കൊലയാളിപ്പുക എങ്ങനെ രക്ഷനേടാം?
കൊലയാളിപ്പുക എങ്ങനെ രക്ഷനേടാം?
ഓരോ മിനിട്ടിലും മൂന്നുപേർ തങ്ങളുടെ വീടുകളിൽവെച്ചു കൊല്ലപ്പെടുന്നു. ഞെട്ടിക്കുന്ന കണക്ക്! പുകയാണ് ഇവിടത്തെ കൊലയാളി. ബയോമാസ് കത്തിക്കുമ്പോൾ പുറത്തുവരുന്ന പുക.
എന്താണ് ബയോമാസ്? ചാണകപ്പട്ട, ചുള്ളിക്കമ്പുകൾ, പുല്ല്, ഉമി, അറുക്കപ്പൊടി തുടങ്ങിയവയൊക്കെ ഇതിൽപ്പെടും. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് അതായത് 200 കോടി ആളുകൾ ഭക്ഷണം പാകംചെയ്യാനും മറ്റും ബയോമാസ് ഉപയോഗിക്കുന്നുവെന്ന് നേപ്പാളിലെ ദ കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. പലപ്പോഴും, തീരെ ദരിദ്രരായ ജനതയ്ക്കു കിട്ടുന്ന ഒരേയൊരു ഇന്ധനമാണ് ഇത്.
എന്നാൽ പ്രശ്നമിതാണ്: ബയോമാസ് കത്തിക്കുമ്പോൾ മാരകമായ വാതകങ്ങൾ പുറത്തുവരുന്നു. എന്താണ് പരിഹാരം? “വീടിനകത്തുണ്ടാകുന്ന വായുമലിനീകരണത്തിനുള്ള പരിഹാരം താരതമ്യേന ലളിതമാണ്: അകത്തേക്കു പുക വ്യാപിക്കാതെ നോക്കുകയോ അകത്തുള്ള പുക പുറത്തേക്കു വിടുകയോ ചെയ്യുക,” ഇന്റർമീഡിയേറ്റ് ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പ് (ഐറ്റിഡിജി) പറയുന്നു. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിരവധി രാജ്യങ്ങളിലെ ആളുകളെ സഹായിക്കുന്ന ഒരു സംഘടനയാണിത്.
വീടിനു വെളിയിൽ പാചകം ചെയ്യാനാണ് ഇവർ ആദ്യംതന്നെ നിർദേശിക്കുന്നത്. അത് അസാധ്യമോ അനുചിതമോ ആണെങ്കിലോ? എങ്കിൽ വീടിനുള്ളിൽ വായു സഞ്ചാരത്തിനുള്ള മാർഗങ്ങൾ മെച്ചപ്പെടുത്തുക, ഐറ്റിഡിജി നിർദേശിക്കുന്നു. ഇതു രണ്ടു രീതിയിൽ ചെയ്യാം. ഒന്ന് മേൽക്കൂരയുടെ അത്രയുംതന്നെ ഉയരത്തിൽ ഭിത്തിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുക. (ഇവയ്ക്കു കമ്പിവലകൾ ഇടുന്നത് ചെറുജീവികൾ അകത്തുകടക്കാതിരിക്കാൻ സഹായിക്കും) അതുപോലെ, ജനലുകൾ ഉണ്ടാക്കുക. (ജനൽപ്പാളി പിടിപ്പിക്കുന്നത് സ്വകാര്യത നൽകും) വായു കയറിയിറങ്ങി പുക പുറത്തുപോകാൻ ഇതു സഹായിക്കും. എന്നാൽ ഭിത്തികളിലെ ദ്വാരങ്ങൾ ചിലപ്പോൾ ശൈത്യകാലാവസ്ഥയിൽ പ്രായോഗികമായെന്നുവരില്ല, പ്രത്യേകിച്ച് വീടിനകത്തു ചൂടുപകരാനായി ഇന്ധനം കത്തിക്കുമ്പോൾ. അപ്പോൾ മറ്റൊരു ലളിതമായ രീതി സഹായിച്ചേക്കും.
ഒരു പുകമൂടി ഉണ്ടാക്കുക. ഇത് പുക നീക്കംചെയ്യാൻ ഏറ്റവും ഫലപ്രദവും സ്വീകാര്യവുമായ മാർഗങ്ങളിൽ ഒന്നാണെന്ന് ഐറ്റിഡിജി പറയുന്നു. ഇതിനു ചെലവു കുറവാണ്, ലോഹത്തകിടുകൊണ്ടോ ഇഷ്ടികയും മണ്ണും ഉപയോഗിച്ചോ ഉണ്ടാക്കാൻ കഴിയും. നല്ല വിസ്താരമുള്ള ഈ പുകമൂടി അടുപ്പിനു മീതെയായിരിക്കണം സ്ഥാപിക്കേണ്ടത്, പുക മേൽക്കൂരയിലൂടെ വീടിനു വെളിയിലേക്കു വിടാൻ അതിനോടു ചേർത്ത് ഒരു പുകക്കുഴലും ഉണ്ടാക്കുക. വായുസഞ്ചാരത്തിനായി മുകൾഭിത്തിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയും പുകമൂടി ഉപയോഗിക്കുകയും ചെയ്യുമ്പോൾ, പുകയിൽനിന്നുണ്ടാകുന്ന അപകടകാരികളായ മലിനവസ്തുക്കളിൽ ഏകദേശം 80 ശതമാനത്തെയും പുറന്തള്ളാൻ കഴിയുമെന്നു വിദഗ്ധർ പറയുന്നു. പുകമൂടി ഉപയോഗിക്കുന്നവർ പറയുന്നത് തങ്ങൾക്ക് ഇപ്പോൾ കൂടുതൽ ആരോഗ്യവും വൃത്തിയും ഉണ്ടെന്നാണ്. അവർക്കു കൂടുതൽ ജോലിചെയ്യാൻ സാധിക്കുന്നു, വീട്ടിലായിരിക്കുന്നത് ഇപ്പോൾ ഏറെ ആസ്വദിക്കുന്നു. അതേ, വളരെ ലളിതമായ ചില സംഗതികൾക്കു ജീവിതം ഏറെ മെച്ചപ്പെടുത്താനാകും എന്നതിന്റെ തെളിവാണിത്.
[14-ാം പേജിലെ ചിത്രം]
പുകമൂടിയും ജനലുകളുമുള്ള, കെനിയയിലെ ഒരു അടുക്കള. ഭിത്തിക്കും മേൽക്കൂരയ്ക്കുമിടയിൽ വലിയ വിടവ് ഇട്ട് പണിതിരിക്കുന്നു
[കടപ്പാട്]
Dr. Nigel Bruce/www.itgd.org