തീർഥാടകരും പ്യൂരിറ്റന്മാരും അവർ ആരായിരുന്നു?
തീർഥാടകരും പ്യൂരിറ്റന്മാരും അവർ ആരായിരുന്നു?
വടക്കേ അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള പ്ലിമത്ത് പട്ടണത്തിന്റെ കടൽത്തീരത്ത് 1620 എന്ന് ആലേഖനംചെയ്ത ഒരു വലിയ കല്ലു കാണാൻ കഴിയും. പ്ലിമത്ത് ശില എന്നാണ് അത് അറിയപ്പെടുന്നത്. ഏകദേശം 400 വർഷംമുമ്പ് ഒരു സംഘം യൂറോപ്യന്മാർ വന്നിറങ്ങിയ സ്ഥലത്തിനു സമീപമായിട്ടാണ് അതു കിടക്കുന്നതെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. തീർഥാടകർ അല്ലെങ്കിൽ തീർഥാടക പിതാക്കളെന്ന് അവർ അറിയപ്പെടുന്നു.
സുഹൃത്തുക്കളായ തദ്ദേശ അമേരിക്കക്കാരെ വിളവെടുപ്പു കാലത്തെ സമൃദ്ധമായ വിരുന്നുകൾക്കു ക്ഷണിക്കുന്ന അതിഥിപ്രിയരായ തീർഥാടകരെപ്പറ്റിയുള്ള കഥകൾ പലർക്കും അറിയാം. എന്നാൽ ആരായിരുന്നു തീർഥാടകർ? അവർ എന്തിനാണു വടക്കേ അമേരിക്കയിലേക്കു പോയത്? ഉത്തരങ്ങൾക്കായി നമുക്ക് ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവിന്റെ കാലത്തേക്കു മടങ്ങിപ്പോകാം.
ഇംഗ്ലണ്ടിൽ മതപരമായ പ്രക്ഷോഭങ്ങൾ
തീർഥാടകർ അമേരിക്കയിലേക്കു പുറപ്പെടുന്നതിന് ഏതാണ്ട് 100 വർഷം മുമ്പ് ഇംഗ്ലണ്ട് ഒരു റോമൻ കത്തോലിക്കാ രാജ്യമായിരുന്നു. ഹെൻറി എട്ടാമൻ രാജാവിന് വിശ്വാസ രക്ഷകൻ എന്ന സ്ഥാനപ്പേരും പോപ്പ് നൽകിയിരുന്നു. എന്നാൽ ഹെൻറിക്ക് ആരഗോണിലെ കാതറിനുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പോപ്പ് ക്ലെമന്റ് ഏഴാമൻ അനുവാദം നൽകാതിരുന്നതോടെ ഒരു വിടവു രൂപംകൊണ്ടു. രാജാവിന്റെ ആറു ഭാര്യമാരിൽ ആദ്യത്തവളായിരുന്നു കാതറിൻ.
ഹെൻറിയെ കുടുംബപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്ന സമയത്ത്, യൂറോപ്പിൽ പലയിടത്തും പ്രൊട്ടസ്റ്റന്റ് മതനവീകരണം റോമൻ കത്തോലിക്കാ സഭയിൽ പ്രക്ഷോഭം സൃഷ്ടിക്കുകയായിരുന്നു. സഭ നൽകിയ പദവി നഷ്ടപ്പെടുത്താൻ വിമുഖത ഉണ്ടായിരുന്നതിനാൽ ഹെൻറി തുടക്കത്തിൽ നവീകരണക്കാരെ ഇംഗ്ലണ്ടിൽനിന്ന് അകറ്റിനിറുത്തി. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ മനസ്സുമാറി. തന്റെ വിവാഹമോചനത്തിനു കത്തോലിക്കാ സഭ അനുമതി നൽകാതിരുന്നതുകൊണ്ട് ഹെൻറി സഭയുടെ അധികാരത്തെ തള്ളിക്കളഞ്ഞു. 1534-ൽ അദ്ദേഹം ഇംഗ്ലീഷുകാരായ കത്തോലിക്കരുടെമേലുള്ള പോപ്പിന്റെ ആധിപത്യം അവസാനിപ്പിക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധികാരമുള്ള തലവനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹം സന്യാസിമഠങ്ങൾ അടച്ചുപൂട്ടുകയും അവയുടെ അളവറ്റ സ്വത്ത് വിൽക്കുകയും ചെയ്തു. 1547-ൽ ഹെൻറി മരിക്കുമ്പോൾ, ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റ്ന്റ് രാജ്യമാകുന്നതിന്റെ പരിണാമദശയിലായിരുന്നു.
ഹെൻറിയുടെ മകൻ എഡ്വേർഡ് ആറാമനും തന്റെ പിതാവിനെപ്പോലെ റോമുമായി അകലം പാലിച്ചു. 1553-ൽ എഡ്വേർഡിന്റെ മരണശേഷം ഹെൻറിക്ക് ആരഗോണിലെ കാതറിനിലുണ്ടായ മകൾ മേരി രാജ്ഞിയായി. റോമൻ കത്തോലിക്കാ വിശ്വാസിയായ മേരി രാജ്യത്തെ പോപ്പിന്റെ അധികാരത്തിൻ കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചു. അവർ അനേകം പ്രൊട്ടസ്റ്റന്റുകാരെ നാടുകടത്തുകയും 300-ലധികം ആളുകളെ സ്തംഭത്തിലേറ്റി ചുട്ടെരിച്ചു കൊല്ലുകയും ചെയ്തു. അങ്ങനെ അവർ തനിക്കായി രക്തദാഹിയായ മേരി എന്ന പേരു സമ്പാദിച്ചു. എന്നാൽ മാറ്റത്തിന്റെ അലകളെ തടുക്കാൻ
അവർക്കായില്ല. 1558-ൽ മേരി മരണമടഞ്ഞതിനെ തുടർന്ന് അവരുടെ പിന്തുടർച്ചാവകാശിയും അർധസഹോദരിയും ആയ എലിസബെത്ത് ഒന്ന് രാജ്ഞിയായി. ഇംഗ്ലീഷുകാരുടെ മതജീവിതത്തിൽ പോപ്പിന് മേലാൽ യാതൊരു സ്വാധീനവുമുണ്ടായിരിക്കുകയില്ലെന്ന് എലിസബെത്ത് ഉറപ്പുവരുത്തി.റോമിലെ സഭയിൽനിന്നും കേവലം വേർപെട്ടാൽ മാത്രം പോരാ അതിന്റെ എല്ലാ കണികകളും നീക്കിക്കളയണമെന്നു ചില പ്രൊട്ടസ്റ്റന്റുകാർക്കു തോന്നി. സഭയുടെ ആരാധനാരീതിയെ ശുദ്ധീകരിക്കണമെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ അവർ പ്യൂരിറ്റന്മാർ എന്നറിയപ്പെടാൻ ഇടയായി. ബിഷപ്പുമാരുടെ ആവശ്യമില്ലെന്നും ഓരോ ആരാധകസംഘവും ദേശീയ സഭയിൽനിന്നു വേറിട്ട് അതിന്റെ ഭരണം സ്വയം നിർവഹിക്കണമെന്നും ഉള്ള അഭിപ്രായമായിരുന്നു ഈ പ്യൂരിറ്റന്മാരിൽ ചിലർക്ക്. അവരാകട്ടെ വേർപാടുകാർ എന്നറിയപ്പെട്ടു.
വ്യവസ്ഥാപിത സഭയെ വിമർശിച്ച പ്യൂരിറ്റന്മാർ പരസ്യമായി രംഗത്തു വന്നത് എലിസബെത്തിന്റെ ഭരണകാലത്താണ്. ചില പുരോഹിതന്മാരുടെ അനൗപചാരിക രീതിയിലുള്ള വസ്ത്രധാരണം രാജ്ഞിയെ ചൊടിപ്പിച്ചു. 1564-ൽ കാന്റർബറിയിലെ ആർച്ച്ബിഷപ്പിനോടു പുരോഹിതന്മാരുടെ വസ്ത്രധാരണരീതിക്ക് ഒരു നിലവാരം നിഷ്കർഷിക്കാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ കത്തോലിക്കാ പുരോഹിതന്മാരുടെ വസ്ത്രധാരണരീതിയിലേക്കുള്ള മടങ്ങിപ്പോക്ക് മുൻകൂട്ടിക്കണ്ട പ്യൂരിറ്റന്മാർ അത് അനുസരിക്കാൻ വിസമ്മതിച്ചു. ബിഷപ്പുമാരുടെയും ആർച്ച്ബിഷപ്പുമാരുടെയും അധികാര ശ്രേണി സംബന്ധിച്ചും വിവാദങ്ങൾ ഉയർന്നുവന്നു. എലിസബെത്ത് ബിഷപ്പുമാരെ നിലനിറുത്തുകയും എന്നാൽ സഭയുടെ മേലധികാരിയായി തന്നെ അംഗീകരിച്ചുകൊണ്ട് അവർ തന്നോടുള്ള കൂറു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വേർപാടുകാരിൽനിന്നും തീർഥാടകരിലേക്ക്
എലിസബെത്തിനു ശേഷം 1603-ൽ ജെയിംസ് ഒന്നാമൻ സിംഹാസനത്തിന് അവകാശിയായി. തന്റെ അധികാരത്തിനു കീഴ്പെടാൻ വേർപാടുകാരുടെമേൽ അദ്ദേഹം അങ്ങേയറ്റം സമ്മർദം ചെലുത്തി. 1608-ൽ സ്ക്രൂബി പട്ടണത്തിലെ ഒരു വേർപാടു സഭയിലെ അംഗങ്ങൾ ഹോളണ്ടിലേക്കു പലായനം ചെയ്തു. ഹോളണ്ട് അനുവദിച്ചിരുന്ന സ്വാതന്ത്ര്യത്തിൽനിന്നും പ്രയോജനം അനുഭവിക്കുന്നതിനു വേണ്ടിയായിരുന്നു അവർ അവിടേക്കു പോയത്. എന്നിരുന്നാലും കാലാന്തരത്തിൽ മറ്റു മതങ്ങളോടുള്ള ഡച്ചുകാരുടെ സഹിഷ്ണുതയും അവരുടെ കുത്തഴിഞ്ഞ ധാർമികതയും വേർപാടുകാരിൽ ഇംഗ്ലണ്ടിലായിരുന്നപ്പോൾ അനുഭവപ്പെട്ടതിനെക്കാൾ കൂടുതൽ അസ്വസ്ഥതയുളവാക്കി. യൂറോപ്പ് വിടാനും വടക്കേ അമേരിക്കയിൽ ചെന്ന് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവർ തീരുമാനിച്ചു. തങ്ങളുടെ വിശ്വാസങ്ങൾക്കുവേണ്ടി സ്വദേശം വിട്ട് ദൂരേക്കു പോകാൻ വേർപാടുകാരുടെ ഈ സംഘം സന്നദ്ധരായതിനാൽ പിൽക്കാലത്ത് അവർ തീർഥാടകർ എന്ന് അറിയപ്പെടാൻ ഇടയായി.
ബ്രിട്ടീഷ് കോളനിയായ വിർജിനിയയിൽ താമസമുറപ്പിക്കാൻ അനുവാദം നേടിയെടുത്ത അനേകം വേർപാടുകാർ ഉൾപ്പെടെയുള്ള തീർഥാടകർ 1620 സെപ്റ്റംബറിൽ മേഫ്ളവർ എന്ന കപ്പലിൽ വടക്കേ അമേരിക്കയിലേക്കു പുറപ്പെട്ടു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ഏകദേശം 100 പേർ, പ്രക്ഷുബ്ധമായ ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ രണ്ടു മാസം ചെലവഴിച്ചതിനു ശേഷം വിർജിനിയയ്ക്കു വടക്ക് വളരെ അകലെയായി (ഏകദേശം 800 കി.മീ.) സ്ഥിതിചെയ്യുന്ന കേപ് കോഡിൽ എത്തിച്ചേർന്നു. അവിടെവെച്ച് അവർ മേഫ്ളവർ ഉടമ്പടി എഴുതിയുണ്ടാക്കി. ഒരു സമൂഹം കെട്ടിപ്പടുക്കാനും അതിന്റെ നിയമങ്ങൾക്കു വിധേയരാകാനുമുള്ള അവരുടെ ആഗ്രഹം പ്രകടമാക്കുന്ന ഒരു രേഖയായിരുന്നു അത്. 1620 ഡിസംബർ 21-ാം തീയതി അവർ സമീപത്തുള്ള പ്ലിമത്തിൽ കോളനി സ്ഥാപിച്ചു.
‘നവ ലോക’ത്തിൽ ജീവിതം ആരംഭിക്കുന്നു
ശൈത്യകാലം നേരിടാൻ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് അഭയാർഥികൾ വടക്കേ അമേരിക്കയിൽ എത്തിച്ചേർന്നത്. മാസങ്ങൾക്കകം സംഘത്തിലെ പകുതി പേരും മരണമടഞ്ഞു. എന്നിരുന്നാലും വസന്തകാലമായപ്പോഴേക്കും അവർക്ക് ആശ്വാസം കൈവന്നു. അതിജീവകർ ആവശ്യമായ വീടുകൾ നിർമിക്കുകയും തദ്ദേശീയരായ അമേരിക്കക്കാരിൽനിന്നു നാടൻ ഭക്ഷ്യവിളകൾ കൃഷിചെയ്യുന്ന വിധം പഠിക്കുകയും ചെയ്തു. 1621-ലെ ശരത്കാലമായപ്പോഴേക്കും വളരെയധികം സമൃദ്ധി കൈവരിച്ചിരുന്ന തീർഥാടകർ തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾക്കുവേണ്ടി ദൈവത്തോടു നന്ദി പറയാൻ സമയം നീക്കിവെച്ചു. അതിൽനിന്നാണ് ഐക്യനാടുകളിലും മറ്റു സ്ഥലങ്ങളിലും ഇന്ന് ആഘോഷിക്കപ്പെടുന്ന കൃതജ്ഞതാ പ്രകടന ദിനം രൂപംകൊണ്ടത്. കൂടുതൽ കുടിയേറ്റക്കാർ എത്തിച്ചേർന്നതോടെ, 15 വർഷംപോലും ആകുന്നതിനുമുമ്പെ പ്ലിമത്തിലെ ജനസംഖ്യ 2,000 കവിഞ്ഞു.
ഇതിനിടെ, വേർപാടുകാരെപ്പോലെ ഇംഗ്ലണ്ടിലെ ചില പ്യൂരിറ്റന്മാരും തങ്ങളുടെ “വാഗ്ദത്ത ഭൂമി” അറ്റ്ലാന്റിക് സമുദ്രത്തിന് അക്കരെയാണെന്നു വിശ്വസിച്ചു. 1630-ൽ അവരുടെ ഒരു സംഘം പ്ലിമത്തിന്റെ വടക്കുള്ള ഒരു സ്ഥലത്തു വന്നിറങ്ങുകയും ‘മസാച്ചുസെറ്റ്സ് ഉൾക്കടൽ കോളനി’ സ്ഥാപിക്കുകയും ചെയ്തു. 1640 ആയപ്പോഴേക്കും ന്യൂ ഇംഗ്ലണ്ടിൽ ഏകദേശം 20,000 ഇംഗ്ലീഷ് കുടിയേറ്റക്കാർ താമസിക്കുന്നുണ്ടായിരുന്നു. ‘മസാച്ചുസെറ്റ്സ് ഉൾക്കടൽ കോളനി’ 1691-ൽ പ്ലിമത്ത് കോളനിയുടെ നിയന്ത്രണം
ഏറ്റെടുത്തതിനു ശേഷം, വേർപാടുകാരായ തീർഥാടകർ മേലാൽ അത്രയൊന്നും വേർപെട്ടവരായിരുന്നില്ല. ഈ സമയത്ത് പ്യൂരിറ്റന്മാർ ന്യൂ ഇംഗ്ലണ്ടിലെ മതജീവിതത്തിന്മേൽ ആധിപത്യം പുലർത്തിയിരുന്നതിനാൽ ആ പ്രദേശത്തെ ആത്മീയ സിരാകേന്ദ്രമായി മാറി ബോസ്റ്റൺ. അവർ എങ്ങനെയാണ് തങ്ങളുടെ ആരാധന നിർവഹിച്ചിരുന്നത്?പ്യൂരിറ്റന്മാരുടെ ആരാധന
‘നവ ലോക’ത്തിൽ എത്തിച്ചേർന്ന പ്യൂരിറ്റന്മാർ ആദ്യം തടികൊണ്ട് യോഗമന്ദിരങ്ങൾ പണിതു. ഞായറാഴ്ച രാവിലെതോറും അവർ അവിടെ കൂടിവന്നു. അനുകൂലമായ കാലാവസ്ഥയിൽ അകത്തെ സാഹചര്യങ്ങൾ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും ശൈത്യകാലത്തു നടത്തപ്പെട്ട ശുശ്രൂഷകൾ പ്യൂരിറ്റന്മാരിൽ ഏറ്റവും കരുത്തരായവരുടെപോലും സഹിഷ്ണുതയെ പരിശോധിക്കുന്നതായിരുന്നു. യോഗമന്ദിരങ്ങളിൽ ചൂടുപകരാനുള്ള സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ തണുത്തുവിറച്ചിരുന്ന സഭാംഗങ്ങൾ മരവിച്ച അവസ്ഥയിലാകുമായിരുന്നു. പ്രഭാഷണത്തിനിടയിൽ കൈകൊണ്ട് ആംഗ്യങ്ങൾ കാണിച്ചിരുന്ന പ്രസംഗകർ മരവിപ്പിക്കുന്ന തണുപ്പിൽനിന്നും തങ്ങളുടെ കൈകളെ സംരക്ഷിക്കാനായി മിക്കപ്പോഴും പ്രത്യേകതരം കൈയുറകൾ ധരിച്ചിരുന്നു.
ഫ്രഞ്ച് പ്രൊട്ടസ്റ്റ്ന്റ് പരിഷ്കരണവാദിയായ ജോൺ കാൽവിന്റെ ഉപദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു പ്യൂരിറ്റന്മാരുടെ വിശ്വാസങ്ങൾ. അവർ മുൻനിർണയം എന്ന ഉപദേശം സ്വീകരിക്കുകയും ആരെയൊക്കെ രക്ഷിക്കണം, ആരെയൊക്കെ നരകാഗ്നിയിലിട്ടു നിത്യമായി ദണ്ഡിപ്പിക്കണം എന്ന് ദൈവം മുൻനിർണയിച്ചിരിക്കുന്നതായി വിശ്വസിക്കുകയും ചെയ്തു. അവരുടെ വിശ്വാസം അനുസരിച്ച് എന്തൊക്കെ ചെയ്താലും, മനുഷ്യർക്കു ദൈവമുമ്പാകെയുള്ള തങ്ങളുടെ നിലയ്ക്കു മാറ്റം വരുത്താൻ സാധിക്കുകയില്ല. മരണത്തിങ്കൽ താൻ സ്വർഗത്തിന്റെ സുഖശീതളമായ ഇളങ്കാറ്റ് ആസ്വദിക്കുമോ അതോ ഒരു വിളക്കിന്റെ തിരിപോലെ എന്നേക്കും എരിഞ്ഞുകൊണ്ടിരിക്കുമോയെന്ന് ഒരു വ്യക്തി അറിയുന്നില്ല.
കാലാന്തരത്തിൽ, പ്യൂരിറ്റൻ ശുശ്രൂഷകർ മാനസാന്തരത്തെപ്പറ്റി പ്രസംഗിക്കാൻ തുടങ്ങി. ദൈവം കാരുണ്യവാനാണെങ്കിലും അവന്റെ നിയമങ്ങൾ അനുസരിക്കാത്തവർ നേരേ നരകത്തിലേക്കാണു പോകുന്നതെന്ന് അവർ മുന്നറിയിപ്പു നൽകി. ആളുകളെ നിയമങ്ങൾ അനുസരിക്കുന്നവരാക്കി നിറുത്തുന്നതിന് ആ പ്രസംഗകർ നരകാഗ്നി കെടാതെ സൂക്ഷിക്കുകയും എപ്പോഴും അതിനെ ചൂടുള്ളതാക്കി നിലനിറുത്തുകയും ചെയ്തു. 18-ാം നൂറ്റാണ്ടിലെ ഒരു മതപ്രഭാഷകനായിരുന്ന ജോനാഥൻ എഡ്വേർഡ്സ് ഒരിക്കൽ “കുപിതനായ ഒരു ദൈവത്തിന്റെ കൈകളിലെ പാപികൾ” എന്ന വിഷയത്തെപ്പറ്റി പ്രസംഗിച്ചു. നരകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വർണനകൾ അത്രയ്ക്കു ഭയാനകമായിരുന്നതിനാൽ ആ പ്രസംഗം കേട്ടു സംഭ്രമിച്ചുപോയ സഭാംഗങ്ങൾക്കു മറ്റു പുരോഹിതന്മാർ വൈകാരിക സഹായം നൽകേണ്ടതായിപ്പോലും വന്നു.
പുറത്തുനിന്നും മസാച്ചുസെറ്റ്സിലെത്തി പ്രസംഗിച്ച സുവിശേഷകരുടെ കാര്യം അപകടത്തിലായിരുന്നു. സുഹൃദ്സംഘം എന്നറിയപ്പെടുന്ന ക്രിസ്തീയ സഭയിലെ ഒരു പ്രസംഗകയായിരുന്ന മേരി ഡയറിനെ മൂന്നു പ്രാവശ്യം അധികാരികൾ ബഹിഷ്കരിച്ചു; എന്നാൽ അവർ ഓരോ പ്രാവശ്യവും മടങ്ങിവന്ന് തന്റെ വിശ്വാസങ്ങളെപ്പറ്റി പ്രസംഗിച്ചു. 1660 ജൂൺ 1-ാം തീയതി ബോസ്റ്റണിൽവെച്ച് അവർ മേരിയെ തൂക്കിക്കൊന്നു. പ്യൂരിറ്റൻ നേതാക്കൾ തങ്ങളുടെ എതിരാളികളെ എത്ര വൈരാഗ്യബുദ്ധിയോടെയാണു കൈകാര്യം ചെയ്യുന്നതെന്നു ഫിലിപ്പ് റാറ്റ്ക്ലിഫ് മറന്നുപോയിട്ടുണ്ടാവണം. കാരണം ഗവൺമെന്റിനും സെയ്ലം സഭയ്ക്കും
എതിരായി പ്രസംഗിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ചാട്ടവാറുകൊണ്ട് അടിക്കുകയും അദ്ദേഹത്തിനു പിഴ ചുമത്തുകയും ചെയ്തു. ഇതൊക്കെ എന്നുമെന്നും ഓർക്കാനായി വിട്ടയയ്ക്കുന്നതിനു മുമ്പ് അവർ അദ്ദേഹത്തിന്റെ ചെവികൾ മുറിച്ചുമാറ്റി. പ്യൂരിറ്റന്മാരുടെ അസഹിഷ്ണുത ആളുകൾ മസാച്ചുസെറ്റ്സ് വിട്ടുപോകുന്നതിന് ഇടയാക്കുകയും മറ്റു കോളനികളുടെ വളർച്ചയ്ക്കു സംഭാവന ചെയ്യുകയും ചെയ്തു.അഹംഭാവം അക്രമത്തിൽ കലാശിക്കുന്നു
തങ്ങൾ ദൈവത്താൽ ‘തിരഞ്ഞെടുക്കപ്പെട്ടവരാണ്’ എന്നു കരുതിയിരുന്നതിനാൽ പല പ്യൂരിറ്റന്മാരും തദ്ദേശീയരെ അനധികൃതമായി ഭൂമി കയ്യേറിയിരിക്കുന്ന നികൃഷ്ട ജീവികളായി കണക്കാക്കി. ഈ മനോഭാവം നീരസം ആളിക്കത്തിച്ചു. തദ്ദേശവാസികളായ ചിലർ ആക്രമണം നടത്താനും തുടങ്ങി. അതുകൊണ്ട് ആരാധനാസ്ഥലത്തേക്കു പോകുമ്പോൾ തോക്കും കൂടെ കരുതാൻ ആളുകളെ അനുവദിക്കുന്ന വിധത്തിൽ ശബത്ത് ഉൾപ്പെടുന്ന നിയമങ്ങൾക്കു പ്യൂരിറ്റൻ നേതാക്കൾ അയവു വരുത്തി. പിന്നീട് 1675-ൽ രംഗം കൂടുതൽ വഷളായി.
തന്റെ ആളുകൾക്കു ഭൂമി നഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കിയ വാംപനോവാഗ് അമേരിക്കൻ ഇന്ത്യക്കാരുടെ തലവൻ മെറ്റകോമറ്റ്—ഫിലിപ്പ് രാജാവെന്നും അറിയപ്പെടുന്നു—പ്യൂരിറ്റൻ കോളനികൾ റെയ്ഡു ചെയ്യാനും വീടുകൾ തീവെച്ചു നശിപ്പിക്കാനും കോളനിവാസികളെ കൂട്ടക്കൊല ചെയ്യാനും തുടങ്ങി. പ്യൂരിറ്റന്മാർ തിരിച്ചടിച്ചു, യുദ്ധം മാസങ്ങളോളം നീണ്ടുനിന്നു. 1676 ആഗസ്റ്റിൽ പ്യൂരിറ്റന്മാർ റോഡ് ദ്വീപിൽവെച്ച് ഫിലിപ്പിനെ പിടികൂടി. അവർ അദ്ദേഹത്തിന്റെ തല ഛേദിക്കുകയും കുടൽ പുറത്തെടുത്തതിനു ശേഷം ശരീരം നാലു കഷണങ്ങളാക്കി മുറിക്കുകയും ചെയ്തു. അങ്ങനെ ഫിലിപ്പ് രാജാവിന്റെ യുദ്ധം അവസാനിച്ചു, അതോടൊപ്പം ന്യൂ ഇംഗ്ലണ്ടിലെ തദ്ദേശവാസികളുടെ സ്വതന്ത്രമായ ജീവിതവും.
18-ാം നൂറ്റാണ്ടിൽ പ്യൂരിറ്റന്മാർ തങ്ങളുടെ തീക്ഷ്ണത ഒരു പുതിയ രീതിയിൽ പ്രകടിപ്പിച്ചു. മസാച്ചുസെറ്റ്സിലെ ചില ശുശ്രൂഷകർ ഇംഗ്ലണ്ടിന്റെ ഭരണത്തെ അപലപിക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഗ്രഹത്തിനു തിരികൊളുത്തുകയും ചെയ്തു. വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ചർച്ചകളിൽ അവർ രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കുഴച്ചു.
പ്യൂരിറ്റന്മാർ മിക്കപ്പോഴും കഠിനാധ്വാനികളും ധൈര്യശാലികളും തങ്ങളുടെ മതത്തോട് അർപ്പണബോധമുള്ളവരും ആയിരുന്നു. ആളുകൾ ഇപ്പോഴും “പ്യൂരിറ്റൻ സ്വഭാവ”ത്തെയും “പ്യൂരിറ്റൻ സത്യസന്ധത”യെയും കുറിച്ചു പറയാറുണ്ട്. എന്നാൽ ആത്മാർഥത മാത്രം ഒരാളെ തെറ്റായ ഉപദേശങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നില്ല. രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് യേശുക്രിസ്തു ഒഴിവാക്കിയ കാര്യമായിരുന്നു. (യോഹന്നാൻ 6:15; 18:36) ക്രൂരത പിൻവരുന്ന സുപ്രധാന സത്യത്തിനു കടകവിരുദ്ധമാണ്: “സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.”—1 യോഹന്നാൻ 4:8.
നിങ്ങളുടെ മതം നരകാഗ്നിയോ മുൻനിർണയമോ പോലുള്ള ഏതെങ്കിലും ബൈബിൾ വിരുദ്ധ ഉപദേശങ്ങൾ പഠിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ മതനേതാക്കന്മാർ രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടാറുണ്ടോ? ദൈവവചനമായ ബൈബിളിന്റെ ആത്മാർഥമായ പഠനം, യഥാർഥത്തിൽ ‘ശുദ്ധവും നിർമ്മലവും’ ദൈവാംഗീകാരവുമുള്ള ആരാധനാരീതി കണ്ടെത്താൻ നിങ്ങളെ സഹായിക്കും.—യാക്കോബ് 1:27.
[13-ാം പേജിലെ ചതുരം/ചിത്രം]
പ്യൂരിറ്റന്മാരും നരകാഗ്നിയും
നരകാഗ്നിയെക്കുറിച്ചു പ്രസംഗിച്ചതിലൂടെ പ്യൂരിറ്റന്മാർ ദൈവവചനം പറയുന്നതിനു നേർവിപരീതമായ കാര്യം പഠിപ്പിച്ചു. മരിച്ചവർ തികഞ്ഞ അബോധാവസ്ഥയിലാണെന്നും അവർക്കു വേദനയോ സന്തോഷമോ അനുഭവപ്പെടുക സാധ്യമല്ലെന്നും ബൈബിൾ പഠിപ്പിക്കുന്നു. (സഭാപ്രസംഗി 9:5, 10) തന്നെയുമല്ല ദണ്ഡനത്തെക്കുറിച്ചുള്ള ആശയങ്ങൾ ഒരിക്കലും സത്യദൈവത്തിന്റെ “മനസ്സിൽ വന്നിട്ടുമില്ല.” (യിരെമ്യാവു 19:5; 1 യോഹന്നാൻ 4:8) തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്താൻ അവൻ ആളുകളോട് അഭ്യർഥിക്കുകയും അനുതപിച്ചിട്ടില്ലാത്ത ദുഷ്പ്രവൃത്തിക്കാരോട് അനുകമ്പയോടെ ഇടപെടുകയും ചെയ്യുന്നു. (യെഹെസ്കേൽ 33:11) തിരുവെഴുത്തുപരമായ ഈ സത്യങ്ങൾക്കു കടകവിരുദ്ധമായി പ്യൂരിറ്റൻ പ്രസംഗകർ മിക്കപ്പോഴും ദൈവത്തെ ക്രൂരനും പ്രതികാരദാഹിയുമായി ചിത്രീകരിച്ചു. ജീവിതത്തെ സംബന്ധിച്ച ഹൃദയശൂന്യമായ ഒരു വീക്ഷണം അവർ ഉന്നമിപ്പിച്ചു. എതിരാളികളെ നിശ്ശബ്ദരാക്കാൻ ബലം പ്രയോഗിക്കുന്ന രീതിയും അതിൽ ഉൾപ്പെട്ടിരുന്നു.
[10-ാം പേജിലെ ചിത്രം]
തീർഥാടകർ വടക്കേ അമേരിക്കയിൽ എത്തിച്ചേരുന്നു, 1620
[കടപ്പാട്]
Harper’s Encyclopædia of United States History
[12-ാം പേജിലെ ചിത്രം]
ആദ്യത്തെ കൃതജ്ഞതാ പ്രകടന ദിനം ആഘോഷിക്കുന്നു, 1621
[12-ാം പേജിലെ ചിത്രം]
പ്യൂരിറ്റൻ യോഗമന്ദിരം, മസാച്ചുസെറ്റ്സ്
[12-ാം പേജിലെ ചിത്രം]
ജോൺ കാൽവിൻ
[12-ാം പേജിലെ ചിത്രം]
ജോനാഥൻ എഡ്വേർഡ്സ്
[13-ാം പേജിലെ ചിത്രം]
ആയുധധാരികളായ പ്യൂരിറ്റൻ ദമ്പതികൾ ആരാധനാസ്ഥലത്തേക്കു പോകുന്നു
[11-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Library of Congress, Prints & Photographs Division
[12-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ ഇടത്ത്: Snark/Art Resource, NY; മുകളിൽ വലത്ത്: Harper’s Encyclopædia of United States History; ജോൺ കാൽവിൻ: Portrait in Paul Henry’s Life of Calvin, from the book The History of Protestantism (Vol. II); ജോനാഥൻ എഡ്വേർഡ്സ്: Dictionary of American Portraits/Dover
[13-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഫോട്ടോകൾ North Wind Picture Archives