മദ്യദുരുപയോഗവും ആരോഗ്യവും
മദ്യദുരുപയോഗവും ആരോഗ്യവും
“സാന്റേ!” “സാലൂട്ടെ!” “സാ വാഷെ സ്ഡോറോയിവ്യെ!” “ചൂക്ക് സൂക്ക് ക്വേ!” ഫ്രാൻസിലോ ഇറ്റലിയിലോ റഷ്യയിലോ വിയറ്റ്നാമിലോ ആയിരുന്നാലുംശരി സുഹൃത്തുക്കൾ ഒരുമിച്ചു മദ്യപിക്കുന്നതിനുമുമ്പായി പരസ്പരം ആയുരാരോഗ്യം നേർന്നുകൊണ്ടുള്ള ഇത്തരം അഭിവാദ്യങ്ങൾ മുഴങ്ങിക്കേൾക്കാറുണ്ട്. എന്നാൽ വൈരുധ്യമെന്നു പറയട്ടെ മദ്യപാനം ലോകവ്യാപകമായി കോടിക്കണക്കിനാളുകളെ കുഴിമാടത്തിലേക്കാണു നയിക്കുന്നത്.
അപകടകരമായ മദ്യപാനം, ഹാനികരമായ മദ്യപാനം, മദ്യാസക്തി എന്നിങ്ങനെ ബഹുമുഖങ്ങളുള്ള ഒരു പ്രശ്നമാണ് മദ്യദുരുപയോഗം. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ശാരീരികമോ മാനസികമോ സാമൂഹികമോ ആയി “ഹാനികരമായ പരിണതഫലങ്ങളിലേക്കു നയിച്ചേക്കാവുന്ന മദ്യപാന ശീലമാണ്” അപകടകരമായ മദ്യപാനം. ആരോഗ്യക്ഷേമ അധികൃതർ ശുപാർശ ചെയ്തിരിക്കുന്നതോ നിയമം നിഷ്കർഷിച്ചിരിക്കുന്നതോ ആയ അളവിലും കൂടുതൽ മദ്യം കഴിക്കുന്നത് ഇതിൽ
ഉൾപ്പെട്ടിരിക്കുന്നു. ശാരീരികമോ മാനസികമോ ആയി ഹാനികരമായ ഫലങ്ങൾ ഉളവാക്കാൻ തുടങ്ങിയിരിക്കുന്നതും എന്നാൽ ആസക്തിയിൽ എത്തിയിട്ടില്ലാത്തതും ആയ മദ്യപാനമാണ് ഹാനികരമായ മദ്യപാനം. “മദ്യപാനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള കഴിവില്ലായ്മ” എന്നാണ് മദ്യാസക്തി നിർവചിക്കപ്പെട്ടിരിക്കുന്നത്. മദ്യാസക്തനായ ഒരു വ്യക്തി മദ്യത്തിനായി അടങ്ങാത്ത ആഗ്രഹം പ്രകടമാക്കുന്നു. മദ്യപാനത്തോടു ബന്ധപ്പെട്ട പല പ്രശ്നങ്ങൾ അനുഭവിക്കുന്നെങ്കിലും ആ ശീലം തുടരുന്നു, മദ്യം ലഭിക്കാതെവന്നാൽ അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.ഏതു പ്രായത്തിലോ ദേശത്തിലോ ലിംഗവർഗത്തിലോ പെട്ടവർ ആയിരുന്നാലുംശരി, അപകടകരമായ മദ്യപാനം നിങ്ങൾക്ക് അപകടകരമാണ് എന്നതിനു സംശയമില്ല. മദ്യത്തിനു ശരീരത്തിന്മേൽ എന്തു ഫലമാണുള്ളത്? അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആയിരിക്കുന്നത് ഏതെല്ലാം വിധങ്ങളിലാണ്? സുരക്ഷിതമെന്നു പൊതുവേ കരുതപ്പെടുന്ന മദ്യപാനത്തിന്റെ അളവ് എത്രയാണ്?
മനസ്സിന് ആപത്കരം
മിക്കവാറും മദ്യങ്ങളിൽ എഥനോൾ എന്ന രാസസംയുക്തം അടങ്ങിയിരിക്കുന്നു. അത് ഒരു ന്യൂറോടോക്സിൻ അഥവാ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ഒരു പദാർഥമാണ്. മദ്യപിക്കുന്ന ഒരാൾ ഫലത്തിൽ ഒരുതരം വിഷബാധയ്ക്കു വിധേയനാകുകയാണു ചെയ്യുന്നത്. എഥനോളിന്റെ അളവ് കൂടിപ്പോയാൽ ഗുരുതരമായ ബോധക്ഷയവും മരണവും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഇക്കിനോമി അഥവാ മദ്യം ഒറ്റയടിക്ക് അകത്താക്കൽ എന്ന നടപടി ഓരോ വർഷവും ജപ്പാനിലെ പല വിദ്യാർഥികളുടെയും ജീവൻ അപഹരിക്കുന്നു. എഥനോളിനെ ഹാനികരമല്ലാത്ത പദാർഥങ്ങളാക്കി മാറ്റാൻ ശരീരത്തിനു കഴിയും. എന്നാൽ അത് ഉടനടി സംഭവിക്കുകയില്ല. ശരീരത്തിനു കൈകാര്യം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ വേഗത്തിൽ മദ്യം അകത്തു ചെല്ലുന്നപക്ഷം ശരീരത്തിൽ എഥനോളിന്റെ അളവു വർധിക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ അതു സാരമായി ബാധിക്കാൻ തുടങ്ങുകയും ചെയ്യും. ഏതു വിധത്തിലാണ് അതു ബാധിക്കുന്നത്?
സംസാരം, കാഴ്ച, ഏകോപനം, ചിന്ത, പെരുമാറ്റം എന്നിവയെല്ലാം തലച്ചോറിലെ അതിപ്രധാന കോശങ്ങളായ ന്യൂറോണുകളിൽ നടക്കുന്ന അതിസങ്കീർണമായ രാസപ്രക്രിയകളുടെ ഒരു പരമ്പരയുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂറോണുകൾക്കിടയിൽ സംജ്ഞകൾ കൈമാറുന്ന രാസവസ്തുക്കളായ നാഡീപ്രേക്ഷകങ്ങളിൽ (neurotransmitters) ചിലതിന്റെ പ്രവർത്തനത്തെ അടിച്ചമർത്തുകയോ ഉദ്ദീപിപ്പിക്കുകയോ ചെയ്തുകൊണ്ട് എഥനോൾ ആ പ്രക്രിയകളെ സ്വാധീനിക്കുന്നു. അങ്ങനെ തലച്ചോറിലൂടെയുള്ള വിവരങ്ങളുടെ പ്രവാഹത്തിനു വ്യതിയാനം സംഭവിക്കുകയും തലച്ചോറിന്റെ ശരിയായ
പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് അമിതമായി മദ്യപിക്കുന്ന ഒരു പുരുഷന്റെയോ സ്ത്രീയുടെയോ സംസാരവും നടപ്പും കുഴഞ്ഞുപോകുകയും കാഴ്ച മങ്ങുകയും പെരുമാറ്റം നിയന്ത്രണം വിട്ടുപോകുകയും ഒക്കെ ചെയ്യുന്നത്. ലഹരി പിടിക്കുമ്പോഴുണ്ടാകുന്ന സാധാരണ ലക്ഷണങ്ങളാണ് ഇവയെല്ലാം.മദ്യപാനം കുറെനാളത്തേക്കു തുടരുമ്പോൾ എഥനോളിന്റെ വിഷബാധയെ ചെറുക്കാനും നാഡീപ്രവർത്തനം സാധാരണനിലയിൽത്തന്നെ മുന്നോട്ടുകൊണ്ടുപോകാനും വേണ്ടി തലച്ചോറ് അതിന്റെ രാസഘടനയ്ക്ക് ആവശ്യമായ പൊരുത്തപ്പെടുത്തൽ വരുത്തുന്നു. തത്ഫലമായി, ഒരു നിശ്ചിത അളവിൽ മദ്യം കഴിക്കുന്നതിൽ തുടരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മുമ്പ് അതു ശരീരത്തിൽ ഉളവാക്കിയിരുന്ന ഫലം ക്രമേണ കുറഞ്ഞുവരുന്ന ഒരു അവസ്ഥ (ടോളറൻസ്) സംജാതമാകുന്നു. ആൽക്കഹോളിന്റെ അഭാവത്തിൽ ശരിയായി പ്രവർത്തിക്കാൻ കഴിയാത്തവണ്ണം തലച്ചോറ് അതുമായി വളരെയധികം പൊരുത്തത്തിലാകുമ്പോഴാണ് ആസക്തി ഉണ്ടാകുന്നത്. ഈ ഘട്ടത്തിൽ രാസസന്തുലിതാവസ്ഥ നിലനിറുത്താൻ ശരീരം മദ്യത്തിനായി ദാഹിക്കുന്നു. മദ്യം ലഭിക്കാതായാൽ തലച്ചോറിന്റെ രാസഘടന തകിടംമറിയുകയും മദ്യം നിഷേധിക്കപ്പെടുന്നതിന്റെ അസ്വാസ്ഥ്യങ്ങളെന്ന നിലയിൽ ഉത്കണ്ഠയോ വിറയലോ ജന്നിയുടെ ലക്ഷണങ്ങൾപോലുമോ രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു.
തലച്ചോറിനു രാസപരമായി മാറ്റംവരുന്നതിനുപുറമേ അതിന്റെ ഘടനയ്ക്കുതന്നെ വ്യതിയാനം സംഭവിക്കുമാറ് കോശങ്ങൾ ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതിന് മദ്യദുരുപയോഗം കാരണമായേക്കാം. മദ്യം വർജിക്കുന്നതിലൂടെ ഭാഗികമായി സുഖം പ്രാപിക്കാൻ കഴിയുമെങ്കിലും ഇങ്ങനെ സംഭവിക്കുന്ന ചില തകരാറുകൾ ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നാണു കരുതപ്പെടുന്നത്. ഓർമശക്തിയെയും ബോധപൂർവമായ മറ്റു ബൗദ്ധിക പ്രവർത്തനങ്ങളെയും അത് അപകടത്തിലാക്കുന്നു. ദീർഘകാലത്തെ മദ്യപാനംകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്നല്ല തലച്ചോറിനുണ്ടാകുന്ന ക്ഷതം. താരതമ്യേന ഹ്രസ്വകാലത്തേക്കുള്ള മദ്യപാനംപോലും ഹാനികരമാണെന്നു ഗവേഷണം സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു.
കരൾരോഗവും കാൻസറും
ഭക്ഷണത്തിന്റെ ഉപാപചയം, അണുബാധയെ ചെറുക്കൽ, രക്തപ്രവാഹത്തിന്റെ നിയന്ത്രണം, മദ്യം ഉൾപ്പെടെയുള്ള വിഷപദാർഥങ്ങൾ ശരീരത്തിൽനിന്നു നീക്കംചെയ്യൽ എന്നീ കാര്യങ്ങളിൽ കരൾ മർമപ്രധാനമായ പങ്കുവഹിക്കുന്നു. ദീർഘമായി മദ്യപിക്കുന്നത് മൂന്നു ഘട്ടങ്ങളിലായി കരളിനു ഹാനിവരുത്തുന്നു. എഥനോളിന്റെ വിഘടനം കൊഴുപ്പിന്റെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നതിന്റെ ഫലമായി കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്നതാണ് ആദ്യഘട്ടം. ഇതിനാണ് ആൽക്കഹോളിക് സ്റ്റിയറ്റോസിസ് അല്ലെങ്കിൽ കൊഴുപ്പ് അടിഞ്ഞ കരൾ (fatty lever) എന്നു പറയുന്നത്. കാലക്രമത്തിൽ സ്ഥായിയായ കരൾവീക്കം അഥവാ ഹെപ്പറ്റൈറ്റിസ് രംഗപ്രവേശം ചെയ്യുന്നു. ഹെപ്പറ്റൈറ്റിസിന് നേരിട്ട് ഇടയാക്കുന്നതിനുപുറമേ മദ്യം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ വൈറസുകൾക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധത്തെ ദുർബലമാക്കുന്നതായും * ചികിത്സിക്കാത്തപക്ഷം കോശങ്ങൾ വിഘടിച്ചു മൃതമായിത്തീരാൻ കരൾവീക്കം ഇടയാക്കും. സ്വാഭാവികവും ജനിതകപരവും ആയി നടക്കുന്ന കോശങ്ങളുടെ നാശത്തിന് (ആപ്പൊപ്റ്റോറ്റിസ്) മദ്യം വഴിമരുന്നിടുന്നതായി കാണപ്പെടുന്നു. അത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു.
കാണപ്പെടുന്നു.സിറോസിസ് ആണ് അവസാന ഘട്ടം. തുടർച്ചയായ കരൾവീക്കത്തിന്റെയും കോശമൃത്യുവിന്റെയും വിഷമവൃത്തം അപരിഹാര്യമായ ഹാനി വരുത്തിവെക്കുന്നു. ക്രമേണ കരളിന്റെ മാർദവം ഇല്ലാതാകുകയും അത് കട്ടിയാകുകയും ചെയ്യുന്നു. ഒടുവിൽ, രക്തം സാധാരണഗതിയിൽ ഒഴുകുന്നതിനു കട്ടിയായിത്തീർന്ന അതിലെ കലകൾ വിഘ്നം സൃഷ്ടിക്കുകയും അതു കരളിന്റെ സ്തംഭനത്തിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു.
മദ്യത്തിനു കരളിന്മേലുള്ള സ്വാധീനത്തിനു കുടിലമായ മറ്റൊരു പാർശ്വഫലമുണ്ട്. കാൻസറിന് ഇടയാക്കുന്ന പദാർഥങ്ങളെ ചെറുക്കുന്നതിൽ സ്വന്തമായ പങ്കു നിർവഹിക്കാനുള്ള കരളിന്റെ പ്രാപ്തി ക്ഷയിക്കുന്നുവെന്നതാണ് അത്. കരളിനു കാൻസർ ബാധിക്കാൻ ഇടയാക്കുന്നതിനു പുറമേ മദ്യം, വായിലും ഗ്രസനിയിലും സ്വനപേടകത്തിലും അന്നനാളത്തിലും കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത പലമടങ്ങു വർധിപ്പിക്കുകയും ചെയ്യുന്നു. കൂടുതലായി, പുകയിലയിൽ അടങ്ങിയിട്ടുള്ളതും കാൻസറിന് ഇടയാക്കുന്നതും ആയ പദാർഥങ്ങൾക്ക് വായിലെ ശ്ലേഷ്മസ്തരങ്ങളെ എളുപ്പത്തിൽ തുളച്ചുകടക്കാൻ പര്യാപ്തമായ ഒരു അവസ്ഥ സൃഷ്ടിച്ചുകൊണ്ട് മദ്യം പുകവലിക്കാരെ കൂടുതൽ അപകടത്തിലാക്കുന്നു. ദിവസവും മദ്യപിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്. പ്രതിദിനം മൂന്നോ അതിലധികമോ ഡ്രിങ്ക്സ് കഴിക്കുന്നവർക്ക് മദ്യപിക്കാത്തവരെ അപേക്ഷിച്ച് സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത 69 ശതമാനം അധികമായിരുന്നെന്ന് ഒരു പഠനം വെളിപ്പെടുത്തി.
വിഷബാധിതരായ ശിശുക്കൾ
മദ്യദുരുപയോഗത്തിന്റെ വിശേഷാൽ ശ്രദ്ധാർഹമായ ഒരു ദാരുണ ഫലം അജാത ശിശുക്കളിൽ അതിനുള്ള സ്വാധീനമാണ്. “വളർന്നുകൊണ്ടിരിക്കുന്ന ഒരു ഭ്രൂണത്തിന് മദ്യം മറ്റേതൊരു ലഹരിപദാർഥത്തെക്കാളും അത്യന്തം ഹാനികരമാണ്,” ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. ഗർഭിണിയായ ഒരു സ്ത്രീ മദ്യപിക്കുമ്പോൾ വയറ്റിൽ വളരുന്ന ശിശുവും അവളോടൊപ്പം മദ്യപിക്കുകയാണു ചെയ്യുന്നത്. ഗർഭസ്ഥശിശു വികാസം പ്രാപിക്കുന്ന ഈ ഘട്ടത്തിൽ മദ്യത്തിന്റെ വിഷപ്രഭാവം വിശേഷാൽ വിനാശകമാണ്. ശിശുവിന്റെ കേന്ദ്രനാഡീവ്യൂഹത്തിന് അതു കൈവരുത്തുന്ന ദോഷം പരിഹരിക്കാനാവാത്തതാണ്. ന്യൂറോണുകൾ ശരിയായരീതിയിൽ രൂപപ്പെടാതാകുന്നു. കോശങ്ങൾ നശിക്കുന്നു. മറ്റു ചില കോശങ്ങൾ അനുചിതമായ സ്ഥാനങ്ങളിൽ വളരാൻ തുടങ്ങുന്നു.
തത്ഫലമായുണ്ടാകുന്ന ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം നവജാതശിശുക്കളുടെ മാനസികവൈകല്യത്തിനുള്ള ഏറ്റവും പ്രമുഖ കാരണമാണ്. അത്തരം ശിശുക്കൾക്കുണ്ടാകുന്ന വൈഷമ്യങ്ങളിൽപ്പെടുന്നവയാണ് ബുദ്ധിമാന്ദ്യം, ഭാഷാപ്രശ്നങ്ങൾ, സിദ്ധികൾ വികാസം പ്രാപിക്കുന്നതിലുള്ള കാലതാമസം, പെരുമാറ്റ വൈകല്യങ്ങൾ, വളർച്ചാമാന്ദ്യം, അമിത ചുറുചുറുക്ക്, ശ്രവണ-ദൃശ്യ ക്രമക്കേടുകൾ എന്നിവ. അങ്ങനെ ജനിക്കുന്ന അനേകം ശിശുക്കളുടെ മറ്റൊരു പ്രത്യേകതയാണ് മുഖത്തിന്റെ വൈരൂപ്യം.
കൂടാതെ, ഗർഭകാലത്ത് മിതമായിപ്പോലും മദ്യപിച്ചിരുന്ന സ്ത്രീകളുടെ കുട്ടികൾക്കു പെരുമാറ്റ-പഠന വൈകല്യം ഉൾപ്പെടെയുള്ള ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. വാഷിങ്ടൺ യൂണിവേഴ്സിറ്റിയുടെ ഫീറ്റൽ ആൽക്കഹോൾ ആൻഡ് ഡ്രഗ് യൂണിറ്റിലെ പ്രൊഫസറായ ആൻ സ്ട്രൈസ്ഗൂത് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഒരു മദ്യാസക്ത ആയിരുന്നാലേ നിങ്ങളുടെ കുഞ്ഞിനു ഹാനി സംഭവിക്കുകയുള്ളു എന്നില്ല, ഗർഭിണിയായിരിക്കെ മിതമായ അളവിൽ മദ്യപിച്ചാലും അങ്ങനെ സംഭവിക്കും.” ആൽക്കോൾ എഫെ സുവെർ ലാ സാന്റേ എന്ന ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസേർച്ചിന്റെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഗർഭകാലത്തിന്റെ ഏതു ഘട്ടത്തിലും മദ്യം കുടിക്കുന്നതു വിപത്കരമാണ്. ഹാനികരമല്ലാത്തവിധം കുടിക്കാവുന്ന മദ്യത്തിന്റെ കുറഞ്ഞ അളവ് എന്നൊന്ന് ഇന്നോളം നിശ്ചയിക്കപ്പെട്ടിട്ടില്ല.” അതിനാൽ ഗർഭിണികളായവരോ ഗർഭംധരിക്കാൻ ഉദ്ദേശിക്കുന്നവരോ അൽപ്പംപോലും മദ്യം കുടിക്കാതിരിക്കുക എന്നതാണ് ഏറ്റവും ജ്ഞാനപൂർണം.സുരക്ഷിതമായ മദ്യപാനം
ആരോഗ്യസംബന്ധമായ അപകടങ്ങളുടെ മേൽപ്പറഞ്ഞ പട്ടിക തീർച്ചയായും സമ്പൂർണമല്ല. “ആൽക്കഹോളിന്റെ കുറഞ്ഞ അളവുപോലും അപകടസാധ്യത ഉയർത്തുന്നുവെന്നും ഏകദേശം 60 രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ വർധിപ്പിക്കുന്നുവെന്നും” നേച്ചർ മാസിക 2004-ൽ ചൂണ്ടിക്കാട്ടി. ഇതിന്റെ വീക്ഷണത്തിൽ ഏത് അളവിലുള്ള മദ്യപാനത്തെയാണു സുരക്ഷിതമെന്നു പറയാവുന്നത്? ഇന്നു ലോകവ്യാപകമായി കോടിക്കണക്കിനാളുകൾ ഹാനികരമല്ലാത്തവിധം വല്ലപ്പോഴുമൊക്കെ മദ്യപിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. മിതത്വമാണ് ആരോഗ്യത്തിനു നിർണായകമായിരിക്കുന്നത്. എന്നാൽ മിതമായ അളവെന്നു പറയാവുന്നത് കൃത്യമായി എത്രത്തോളമാണ്? കുടിച്ചു മത്തരാകുകയോ മദ്യാസക്തരായിത്തീരുകയോ ചെയ്യാത്തിടത്തോളം ഒരു കുഴപ്പവുമില്ലെന്ന് ഒരുപക്ഷേ ചിന്തിച്ചുകൊണ്ട് തങ്ങൾ കുടിക്കുന്നതു മിതമായ അളവിൽത്തന്നെയാണെന്നു മിക്കവരും കരുതുന്നു. എന്നാൽ യൂറോപ്പിൽ നാലിൽ ഒരാൾവീതം അപകടകരമെന്നു കണക്കാക്കപ്പെടുന്ന അളവിൽ മദ്യപിക്കുന്നു.
പ്രതിദിനം പുരുഷന്മാർക്കു 20 ഗ്രാം ശുദ്ധമായ ആൽക്കഹോളും അതായത് രണ്ടു സ്റ്റാൻഡേർഡ് ഡ്രിങ്കും സ്ത്രീകൾക്ക് 10 ഗ്രാം അഥവാ ഒരു ഡ്രിങ്കും എന്നിങ്ങനെയാണ് മിതമായ അളവിലുള്ള മദ്യപാനത്തെ വിവിധ ഉറവിടങ്ങൾ നിർവചിക്കുന്നത്. പ്രതിദിനം പുരുഷന്മാർക്ക് മൂന്നു ഡ്രിങ്കും സ്ത്രീകൾക്ക് രണ്ടു ഡ്രിങ്കും “ന്യായമായ അളവ്” ആണെന്ന് ഫ്രഞ്ച്-ബ്രിട്ടീഷ് ആരോഗ്യക്ഷേമ അധികൃതർ അഭിപ്രായപ്പെടുന്നു. കൂടുതലായി “65-ഉം അതിൽക്കൂടുതലും പ്രായമുള്ളവർ മദ്യപാനത്തിന്റെ അളവ് പ്രതിദിനം ഒരു ഡ്രിങ്ക് ആയി പരിമിതപ്പെടുത്താൻ” യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസ് ആൻഡ് ആൽക്കഹോളിസം ശുപാർശ ചെയ്യുന്നു. * എന്നിരുന്നാലും മദ്യത്തോടുള്ള ഓരോരുത്തരുടെയും പ്രതികരണം വ്യത്യസ്തമാണ്. ചിലരുടെ കാര്യത്തിൽ താരതമ്യേന താഴ്ന്ന ഈ അളവുകൾപോലും വളരെക്കൂടുതൽ ആയിരുന്നേക്കാം. ഉദാഹരണത്തിന്, ടെൻത് സ്പെഷ്യൽ റിപ്പോർട്ട് ടു ദ യു.എസ്. കോൺഗ്രസ് ഓൺ ആൽക്കഹോൾ ആൻഡ് ഹെൽത്തിന്റെ അഭിപ്രായപ്രകാരം, “വിഷാദംപോലുള്ള ക്രമക്കേടുകളും ഉത്കണ്ഠാരോഗവും ഉള്ളവരുടെ കാര്യത്തിൽ മിതമായ അളവിലുള്ള മദ്യപാനം ഹാനികരം ആയിരുന്നേക്കാം.” വ്യക്തിയുടെ പ്രായം, ചികിത്സാസംബന്ധമായ രേഖകൾ, ശരീരത്തിന്റെ വലുപ്പം എന്നിവ പരിഗണന അർഹിക്കുന്നു.—“അപകടസാധ്യത എങ്ങനെ കുറയ്ക്കാം?” എന്ന ചതുരം കാണുക.
മദ്യം ദുരുപയോഗിക്കുന്നവർക്ക് എന്തു സഹായം ലഭ്യമാണ്? അടുത്ത ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം നൽകും.
[അടിക്കുറിപ്പുകൾ]
^ ഫ്രാൻസിൽ നടന്ന ഒരു പഠനം അനുസരിച്ച്, അമിത മദ്യപാനികളും ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ചിട്ടുള്ളവരും ആയ രോഗികൾക്കു സിറോസിസ് ഉണ്ടാകാനുള്ള സാധ്യത മിതമായി മദ്യപിക്കുന്ന വൈറസ് ബാധിതരുടേതിനെക്കാൾ ഇരട്ടിയാണ്. അവർ വളരെക്കുറച്ചു മദ്യം കുടിക്കുകയോ അല്ലെങ്കിൽ ഒട്ടുംതന്നെ കുടിക്കാതിരിക്കുകയോ ചെയ്യാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു.
^ മദ്യപിക്കുമ്പോൾ മുലപ്പാലിൽ ആൽക്കഹോളിന്റെ അളവ് വർധിക്കുമെന്ന് മുലയൂട്ടുന്ന സ്ത്രീകൾ ഓർക്കണം. ആൽക്കഹോളിനെ ആഗിരണം ചെയ്യാൻ മുലപ്പാലിൽ രക്തത്തിലുള്ളതിനെക്കാൾ ജലമുണ്ട്. അതുകൊണ്ടുതന്നെ മുലപ്പാലിലെ ആൽക്കഹോളിന്റെ അളവ് രക്തത്തിലേതിനെക്കാൾ മിക്കപ്പോഴും കൂടുതലാണ്.
^ ഒരു “ഡ്രിങ്ക്” എന്നു വിളിക്കപ്പെടുന്നത് വിവിധ സ്ഥലങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ പ്രാദേശികമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങൾക്കു മദ്യം വിളമ്പുന്നത്. കുടിക്കുന്നതിനു മുമ്പ് ഇക്കാര്യം ഓർക്കേണ്ടതുണ്ട്.
[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
വാഹനം ഓടിക്കുന്നതിനുമുമ്പു മദ്യപിക്കാമോ?
മദ്യപിച്ചു വാഹനം ഓടിക്കുന്നതിലുള്ള വിലക്കിന് വാഹനങ്ങൾ നിരത്തിലിറിങ്ങിയ കാലത്തോളംതന്നെ പഴക്കമുണ്ട്. ഇക്കാര്യത്തിൽ ആദ്യമായി നിയമം കൊണ്ടുവന്ന രാജ്യം ഡെൻമാർക്ക് ആണ്, 1903-ൽ.
വെറുംവയറ്റിൽ മദ്യം കഴിക്കുമ്പോൾ ഏകദേശം അരമണിക്കൂറിനുള്ളിൽ നിങ്ങളുടെ രക്തത്തിൽ അതിന്റെ അളവ് പരമാവധി ഉയരുന്നു. പലരും കരുതുന്നതുപോലെ, കാപ്പി കുടിക്കുന്നതും ശുദ്ധവായു ശ്വസിക്കുന്നതും വ്യായാമം ചെയ്യുന്നതും ഒന്നും ലഹരിയിറങ്ങാൻ സഹായിക്കില്ല, അതിനു സമയം കടന്നുപോകുകതന്നെ വേണം. വീഞ്ഞോ ബിയറോ വാറ്റിയെടുക്കുന്ന ലഹരിപാനീയങ്ങളോ (ബ്രാണ്ടി, വിസ്കി തുടങ്ങിയവ) അതതിന്റേതായ അടിസ്ഥാന അളവിൽ (സ്റ്റാൻഡേർഡ് ഡ്രിങ്ക്) കഴിക്കുമ്പോൾ അവ എല്ലാറ്റിലുമുള്ള ആൽക്കഹോളിന്റെ അളവ് ഒന്നുതന്നെയാണെന്നതും മറക്കരുത്. *
കുറഞ്ഞ അളവിലുള്ള മദ്യംപോലും വാഹനം ഓടിക്കുന്നതിനുള്ള നിങ്ങളുടെ പ്രാപ്തിക്കു ഹാനി വരുത്തിയേക്കാം. അതു കാഴ്ചശക്തിയെ ബാധിക്കുന്നു. പാതയോര ബോർഡുകളുടെ വലുപ്പം കുറവായിത്തോന്നുകയും പാർശ്വവീക്ഷണവും ദൂരം കണക്കുകൂട്ടാനും അകലെയുള്ള വസ്തുക്കളിൽ ദൃഷ്ടി കേന്ദ്രീകരിക്കാനും ഉള്ള പ്രാപ്തിയും മങ്ങിപ്പോകുകയും ചെയ്യുന്നു. തലച്ചോറിന്റെ വിവരവിശകലനശേഷിയും അനൈച്ഛിക പ്രവർത്തനങ്ങളും ഏകോപനശേഷിയും മന്ദീഭവിക്കുകയും ചെയ്യുന്നു.
മദ്യപിച്ച അവസ്ഥയിൽ നിങ്ങൾ ഒരു അപകടത്തിൽപ്പെടുന്നപക്ഷം നിങ്ങൾക്കുണ്ടാകുന്ന പരുക്കുകൾ മദ്യപിക്കാത്ത അവസ്ഥയിൽ ആയിരുന്നെങ്കിൽ ഉണ്ടാകുന്നവയെക്കാൾ ഗുരുതരം ആയിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ, അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തേണ്ടിവന്നാൽ ഹൃദയത്തിലും രക്തപ്രവാഹത്തിലും ഉള്ള ആൽക്കഹോളിന്റെ സ്വാധീനം നിമിത്തം നിങ്ങൾ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരിക്കും. “അങ്ങനെ പൊതുജനാഭിപ്രായത്തിനു വിരുദ്ധമായി, മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് മദ്യപാനികളായ ഡ്രൈവർമാർക്കിടയിൽ തന്നെയാണ്” എന്ന് ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസേർച്ചിന്റെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളുടെ വീക്ഷണത്തിൽ ആ റിപ്പോർട്ട് പിൻവരുന്ന കാര്യങ്ങൾ ശുപാർശ ചെയ്യുന്നു:
◼ മദ്യപിച്ചു വാഹനം ഓടിക്കരുത്.
◼ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം ഓടിക്കുന്ന വാഹനത്തിൽ കയറാതിരിക്കുക.
◼ മദ്യപിച്ചു വാഹനമോടിക്കാൻ സുഹൃത്തുക്കളെയും മാതാപിതാക്കളെയും അനുവദിക്കാതിരിക്കുക.
[അടിക്കുറിപ്പ്]
^ പൊതുവേ പറഞ്ഞാൽ, മണിക്കൂറിൽ ഏകദേശം 7 ഗ്രാം ആൽക്കഹോൾ ശരീരത്തിൽനിന്നു നീക്കംചെയ്യപ്പെടുന്നു. സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നത് ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ച്, 10 ഗ്രാം (0.35 ഔൺസ്) ശുദ്ധമായ ആൽക്കഹോൾ അടങ്ങുന്നതാണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. ഏകദേശം 250 മില്ലിലിറ്റർ ബിയറിനോ 100 മില്ലിലിറ്റർ വീഞ്ഞിനോ 30 മില്ലിലിറ്റർ വാറ്റിയെടുക്കുന്ന മദ്യത്തിനോ സമമാണ് ഇത്.
[ചിത്രങ്ങൾ]
ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ് മിക്കവാറും തുല്യമാണ്
ഒരു കുപ്പി സാധാരണ ബിയർ (330 മില്ലിലിറ്റർ; ആൽക്കഹോൾ അനുപാതം—5%)
വാറ്റിയെടുത്ത ഒരു യൂണിറ്റ് മദ്യം (വിസ്കി, ജിൻ, വോഡ്ക) (40 മില്ലിലിറ്റർ; ആൽക്കഹോൾ അനുപാതം—40%)
ഒരു ഗ്ലാസ് വീഞ്ഞ് (140 മില്ലിലിറ്റർ; ആൽക്കഹോൾ അനുപാതം—12%)
ഒരു ചെറിയ ഗ്ലാസ് മധുരമദ്യം (പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മറ്റും ചേർത്തു തയ്യാറാക്കുന്ന മദ്യം) (70 മില്ലിലിറ്റർ; ആൽക്കഹോൾ അനുപാതം—25%)
[6-ാം പേജിലെ ചതുരം]
മദ്യാസക്തി—കുറ്റക്കാർ ജീനുകളോ?
മദ്യാസക്തിക്കു ചികിത്സ തേടുന്ന ശാസ്ത്രജ്ഞർ അതു തുടങ്ങുകയും വികാസം പ്രാപിക്കുകയും ചെയ്യുന്നതിൽ ജീനുകൾക്കുള്ള പങ്കു മനസ്സിലാക്കാൻ യത്നിച്ചിട്ടുണ്ട്. അതിന്റെ ഫലമായി, മദ്യത്തോടുള്ള ഒരു വ്യക്തിയുടെ പ്രതികരണത്തെ സ്വാധീനിക്കുന്നതായി കരുതപ്പെടുന്ന പല ജീനുകളെ അവർ കണ്ടെത്തുകയും ചെയ്തു. എന്നിരുന്നാലും മദ്യാസക്തിക്ക് ഇടയാക്കുന്നത് ജനിതക ഘടകങ്ങൾ മാത്രമല്ല. ചിലർക്ക് അതിനുള്ള ജനിതക പ്രവണത ഒരളവോളം ഉണ്ടായിരുന്നേക്കാമെങ്കിൽപ്പോലും മദ്യാസക്തി ഒഴിവാക്കാനാവാത്തതല്ല. ഇതിൽ പാരിസ്ഥിതിക ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. മാതാപിതാക്കൾ കുട്ടികളെ ശരിയായ രീതിയിൽ വളർത്തിക്കൊണ്ടുവരാത്തത്, വീട്ടിലുള്ളവരുടെയോ സമപ്രായക്കാരുടെയോ മദ്യദുരുപയോഗം, അഭിപ്രായസംഘട്ടനങ്ങളും മറ്റും ഉൾപ്പെട്ട സംഘർഷപൂരിതമായ സാഹചര്യങ്ങൾ, വൈകാരിക വിഷമതകൾ, വിഷാദം, അക്രമസ്വഭാവം, ഹരംതേടാനുള്ള മോഹം, മദ്യത്തിന്റെ ഫലങ്ങളോടുള്ള ഉയർന്ന പ്രതിരോധം, മറ്റൊരു പദാർഥത്തോടുള്ള ആസക്തി എന്നിവയെല്ലാം ഇക്കാര്യത്തിൽ പങ്കുവഹിക്കുന്നതായി പറയപ്പെടുന്നു. ഇവയും മറ്റു ഘടകങ്ങളും മദ്യാസക്തിയിലേക്കു നയിക്കുന്നു.
[6-ാം പേജിലെ ചതുരം/ചിത്രം]
ഫ്രാൻസ്:
ഏകദേശം 50 ലക്ഷംപേർ മദ്യം ദുരുപയോഗം ചെയ്യുന്നതായി പഠന ങ്ങൾ കണക്കാക്കുന്നു. ഇവരിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയ്ക്ക് ആളുകൾ മദ്യാസക്തരാണ്
നൈജീരിയ:
ലാഗോസിലെ ഡെയ്ലി ചാമ്പ്യൻ എന്ന പത്രം അനുസരിച്ച്, “1.5 കോടിയിലധികം നൈജീരിയക്കാർ മദ്യാസക്തരാണ്”—അതായത് ജനസംഖ്യയുടെ ഏകദേശം 12 ശതമാനം
പോർച്ചുഗൽ:
ശുദ്ധമായ ആൽക്കഹോളിന്റെ ശരാശരി ഉപയോഗം ഏറ്റവും കൂടുതലായിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇത്. ജനസംഖ്യയുടെ 10 ശതമാനം “മദ്യപാനവുമായി ബന്ധപ്പെട്ട ഗുരുതരമായ വൈകല്യങ്ങൾ” അനുഭവിക്കുന്നുവെന്ന് ലിസ്ബണിലെ പൂബ്ലിക്കോ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു
ഐക്യനാടുകൾ:
“ഏകദേശം 1.4 കോടി അമേരിക്കക്കാർ—ജനസംഖ്യയുടെ 7.4 ശതമാനം—മദ്യദുരുപയോഗത്തിന്റെ അല്ലെങ്കിൽ മദ്യാസക്തിയുടെ ഇരകളാണെന്ന് പരിശോധനയിലൂടെ കണ്ടെത്താനാകും” എന്ന് ടെൻത് സ്പെഷ്യൽ റിപ്പോർട്ട് ടു ദ യു.എസ്. കോൺഗ്രസ് ഓൺ ആൽക്കഹോൾ ആൻഡ് ഹെൽത്ത് അഭിപ്രായപ്പെടുന്നു
[8-ാം പേജിലെ ചതുരം]
അപകടസാധ്യത എങ്ങനെ കുറയ്ക്കാം?
കാര്യമായ അപകടം വരുത്തിവെക്കാത്ത മദ്യത്തിന്റെ അളവു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മാനസികാരോഗ്യ-ആസക്തി ഡിപ്പാർട്ടുമെന്റ് പിൻവരുന്ന നിർവചനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. അപ്പോഴും മദ്യപാനം തീർത്തും അപകടരഹിതമാണെന്നല്ല ഇതിന്റെ അർഥം. മദ്യത്തോടുള്ള പ്രതികരണം പലരിലും പല വിധമാണ്.
◼ രണ്ടു സ്റ്റാൻഡേർഡ് ഡ്രിങ്കിൽ കൂടുതൽ ഒരു ദിവസം കുടിക്കരുത് *
◼ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മദ്യപാനം ഒഴിവാക്കുക
പിൻവരുന്ന സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ ഡ്രിങ്കുപോലും അപകടകരം ആയിരുന്നേക്കാം:
◼ വാഹനം ഓടിക്കുമ്പോൾ അല്ലെങ്കിൽ മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ
◼ ഗർഭിണി ആയിരിക്കുമ്പോൾ അല്ലെങ്കിൽ മുലയൂട്ടുമ്പോൾ
◼ ചിലതരം മരുന്നുകൾ കഴിക്കുമ്പോൾ
◼ ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ
◼ മദ്യപാനത്തിന്റെ കാര്യത്തിൽ നിങ്ങൾക്കു നിയന്ത്രണം ഇല്ലെങ്കിൽ
[അടിക്കുറിപ്പ്]
^ ഒരു യൂണിറ്റിന് അല്ലെങ്കിൽ ഒരു ഗ്ലാസിന് 10 ഗ്രാം (0.35 ഔൺസ്) ആൽക്കഹോളാണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നു പറയുന്നത്.
[കടപ്പാട്]
ഉറവിടം: അപകടകരവും ഹാനികരവും ആയ മദ്യപാനത്തിന് അൽപ്പം ഇടവേള (ഇംഗ്ലീഷ്)
[9-ാം പേജിലെ ചതുരം/ചിത്രം]
മദ്യം—ഹൃദയത്തിനു നന്നോ?
ചുവന്ന വീഞ്ഞിലുള്ള രാസവസ്തുക്കൾ (പോളിഫിനോളുകൾ) രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാക്കുന്ന ഒരു രാസവസ്തുവിനെ പ്രതിരോധിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
കൂടാതെ, നല്ലതെന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളസ്ട്രോളിന്റെ വർധനയുമായി പൊതുവേ മദ്യം ബന്ധപ്പെട്ടിരിക്കുന്നതായി പറയപ്പെടുന്നു. രക്തം കട്ടപിടിക്കാൻ ഇടയാക്കിയേക്കാവുന്ന പദാർഥങ്ങളുടെ അളവ് അതു കുറയ്ക്കുകയും ചെയ്യുന്നു.
ഉള്ളതു മുഴുവൻ ഒറ്റയിരിപ്പിന് അകത്താക്കുന്നതിനുപകരം, ആഴ്ചയിൽ പലപ്പോഴായി കുറേശ്ശെ കഴിക്കുമ്പോഴാണ് മദ്യപാനത്തിലൂടെ എന്തെങ്കിലും പ്രയോജനം കൈവരുന്നതായി കാണപ്പെടുന്നത്. ഒരു ദിവസം രണ്ടു ഡ്രിങ്കിലുമധികം കുടിക്കുന്നത് രക്തസമ്മർദം വർധിപ്പിച്ചേക്കാം. അമിത മദ്യപാനം മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഹൃദയം വീങ്ങുന്നതിനും ഹൃദയമിടിപ്പിന്റെ താളംതെറ്റുന്നതിനും അത് ഇടയാക്കിയേക്കാം. അമിത മദ്യപാനം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ളതും സമാനവും ആയ അപകടങ്ങൾ ഹൃദയരക്തപര്യയന വ്യവസ്ഥയുടെമേൽ മദ്യത്തിനുള്ള ഏതൊരു പ്രയോജനത്തെയും കടത്തിവെട്ടുന്നു. അമിതമായാൽ അമൃതും വിഷംതന്നെ!
[7-ാം പേജിലെ രേഖാചിത്രം/ചിത്രം]
മദ്യം നിങ്ങൾക്കു ഹാനിവരുത്തുന്ന വിധം
തലച്ചോറ്
കോശനഷ്ടം, ഓർമക്കുറവ്, വിഷാദം, അക്രമപ്രവണത
കാഴ്ച, സംസാരം, ഏകോപനപ്രാപ്തി എന്നിവയ്ക്കുണ്ടാകുന്ന ഹാനി
തൊണ്ട, വായ്, സ്തനം, കരൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കാൻസർ
ഹൃദയം
പേശികൾ ദുർബലമാകുന്നു, ഹൃദയ സ്തംഭനത്തിനുള്ള സാധ്യത
കരൾ
കൊഴുപ്പ് അടിയുന്നു, തുടർന്ന് കരൾവീക്കവും സിറോസിസും
മറ്റ് അപകടങ്ങൾ
ദുർബലമായ പ്രതിരോധവ്യവസ്ഥ, അൾസർ, ആഗ്നേയഗ്രന്ഥിയുടെ വീക്കം
ഗർഭിണികൾ
രൂപവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ള ശിശുക്കൾ ഉണ്ടാകാനുള്ള സാധ്യത
[8-ാം പേജിലെ ചിത്രം]
“വളർന്നുകൊണ്ടിരിക്കുന്ന ഒരു ഭ്രൂണത്തിന് മദ്യം മറ്റേതൊരു ലഹരിപദാർഥത്തെക്കാളും അത്യന്തം ഹാനികരമാണ്”