ഉണരുക! മാസിക വായിച്ചതിലൂടെ മുന്നറിയിപ്പു ലഭിച്ചു
ഉണരുക! മാസിക വായിച്ചതിലൂടെ മുന്നറിയിപ്പു ലഭിച്ചു
ഉണരുക! ക്രമമായി വായിക്കുന്നവർ അതിലെ ലേഖനങ്ങളുടെ മൂല്യം മനസ്സിലാക്കുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറിൽ തായ്ലൻഡിലെ കാവു ലാക്ക് എന്ന സ്ഥലത്ത് ഒഴിവുകാലം ചെലവിടുകയായിരുന്ന ഒരു ജർമൻ ദമ്പതികളുടെ കാര്യത്തിൽ ഉണരുക!യുടെ 2001 ഫെബ്രുവരി 8 ലക്കത്തിൽ വന്ന “കൊലയാളി തിരമാലകൾ—സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും” എന്ന ലേഖനം അങ്ങേയറ്റം മൂല്യവത്താണെന്നു തെളിഞ്ഞു.
ജർമൻ വർത്തമാനപ്പത്രമായ ഫ്രാങ്കൻപോസ്റ്റ് (സെൽബ റ്റാഗ്ബ്ലാറ്റ്) ആ ദമ്പതികളുടെ അനുഭവം റിപ്പോർട്ടു ചെയ്തത് ഇങ്ങനെയാണ്: “‘ഞങ്ങൾ കടലിൽ നീന്തുകയായിരുന്നു,’ റോസ്വിതാ ഗസൽ അനുസ്മരിക്കുന്നു. നീന്തിക്കഴിഞ്ഞ് ഗസൽ ദമ്പതികൾ വസ്ത്രം മാറാനായി അവർ താമസിക്കുന്ന ഹോട്ടലിലേക്കു പോയി. കടൽത്തീരത്ത് തിരികെ എത്തിയ അവരെ വരവേറ്റ പേടിപ്പെടുത്തുന്ന ദൃശ്യം റൈനർ ഗസൽ വർണിക്കുന്നത് ഇപ്രകാരമാണ്: ‘പത്തു മിനിട്ടു കഴിഞ്ഞ് ഞങ്ങൾ തീരത്തേക്കു തിരികെ ചെന്നപ്പോൾ കടൽ അപ്രത്യക്ഷമായിരുന്നു.’ തീരത്തുനിന്ന് ഏകദേശം ഏഴു കിലോമീറ്റർ [നാലു മൈൽ] ദൂരെവരെ . . . കടൽത്തട്ടു മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ‘വെള്ളത്തിൽ നീന്തിക്കൊണ്ടിരുന്ന എല്ലാവരും പുറങ്കടലിലേക്ക് ഒഴുകിപ്പോയി.’ [ദുരന്തത്തിൽനിന്നു] രക്ഷപ്പെട്ടതിന് ഗസൽ ദമ്പതികൾ ഉണരുക! മാസികയിലെ ഒരു ലേഖനത്തോടു കടപ്പെട്ടിരിക്കുന്നു.” സുനാമികൾ ഉണ്ടാകുന്നതിനു മുമ്പ് പലപ്പോഴും അസാധാരണമായ വേലിയിറക്കം ഉണ്ടാകുമെന്ന് ആ ലേഖനത്തിൽ പറഞ്ഞിരുന്നു.
“അകലെനിന്നു കൂറ്റൻ തിരമാല വരുന്നതു കണ്ടപ്പോൾ ഗസൽ ദമ്പതികൾ കടൽത്തീരത്തുനിന്ന് ഓടിയകലാൻ തുടങ്ങി. ആ ജലഭിത്തിക്ക് ഏകദേശം 12 മുതൽ 15 വരെ മീറ്റർ [40 മുതൽ 50 വരെ അടി] ഉയരം ഉണ്ടായിരുന്നുവെന്ന് റൈനർ ഗസൽ പറയുന്നു. കടൽത്തീരത്ത് ഉണ്ടായിരുന്ന മറ്റു ടൂറിസ്റ്റുകൾ കടലിലേക്ക് ഉറ്റുനോക്കിക്കൊണ്ടു നിന്നത് അദ്ദേഹം വിഷമത്തോടെ ഓർമിക്കുന്നു. ‘അവർ അവിടെനിന്ന് അനങ്ങിയതേയില്ല. സുരക്ഷിതമായ ഒരിടത്തേക്ക് ഓടിപ്പോകാൻ ഞാൻ വിളിച്ചു പറഞ്ഞെങ്കിലും ആരും അതു വകവെച്ചില്ല.’ അവരിൽ ആരുംതന്നെ രക്ഷപ്പെട്ടില്ല.”
ഗസൽ ദമ്പതികളെക്കുറിച്ചുള്ള ആ പത്രലേഖനം ഇങ്ങനെയും അഭിപ്രായപ്പെട്ടു: “യഹോവയുടെ സാക്ഷികളായ അവർ ഒഴിവുകാലത്ത്, അവിടെ ഏറ്റവും അടുത്തുള്ള സഭയോടൊപ്പം സഹവസിച്ചു. കാവു ലാക്കിൽനിന്ന് 140 കിലോമീറ്റർ [85 മൈൽ] അകലെയായിരുന്നു അത്. ദുരന്തത്തെക്കുറിച്ചു കേട്ടപ്പോൾ സഭയിലുള്ള മുഴുവൻ പേരും അവരെ തിരഞ്ഞ് കാവു ലാക്കിലേക്കു പോയി.”
ഇപ്പോൾ ജർമനിയിൽ സുരക്ഷിതമായി തിരികെ എത്തിയിരിക്കുന്ന ഈ ദമ്പതികൾ ഉണരുക!യിലെ മൂല്യവത്തായ വിവരങ്ങൾക്കായി അങ്ങേയറ്റം നന്ദിയുള്ളവരാണ്. തങ്ങളെ സഹായിച്ച തായ്ലൻഡിലെ ആളുകളോടും—പ്രത്യേകിച്ച് യഥാർഥ ക്രിസ്തീയ സ്നേഹം പ്രകടമാക്കിയ അവരുടെ ആത്മീയ സഹോദരങ്ങളോട്—അവർക്കു വളരെയേറെ നന്ദിയുണ്ട്.