വിസ്മയിപ്പിക്കുന്ന വൈരുധ്യങ്ങളുമായി യൂറോപ്പിലെ ഡെൽറ്റ
വിസ്മയിപ്പിക്കുന്ന വൈരുധ്യങ്ങളുമായി യൂറോപ്പിലെ ഡെൽറ്റ
റൊമേനിയയിലെ ഉണരുക! ലേഖകൻ
ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിലാണ് ഡാന്യൂബ് നദി പിറക്കുന്നത്. താരുണ്യത്തുടിപ്പോടെ അവിടെനിന്നും മദിച്ചുല്ലസിച്ചൊഴുകുന്ന ഈ ജലധാര കിഴക്ക് ഓസ്ട്രിയയിലൂടെ ഓജസ്സുറ്റ ഒരു നദീപ്രവാഹമായി കുതിച്ചുപായുന്നു. സ്ലൊവാക്യയുടെ അതിർത്തിയെ മുട്ടിയുരുമ്മി ഒഴുകുന്ന അവൾ ആർത്തലച്ചൊഴുകുന്ന ഒരു വൻ നദിയായിട്ടാണ് തെക്ക് ഹംഗറിയിലെത്തുന്നത്. പിന്നെ ക്രൊയേഷ്യയുടെയും സെർബിയ-മോണ്ടെനിഗ്രോ ഫെഡറൽ റിപ്പബ്ളിക്കിന്റെയും അതിർത്തികളോടു ചേർന്ന് പ്രയാണം തുടരുന്നു. നിറഞ്ഞുപരന്ന് മന്ദമായൊഴുകുന്ന ഒരു നദീധാരയായ് മാറുന്ന അവൾ ബൾഗേറിയയുടെ അതിർത്തിക്കടുത്തുകൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്നു. പിന്നെ വടക്കോട്ടുതിരിഞ്ഞ് റൊമേനിയയിലൂടെ ഒഴുകുന്ന ഈ ജലവാഹിനി യൂക്രെയിൻ അതിർത്തിയിലൂടെ പ്രവഹിക്കുകയായി.
എക്കൽ ഗർഭത്തിൽ വഹിക്കുന്ന ഇവൾ 300-ഓളം പോഷകനദികളുടെ പരിപാലനത്തിൽ തടിച്ചുകൊഴുക്കുന്നു. ഒടുവിൽ കരിങ്കടൽ തീരത്തു ചെന്ന് മനോഹരമായ ഒരു ഡെൽറ്റയ്ക്ക് അഥവാ നദീമുഖ തുരുത്തിന് ഇവൾ ജന്മമേകുന്നു. തെക്കുകിഴക്കൻ റൊമേനിയയിലെ ടൂൾചാ നഗരത്തിനടുത്ത് ഡാന്യൂബിൽനിന്നും പിറക്കുന്ന മൂന്നു ശാഖകളുണ്ട്, കിലിയാ, സൂലിനാ, സെന്റ് ജോർജ്. ഇവയാണ് കരിങ്കടലിൽ യാത്ര അവസാനിപ്പിക്കുന്ന മൂന്നു പ്രധാന കൈവഴികൾ.
ഡാന്യൂബിന്റെ ഈ മൂന്നു സന്തതികൾ ഡെൽറ്റയിലൂടെ മന്ദമായൊഴുകി പല കൈവഴികളായി പിരിഞ്ഞ് എണ്ണമറ്റ ചതുപ്പുനിലങ്ങളെയും തടാകങ്ങളെയും പോഷിപ്പിക്കുന്ന കൊച്ചുകൊച്ചു ജലധാരകളായിത്തീരുന്നു. നദിയിലെ ഊറലും കടലിലെ മണലും ഒന്നിക്കുമ്പോൾ വമ്പൻ മണൽത്തിട്ടകളും ദ്വീപുകളും പിറക്കുന്നു. കാരാവോർമാൻ മണൽത്തിട്ടയിലേതുപോലുള്ള മണൽക്കുന്നുകളിൽ ചിലതിന് ആറുമീറ്റർവരെ ഉയരമുണ്ട്, കാഴ്ചയ്ക്ക് ഒരു മരുഭൂമിയുടെ പ്രതീതിയും.
എന്നിരുന്നാലും മണലും എക്കലും നിറഞ്ഞ വെറുമൊരു ഭൂവിഭാഗമല്ല ഡാന്യൂബിന്റെ ഡെൽറ്റ. ഈ നദീമുഖ തുരുത്തിന് ഏകദേശം 4,300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ചതുപ്പുനില ആവാസമേഖലയാണിത്. മാത്രമല്ല ഇവിടെ ഏകദേശം 1,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഞാങ്ങണപ്പുല്ല് വളരുന്നത്! സാധ്യതയനുസരിച്ച് ലോകത്തിലെ ഏറ്റവും വിപുലമായ ഞാങ്ങണത്തടമാണിത്.
ഡെൽറ്റയുടെ നിരവധി മണൽത്തിട്ടകളിൽ എൽമ്, ഓക്ക്, ആൾഡർ തുടങ്ങിയ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്ന ഗംഭീര വനഭൂമികളുണ്ട്. ഈ വൻമരങ്ങളെ കെട്ടിപ്പുണർന്ന് സൂര്യകിരണങ്ങളുടെ സ്പർശനമേൽക്കാൻ മത്സരിക്കുന്ന കാട്ടുമുന്തിരിവള്ളികളും, ഐവിയും ലിയേനയും പോലുള്ള വള്ളിച്ചെടികളും മറ്റ് സസ്യജാലങ്ങളും ചേർന്ന് ഇവിടം ഹരിതാഭമായ ഒരു മാസ്മരലോകമാക്കുന്നു. ഒരുതരത്തിൽപ്പറഞ്ഞാൽ ഈ ഡെൽറ്റ, യൂറോപ്പിലെ ഏറ്റവും വലിയ ജലശുദ്ധീകരണ സംവിധാനമായി വർത്തിക്കുന്ന വിസ്താരമേറിയ ഒരു ജൈവ അരിപ്പയാണ്.
ജന്തുജാലങ്ങളുടെ വിഹാരഭൂമി
പക്ഷികളുടെ ഈ പറുദീസയിൽ കൂട്ടത്തോടെ വന്നുചേരുന്നത് ലക്ഷക്കണക്കിനു പക്ഷികളാണ്, 300-ലധികം ഇനങ്ങളിൽപ്പെട്ടവ. ലോകമൊട്ടാകെയുള്ള വെള്ള ഞാറപ്പക്ഷികളുടെ പകുതിയോളവും ലോകത്താകമാനമുള്ള പിഗ്മി നീർക്കാക്കകളുടെ 60 ശതമാനത്തിലധികവും പ്രജനനം നടത്തുന്നത് ഡാന്യൂബിന്റെ ഡെൽറ്റയിലാണ്. ലോകമെമ്പാടും വംശനാശ ഭീഷണി നേരിടുന്ന, മാറത്തു ചുവപ്പുനിറമുള്ള വാത്തകൾ മിക്കവയും ശീതകാലവാസത്തിനെത്തുന്നത് ഇവിടേക്കാണ്. മാർച്ച് മാസത്തിൽ ഞാറപ്പക്ഷികൾ ജലവിതാനത്തിൽ പൊന്തിക്കിടക്കുന്ന ഒറ്റപ്പെട്ട ഞാങ്ങണത്തുരുത്തുകളിൽ കൂടൊരുക്കി മുട്ടയിടും. ശരത്കാലം വന്നെത്തുമ്പോൾ ഞാറപ്പക്ഷികൾ ഇവിടെനിന്നു പറന്നുയരും. നൈൽ ഡെൽറ്റ, ഗ്രീസ് എന്നിവിടങ്ങളിലേക്കും ഏഷ്യൻ തീരങ്ങളിൽ ഇങ്ങുദൂരെ ഇന്ത്യവരെയും അവ പറന്നെത്തും.
പക്ഷികൾ വീണ്ടും ഇവിടെ തിരിച്ചെത്തുന്നത് അനുയോജ്യമായ ചുറ്റുപാടുകൾ നിമിത്തം മാത്രമല്ല, ഇവിടത്തെ മത്സ്യസമൃദ്ധികൊണ്ടുമാണ്. ഡെൽറ്റയിലെ നീർച്ചാലുകളിൽ 90-ലേറെ ഇനം മത്സ്യങ്ങൾ സുലഭമാണ്. റൊമേനിയയിൽ ഭക്ഷണത്തിനുപയോഗിക്കുന്ന ശുദ്ധജലമത്സ്യങ്ങളിൽ പകുതിയും ഡാന്യൂബ് ഡെൽറ്റ പ്രദേശത്തുനിന്നു പിടിക്കുന്നവയാണ്. ഡെൽറ്റാ മത്സ്യയിനങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് സ്റ്റർജിയൻ. ഇവ പ്രജനനകാലത്ത് മുട്ടയിടാനായി ഡെൽറ്റയിൽനിന്ന് ഡാന്യൂബ് നദിയിലെത്താറുണ്ട്. കാവിയാർ എന്നും അറിയപ്പെടുന്ന ഈ മീൻമുട്ടകൾ ഒരു വിശിഷ്ടഭോജ്യമാണ്, ഇതിനു വളരെ വിലക്കൂടുതലുമാണ്.
ഡെൽറ്റയുടെ 13 ശതമാനം മാത്രമേ ജലനിരപ്പിനു മുകളിൽ സ്ഥിതിചെയ്യുന്നുള്ളൂ. ചെന്നായ്, കുറുക്കൻ, മുയൽ, മസ്ക്റാറ്റ് എന്ന ഒരുതരം എലി എന്നിവയുടെ വിഹാരരംഗമാണ് ഇവിടം. ശുദ്ധജല നീർനായ്, ഒരുകാലത്ത് ഫാഷൻ വനിതകളുടെ ഹരമായിരുന്ന യൂറോപ്യൻ മിങ്ക് തുടങ്ങി വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ജീവികൾക്കും ഈ ഡെൽറ്റ അഭയമേകിയിരിക്കുന്നു. കൂടാതെ, മൂളലും മുരളലുംകൊണ്ട് ജലവിതാനത്തിലെ ഈ വിസ്മയഭൂമിയെ മുഖരിതമാക്കുന്ന 1,800-ലധികം ഇനം ചെറുപ്രാണികളും ഇവിടെയുണ്ട്.
സംരക്ഷണാർഹമായ ഒരു ആവാസവ്യവസ്ഥ
1991-ൽ ഡാന്യൂബ് ഡെൽറ്റ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ചു. തുടർന്നുവന്ന വർഷം ഈ പ്രദേശം ഒരു ജൈവസംരക്ഷണ കേന്ദ്രമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടു. ടൂൾചാ നഗരം ഇതിന്റെ പരിരക്ഷണച്ചുമതല വഹിക്കുന്നു. മത്സ്യബന്ധനം ഔദ്യോഗികമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നിരുന്നാലും നിയമവിരുദ്ധ മത്സ്യബന്ധനം ഒരു ഒടുങ്ങാത്ത ഭീഷണിയാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ ഡെൽറ്റയുടെ ആയുരാരോഗ്യം നഗരങ്ങളുടെയും വ്യാവസായിക കേന്ദ്രങ്ങളുടെയും കരുണയെ ആശ്രയിച്ചാണിരിക്കുന്നത്. 2,850 കിലോമീറ്റർ ദൂരംതാണ്ടി കടലിലേക്കുള്ള ഡാന്യൂബിന്റെ പ്രയാണത്തിൽ നഗരങ്ങളും വ്യവസായശാലകളും ആ നദിയിലേക്കു തുപ്പുന്ന മാലിന്യങ്ങൾക്കു കണക്കില്ല. ലോവർ ഡാന്യൂബിൽനിന്ന് ഡെൽറ്റയിലേക്കു പ്രവേശിക്കുന്ന ജലം അരിച്ചു കടത്തിവിടാൻ, കഴിഞ്ഞ കാലങ്ങളിലൊക്കെ പ്രകൃതിദത്തമായ പുൽമേടുകളുടെ ഒരു ശൃംഖല ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഏകദേശം 80 ശതമാനവും അപ്രത്യക്ഷമായിരിക്കുകയാണ്.
ഇന്ന് ഡെൽറ്റ കരിങ്കടലിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്നു, വർഷത്തിൽ 30 മീറ്റർ എന്ന കണക്കിൽ. അതേ, വിസ്മയിപ്പിക്കുന്ന വൈരുധ്യങ്ങൾനിറഞ്ഞ ഈ തുരുത്തിനെ പോറ്റിവളർത്തി, പുതുക്കലും കേടുപോക്കലും നടത്തി തന്റെ ധർമം തുടരുകയാണു ഡാന്യൂബ്, അവൾ സഹസ്രാബ്ദങ്ങളായി ചെയ്തുവരുന്നതുപോലെതന്നെ.
[24-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
യൂക്രെയിൻ
മൊൾഡോവ
റൊമേനിയ
ബൂക്കറെസ്റ്റ്
ഡാന്യൂബ് ഡെൽറ്റ
കരിങ്കടൽ
ഡാന്യൂബ് നദി
ബൾഗേറിയ
[24-ാം പേജിലെ ചിത്രം]
ഡെൽറ്റയിലെ ഞാങ്ങണത്തടം, ലോകത്തിലെ ഏറ്റവും വലിയ ഞാങ്ങണത്തടങ്ങളിലൊന്നായ ഇത് എല്ലാത്തരം വന്യജീവികളുടെയും അഭയസ്ഥാനമാണ്
[24-ാം പേജിലെ ചിത്രം]
മസ്ക്റാറ്റ്
[25-ാം പേജിലെ ചിത്രം]
ലോകമൊട്ടാകെയുള്ള വെള്ള ഞാറപ്പക്ഷികളുടെ പകുതിയോളം ഇവിടെ പ്രജനനംനടത്തുന്നു
[26-ാം പേജിലെ ചിത്രം]
പൊന്മാനുകളുൾപ്പെടെ 300-ലധികം പക്ഷിയിനങ്ങൾ പക്ഷികളുടെ ഈ പറുദീസയിലേക്ക് കൂട്ടമായെത്തുന്നു
[26-ാം പേജിലെ ചിത്രം]
ഡാന്യൂബ് ഡെൽറ്റയിൽ 1,800-ലധികം ഇനം ചെറുപ്രാണികളുണ്ട്
[24-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Silviu Matei
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Silviu Matei
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Silviu Matei