ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ശിശുക്കൾ സംഗീതത്തോടു പ്രതികരിക്കുന്നു
“ഭാഷ പഠിക്കുന്നതിനു മുമ്പുതന്നെ സംഗീതത്തോടു പ്രതികരിക്കാനുള്ള ശ്രദ്ധേയമായ പ്രാപ്തി കുഞ്ഞുങ്ങൾക്കുണ്ട്” എന്ന് സയന്റിഫിക് അമേരിക്കൻ എന്ന ജേർണൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് സംഗീതത്തിലെ വിവിധ സ്വരഭേദങ്ങൾ തിരിച്ചറിയാനും സംഗീതത്തിന്റെ താളവേഗത്തിലും താളലയങ്ങളിലും ഉള്ള മാറ്റങ്ങൾ മനസ്സിലാക്കാനും കഴിവുണ്ടെന്ന് ആ റിപ്പോർട്ട് പറയുന്നു. ഒരു സംഗീതം വ്യത്യസ്തമായ സ്വരത്തിൽ അവതരിപ്പിക്കുമ്പോൾപ്പോലും അവർക്ക് അതു തിരിച്ചറിയാം. രണ്ടു മാസം പ്രായമുള്ള ശിശുക്കൾപോലും സ്വരൈക്യമില്ലാത്ത സംഗീത ധ്വനികളെക്കാൾ സ്വരൈക്യമുള്ളവ ഇഷ്ടപ്പെടുന്നു. “ഗർഭസ്ഥശിശുക്കൾ ജനനത്തിന് ഏകദേശം രണ്ടാഴ്ച മുമ്പ് അമ്മമാർ നിത്യവും കേൾക്കുന്ന, [ജനപ്രീതിയുള്ള] ഒരു ടിവി ഷോയുടെ തീം മ്യൂസിക്കും അതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ പാട്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞെന്ന് ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള പീറ്റർ ഹെപ്പർ കണ്ടെത്തിയതായി” റിപ്പോർട്ടു പറയുന്നു.
കാറിനുള്ളിലെ സ്വസ്ഥതയും സുരക്ഷിതത്വവും
“കാറിനുള്ളിൽ ഇരിക്കുന്നവർ യാതൊരു കാരണവശാലും വഴക്കടിക്കാൻ പാടില്ല” എന്ന് ജർമനിയിലെ ടെക്നിക്കൽ സൂപ്പർവിഷൻ അസോസിയേഷനായ റ്റുവ് മുന്നറിയിപ്പു നൽകുന്നതായി ബെർലിനർ മോർഗൻപോസ്റ്റ് പത്രം പറയുന്നു. വഴക്കടിക്കുന്നെങ്കിൽ, “ഡ്രൈവർ സ്വയമറിയാതെതന്നെ കൂടുതൽ പിരിമുറുക്കത്തോടെയും വാശിയോടെയും വണ്ടിയോടിക്കും, ഇത് അപകടസാധ്യത വർധിപ്പിക്കും.” കാറിനുള്ളിൽ ഉടലെടുക്കുന്ന “വാഗ്വാദങ്ങൾ” പെട്ടെന്നുതന്നെ വഷളായിത്തീർന്നേക്കാമെന്ന് ലേഖനം പറയുന്നു. ആകെ അൽപ്പം സ്ഥലം മാത്രമുള്ള സ്ഥിതിക്ക് എങ്ങോട്ടും മാറിപ്പോകാൻ പറ്റില്ലല്ലോ. അതുകൊണ്ട്, വാഗ്വാദങ്ങളിൽ കൊണ്ടെത്തിച്ചേക്കാവുന്നതരം വിഷയങ്ങൾ കാറിൽ ഇരിക്കുന്നവർ സംസാരിക്കരുതെന്നു ലേഖനം നിർദേശിക്കുന്നു. അതിൽ യാത്രചെയ്യുന്ന എല്ലാവരും ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഐകമത്യമുള്ള ഒരു ടീമിലെ അംഗങ്ങളായി സ്വയം കാണണം. “യാത്ര തുടങ്ങുന്നതിനു മുമ്പ്, മുൻസീറ്റിൽ ഇരിക്കുന്നയാളോട് വണ്ടിയോടിക്കുന്നതിലും റേഡിയോ ട്യൂൺ ചെയ്യുന്നതിലും സഹായിക്കേണ്ട വിധങ്ങൾ പറഞ്ഞ് ഏർപ്പെടുത്തണം, ബുദ്ധിമുട്ടുള്ള സാഹചര്യം കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ എങ്ങനെ സഹായിക്കാമെന്നും പറയാവുന്നതാണ്,” ലേഖനം നിർദേശിക്കുന്നു.
വിവാഹത്തട്ടിപ്പ്
3,000-ത്തിലേറെ ദക്ഷിണാഫ്രിക്കൻ വനിതകളെ ചതിയിലൂടെ വിവാഹം കഴിപ്പിച്ചിരിക്കുന്നുവെന്ന് ജോഹാനസ്ബർഗിലെ പത്രമായ സോവേറ്റൻ റിപ്പോർട്ടു ചെയ്യുന്നു. ഒരു തട്ടിപ്പ് ഇതാണ്: ജോലിക്കുള്ള കരാർ ആണെന്നു കരുതി സ്ത്രീകൾ ഒപ്പിടുന്നത് വിവാഹ സർട്ടിഫിക്കറ്റിലാണ്. വിദേശിയായ “വരന്” രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നൽകുന്നതാണ് ആ സർട്ടിഫിക്കറ്റ്. നഷ്ടപ്പെട്ട തിരിച്ചറിയൽ രേഖകൾക്കു പകരം പുതിയ ഒന്നിന് അപേക്ഷ നൽകുമ്പോൾ തന്റെ സർനെയിം മാറിയിരിക്കുന്നത് കാണുമ്പോഴോ ശരിക്കുള്ള വിവാഹദിവസം വിവാഹം രജിസ്റ്റർ ചെയ്യാൻ പോകുമ്പോൾ ലിസ്റ്റിൽ വിവാഹിതയെന്നു രേഖപ്പെടുത്തിയിരിക്കുന്നതു കാണുമ്പോഴോ മാത്രമായിരിക്കാം “വധു” ഈ ചതി തിരിച്ചറിയുന്നത്. ഈ “വിവാഹം” അസാധുവാക്കാൻ അത്ര എളുപ്പമല്ല. എന്നിരുന്നാലും ചതിയിൽ കുടുങ്ങിയ 2,000-ത്തോളം സ്ത്രീകൾക്ക് തങ്ങളുടെ “വിവാഹം” റദ്ദാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം തട്ടിപ്പിനെതിരെ പോരാടാൻ ഒരു പുതിയ നിയമം ആവിഷ്കരിച്ചു, വിവാഹിതരായി അഞ്ചുവർഷം കഴിഞ്ഞാലേ വിദേശികളായ ഇണകൾക്കു സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കഴിയൂ.
സൂര്യനും ഗർഭിണികളും
“ഗർഭിണികളായ സ്ത്രീകളിൽ ജീവകം ഡി-യുടെ നിരക്കിനെക്കുറിച്ചു നടത്തിയ ഒരു പഠനത്തിൽ അവരിൽ അനേകർക്ക് അത് അപകടകരമാംവിധം കുറവാണെന്നു കണ്ടെത്തി. അജാതശിശുക്കൾക്ക് ഇത് അപകടസാധ്യത ഉയർത്തുന്നു,” ഓസ്ട്രേലിയയിലെ സൺ-ഹെറാൾഡ് പത്രം റിപ്പോർട്ടു ചെയ്യുന്നു. ജീവകം ഡി-യുടെ കുറവുള്ള കുഞ്ഞുങ്ങളുടെ കാലുകൾ വളഞ്ഞുപോകാനും ജന്നി ഉണ്ടാകാനും എല്ലിനെ ബാധിക്കുന്ന കണരോഗം ഉണ്ടാകാനും സാധ്യതയുണ്ട്. സിഡ്നിയിലെ സെന്റ് ജോർജ് ആശുപത്രിയിലെ 1,000 ഗർഭിണികളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് “വെളുത്ത ത്വക്കുള്ള പത്തു സ്ത്രീകളിൽ ഒരാൾക്കും ഇരുണ്ട ത്വക്കുള്ള അഞ്ചു സ്ത്രീകളിൽ ഒരാൾക്കും ജീവകം ഡി-യുടെ കുറവുണ്ട്” എന്നാണ്. പ്രശ്നപരിഹാരം ലളിതമാണ്. സൂര്യന്റെ ഇളം രശ്മികൾ ത്വക്കിൽ ഏൽപ്പിക്കുന്നതിലൂടെയാണ് മനുഷ്യർക്കു ശരീരത്തിന് ആവശ്യമായ ജീവകം ഡി-യുടെ ഏകദേശം 90 ശതമാനവും ലഭിക്കുന്നത്. “ആവശ്യത്തിനു ജീവകം ഡി ലഭിക്കണമെങ്കിൽ മിക്ക സ്ത്രീകളും ദിവസം ഏകദേശം 10 മിനിട്ടു വീതമോ ആഴ്ചയിൽ ഏകദേശം ഒരു മണിക്കൂറോ സൂര്യപ്രകാശമേറ്റാൽ മതി,” പത്രം പറയുന്നു.
രോഗാണുക്കളെക്കുറിച്ചുള്ള ഭയമോ?
“രോഗാണുക്കളിൽനിന്നു വിമുക്തമായ ഒരു വീട്ടിൽ താമസിക്കാനുള്ള മോഹം യുക്തിരഹിതമാണെന്നു മാത്രമല്ല, അതിനായി ശ്രമിക്കുന്നതിൽ വലിയ അർഥവുമില്ല” എന്ന് ദ ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനം പറയുന്നു. “വീട്ടിൽ പ്രായാധിക്യത്തിലെത്തിയവരോ, പിഞ്ചുകുഞ്ഞുങ്ങളോ (6 മാസത്തിൽ താഴെ പ്രായമുള്ളവർ), തീരെ സുഖമില്ലാത്തവരോ ഇല്ലെങ്കിൽ വീട്ടിലെ പാതകത്തിലോ വാതിൽപ്പിടിയിലോ തവിയിലോ ഉള്ള ഏതാനും ശതം ബാക്ടീരിയ” നിങ്ങളുടെ ആരോഗ്യത്തിനു “ഭീഷണി ഉയർത്തുന്നില്ല.” എന്നാൽ, കേടാകുന്ന ആഹാരപദാർഥങ്ങൾ മണിക്കൂറുകളോളം മേശപ്പുറത്തോ മറ്റോ വെച്ചിരുന്നാൽ അതിൽ ബാക്ടീരിയ പെരുകുകയും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്തേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ അവ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇനി, നിങ്ങളെത്തന്നെ ബാക്ടീരിയയിൽനിന്നു സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആന്റി-ബാക്ടീരിയൽ ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ട ആവശ്യമൊന്നുമില്ല. “ദിവസം ഏതാനും തവണ കൈകൾ സോപ്പിട്ടു കഴുകിയാൽ മതി,” പത്രം പറയുന്നു.
വായന ഓർമയ്ക്ക് ഉത്തേജകം
ഓർമശക്തി മെച്ചപ്പെടുത്താൻ എങ്ങനെ കഴിയും? “അതിന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുത്. മസ്തിഷ്കത്തെ പ്രവർത്തനനിരതമാക്കുക, അതാണതിന്റെ രഹസ്യം,” ബ്രസീലിന്റെ ഫോൽയാ ഓൺലൈൻ പറയുന്നു. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാനുള്ള ഏറ്റവും മെച്ചമായ ഒരു മാർഗം വായനയാണ്. അതെങ്ങനെ? നാഡീവിദഗ്ധൻ ഇവാൻ ഇസ്ക്യെർഡോ പറയുന്നു: “ഒരാൾ ‘മരം’ എന്നു വായിച്ചുകഴിയുന്ന നിമിഷം, അയാൾക്ക് അറിയാവുന്ന സകല മരങ്ങളും ഒരു സെക്കൻഡിന്റെ നൂറിലൊരംശം നേരംകൊണ്ട് അയാളുടെ മനസ്സിലൂടെ മിന്നിമറയുന്നു.” അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “ഇതെല്ലാം സംഭവിക്കുന്നത് ബോധപൂർവമല്ലാതെയാണ്.” ഇത്തരത്തിലുള്ള മാനസികപ്രവർത്തനങ്ങൾ മസ്തിഷ്കത്തെ ബാധിക്കുന്ന അൽസൈമേഴ്സ് പോലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഓർമത്തകരാറുകളെക്കുറിച്ചു പഠിക്കുന്ന ബ്രസീലിലെ സാവൊ പൗലോയിലുള്ള ഗവേഷണകേന്ദ്രത്തിലെ നാഡീവിദഗ്ധൻ വാഗ്നർ ഗാറ്റാസ് പറയുന്നു: “ഓർമ നാം എത്രയധികം ഉപയോഗിക്കുന്നുവോ, അത്രയും അതു സംരക്ഷിക്കപ്പെടുകയാണ്.”
ലിഖിതസന്ദേശങ്ങളുടെ അതിപ്രസരം
“ലോകമൊട്ടാകെ, 36,000 കോടിയിലേറെ ലിഖിത സന്ദേശങ്ങളാണ് ആളുകൾ വർഷംതോറും മൊബൈൽ ഫോണുകളിലൂടെ അയയ്ക്കുന്നത്,” ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്താണിത്. “അതായത് ഓരോ ദിവസവും ഏകദേശം 100 കോടി ഹ്രസ്വസന്ദേശങ്ങൾ.” ഷോർട്ട് മെസിജ് സെർവിസ് അഥവാ എസ്എംഎസ് കൂടുതൽ ഉപയോഗപ്രദമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കമ്പനികൾ തങ്ങളുടെ സാധനങ്ങളുടെ പരസ്യങ്ങൾ അതു വാങ്ങുമെന്നു തോന്നുന്നവരുടെ മൊബൈൽ ഫോണിലേക്ക് ലിഖിത സന്ദേശങ്ങളായി അയയ്ക്കുന്നു. പോപ്പിന്റെ പ്രാർഥനകൾ സ്വന്തം സെൽഫോണിൽ കിട്ടണമെന്ന് ആഗ്രഹിക്കുന്നവർക്ക് അത് ആവശ്യപ്പെടാവുന്നതാണ്. നെതർലൻഡ്സിലെ പോലീസുകാർ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകളിലേക്ക് എസ്എംഎസ് അയച്ചുകൊണ്ടിരിക്കും, ആ ഫോണുകൾ വാങ്ങാൻ സാധ്യതയുള്ളവരെ അതു മോഷ്ടിച്ചതാണെന്ന് അറിയിക്കാനാണിത്. “ഞാൻ നിന്നെ വിവാഹമോചനം ചെയ്യുന്നു” എന്ന് പുരുഷൻ ഭാര്യയോടു മൂന്നു തവണ പ്രഖ്യാപിച്ചാൽ വിവാഹമോചനത്തിനു മതപരമായ നിയമം അനുമതി നൽകുന്ന ചില രാജ്യങ്ങളിൽ അത് എസ്എംഎസിലൂടെ അയച്ചാലും ആധികാരികം തന്നെ.
ഒച്ചയുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ ശ്രദ്ധിക്കുക
“ഒച്ചയുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങളുടെ ശ്രവണപ്രാപ്തിക്കു ദോഷംചെയ്യും,” ടൊറോന്റോ സ്റ്റാർ പത്രം പറയുന്നു. “മൂന്നു വയസ്സിൽ താഴെയുള്ളവർക്കുവേണ്ടി ഉണ്ടാക്കിയ 40 കളിപ്പാട്ടങ്ങൾ” പരിശോധിച്ചപ്പോൾ “കുറഞ്ഞത് 25 എണ്ണമെങ്കിലും കുഞ്ഞുങ്ങളുടെ കേൾവിക്കു തകരാറുവരുത്താൻ പോന്നതായിരുന്നു” എന്ന് കാനഡയിൽനിന്നുള്ള ശ്രവണവിദഗ്ധരുടെ ഒരു സംഘം കണ്ടെത്തിയതായി പത്രം പറയുന്നു. ഒരു കളിപ്പാട്ടമായി ഉണ്ടാക്കിയ സെൽഫോണിന്റെ ഏറ്റവും കൂടിയ ശബ്ദപരിമാണം 115 ഡെസിബെൽ ആയിരുന്നു. ആ ശബ്ദം “ഒരു ജെറ്റ് വിമാനത്തിന്റേതിനെക്കാൾ കുറവാണെങ്കിലും മിക്ക ഡിസ്കോ ക്ലബ്ബുകളിലേതിലും ബഹളമയമാണ്” എന്ന് ശ്രവണവിദഗ്ധൻ റിച്ചാർഡ് ലാറോക് പറഞ്ഞു. ‘ഹെൽത്ത് കാനഡ’ ഇപ്പോൾ അനുവദിച്ചിരിക്കുന്ന നിലവാരം 100 ഡെസിബെൽ ആണ്. എന്നാൽ “അര മണിക്കൂർ നേരമൊക്കെ [കുട്ടി] ഇത്തരം ശബ്ദം കേട്ടുകൊണ്ടിരിക്കുന്നെങ്കിൽ 87 ഡെസിബെൽ എന്ന ശബ്ദനിലവാരമായിരിക്കും അവനു കൂടുതൽ സുരക്ഷിതം” എന്ന് പഠനം സൂചിപ്പിക്കുന്നതായി ലേഖനം പറയുന്നു.