ഇതിന് ഒരു അവസാനം
ഇതിന് ഒരു അവസാനം
“മോഷണത്തിനു തടയിടുകയെന്നത് നിങ്ങളുടെ മാത്രം പ്രശ്നമല്ല, അതു മുഴു സമൂഹത്തിന്റെയും പ്രശ്നമാണ്; മോഷണത്തിന് അറുതിയുണ്ടാകുമ്പോൾ എല്ലാവരും പ്രയോജനം നേടുന്നു.”—“നഷ്ടം തടയുന്നതിന് എല്ലാ ബിസിനസുകാർക്കും വേണ്ടിയുള്ള ഒരു ഗൈഡ്,” (ഇംഗ്ലീഷ്).
മറ്റ് ഏതൊരു ദ്രോഹകരമായ പ്രവണതയെയും പോലെ, കട്ടെടുക്കുന്ന ശീലവും ഒരു വ്യക്തിയുടെ ചിന്തയെ സ്വാധീനിക്കുകയും സ്വയം നീതീകരിക്കാൻ അയാളെ പ്രേരിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്, ഒരു തോട്ടക്കാരൻ കളകളെ വേരോടെ പിഴുതുകളയുന്നതുപോലെ ഈ സ്വഭാവവൈകൃതമുള്ളവർ അനുചിതമായ ചിന്തകളെ മനസ്സിൽനിന്നു പറിച്ചുമാറ്റേണ്ടതുണ്ട്. ‘മനസ്സു പുതുക്കുക’ എന്ന് ബൈബിൾ റോമർ 12:2-ൽ ആഹ്വാനം ചെയ്യുന്നു. ‘നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത്’ എന്ന് 1 പത്രൊസ് 1:14-ൽ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. പിൻവരുന്ന അഞ്ച് ഘടകങ്ങൾ പരിചിന്തിക്കുന്നത് മോഷണം ശീലമാക്കിയവരെ അതിൽനിന്നു പിന്തിരിപ്പിക്കാൻ സഹായിച്ചേക്കാം. *
ചിന്ത നേർവഴിക്ക് ആക്കാനുള്ള സഹായങ്ങൾ
◼ കട്ടെടുക്കുന്നതു നിയമവിരുദ്ധമാണെന്ന് ആദ്യംതന്നെ മനസ്സിൽപ്പിടിക്കുക. മോഷണം ഒരു സാധാരണ സംഗതി ആയിരിക്കുന്ന പ്രദേശത്തായിരുന്നേക്കാം ഇത്തരമൊരാൾ താമസിക്കുന്നത്. പലപ്പോഴും പിടികൊടുക്കാതെ രക്ഷപ്പെടാനും അയാൾക്കു കഴിയുന്നുണ്ടാകാം. പക്ഷേ, എന്തായിരുന്നാലും കടകളിൽനിന്നു സാധനങ്ങൾ കട്ടെടുക്കുന്നതു നിയമവിരുദ്ധംതന്നെയാണ്.—റോമർ 13:1.
നിരവധിപ്പേർ നിയമം ലംഘിക്കുമ്പോൾ എന്തു സംഭവിക്കുന്നു? ബൈബിൾ പറയുന്നതനുസരിച്ച് ‘ന്യായപ്രമാണം അയയുന്നു’ അല്ലെങ്കിൽ നിയമം മരവിച്ചുപോകുന്നു. (ഹബക്കൂക് 1:3, 4,) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജനക്ഷേമം ലക്ഷ്യമാക്കിയുള്ള നിയമത്തിന്റെ കടിഞ്ഞാൺ അയയുന്നു. ഫലമോ? സമൂഹത്തിൽ ക്രമസമാധാനം തകരുന്നു. കടയിൽനിന്ന് ഓരോ തവണ കളവുനടത്തുമ്പോഴും ആ വ്യക്തി, നിയമം അനുസരിച്ചു മുന്നോട്ടുപോകുന്ന ഒരു സമൂഹത്തിന്റെ അടിത്തറയിളക്കുകയാണ്. അതാകട്ടെ ഏവരെയും ബാധിക്കുന്നു.
◼ രണ്ടാമതായി, വിശ്വാസ്യതയ്ക്കു കോട്ടംതട്ടാൻ ഈ പ്രവൃത്തി ഇടയാക്കുന്നു. എല്ലാത്തരത്തിലുമുള്ള വഞ്ചനപോലെതന്നെ ഇത് മാനുഷ ബന്ധങ്ങൾ ഉലയ്ക്കുന്നു. പരസ്പരം മനസ്സിലാക്കുകയും വക്രതയില്ലാതെ ഇടപെടുകയും ചെയ്യുന്നത് അതു ബുദ്ധിമുട്ടാക്കിത്തീർക്കുന്നു.—സദൃശവാക്യങ്ങൾ 16:28.
“ഞാൻ ആളുകളെ കണ്ണുമടച്ചു വിശ്വസിക്കും, എന്റെ ഏറ്റവും വലിയ ബലഹീനതയാണിത്,” മോഷ്ടാക്കളുടെ ചെയ്തികൾ മൂലം പാപ്പരായിത്തീർന്ന, വസ്ത്രവ്യാപാരിയായ ഒരു സ്ത്രീ പറയുന്നു. തന്റെ കടയിൽ വരുന്നവരും ജോലിക്കാരും ഒന്നും മോഷ്ടിക്കുകയില്ലെന്ന് ഈ സ്ത്രീ ആദ്യമൊക്കെ വിശ്വസിച്ചിരുന്നു. അതു വെറും വിശ്വാസം മാത്രമായിരുന്നെന്ന് ഇപ്പോൾ അവർക്കു മനസ്സിലായി.
നുണപറയുന്ന ഒരു വ്യക്തിയുടെ കാര്യത്തിൽ, അയാൾ ആരോടാണോ നുണപറഞ്ഞത് ആ വ്യക്തിയുടെ മുമ്പിലേ തന്റെ വില കളഞ്ഞുകുളിക്കുന്നുള്ളൂ. പക്ഷേ, സാധനങ്ങൾ കട്ടെടുക്കുന്ന സ്വഭാവക്കാരാകട്ടെ, പിന്നീട് കടയിൽ കയറുന്ന സകലരുടെമേലും സംശയത്തിന്റെ നിഴൽപതിക്കാൻ വഴിയൊരുക്കുന്നു. സത്യസന്ധരായ ആളുകളെക്കുറിച്ചുപോലും, അവർ മോഷ്ടിച്ചേക്കാം എന്നുള്ള ചിന്ത മനസ്സിൽവരാൻ ഇവരുടെ ചെയ്തി ഇടയാക്കിയേക്കാം. മറ്റുള്ളവരുടെ മനസ്സിൽ ഇങ്ങനെയുള്ള ചിന്തകളുടെ വിത്തുപാകാൻ ആർക്കെങ്കിലും അധികാരമുണ്ടോ?
◼ മൂന്നാമതായി, കട്ടെടുക്കൽ ഒരു ശീലമാക്കുന്നത് കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്കു നയിക്കാനിടയുണ്ട്. ക്രമേണ ഇത്തരക്കാർ കൊടുംപാതകങ്ങൾ ചെയ്യാനും മടിക്കില്ല.—2 തിമൊഥെയൊസ് 3:13, 14.
ഈ ദുശ്ശീലത്തിന് അവസാനം
◼ നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതി, ഇതു ചെയ്യുന്ന വ്യക്തി സർവശക്തനായ ദൈവത്തിന് എതിരെ പ്രവർത്തിക്കുന്നു എന്നുള്ളതാണ്. കള്ളൻ ‘ഇനി കക്കരുത്’ എന്ന് ദൈവവചനം പറയുന്നു. ദൈവത്തെ എതിർക്കുന്നവർ ന്യായവിധിക്കു യോഗ്യരാകുമെന്നും അതു മുന്നറിയിപ്പു നൽകുന്നു. (എഫെസ്യർ 4:28; സങ്കീർത്തനം 37:9, 17, 20) എന്നാൽ തെറ്റായ വഴികൾ ഉപേക്ഷിക്കുന്നവരോട് യഹോവ ക്ഷമിക്കും. അവർക്കു ദൈവവുമായി സമാധാനത്തിലാകാൻ കഴിയും.—സദൃശവാക്യങ്ങൾ 1:33.
◼ അഞ്ചാമതായി, മറ്റ് എല്ലാ കുറ്റകൃത്യങ്ങളെയുംപോലെ കടയിൽനിന്നു കട്ടെടുക്കുന്ന ദുശ്ശീലവും പെട്ടെന്നുതന്നെ ഇല്ലാതാകാൻ പോകുന്നു. ബൈബിളിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ ദൈവരാജ്യം ഭൂമിയുടെമേലുള്ള പൂർണനിയന്ത്രണം ഏറ്റെടുക്കുമ്പോൾ മനുഷ്യർ സത്യസന്ധതയോടും പരമാർഥതയോടും കൂടെ പരസ്പരം ഇടപെടും. ഈ ദുശ്ശീലത്തിന്റെ അനന്തരഫലങ്ങൾ മേലാൽ ആർക്കും അനുഭവിക്കേണ്ടിവരില്ല.—സദൃശവാക്യങ്ങൾ 2:21, 22; മീഖാ 4:4.
[അടിക്കുറിപ്പ്]
^ ഈ ശീലമുള്ള വ്യക്തിയെ പുല്ലിംഗത്തിലാണു പരാമർശിച്ചിരിക്കുന്നതെങ്കിലും ഇവിടെ പറയുന്ന തത്ത്വങ്ങൾ ഇത്തരക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധകമാണ്.
[10-ാം പേജിലെ ചതുരം/ചിത്രം]
മോഷണം തടയുന്നതിനുള്ള ചെലവുകുറഞ്ഞ മാർഗങ്ങൾ
ചെറിയ ബിസിനസുകാർക്ക് വലിയ ചെലവുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരിക്കാം. മോഷണത്തിന് ഇരകളാകാതിരിക്കാൻ അവർക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇതിനർഥമില്ല. പലപ്പോഴും, ചില ലളിതമായ പടികൾ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ സാധനങ്ങൾ കളവുപോകാതെ സൂക്ഷിക്കാൻ ബിസിനസുകാർക്കു കഴിയും.
കുറ്റാന്വേഷകരായ മൈക്കൽ ബ്രോയും ഡെറിക് ബ്രൗണും തങ്ങളുടെ പുസ്തകത്തിൽ ഉപഭോക്താക്കളുടെമേൽ ഒരു കണ്ണുണ്ടായിരിക്കണമെന്ന കാര്യത്തിന് ഊന്നൽ നൽകുന്നു. “എല്ലാവരെയും നിരീക്ഷിക്കുക. . . . നിങ്ങളും കടയിലെ ജോലിക്കാരുമാണ് ഇതു തടയാൻ മുന്നിട്ടിറങ്ങേണ്ടത്.” സാധനങ്ങൾ സൂത്രത്തിൽ കൈക്കലാക്കുമെന്നു സംശയമുള്ള ആരെയെങ്കിലും നിങ്ങൾക്കു പിൻവരുന്ന രീതിയിൽ സമീപിക്കാവുന്നതാണെന്ന് അവർ നിർദേശിക്കുന്നു: “താങ്കൾ തേടിക്കൊണ്ടിരുന്ന സാധനം കിട്ടിയോ? എങ്കിൽ പണമടയ്ക്കുന്നിടത്തു കൊണ്ടുവെച്ചോളൂ, ഞാൻ ബില്ലു ശരിയാക്കാം,” “അത് പൊതിഞ്ഞെടുത്തേക്കട്ടേ?,” “ഈ സ്വെറ്ററിന്റെ വലുപ്പമൊക്കെ കൃത്യമാണോ?,” “ഞാൻ ഒരു ബാസ്കറ്റ് കൊണ്ടുവന്നുതരട്ടേ?” കുറ്റാന്വേഷകരുടെ അഭിപ്രായത്തിൽ, “ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അവരെ ശ്രദ്ധിച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് അവരിൽ താത്പര്യമുണ്ടെന്നും സത്യസന്ധരായ ഉപഭോക്താക്കൾക്കും ഒപ്പം കള്ളന്മാർക്കും മനസ്സിലാകും.”
സാധനങ്ങൾ അടുക്കുംചിട്ടയോടും കൂടെ വെക്കേണ്ടതിനെക്കുറിച്ച് അവർ പറയുന്നു: “ഇടയ്ക്കു സ്ഥലം കിടക്കാതവണ്ണം സാധനങ്ങൾ വൃത്തിക്കു നിറയെ അടുക്കിവെക്കണം. കൂടെക്കൂടെ അതിൽ കണ്ണോടിക്കുന്നത് സാധനങ്ങൾ നിങ്ങൾക്കു കൂടുതൽ പരിചിതമാകാൻ സഹായിക്കും. വൃത്തിയായി അടുക്കിവെക്കുകയാണെങ്കിൽ ഇടയ്ക്കുനിന്ന് എന്തെങ്കിലും എടുത്താലോ ക്രമം തെറ്റിക്കണ്ടാലോ പെട്ടെന്നു തിരിച്ചറിയാം.”—“നഷ്ടം തടയുന്നതിന് എല്ലാ ബിസിനസുകാർക്കും വേണ്ടിയുള്ള ഒരു ഗൈഡ്.”
ഒരു അന്വേഷണ ഉദ്യോഗസ്ഥനായ റസ്സൽ ബിന്റ്ലിഫ് ഇപ്രകാരം നിർദേശിക്കുന്നു: “നടക്കുന്ന വഴിയിൽ തടസ്സങ്ങളൊന്നും ഇല്ലെങ്കിൽ, ഷെൽഫുകളിൽ ഇടയ്ക്കു സ്ഥലം കിടക്കാത്തവണ്ണം സാധനങ്ങൾ അടുക്കിവെച്ചിരിക്കുകയാണെങ്കിൽ, വാങ്ങാനെത്തുന്നവർ എന്തൊക്കെ ചെയ്യുന്നുവെന്നു ജോലിക്കാർക്ക് നിരീക്ഷിക്കുക എളുപ്പമായിരിക്കും. ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ അയാൾ നടന്ന വഴിയേ പോയിക്കൊണ്ട് എന്തു സാധനമാണു നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഒരു ജോലിക്കാരനു മനസ്സിലാക്കാവുന്നതാണ്. എന്നിട്ട്, അയാളെ പിന്തുടർന്ന് സ്റ്റോക്ക് പരിശോധിക്കുകയാണെന്ന നാട്യത്തിൽ അയാൾ സാധനങ്ങൾ വാങ്ങിവെക്കുന്ന ഉന്തുവണ്ടിയിലോ ബാസ്കറ്റിലോ അതു വെച്ചിട്ടുണ്ടോയെന്നു നിരീക്ഷിക്കാൻ കഴിയും . . . കട്ടെടുക്കാനെത്തിയ കക്ഷികൾക്കു പെട്ടെന്നു കാര്യം മനസ്സിലാകും. എന്നാൽ സത്യസന്ധരായ ഉപഭോക്താക്കൾ ജോലിക്കാരൻ ചുറ്റിപ്പറ്റിനടക്കുന്ന കാര്യമൊന്നും അറിയുകപോലുമില്ല.” “ഉപഭോക്താക്കൾക്കായുള്ള പാത ഡിസൈൻ ചെയ്യേണ്ടത് [കടയുടമയ്ക്കും] ജോലിക്കാർക്കും അവരെ കാണാൻ കഴിയുന്നതുപോലെ ആയിരിക്കണം” എന്ന് അദ്ദേഹം പറയുന്നു.—നിങ്ങളുടെ ബിസിനസിനെ കുറ്റകൃത്യങ്ങളിൽനിന്നു സംരക്ഷിക്കൽ—നിങ്ങളുടെ സ്റ്റോർ, ബിസിനസ്, ഓഫീസ് ഇവ സംരക്ഷിക്കുന്നതിന് ചെലവു കുറഞ്ഞതും ഒട്ടും ചെലവ് ഇല്ലാത്തതും ആയ 301 മാർഗങ്ങൾ (ഇംഗ്ലീഷ്).
[9-ാം പേജിലെ ചിത്രം]
സത്യസന്ധത വിശ്വാസ്യതയും സുഹൃദ്ബന്ധങ്ങളും ഉന്നമിപ്പിക്കുന്നു