തെംസ് നദി ഇംഗ്ലണ്ടിന്റെ അതുല്യ പൈതൃകം
തെംസ് നദി ഇംഗ്ലണ്ടിന്റെ അതുല്യ പൈതൃകം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
‘ഓൾഡ് ഫാദർ തെംസ്’ എന്നു ബ്രിട്ടീഷുകാർ വാത്സല്യപൂർവം വിളിക്കുന്ന നദി മധ്യ-ദക്ഷിണ ഇംഗ്ലണ്ടിലെ പ്രകൃതിരമണീയമായ കോട്സ്വോൾഡ് മലനിരകളിൽനിന്ന് നാല് അരുവികളായി ഉത്ഭവിക്കുന്നു. അതു വളഞ്ഞുപുളഞ്ഞ് കിഴക്കോട്ട് 350 കിലോമീറ്റർ ഒഴുകവേ മറ്റുനദികൾ അതിനോടു കൂടിച്ചേരുന്നു. ഒടുവിൽ അത് 29 കിലോമീറ്ററോളം വിസ്താരമുള്ള ഒരു അഴിമുഖത്തുകൂടെ ഉത്തരസമുദ്രത്തിൽ പതിക്കുന്നു. ഈ നീളം കുറഞ്ഞ നദി ഇംഗ്ലീഷ് ചരിത്രത്തെ രൂപപ്പെടുത്തിയ വിധം മനംകവരുന്ന ഒരു കഥയാണ്.
പൊതുയുഗത്തിനു മുമ്പ് ഏകദേശം 55-ൽ നടന്ന ഇംഗ്ലണ്ടിലേക്കുള്ള ആദ്യ റോമൻ സൈനിക മുന്നേറ്റത്തിനു ജൂലിയസ് സീസർ നേതൃത്വം നൽകി. പിറ്റെ വർഷം മടങ്ങിവന്ന് തന്റെ മുന്നേറ്റം തുടർന്നെങ്കിലും റ്റാമെസിസ് എന്ന് അദ്ദേഹം വിളിച്ച തെംസ് നദി ഒരു തടസ്സമായി നിലകൊണ്ടു. 90 വർഷത്തിനു ശേഷം വന്ന റോമൻ ചക്രവർത്തിയായ ക്ലോഡിയസ് ആണ് അവസാനം ഈ രാജ്യത്തെ കീഴടക്കിയത്.
ആ കാലത്ത്, തെംസിന്റെ ഇരുവശങ്ങളും ചതുപ്പുനിലങ്ങൾ ആയിരുന്നു. എന്നാൽ, അഴിമുഖത്തുനിന്ന് ഏകദേശം 50 കിലോമീറ്റർ ഉള്ളിലായി—വേലിയേറ്റസമയത്ത് സമുദ്രജലം ഇതിനപ്പുറത്തേക്കു പോകുമായിരുന്നില്ല—റോമൻസൈന്യം പിന്നീടൊരു തടിപ്പാലം നിർമിച്ചു. നദിയുടെ വടക്കേ തീരത്തായി അവിടെ അവർ ഒരു തുറമുഖം നിർമിച്ചു; അതിനു ലോണ്ടിൻയും എന്നു പേരു വിളിച്ചു. a
തുടർന്നുവന്ന നാലു നൂറ്റാണ്ടുകളിൽ റോമാക്കാർ യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേക്കു വാണിജ്യബന്ധം വ്യാപിപ്പിക്കുകയും മെഡിറ്ററേനിയൻ പ്രദേശങ്ങളിൽനിന്ന് ആഡംബരവസ്തുക്കൾ—ലബനോനിൽനിന്നു തടികൾപോലും—ഇറക്കുമതി ചെയ്യുകയും ചെയ്തു. ഉൾപ്രദേശങ്ങളിൽനിന്നു ലണ്ടനിലേക്കു ചരക്കുകൾ എത്തിക്കാൻ അവർ തെംസ് നദിയുടെ സഹായവും തേടി. അങ്ങനെ, കേന്ദ്രത്തിൽനിന്നു നാനാവശങ്ങളിലേക്കും മുഖ്യപാതകൾ ഉള്ള ഈ നഗരം താമസിയാതെ ഒരു പ്രമുഖ വാണിജ്യകേന്ദ്രം ആയിത്തീർന്നു.
ജേതാവായ വില്യത്തിന്റെ സ്വാധീനം
റോമാസാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന്, പൊതുയുഗം 410-ൽ റോമൻ സൈന്യം ബ്രിട്ടനിൽനിന്നു പിൻവാങ്ങി. അങ്ങനെ ലണ്ടൻ ഉപേക്ഷിക്കപ്പെട്ടു; തെംസ് നദിയുടെ സഹായത്താൽ നടത്തപ്പെട്ടിരുന്ന വാണിജ്യവും ക്ഷയിച്ചു. ജേതാവായ വില്യം 11-ാം നൂറ്റാണ്ടിൽ നോർമൻഡിയിൽനിന്ന് ആക്രമിക്കുന്നതുവരെ ആംഗ്ലോ-സാക്സൺ രാജാക്കന്മാരുടെ കിരീടധാരണം കിങ്സ്റ്റണിൽവെച്ചു നടന്നിരുന്നു. ലണ്ടനിൽനിന്നു നദിയുടെ ഉത്ഭവസ്ഥാനത്തോടു 19 കിലോമീറ്റർ അടുത്തുകിടക്കുന്ന ഒരു കുടിയേറ്റപ്രദേശം ആണിത്. ഇവിടെ നദി കുറുകെ കടക്കാനും എളുപ്പമാണ്. ജേതാവായ വില്യം 1066-ൽ വെസ്റ്റ്മിൻസ്റ്ററിൽവെച്ച് കിരീടധാരണം
ചെയ്തശേഷം റോമാക്കാർ പണികഴിപ്പിച്ചിരുന്ന നഗര മതിലുകൾക്കുള്ളിൽ അദ്ദേഹം ലണ്ടൻ ഗോപുരം പണിതുയർത്തി. വാണിജ്യ സമൂഹത്തെ അടക്കി ഭരിക്കുകയും വിപുലീകരിക്കുകയും ചെയ്യുക, തുറമുഖത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇതു നിർമിച്ചത്. വാണിജ്യം വീണ്ടും തഴച്ചുവളർന്നു; ലണ്ടനിലെ ജനസംഖ്യ ഏകദേശം 30,000 ആയി ഉയർന്നു.ജേതാവായ വില്യം ലണ്ടന് ഏകദേശം 35 കിലോമീറ്റർ പടിഞ്ഞാറായി, വിൻസർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്തുള്ള ചുണ്ണാമ്പുകല്ലുകളാൽ നിർമിതമായ ഒരു കുന്നിൻമുകളിൽ ഒരു കോട്ടയും പടുത്തുയർത്തി. അവിടെ ഉണ്ടായിരുന്ന സാക്സൺ രാജവസതിയുടെ സ്ഥാനത്താണ് ഇതു നിർമിച്ചത്. അവിടെനിന്നു തെംസിനു കുറുകെയുള്ള ദൃശ്യം അതിഗംഭീരമാണ്. പലതവണത്തെ നവീകരണത്തിനു വിധേയമായ വിൻസർ കാസിൽ അഥവാ വിൻസർ കൊട്ടാരം ഇപ്പോഴും ബ്രിട്ടനിലെ ഒരു അതിപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായി നിലകൊള്ളുന്നു.
1209 എന്ന വർഷം ഒരു 30-വർഷ നിർമാണപദ്ധതിയുടെ പരിസമാപ്തിക്കു സാക്ഷ്യം വഹിച്ചു—ലണ്ടനിൽ തെംസ് നദിക്കു കുറുകെ ഒരു കൽപ്പാലം. യൂറോപ്പിൽ ആദ്യമായി നിർമിക്കപ്പെട്ട കൽപ്പാലങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ അസാധാരണ പാലത്തിൽ കടകളും വീടുകളും ഒരു പള്ളിയും സ്ഥിതിചെയ്തിരുന്നു. കൂടാതെ പ്രതിരോധത്തിനായി പാലത്തിന്റെ തെക്കുവശത്ത് സൗത്ത്വർക്കിൽ ഒരു ഗോപുരവും ആവശ്യാനുസരണം ഉയർത്താവുന്ന രണ്ടു ‘ഡ്രോബ്രിഡ്ജു’കളും ഉണ്ടായിരുന്നു.
ഇംഗ്ലണ്ടിലെ ജോൺ രാജാവ് (1167-1216) 1215-ൽ തന്റെ വിഖ്യാതമായ മഹാപ്രമാണം (മാഗ്നകാർട്ട) മുദ്ര വെച്ചത് വിൻസറിന് സമീപം തെംസ് നദീതീരത്തുള്ള റണ്ണിമിഡ് എന്ന പുൽമൈതാനത്തുവെച്ചാണ്. ഈ രേഖപ്രകാരം ഇംഗ്ലീഷുകാരായ പൗരന്മാരുടെ സ്വാതന്ത്ര്യം മാത്രമല്ല ലണ്ടൻ നഗരത്തിന് അവകാശപ്പെട്ട സ്വാതന്ത്ര്യങ്ങളും അവിടുത്തെ വ്യവസായികൾക്ക് വാണിജ്യസ്വാതന്ത്ര്യവും ഉറപ്പുകൊടുക്കാൻ അദ്ദേഹം നിർബന്ധിതനായി. കൂടാതെ അവിടുത്തെ തുറമുഖവും വാണിജ്യാവശ്യങ്ങൾക്കായി സ്വതന്ത്രമാക്കപ്പെട്ടു.
തെംസ് നദി ഐശ്വര്യം കൊണ്ടുവരുന്നു
തുടർന്നുവന്ന നൂറ്റാണ്ടുകളിൽ തെംസ് നദിക്കരയിൽ വാണിജ്യം തഴച്ചുവളർന്നു. അങ്ങനെ അടിക്കടി മെച്ചപ്പെട്ടുകൊണ്ടിരുന്ന വാണിജ്യം ക്രമേണ ഈ നദിയുടെ സൗകര്യങ്ങളെ മറികടന്നു. 200 വർഷം മുമ്പ് തെംസ് നദിയുടെ തുറമുഖത്ത് 600 കപ്പലുകൾക്കു നങ്കൂരമടിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചിലപ്പോൾ 1775 കപ്പലുകൾ ചരക്ക് ഇറക്കാനായി അപ്പോൾ കാത്തുകിടപ്പുണ്ടാകുമായിരുന്നു. ഈ തിരക്കിന്റെ ഫലമായി കപ്പലിൽനിന്നു സാധനങ്ങൾ കളവുപോകുന്നത് സർവസാധാരണമായിത്തീർന്നു. രാത്രിയിൽ കള്ളന്മാർ കപ്പലുകൾ അവ ബന്ധിച്ചിട്ടിരുന്നിടത്തുനിന്നു വേർപെടുത്തിക്കൊണ്ടുപോയി കൊള്ളയടിക്കുക പതിവായിരുന്നു. ചെറിയ ബോട്ടുകളുള്ളവർ ഈ മോഷ്ടിച്ച ചരക്കുകൾ തെംസ് നദിയിലൂടെ
മറ്റു സ്ഥലങ്ങളിലേക്കു കടത്തുന്നത് ഒരു ജീവിതമാർഗമാക്കുകയും ചെയ്തു. ഈ പ്രശ്നത്തെ നേരിടുന്നതിനായി ലോകത്തിലെ ആദ്യത്തെ നദീ പോലീസ് സേനയ്ക്ക് ലണ്ടൻ രൂപം നൽകി. അത് ഇന്നും നിലവിലുണ്ട്.എന്നാൽ ആ തുറമുഖത്തെ തിരക്കു കുറയ്ക്കുന്നതിനു കൂടുതൽ നടപടികൾ എടുക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ നദിയുടെ ഇരുവശങ്ങളിലുമുള്ള താഴ്ന്ന തിട്ടുകൾ ഇടിച്ച് ലോകത്തിലെ കെട്ടിയടച്ച നൗകാശയങ്ങളുടെ ഏറ്റവും വലിയ സഞ്ചയം നിർമിക്കുന്നതിനു 19-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് പാർലമെന്റ് അനുമതി നൽകി. 1800-കളുടെ തുടക്കത്തിൽ സറി കൊമേർഷ്യൽ ഡോക്ക്സ്, ലണ്ടൻ ഡോക്ക്, വെസ്റ്റ് ആൻഡ് ഈസ്റ്റ് ഇന്ത്യാ ഡോക്ക്സ് എന്നീ നൗകാശയങ്ങളുടെ നിർമാണം പൂർത്തിയായി. അവയെത്തുടർന്ന് 1855-ൽ റോയൽ വിക്ടോറിയ ഡോക്കും 1880-ൽ റോയൽ ആൽബർട്ട് ഡോക്കും നിർമിക്കപ്പെട്ടു.
മാർക്ക് ഐ, ഇസംബാർഡ് കെ. ബ്രൂനെൽ എന്നീ രണ്ട് എഞ്ചിനീയർമാർ—അപ്പനും മകനും—1840-ൽ ലോകത്തിൽ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള തുരങ്കം നിർമിച്ചുകൊണ്ട് തെംസ് നദിയുടെ ഇരുകരകളും തമ്മിൽ ബന്ധിപ്പിച്ചു. 459 മീറ്റർ നീളമുള്ള ഈ തുരങ്കം ഗ്രെയ്റ്റർ ലണ്ടനിലെ ഭൂഗർഭ റെയിൽപ്പാതകളുടെ ഭാഗമായി ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ആധുനികകാലത്തെ വിനോദസഞ്ചാരികളുടെ ആകർഷണമായ ലണ്ടൻ ടവർ പാലം 1894-ൽ പൂർത്തിയായി. ഇതിന് ഇരട്ടപ്പാളികളുള്ള ഉയർത്താവുന്ന ഒരു ഭാഗവുമുണ്ട്. പാലത്തിന്റെ ഇരട്ട ഗോപുരങ്ങൾക്കിടയിലൂടെ വലിയ കപ്പലുകൾക്കു കടന്നുപോകുന്നതിനായി 76 മീറ്റർ വിസ്താരം സൃഷ്ടിക്കത്തക്കവിധം ആവശ്യാനുസരണം ഉയർത്താവുന്നവയാണ് ഈ പാളികൾ. ഏകദേശം 300 നടകൾ കയറുകയാണെങ്കിൽ നദിയിലെ കണ്ണഞ്ചിക്കുന്ന കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു നടപ്പാതയിൽ നിങ്ങൾ ചെന്നെത്തും.
20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലണ്ടനിലെ നൗകാശയസഞ്ചയത്തിന് അവിടത്തെ വർധിച്ച വാണിജ്യാവശ്യത്തിനായി എത്തുന്ന ആവിക്കപ്പലുകൾക്ക് ആവശ്യമായത്രയും സ്ഥലം ഉണ്ടായിരുന്നു. അവ വലുപ്പമേറിയവ ആയിരുന്നെന്നു മാത്രമല്ല അവയുടെ എണ്ണവും ഒന്നിനൊന്നു വർധിച്ചുവരുകയായിരുന്നു. ജോർജ്
അഞ്ചാമൻ രാജാവിന്റെ പേരു നൽകപ്പെട്ട, അവസാനത്തെ നൗകാശയം 1921-ൽ നിർമിച്ചപ്പോഴേക്കും, ലണ്ടൻ “ലോകത്തിലേക്കുംവെച്ചു വലുതും സമ്പന്നവുമായ തുറമുഖം” ആയിത്തീർന്നിരുന്നു.
കൊട്ടാരങ്ങൾക്കും രാജകുടുംബാംഗങ്ങൾക്കും ഘോഷയാത്രകൾക്കും ആതിഥ്യമരുളുന്ന നദി
ലണ്ടന്റെ വികസനഘട്ടങ്ങളിൽ, റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. സാധാരണഗതിയിൽ ശൈത്യകാലത്തു യാത്രചെയ്യാൻ പറ്റാത്തവിധം ദുർഘടമായ മൺപാതകൾ ആയിരുന്നു അവ. അതുകൊണ്ട് യാത്രയ്ക്കുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗം തെംസ് നദിയായിരുന്നു. വർഷങ്ങൾ കടന്നുപോകവേ, അതു വളരെ തിരക്കേറിയ ഒരു ജലവീഥിയായിത്തീർന്നു. യാത്രക്കാരെ നദിക്കു കുറുകെയോ മറ്റുദിശകളിലേക്കോ അല്ലെങ്കിൽ ‘ഫ്ളീറ്റ്,’ ‘വാൾബ്രൂക്ക്’ മുതലായ വളഞ്ഞുപുളഞ്ഞൊഴുകുന്ന പോഷകനദികളിലൂടെയോ—ഈ പേരുകൾ വഹിക്കുന്ന ലണ്ടൻ തെരുവുകൾക്കുകീഴിൽ ഇവ മൂടപ്പെട്ടുപോയിട്ട് ഇപ്പോൾ വളരെക്കാലമായിരിക്കുന്നു—കൊണ്ടുപോകുന്നതിനായി നദിക്കരയിലെ പടവുകളിൽ തിരക്കുകൂട്ടുന്ന കടത്തുകാരുടെ സുപരിചിതമായ “ഓർസ്!” “ഓർസ്!” എന്ന വിളി അവിടെയെങ്ങും മുഴങ്ങിക്കേട്ടിരുന്നു.
കാലക്രമേണ, ലണ്ടൻ കാഴ്ചയ്ക്ക് ഏറെയും വെനീസ് നഗരംപോലെ ആയിത്തീർന്നു. പ്രൗഢിയാർന്ന കൊട്ടാരക്കെട്ടുകളുടെ അങ്കണങ്ങളിൽനിന്നു പടവിറങ്ങിച്ചെല്ലുന്നത് നദിയിലേക്കായിരുന്നു. തെംസിന്റെ തീരങ്ങളിൽ വസിക്കുന്നത് രാജകുടുംബാംഗങ്ങളുടെ ഇടയിലെ ഒരു വലിയ ഫാഷൻ ആയിത്തീർന്നു. ഗ്രീൻവിച്ചിലും വൈറ്റ്ഹാളിലും വെസ്റ്റ്മിൻസ്റ്ററിലും ഉള്ള കൊട്ടാരങ്ങൾ ഇതിന്റെ തെളിവാണ്. അതുപോലെതന്നെ ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും വസതിയായിരുന്നു ഹാംപ്ടൺ കോർട്ട്; വിൻസർ കൊട്ടാരം ഇപ്പോഴും ഒരു രാജവസതിയായി തുടരുന്നു.
ഒരു രാജകീയ ജല വിനോദയാത്രയിൽ ജോർജ് ഒന്നാമൻ രാജാവിനു വേണ്ടി പാടുന്നതിനായി 1717-ൽ ജോർജ് ഫ്രിഡ്റിച്ച് ഹാൻഡെൽ ‘വാട്ടർ മ്യൂസിക്ക്’ എന്ന ഗാനം രചിച്ചു. “ഈ മുഴുനദിയും നിറയത്തക്ക അത്ര ബോട്ടുകൾ” രാജാവിന്റെ വർണാലങ്കൃതമായ ബോട്ടിന് അകമ്പടി സേവിച്ചെന്ന് അന്നത്തെ ഒരു വർത്തമാനപ്പത്രം റിപ്പോർട്ടുചെയ്തു. വെസ്റ്റ്മിൻസ്റ്ററിൽനിന്ന് ചെൽസിയിലേക്കുള്ള എട്ടു കിലോമീറ്റർ പര്യടനത്തിനിടയിൽ രാജാവിന്റെ ബോട്ടിന് തൊട്ടടുത്ത ബോട്ടിൽ സഞ്ചരിച്ചിരുന്ന 50 സംഗീതജ്ഞർ ഹാൻഡെൽ രചിച്ച ഗാനം മൂന്നുവട്ടം പാടി.
ഉല്ലാസവും നേരമ്പോക്കും സമ്മാനിക്കുന്ന ഒരു നദി
1740-കളിൽ വെസ്റ്റ്മിൻസ്റ്റർ പാലം നിർമിക്കുന്നതുവരെ തെംസ് നദി കാൽനടയായി കുറുകെ കടക്കാനുള്ള ഏകമാർഗം ലണ്ടൻപാലം ആയിരുന്നു. ഇതു പിന്നീട് പുനർനിർമിക്കപ്പെടുകയും അവസാനം 1820-കളിൽ തത്സ്ഥാനത്തു മറ്റൊന്നു പണിയുകയും ചെയ്തു. കല്ലുകൊണ്ടു നിർമിച്ച ലണ്ടൻപാലത്തിന്റെ 19 ആർച്ചുകളെ താങ്ങിയിരുന്ന തൂണുകൾ നദിയുടെ ഒഴുക്കിനെ ഗണ്യമായി തടസ്സപ്പെടുത്തിയിരുന്നു. തത്ഫലമായി, ഈ പാലം നിലവിലുണ്ടായിരുന്ന ഏകദേശം 600 വർഷത്തിനിടയിൽ എട്ടു പ്രാവശ്യമെങ്കിലും തെംസ് നദി തണുത്തുറഞ്ഞിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ഈ ഐസിനുമീതെ വലിയ മേളകൾ സംഘടിപ്പിച്ച് പല കളികളും നടത്താറുണ്ടായിരുന്നു. കാളകളെ അവിടെവെച്ചു പൊരിച്ച് രാജകുടുംബാംഗങ്ങൾ തിന്നുന്ന കാഴ്ചയും കാണാമായിരുന്നു. “തെംസ് നദിയിൽനിന്നു വാങ്ങിയത്” എന്ന ലേബലോടു കൂടിയ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ചെറിയ പത്രങ്ങളും കർത്താവിന്റെ പ്രാർഥന പോലും തണുത്തുറഞ്ഞ നദിയിൽ സ്ഥാപിച്ച പ്രസ്സുകളിൽവെച്ച് അച്ചടിച്ചു.
‘യൂണിവേഴ്സിറ്റി വള്ളംകളി’ ആധുനിക കാലത്തെ വാർഷിക വസന്തകാല സവിശേഷതയായിത്തീർന്നിരിക്കുന്നു. ഇത് ഓക്സ്ഫോർഡിലെയും കേംബ്രിഡ്ജിലെയും സർവകലാശാലകൾ തമ്മിൽ നടക്കുന്ന ഒരു മത്സരമാണ്. 20 മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ഏഴു കിലോമീറ്ററോളം തുഴയുന്ന എട്ടംഗസംഘങ്ങളെ ആർത്തുവിളിച്ച് പ്രോത്സാഹിപ്പിക്കുന്നതിനായി തെംസിന്റെ ഇരുകരകളിലും പറ്റ്നിമുതൽ മോർട്ട്ലെയ്ക്കുവരെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ അണിനിരക്കുന്നു. ആദ്യത്തെ വള്ളംകളി മത്സരം നടന്നത് 1829-ൽ നദിയുടെ ഉത്ഭവസ്ഥാനത്തോടു കുറച്ചുകൂടി അടുത്തുള്ള ഹെൻലിയിൽവെച്ചായിരുന്നു. എന്നാൽ പിന്നീട് ഇത് നദിയുടെ താഴെഭാഗത്തേക്കു മാറിയതോടെ, ഹെൻലി പട്ടണം അതിന്റേതായ രാജകീയ വള്ളംകളിക്കു രൂപം നൽകി. ഇത് യൂറോപ്പിലെ ഇത്തരത്തിലുള്ള ഏറ്റവും പുരാതനവും കീർത്തികേട്ടതുമായ വള്ളംകളിയാണ്. ലോകത്തിലെ ഏറ്റവും മികച്ച തുഴക്കാർ—ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും—പങ്കെടുക്കുന്നതാണ് ഏകദേശം 1,600 മീറ്റർ ദൂരം തുഴയുന്ന ഈ വള്ളംകളി. ഇത് ഇപ്പോൾ ജനപ്രീതിയാർജിച്ച ഒരു വേനൽക്കാല സാമൂഹിക പരിപാടി ആയിത്തീർന്നിരിക്കുന്നു.
ബ്രിട്ടനെപ്പറ്റിയുള്ള ഒരു പുസ്തകം പറയുന്നതനുസരിച്ച് തെംസ് നദി “ഇംഗ്ലണ്ടിലെ നാട്ടിൻപുറങ്ങളുടെ പ്രത്യേകതയായ ഉയരംകുറഞ്ഞ കുന്നുകളും മരക്കാടുകളും പുൽത്തകിടികളും ഗ്രാമീണവസതികളും കൊച്ചുപട്ടണങ്ങളും താണ്ടി ഒഴുകുമ്പോൾ പലവിധമായ ഉല്ലാസങ്ങൾ സമ്മാനിക്കുന്നു. ഈ നദിയുടെ സമീപത്തുകൂടെ ദീർഘദൂരം റോഡുകളില്ല; വള്ളങ്ങൾ വലിച്ചുകൊണ്ടുപോകുന്ന മൃഗങ്ങൾക്കുള്ള നടപ്പാതകൾ മാത്രമേയുള്ളൂ. വാഹനയാത്രക്കാർ പട്ടണങ്ങളിൽ നദീതീരത്തുകൂടെ സഞ്ചരിക്കവേ ഇതിന്റെ മനോഹാരിതയെ പുകഴ്ത്തിയേക്കാമെങ്കിലും തെംസ് നദിയുടെ പ്രശാന്തമായ സൗന്ദര്യം പൂർണമായി ആസ്വദിക്കാൻ കാൽനടയായോ ബോട്ടിലോതന്നെ യാത്രചെയ്യണം.”
നിങ്ങൾ ഇംഗ്ലണ്ടിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടോ? എങ്കിൽ തെംസ് നദിയിലൂടെ ഒരു പര്യടനം നടത്തുക; അതിന്റെ ചരിത്രം അൽപ്പമൊന്നു രുചിച്ചറിയുക. ഈ നദിയുടെ ഗ്രാമീണസൗന്ദര്യം തുടിക്കുന്ന പ്രഭവസ്ഥാനംമുതൽ തിരക്കേറിയ നദീമുഖംവരെ വളരെയധികം കാണാനും ചെയ്യാനും പഠിക്കാനും ഉണ്ട്. ‘ഓൾഡ് ഫാദർ തെംസ്’ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
[അടിക്കുറിപ്പ്]
a ലണ്ടൻ എന്ന പേര് ലോണ്ടിൻയും എന്ന ലത്തീൻ പദത്തിൽനിന്നുള്ളതാണെങ്കിലും ഇവ രണ്ടും, കൂട്ടിവായിച്ചാൽ “തടാകക്കരയിലെ പട്ടണം [അല്ലെങ്കിൽ കോട്ട]” എന്ന് അർഥം വരുന്ന ലിൻ, ഡിൻ എന്നീ കെൽറ്റിക് പദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞവയാകാം.
[27-ാം പേജിലെ ചതുരം]
തെംസ് നദിയും സാഹിത്യവും
ത്രീ മെൻ ഇൻ എ ബോട്ട് എന്ന തന്റെ പുസ്തകത്തിൽ ജെറോം കെ. ജെറോം തെംസ് നദിയുടെ ഉന്മേഷദായകമായ ചുറ്റുപാടുകളെ അതേപടി വർണിച്ചിട്ടുണ്ട്. ഹാംപ്ടൺ കോർട്ട്മുതൽ ഓക്സ്ഫോർഡ്വരെ വള്ളം തുഴഞ്ഞ് തങ്ങളുടെ വളർത്തുനായയുമൊത്ത് ഒരു അവധിക്കാലയാത്ര നടത്തിയ മൂന്നു സുഹൃത്തുക്കളെപ്പറ്റിയാണ് ഇതിൽ പറയുന്നത്. 1889-ൽ എഴുതി, വിപുലമായി വിവർത്തനം ചെയ്യപ്പെട്ട ഇത് ജനപ്രീതിയാർജിച്ച ഒരു “ഉത്തമ ഹാസ്യകൃതി”യായി ഇപ്പോഴും നിലകൊള്ളുന്നു.
കുട്ടികളും മുതിർന്നവരും ഒരേപോലെ ആസ്വദിക്കുന്ന പേരുകേട്ട മറ്റൊരു കഥയാണ് ദ വിൻഡ് ഇൻ ദ വിലോസ്. തെംസ് നദീതീരത്തെ പാങ്ങ്ബൺ പട്ടണത്തിൽ വസിച്ചിരുന്ന കെന്നത്ത് ഗ്രേയം 1908-ൽ പൂർത്തിയാക്കിയ ഇത് ആ നദീതീരത്തും സമീപത്തും ജീവിക്കുന്ന മൃഗങ്ങളെപ്പറ്റിയുള്ള സങ്കൽപ്പകഥയാണ്.
[27-ാം പേജിലെ ചതുരം/ചിത്രം]
തെംസ് നദിയും ഒരു രാജാവും
17-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്തു വാഴ്ചനടത്തിയിരുന്ന ജെയിംസ് ഒന്നാമൻ രാജാവ് ഒരിക്കൽ ലണ്ടൻ കോർപ്പറേഷനിൽനിന്നു 20,000 പൗണ്ട് ആവശ്യപ്പെട്ടു. മേയർ വിസമ്മതിച്ചപ്പോൾ രാജാവ് ഇങ്ങനെ ഭീഷണി മുഴക്കി: “ഞാൻ നിന്നെയും നിന്റെ നഗരത്തെയും എന്നേക്കുമായി നശിപ്പിക്കും. എന്റെ നിയമകോടതികളും രാജവസതിയും പാർലമെന്റും ഞാൻ വിൻചെസ്റ്ററിലേക്കോ ഓക്സ്ഫോർഡിലേക്കോ മാറ്റും. ഈ വെസ്റ്റ്മിൻസ്റ്റർ ഞാനൊരു തരിശുഭൂമിയാക്കും; അപ്പോൾ കാണാം നിന്റെ അവസ്ഥ!” മേയറുടെ മറുപടി എന്തായിരുന്നെന്നോ? “ലണ്ടനിലെ വ്യാപാരികൾക്ക് എപ്പോഴും ആശ്വസിക്കാൻ ഒന്നുണ്ടാകും: തെംസ് നദിയെ കൂടെക്കൊണ്ടുപോകാൻ അങ്ങേക്കാവില്ലല്ലോ.”
[കടപ്പാട്]
From the book Ridpath’s History of the World (Vol.VI)
[24-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഇംഗ്ലണ്ട്
ലണ്ടൻ
തെംസ് നദി
[കടപ്പാട്]
ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[24, 25 പേജുകളിലെ ചിത്രം]
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള ബിഗ്ബെന്നും പാർലമെന്റ് മന്ദിരവും
[25-ാം പേജിലെ ചിത്രം]
കല്ലുകൊണ്ടു നിർമിച്ച ലണ്ടൻ പാലം, 1756
[കടപ്പാട്]
From the book Old and New London: A Narrative of Its History, Its People, and Its Places (Vol. II)
[26-ാം പേജിലെ ചിത്രം]
തെംസ് നദിയും നൂറു കണക്കിനു കപ്പലുകൾ നങ്കൂരമടിച്ചിരിക്കുന്നതും ചിത്രീകരിക്കുന്ന 1803-ലെ ഒരു കൊത്തുപണി
[കടപ്പാട്]
Corporation of London, London Metropolitan Archive
[26, 27 പേജുകളിലെ ചിത്രം]
തണുത്തുറഞ്ഞ നദിയിൽ 1683-ൽ നടന്ന മേളയുടെ കൊത്തുപണി
[കടപ്പാട്]
From the book Old and New London: A Narrative of Its History, Its People, and Its Places (Vol. III)