ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ സ്പാനീഷ് ഗവൺമെന്റ് ഓരോ നികുതിദായകന്റെയും താത്പര്യപ്രകാരം നികുതിയുടെ 0.5 ശതമാനം ഒന്നുകിൽ ധർമസ്ഥാപനങ്ങൾക്ക് അല്ലെങ്കിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കു വേണ്ടി നീക്കിവെക്കുന്നു. 80 ശതമാനം സ്പെയിൻകാരും കത്തോലിക്കരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, 20 ശതമാനം പേർ മാത്രമേ നികുതിപ്പണം കത്തോലിക്കാ സ്ഥാപനങ്ങൾക്കു നൽകാൻ താത്പര്യപ്പെട്ടുള്ളൂ.—എൽ പായിസ്, സ്പെയിൻ.
◼ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഉണ്ടാക്കിയ ആയുഷ്കാല പട്ടികകൾ അനുസരിച്ച് “30-മത്തെ വയസ്സിൽ പുകവലി ശീലമാക്കുന്നത് ഒരു പുരുഷന്റെ ആയുർദൈർഘ്യത്തെ 51/2 വർഷവും ഒരു സ്ത്രീയുടേതിനെ 61/2 വർഷത്തിലധികവും കുറയ്ക്കുന്നു. എന്നിരുന്നാലും 30-മത്തെ വയസ്സിൽ ഈ ശീലം നിറുത്തുന്നത് പുകവലി സംബന്ധമായ രോഗം പിടിപെട്ട് മരണമടയാനുള്ള സാധ്യതയെ വളരെയധികമായി കുറയ്ക്കുന്നു.—ദ ടൈംസ്, ഇംഗ്ലണ്ട്.
◼ 2004-ൽ, ലോക എണ്ണ ഉപഭോഗം 3.4 ശതമാനംകണ്ട് വർധിച്ച് പ്രതിദിനം 8.24 കോടി വീപ്പകളായി. ഇപ്പോൾ യഥാക്രമം 2.05 കോടിയും 66 ലക്ഷവും വീപ്പകൾ പ്രതിദിനം ഉപയോഗിക്കുന്ന ഐക്യനാടുകളും ചൈനയുമാണ് വർധനയിൽ ഏകദേശം 50 ശതമാനത്തിനും കാരണക്കാർ.—വൈറ്റൽ സൈൻസ് 2005, വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
“നിങ്ങളുടെ അമ്മയെ വിലമതിക്കുക”
കാനഡയിൽ സ്കൂൾ പ്രായത്തിലുള്ള രണ്ടു കുട്ടികളുള്ള ഒരു വീട്ടമ്മയ്ക്ക്, അവൾ ചെയ്യുന്ന എല്ലാ ജോലികൾക്കും ശമ്പളം കൊടുക്കുകയാണെങ്കിൽ, അധികസമയം ജോലിചെയ്യുന്നതിനുള്ള വേതനം ഉൾപ്പെടെ അവൾക്കു ലഭിക്കുന്ന വാർഷിക ശമ്പളം, 1,63,852 കനേഡിയൻ ഡോളർ (ഏകദേശം 58 ലക്ഷം രൂപ) ആയിരിക്കുമെന്ന് തൊഴിൽ വിശകലന വിദഗ്ധർ കണക്കാക്കുന്നു. തൊഴിൽ കമ്പോളത്തിൽ നിലവിലിരിക്കുന്ന ശരാശരി വേതനത്തെയും “6 ദിവസം 15 മണിക്കൂർ വീതവും ഒരു ദിവസം 10 മണിക്കൂറും ഉൾപ്പെടെ ആഴ്ചയിൽ 100 മണിക്കൂർ” ജോലിചെയ്യുന്നതിനെയും അടിസ്ഥാനമാക്കിയാണ് ഈ സംഖ്യ എന്ന് വാൻകൂവർ സൺ ദിനപത്രം പറയുന്നു. ഡേ-കെയർ ജീവനക്കാരി, അധ്യാപിക, ഡ്രൈവർ, ഗൃഹപരിചാരിക, പാചകക്കാരി, നഴ്സ്, പൊതു അറ്റകുറ്റപ്പണികൾ നടത്തുന്നയാൾ എന്നിവരുടെയെല്ലാം ഉത്തരവാദിത്വങ്ങൾ ഒരു വീട്ടമ്മ വഹിക്കുന്നു. ദിനപത്രം പിൻവരുന്ന നിർദേശം നൽകുന്നു: “നിങ്ങളുടെ അമ്മയെ വിലമതിക്കുക: അവൾക്കു ലഭിക്കുന്ന വേതനം ഒരുപക്ഷേ കുറവായിരിക്കാം.”
യുവാക്കൾക്കിടയിൽ പരസ്പരവിരുദ്ധമായ മൂല്യങ്ങൾ
“സ്വന്തം ധാർമിക മൂല്യങ്ങൾ ഉണ്ടാക്കുന്ന പ്രവണത” ഫിൻലൻഡിലെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്നുവെന്ന് ഫിൻലൻഡിലെ ജ്യൂവാസ്ക്യൂലാ സർവകലാശാലയുടെ ഒരു ബുള്ളറ്റിൻ പ്രസ്താവിക്കുന്നു. “ഷോപ്പിങ് നടത്തുമ്പോഴെന്നപോലെ ആളുകൾ തങ്ങൾക്കു ബോധിച്ച മൂല്യങ്ങൾ അവിടുന്നും ഇവിടുന്നും തിരഞ്ഞെടുക്കുന്നത്” ഇന്നു സാധാരണമായിരിക്കുന്നെന്ന് ബുള്ളറ്റിൻ പറയുന്നു. അതിന്റെ ഫലങ്ങൾ ചിലപ്പോൾ പരസ്പരവിരുദ്ധമായിരിക്കും. ഉദാഹരണത്തിന്, സമ്പത്തും സമൃദ്ധിയും എല്ലാവർക്കും തുല്യമായി വീതിക്കുന്നതു പ്രധാനമാണെന്നു യുവപ്രായക്കാർ വിശ്വസിക്കുന്നു; എന്നാൽ അതേസമയം അവർ “എന്തും ചെയ്യാൻ മടിക്കാത്ത മനോഭാവവും കടുത്ത മത്സരവും വേണമെന്നു കരുതാനും തുടങ്ങിയിരിക്കുന്നു.”
പ്രയോൺ സംക്രമിക്കാനുള്ള സാധ്യത
രക്തപ്പകർച്ചയിലൂടെ പ്രയോണുകൾ പകരാനുള്ള സാധ്യത മുമ്പു വിചാരിച്ചതിനെക്കാൾ കൂടുതലാണെന്നു ഫ്രഞ്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ഫോർ മെഡിക്കൽ പ്രോഡക്റ്റ്സ് അടുത്തകാലത്ത് വാർത്താമാധ്യമങ്ങൾക്കു നൽകിയ ഒരു റിപ്പോർട്ട് പറയുന്നു. പ്രയോണുകൾ എന്ന മാംസ്യ തന്മാത്രകളാണ് മനുഷ്യരിൽ ക്രോയ്റ്റ്സ്ഫെൽറ്റ്-യാക്കോബ് രോഗത്തിന്റെ വകഭേദം (വിസിജെഡി) ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. നാഡീക്ഷയമുണ്ടാക്കുന്ന ഈ മാരക രോഗത്തിന് അറിയപ്പെടുന്ന പ്രതിവിധി ഇല്ല. സാധാരണമായി ഭ്രാന്തിപശു രോഗം എന്നറിയപ്പെടുന്ന ബോവൈൻ സ്പോഞ്ചിഫോം ഇൻസെഫലോപ്പതി എന്ന രോഗത്തിന്റെ മനുഷ്യരിലുണ്ടാകുന്ന വകഭേദമാണ് വിസിജെഡി. സാധ്യതയനുസരിച്ച് രക്തപ്പകർച്ചയിലൂടെ വിസിജെഡി പകർന്ന രണ്ടു കേസുകൾ ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് രക്തപ്പകർച്ചയിലൂടെ പ്രയോണുകൾ പകരാനുള്ള സാധ്യത മുമ്പു വിചാരിച്ചതിനെക്കാൾ കൂടുതലാണെന്ന പ്രഖ്യാപനം ഉണ്ടായത്. രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്നതിനു മുമ്പ് ഈ രോഗം കണ്ടുപിടിക്കാൻ ആശ്രയയോഗ്യമായ പരിശോധനകളൊന്നും നിലവിലില്ല.
മെലിഞ്ഞ ശരീരത്തിനായി വാഞ്ഛിക്കുന്നു
“അഞ്ചു വയസ്സു പ്രായമുള്ള പെൺകുട്ടികൾപോലും തങ്ങളുടെ ശരീരത്തെ പ്രതി അസംതൃപ്തരും മെലിഞ്ഞിരുന്നെങ്കിലെന്ന് ആശിക്കുന്നവരുമാണ്” എന്ന് ഗവേഷണം കണ്ടെത്തിയിരിക്കുന്നതായി ദ സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നു. ഓസ്ട്രേലിയയിൽ അഞ്ചു വയസ്സുമുതൽ എട്ടു വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു പഠനത്തെക്കുറിച്ച് റിപ്പോർട്ട് പരാമർശിക്കുന്നു. ഏകദേശം 50 ശതമാനം പെൺകുട്ടികളും മെലിഞ്ഞ ശരീരം വേണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു, അതേസമയം ഏതാണ്ട് അത്രയുംതന്നെ പെൺകുട്ടികൾ “വണ്ണംവെക്കുകയാണെങ്കിൽ തങ്ങൾ ഭക്ഷണം നിയന്ത്രിക്കുമെന്നു” പറഞ്ഞു. ശരീര ആകൃതിയെക്കുറിച്ചുള്ള അനാരോഗ്യകരമായ ധാരണകൾക്ക് “പിന്നീടുള്ള ജീവിതത്തിൽ ആത്മവിശ്വാസക്കുറവിനും വിഷാദത്തിനും ആഹാരശീല വൈകല്യങ്ങൾക്കും ഇടയാക്കാനാകും” എന്ന് ഒരു ഗവേഷക അഭിപ്രായപ്പെട്ടു.