിലർക്ക് കൂടുതൽ ഗൗരവമായ ഓർമത്തകരാറുകൾ ഉണ്ടെങ്കിലോ? അങ്ങനെയാണെങ്കിൽപ്പോലും പ്രശ്നം ബുദ്ധിഭ്രംശം ആണെന്ന് വെറുതെ കണ്ണുമടച്ചു നിഗമനംചെയ്യരുത്. വാർധക്യകാലത്ത് ഉണ്ടാകാറുള്ള ചികിത്സിച്ചു ഭേദമാക്കാവുന്ന മറ്റു പല പ്രശ്നങ്ങളും ഓർമത്തകരാറിനും പെട്ടെന്നുള്ള ആശയക്കുഴപ്പത്തിനും കാരണമാകാറുണ്ട്. മിക്കപ്പോഴും ഇത്തരം പ്രശ്നങ്ങൾ “പ്രായാധിക്യം” അല്ലെങ്കിൽ “വാർധക്യസഹജമായ അവശത” എന്നു തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അബദ്ധധാരണകൾ വെച്ചുപുലർത്തുന്ന ഡോക്ടർമാർപോലും ചിലപ്പോൾ അവയെ ഇത്തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. ഇതു പ്രായമായ രോഗികളുടെ അന്തസ്സിനു കളങ്കംവരുത്തുന്നെന്നു മാത്രമല്ല ഉചിതമായ വൈദ്യചികിത്സ തേടുന്നതിൽനിന്ന് അവരെ തടയുകയും ചെയ്തേക്കാം. ഇത്തരം പ്രശ്നങ്ങളിൽ ചിലത് ഏവയാണ്?
വികലപോഷണം, നിർജലീകരണം, വിളർച്ച, തലയുടെ പരുക്ക്, തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങൾ, ജീവകങ്ങളുടെ അപര്യാപ്തത, മരുന്നുകളുടെ പാർശ്വഫലങ്ങൾ, ചുറ്റുപാടുകൾക്കു വരുന്ന മാറ്റം എന്നിവയിലേതെങ്കിലും പെട്ടെന്നുള്ള അസാധാരണമായ ആശയക്കുഴപ്പത്തിനു കാരണമായേക്കാം. നീണ്ടുനിൽക്കുന്ന സമ്മർദം ഓർമത്തകരാറുകൾക്ക് ഇടയാക്കുന്നു. പ്രായമായവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിൽ രോഗബാധ കുപ്രസിദ്ധി ആർജിച്ചിരിക്കുന്നു. പ്രായമായവരിൽ ഓർമശേഷി നശിക്കുന്നതിനും ആശയക്കുഴപ്പത്തിനും ഇടയാക്കുന്ന മറ്റൊരു സംഗതി വിഷാദമാണ്. അതുകൊണ്ട് “പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം ഒരിക്കലും അവഗണിക്കരുത്, പ്രത്യാശയ്ക്കു വകയില്ലാത്ത വാർധക്യസഹജമായ അവശതയാണ് അതെന്നു പറഞ്ഞു തള്ളിക്കളയുകയുമരുത്” എന്നു ഡോ. ലിവി ഉപദേശിക്കുന്നു. സമഗ്രമായ ഒരു വൈദ്യ പരിശോധന ലക്ഷണങ്ങളുടെ അടിസ്ഥാന കാരണം കണ്ടുപിടിക്കാൻ സഹായിച്ചേക്കും.
വിഷാദം കൈകാര്യം ചെയ്യാവുന്ന വിധം
മനുഷ്യർക്ക്, ദൈവത്തിന്റെ വിശ്വസ്ത ദാസർക്കുപോലും വിഷാദം ഒരു പുതിയ കാര്യമല്ല. ഏകദേശം രണ്ടായിരം വർഷംമുമ്പ്, അപ്പൊസ്തലനായ പൗലൊസിന് സഹക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിക്കേണ്ടി വന്നു: “വിഷാദമഗ്നരോട് ആശ്വാസദായകമായി സംസാരിക്കുവിൻ.” (1 തെസ്സലൊനീക്യർ 5:14, NW) സമ്മർദപൂരിതമായ നമ്മുടെ നാളുകളിൽ, അതിന്റെ ആവശ്യം എന്നത്തെക്കാളും അധികമാണ്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, പ്രായംചെന്നവരിലുണ്ടാകുന്ന വിഷാദം മിക്കപ്പോഴും നിർണയിക്കപ്പെടാതെ പോകുന്നു അല്ലെങ്കിൽ തെറ്റായി നിർണയിക്കപ്പെടുന്നു.
പ്രായമാകുമ്പോൾ ആളുകൾ കൂടുതൽ വിഷണ്ണരും പെട്ടെന്നു ഭാവം മാറുന്നവരും ആയിത്തീരുമെന്ന തെറ്റിദ്ധാരണ വ്യാപകമായിരിക്കുന്നതിനാൽ മറ്റുള്ളവരും അതുപോലെതന്നെ പ്രായമായവരും വിഷാദാവസ്ഥയുടെ ലക്ഷണങ്ങളെ വാർധക്യത്തിന്റെ ഭാഗമായ സ്വാഭാവിക കാര്യങ്ങളായി വീക്ഷിച്ചേക്കാം. “എന്നിരുന്നാലും ഇതു സത്യമല്ല, . . . പ്രായമായവർക്കിടയിലെ വിഷാദം വാർധക്യത്തിന്റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്നതല്ല” എന്നു പ്രായംചെന്നവരെ ചികിത്സിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു.
നീണ്ടുനിൽക്കുന്ന വിഷാദരോഗം സാധാരണമായി ഉണ്ടാകുന്ന നിരാശയിൽനിന്നു വ്യത്യസ്തമായി ഗൗരവമായ ഭവിഷ്യത്തുകളിലേക്കു നയിക്കുന്ന ഗുരുതരമായ രോഗമാണ്. അതുകൊണ്ടുതന്നെ അതിനെ അവഗണിക്കരുത്. b—മർക്കൊസ് 2:17.
വിഷാദാവസ്ഥ ചികിത്സിക്കപ്പെട്ടില്ലെങ്കിൽ അതു വഷളാകുകയും അങ്ങേയറ്റം തീവ്രമാകുകയും ചെയ്യും. അതിന്റെ ഫലമായി ഭഗ്നാശരായ ചില രോഗികൾ ആത്മഹത്യക്കുവരെ തുനിയുന്നു. “മാനസിക രോഗങ്ങളിൽവെച്ച് ചികിത്സിച്ചു ഭേദമാക്കാൻ ഏറ്റവും സാധിക്കുന്ന രോഗംതന്നെയാണ് അങ്ങേയറ്റം മാരകമായിരിക്കാനും ഇടയുള്ളത്” എന്ന് പ്രായമായ രോഗികൾക്കുണ്ടാകുന്ന വിഷാദത്തെക്കുറിച്ചു ഡോ. ലിവി പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇതുതന്നെയാണ് ഈ രോഗത്തിന്റെ ദുരന്തമുഖവും. വിഷാദാവസ്ഥ മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, വികാരവ്യതിയാന തകരാറുകൾ ചികിത്സിച്ചു പരിചയമുള്ള ഒരു ഡോക്ടറുടെ ചികിത്സയ്ക്കു രോഗി വിധേയനാകേണ്ടി വന്നേക്കാം.യഹോവ “മഹാ കരുണയും മനസ്സലിവുമുള്ളവ”നാണെന്ന് വിഷാദമഗ്നരായ വ്യക്തികൾക്ക് ഉറപ്പുണ്ടായിരിക്കാനാകും. (യാക്കോബ് 5:11) അവൻ “ഹൃദയം നുറുങ്ങിയവർക്കു . . . സമീപസ്ഥ”നാണ്. (സങ്കീർത്തനം 34:18) “തകർന്നവരെ സമാശ്വസിപ്പിക്കുന്ന”തിൽ അവൻ മുൻപന്തിയിൽത്തന്നെയുണ്ട്.—2 കൊരിന്ത്യർ 7:6, ഓശാന ബൈബിൾ.
പ്രയോജനമില്ലാത്തവരെന്നു കരുതേണ്ട ആവശ്യമില്ല
3,000-ത്തിലധികം വർഷംമുമ്പു വിശ്വസ്തനായ ദാവീദ് രാജാവ് ഇപ്രകാരം പ്രാർഥിച്ചു: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.” (സങ്കീർത്തനം 71:9) 21-ാം നൂറ്റാണ്ടിൽപ്പോലും, മറ്റുള്ളവർ തങ്ങളെ പ്രയോജനമില്ലാത്തവരായി വീക്ഷിക്കുമെന്നു ഭയപ്പെടുന്ന പ്രായമായവർക്ക് ഇത്തരം വികാരങ്ങൾ അസാധാരണമല്ല. അനാരോഗ്യം മൂലമുണ്ടാകുന്ന പരിമിതികൾ, അപര്യാപ്തതാബോധം എളുപ്പം മുളപൊട്ടുന്നതിന് ഇടയാക്കുന്നു. നിർബന്ധിത വിരമിക്കൽ ഒരുവനു തന്നെക്കുറിച്ചുതന്നെ തോന്നുന്ന മതിപ്പ് ഇടിച്ചുകളഞ്ഞേക്കാം.
എന്നിരുന്നാലും, മേലാൽ ചെയ്യാൻ കഴിയാത്തതിനെ പ്രതി നിരുത്സാഹിതരാകുന്നതിനു പകരം ചെയ്യാൻ കഴിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മെക്കുറിച്ചുതന്നെയുള്ള മതിപ്പും പ്രയോജനമുള്ളവരാണെന്ന തോന്നലും നിലനിറുത്താൻ സഹായിക്കും. ഇതിനോടുള്ള ബന്ധത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ട് ഇപ്രകാരം ശുപാർശ ചെയ്തു: ‘ഔപചാരികവും അനൗപചാരികവുമായ പഠനത്തിലൂടെയും സാമൂഹിക സംഘടനകളിലും മതപരമായ പ്രവർത്തനങ്ങളിലും ഭാഗഭാക്കാകുന്നതിലൂടെയും പുരോഗതി കൈവരിക്കുന്നതിൽ തുടരുക.’ സ്വിറ്റ്സർലൻഡിൽ നിന്നുള്ള വിരമിച്ച ഒരു വിദഗ്ധ ബേക്കറി തൊഴിലാളിയും യഹോവയുടെ സാക്ഷികളിലൊരുവനുമായ എർണെസ്റ്റ്, ‘പഠനത്തിലൂടെ പുരോഗതി കൈവരിക്കുന്നതിൽ തുടർന്നതിന്റെ’ പ്രയോജനങ്ങൾ അനുഭവിച്ച ഒരു വ്യക്തിയാണ്. തന്റെ എഴുപതുകളിൽ, ഒരു കമ്പ്യൂട്ടർ വാങ്ങിക്കാനും അത് ഉപയോഗിക്കേണ്ട വിധം പഠിക്കാനും അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള പലരും സാങ്കേതികവിദ്യയെ ഭയത്തോടെ വീക്ഷിക്കുമ്പോൾ അദ്ദേഹം അങ്ങനെ ചെയ്തത് എന്തുകൊണ്ടാണ്? അദ്ദേഹം വിശദീകരിക്കുന്നു, “ഒന്നാമതായി പ്രായമാകുന്തോറും മനസ്സിനെ സജീവമാക്കി നിലനിറുത്താൻ; രണ്ടാമതായി ബൈബിൾ ഗവേഷണത്തിനും ക്രിസ്തീയ സഭയിലെ എന്റെ പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന കാലാനുസൃതമായ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ.”
ഉത്പാദനക്ഷമമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പ്രായമായവരുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങളും നിവർത്തിക്കുന്നു: അത് ചാരിതാർഥ്യവും ജീവിതത്തിന് ഒരു ഉദ്ദേശ്യവും ചിലപ്പോൾ അൽപ്പം വരുമാനവും പ്രദാനം ചെയ്യുന്നു. “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും . . . ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും” മനുഷ്യർക്കുള്ള ദൈവത്തിന്റെ ദാനമാണെന്നു ജ്ഞാനിയായ ശലോമോൻ രാജാവ് പറഞ്ഞു.—സഭാപ്രസംഗി 3:12, 13.
കഴിയുന്നത്ര ചെയ്യുക
പല സമൂഹങ്ങളിലും പ്രായംചെന്നവരാണ് പിൻതലമുറകൾക്ക് അറിവും അതുപോലെ ധാർമികവും ആത്മീയവുമായ മൂല്യങ്ങളും പകർന്നു നൽകുന്നത്. ദാവീദ് രാജാവ് ഇപ്രകാരം എഴുതി: “ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീർത്തനം 71:18.
എന്നാൽ, അനാരോഗ്യമോ സാഹചര്യങ്ങളോ പ്രായമായവർക്ക് വളരെയധികം പരിമിതികൾ സൃഷ്ടിക്കുന്നെങ്കിലോ? ഈ ദുരവസ്ഥ 79 വയസ്സുള്ള സാറയെ ആകുലപ്പെടുത്തി. യഹോവയുടെ സാക്ഷിയായ സാറ ഒരു ക്രിസ്തീയ മേൽവിചാരകനോടു താൻ നിരുത്സാഹിതയാണെന്നു യാക്കോബ് 5:16) അദ്ദേഹം വിശദീകരിച്ചു, “വർഷങ്ങളായി സഹോദരി ദൈവവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. ഞങ്ങൾക്കു വേണ്ടി സ്വകാര്യമായി പ്രാർഥിക്കുന്നതിലൂടെ ആ ബന്ധത്തിൽനിന്നും പ്രയോജനം അനുഭവിക്കാൻ സഹോദരി ഞങ്ങളെ അനുവദിക്കുകയായിരിക്കും ചെയ്യുന്നത്.” “ഞങ്ങൾക്കു സഹോദരിയുടെ പ്രാർഥനകൾ ആവശ്യമാണ്. ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സാറയെ വളരെയധികം പ്രോത്സാഹിപ്പിച്ചു.
തുറന്നുപറഞ്ഞു. അദ്ദേഹം സാറയെ പിൻവരുന്ന ബൈബിൾ തത്ത്വം ഓർമിപ്പിച്ചു: “നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം സാറ തിരിച്ചറിഞ്ഞു. പ്രായമായ പലർക്കും മറ്റുള്ളവർക്കു വേണ്ടി രാപകൽ പോരാടാനാകുന്ന പ്രതിഫലദായകവും അർഥവത്തുമായ ഒരു മാർഗമാണ് പ്രാർഥന. (കൊലൊസ്സ്യർ 4:12; 1 തിമൊഥെയൊസ് 5:5) അതേസമയംതന്നെ അത്തരം പ്രാർഥനകൾ “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവയോടു കൂടുതൽ അടുത്തുചെല്ലാൻ വിശ്വസ്തരായ പ്രായംചെന്നവരെ സഹായിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 65:2; മർക്കൊസ് 11:24.
പ്രായംചെന്നവർക്ക് പരിമിതികളുണ്ടെങ്കിലും ധാരാളം അനുഭവപരിചയവും വിഭവങ്ങളും കൈമുതലായുള്ള അവർ തങ്ങളുടെ സമൂഹത്തിനു വിലതീരാത്ത ഒരു മുതൽക്കൂട്ടാണ്. “നീതിയുടെ മാർഗ്ഗത്തിൽ” കണ്ടെത്തുമ്പോൾ “നരച്ച തല ശോഭയുള്ള കിരീടമാകുന്നു” എന്ന് അവർ തെളിയിക്കുന്നു.—സദൃശവാക്യങ്ങൾ 16:31.
എന്നാൽ നാം ഇങ്ങനെ ചോദിച്ചേക്കാം: പ്രായംചെല്ലവേ നമ്മുടെ ഭാവി എങ്ങനെയുള്ളതായിരിക്കും? വാർധക്യകാലത്തു മെച്ചമായ ഒരു ജീവിതം നമുക്കു യഥാർഥത്തിൽ പ്രതീക്ഷിക്കാനാകുമോ?
[അടിക്കുറിപ്പുകൾ]
a “65 വയസ്സിനുമേൽ പ്രായമുള്ളവരിൽ ഏകദേശം 90 ശതമാനം പേരും ബുദ്ധിഭ്രംശം ബാധിക്കാത്തവരാണ്” എന്നാണ് ചില ഗവേഷകർ അവകാശപ്പെടുന്നത്. ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 1998 സെപ്റ്റംബർ 22 ലക്കം ഉണരുക!യിലെ “അൽസൈമേഴ്സ് രോഗം—യാതനകൾ ലഘൂകരിക്കൽ” എന്ന പരമ്പര കാണുക.
b ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ഉണരുക! ശുപാർശ ചെയ്യുന്നില്ല. തങ്ങൾ സ്വീകരിക്കുന്ന ചികിത്സ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിലാണെന്നു ക്രിസ്ത്യാനികൾ ഉറപ്പുവരുത്തണം. 2004 ജനുവരി 8 ലക്കം ഉണരുക!യിലെ “വികാരവ്യതിയാന തകരാറുകൾ മനസ്സിലാക്കൽ” (ഇംഗ്ലീഷ്) എന്ന പരമ്പര കാണുക.
[5-ാം പേജിലെ ആകർഷക വാക്യം]
ദ്രുതഗതിയിൽ മുന്നോട്ടുനീങ്ങുന്ന ആധുനിക ലോകത്തിൽ തങ്ങൾ അവഗണിക്കപ്പെടുന്നതായി പ്രായംചെന്നവർക്കു പലപ്പോഴും തോന്നുന്നു
[7-ാം പേജിലെ ചതുരം/ചിത്രം]
പ്രായമായവരെ നിങ്ങൾക്കു സഹായിക്കാനാകുന്ന വിധം
◼ അവർക്കു മാന്യത കൽപ്പിക്കുക. “പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെപ്പോലെയും . . . പ്രായംചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും പരിഗണി”ക്കുക.—1 തിമൊഥെയൊസ് 5:1, 2, പി.ഒ.സി. ബൈബിൾ.
◼ ശ്രദ്ധിച്ചു കേൾക്കുക. “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരി”ക്കുക.—യാക്കോബ് 1:19.
◼ സമാനുഭാവം പ്രകടമാക്കുക. “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ”യുമിരിക്കുവിൻ.—1 പത്രൊസ് 3:8, 9.
◼ പ്രോത്സാഹനം ആവശ്യമായിരിക്കുന്നത് എപ്പോഴാണെന്നു തിരിച്ചറിയുക. “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.”—സദൃശവാക്യങ്ങൾ 25:11.
◼ നിങ്ങളുടെ പ്രവർത്തനങ്ങളിൽ അവരെയും ഉൾപ്പെടുത്തുക. ‘അതിഥിസല്ക്കാരം ആചരിക്കുവിൻ.’—റോമർ 12:13.
◼ പ്രായോഗികമായ സഹായങ്ങൾ നൽകുക. “ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.”—1 യോഹന്നാൻ 3:17, 18.
◼ ദീർഘക്ഷമയുള്ളവർ ആയിരിക്കുവിൻ. “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊ”ള്ളുവിൻ.—കൊലൊസ്സ്യർ 3:12.
പ്രായമായവർക്കുവേണ്ടി കരുതുന്നതിലൂടെ നാം ദൈവത്തിന്റെ നിലവാരങ്ങളോട് ആദരവു പ്രകടിപ്പിക്കുന്നു, കാരണം അവന്റെ വചനം ഇപ്രകാരം പറയുന്നു: “വൃദ്ധന്റെ [അല്ലെങ്കിൽ വൃദ്ധയുടെ] മുഖം ബഹുമാനി”ക്കുക.—ലേവ്യപുസ്തകം 19:32.
[6-ാം പേജിലെ ചിത്രം]
സമഗ്രമായ ഒരു വൈദ്യപരിശോധന പ്രയോജനപ്രദമായിരുന്നേക്കാം