അക്ഷരങ്ങളിൽനിന്ന് അഭ്രപാളിയിലേക്ക്
അക്ഷരങ്ങളിൽനിന്ന് അഭ്രപാളിയിലേക്ക്
കഴിഞ്ഞ ഏതാനും ദശകങ്ങളായി ഹോളിവുഡ് ഒന്നിനു പുറകേ ഒന്നായി അനേകം ബ്ലോക്ക്ബസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് ആഗോളതലത്തിൽത്തന്നെ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നു പറയാം. കാരണം പല അമേരിക്കൻ ചലച്ചിത്രങ്ങളും ഐക്യനാടുകളിൽ റിലീസായി വെറും ആഴ്ചകൾക്കകം—ചിലപ്പോൾ ദിവസങ്ങൾക്കകംതന്നെ—വിദേശ സിനിമാശാലകളിൽ പ്രദർശനത്തിനെത്തുന്നു. ചില സിനിമകളാണെങ്കിൽ അന്നുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീയേറ്ററുകളിൽ റിലീസായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് എന്ന വിതരണ കമ്പനിയുടെ പ്രസിഡന്റ് ഡാൻ ഫെൽമാൻ പറയുന്നു: “അന്താരാഷ്ട്ര ചലച്ചിത്ര വിപണി വളർന്നുകൊണ്ടിരിക്കുന്ന, ആവേശമുണർത്തുന്ന ഒരു മണ്ഡലമാണ്. അതുകൊണ്ട് ചലച്ചിത്രങ്ങൾ നിർമിക്കുമ്പോൾ ഞങ്ങൾ അവയെ ആഗോളതലത്തിൽ വാണിജ്യനേട്ടം ഉണ്ടാക്കിത്തരാൻപോന്ന സംരംഭങ്ങളായിട്ടാണു വീക്ഷിക്കുന്നത്.” ഹോളിവുഡിൽ സംഭവിക്കുന്ന കാര്യങ്ങൾ ഇന്നു വിശേഷിച്ചും, ആഗോള വിനോദവ്യവസായത്തെ ബാധിക്കുന്നുണ്ട് എന്നു പറയാൻ കഴിയും. *
എന്നിരുന്നാലും ഒരു സിനിമയിൽനിന്നു ലാഭം ഉണ്ടാക്കുന്നത് വിചാരിക്കുന്നത്ര എളുപ്പമല്ല. പല ഹോളിവുഡ് സിനിമകളുടെയും കാര്യത്തിൽ നിർമാണ, വിപണന ചെലവ് നികത്താൻതന്നെ 450 കോടി രൂപയിലധികം വേണ്ടിവരും. ഇനി, സിനിമ വിജയിക്കുമോ എന്നതു പൂർണമായും പൊതുജനത്തെ ആശ്രയിച്ചിരിക്കുന്നു. അവരുടെ പ്രതികരണമൊട്ടു പ്രവചിക്കുക സാധ്യമല്ലതാനും. “ഒരു പ്രത്യേക സമയത്ത് ജനത്തെ ഹരംകൊള്ളിക്കുന്ന, അവരുടെ അനുഭവതലങ്ങളിൽ കുളിരുകോരിയിടുന്ന ചിത്രങ്ങൾ ഏതൊക്കെയായിരിക്കുമെന്ന് ഒരിക്കലും അറിയാൻ പറ്റില്ല,” എമോറി യൂണിവേഴ്സിറ്റിയിലെ ചലച്ചിത്രപഠന വിഭാഗത്തിലെ പ്രൊഫസർ ഡേവിഡ് കുക്ക് പറയുന്നു. അങ്ങനെയെങ്കിൽ സിനിമാനിർമാതാക്കൾ ഒരു ചലച്ചിത്രത്തിന്റെ വിജയസാധ്യത വർധിപ്പിക്കുന്നത് എങ്ങനെയാണ്? ഉത്തരം കണ്ടെത്താൻ, സിനിമാനിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഏതാനും അടിസ്ഥാന കാര്യങ്ങൾ നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. *
ഷൂട്ടിങ്ങിനു മുമ്പുള്ള ഘട്ടം—സിനിമാനിർമാണത്തിന്റെ അടിസ്ഥാനം
സാധാരണഗതിയിൽ, സിനിമാനിർമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ദൈർഘ്യമേറിയതുമായ ഘട്ടമാണിത്. ഏതൊരു വലിയ പദ്ധതിയുടെയും കാര്യത്തിലെന്നപോലെ നല്ല തയ്യാറെടുപ്പാണ് ഇതിന്റെയും വിജയരഹസ്യം. ഈ ഘട്ടത്തിൽ ചെലവഴിക്കപ്പെടുന്ന ഓരോ നാണയത്തുട്ടും ഷൂട്ടിങ്ങിന്റെ സമയത്ത് അതിന്റെ പല മടങ്ങ് മിച്ചംപിടിക്കാൻ സഹായിക്കുമെന്നു കരുതപ്പെടുന്നു.
സിനിമയ്ക്കു പറ്റിയ ഒരു കഥയാണ് ആദ്യം വേണ്ടത്, അത് സാങ്കൽപ്പികമോ യഥാർഥ ജീവിതസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ ആകാം. പിന്നീട് ഒരു രചയിതാവ് അതിനെ
തിരക്കഥയുടെ രൂപത്തിലാക്കുന്നു. തിരക്കഥ നിരവധി തവണ മാറ്റങ്ങൾക്കു വിധേയമായേക്കാം. ഇങ്ങനെ, ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തിയ തിരക്കഥയുടെ അവസാനരൂപത്തെ ഷൂട്ടിങ് സ്ക്രിപ്റ്റ് എന്നാണു വിളിക്കുന്നത്. സിനിമയിലെ ഡയലോഗുകൾക്കു പുറമേ, കഥാപാത്രങ്ങൾ എങ്ങനെ അഭിനയിക്കണം എന്നതിനെക്കുറിച്ചുള്ള ഹ്രസ്വമായ വിവരണവും ഈ സ്ക്രിപ്റ്റിലുണ്ടാകും. കൂടാതെ ക്യാമറ വെക്കേണ്ട ഇടം, അതിന്റെ ആംഗിൾ, രംഗമാറ്റം തുടങ്ങിയ സാങ്കേതിക വിശദാംശങ്ങൾ സംബന്ധിച്ച നിർദേശങ്ങളും അതു പ്രദാനം ചെയ്യും.ഒരു തിരക്കഥ അത് എഴുതിയുണ്ടാക്കിയ ആദ്യഘട്ടത്തിലാണ് നിർമാതാവിനു വിൽക്കപ്പെടുന്നത്. * ഒരു നിർമാതാവിന് ഏതുതരം തിരക്കഥയോടായിരിക്കും താത്പര്യം? ഒരു സാധാരണ വേനൽക്കാല ചലച്ചിത്രം, “പോപ്കോൺ ക്രൗഡ്” എന്ന് ഒരു സിനിമാനിരൂപകൻ വിശേഷിപ്പിക്കുന്ന കൗമാരപ്രായക്കാരുടെയും യുവാക്കളുടെയും കൂട്ടത്തെ മനസ്സിൽ കണ്ടുകൊണ്ടുള്ളത് ആയിരിക്കും. അതുകൊണ്ട് യുവജനങ്ങളെ ആകർഷിക്കുന്ന ഒരു തിരക്കഥയോടായിരിക്കാം നിർമാതാവിന് ആഭിമുഖ്യം.
പ്രായഭേദമെന്യേ ഏവരും പ്രിയപ്പെടുന്ന ഒരു തിരക്കഥയായിരിക്കും അതിലും മെച്ചം. ഉദാഹരണത്തിന്, കോമിക് പുസ്തകങ്ങളിലെ ഒരു സൂപ്പർഹീറോയെക്കുറിച്ചുള്ള ഒരു സിനിമ ആ കഥാപാത്രത്തെ പരിചയമുള്ള കൊച്ചുകുട്ടികളെ തീർച്ചയായും ആകർഷിക്കും. അവരുടെ മാതാപിതാക്കളും അവരോടൊപ്പം ആ സിനിമ കാണാൻ പോകും. എന്നാൽ സിനിമാനിർമാതാക്കൾ കൗമാരക്കാരെയും യുവാക്കളെയും ആകർഷിക്കുന്നത് എങ്ങനെയാണ്? “ഉള്ളടക്കത്തിന് മൂർച്ച വരുത്തുക” എന്നതാണ് പ്രധാന ഘടകം എന്ന് ദ വാഷിങ്ടൺ പോസ്റ്റ് മാഗസിനിൽ ലൈസ മുൺഡി എഴുതുന്നു. അസഭ്യഭാഷയും കടുത്ത അക്രമരംഗങ്ങളും ധാരാളം രതിരംഗങ്ങളുമൊക്കെ കുത്തിനിറച്ചുകഴിയുമ്പോൾ സിനിമ “എല്ലാത്തരക്കാരെയും ആകർഷിക്കും, അങ്ങനെ അത് വാണിജ്യവിജയം കൊയ്യുകയും ചെയ്യും.”
ഒരു തിരക്കഥ നല്ല വിജയസാധ്യത ഉള്ളതാണെന്നു കണ്ടാൽ നിർമാതാവ് അതു വാങ്ങും. നല്ല ഒരു സംവിധായകനെയും പേരുകേട്ട നടീനടന്മാരെയും കണ്ടെത്തുകയാണ് അടുത്ത പടി. തുടർന്ന് നിർമാതാവ് അവരുമായി കരാറിലേർപ്പെടും. പ്രശസ്തനായ സംവിധായകനും മുൻനിരയിലുള്ള ഒരു താരവും ഉണ്ടെങ്കിൽ സിനിമ റിലീസായി കഴിയുമ്പോൾ അത് ബോക്-ഓഫീസിൽ വൻവിജയം നേടും. എന്നാൽ, ഈ പ്രാരംഭ ഘട്ടത്തിൽപ്പോലും പ്രശസ്തരുടെ പേരുകൾ, സിനിമയ്ക്കു പണമിറക്കേണ്ടവരെ ആകർഷിച്ചേക്കും.
ഷൂട്ടിങ്ങിനു മുമ്പ് ചെയ്യേണ്ട മറ്റൊരു കാര്യമാണ് സ്റ്റോറിബോർഡ് തയ്യാറാക്കൽ. സിനിമയുടെ രംഗങ്ങൾ ഏതു ക്രമത്തിൽ ചിട്ടപ്പെടുത്തണം എന്നു കാണിക്കുന്ന ഒരുകൂട്ടം സ്കെച്ചുകളെയാണ് സ്റ്റോറിബോർഡ് എന്നു വിളിക്കുന്നത്. ക്യാമറാമാനെ സംബന്ധിച്ചിടത്തോളം ഒരു ബ്ലൂപ്രിന്റ് ആയി വർത്തിക്കുന്ന സ്റ്റോറിബോർഡ്, ഷൂട്ടിങ്ങിൽ സമയം പാഴാകാതിരിക്കാൻ വളരെ സഹായകമാണ്. “സെറ്റിൽനിന്നുകൊണ്ട്, ക്യാമറ എവിടെ വെക്കണം എന്നാലോചിച്ച് ഷൂട്ടിങ് നടത്താനുള്ള ഒരു ദിവസം പാഴാക്കേണ്ടിവരുന്നതിൽപ്പരം ബുദ്ധിമുട്ട് വേറെയില്ല,” സംവിധായകനും തിരക്കഥാകൃത്തുമായ ഫ്രാങ്ക് ഡാറബോണ്ട് പറയുന്നു.
ഷൂട്ടിങ്ങിനു മുമ്പു ചെയ്തുതീർക്കേണ്ട വേറെയും കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഷൂട്ടിങ്ങിന്റെ ലൊക്കേഷനുകൾ ഏതൊക്കെയായിരിക്കണം? യാത്ര ആവശ്യമായിവരുമോ? ഇന്റീരിയർ സെറ്റുകൾ നിർമിക്കേണ്ടതും ഡിസൈൻ ചെയ്യേണ്ടതും എങ്ങനെയാണ്? വസ്ത്രാലങ്കാരം ആവശ്യമാണോ? ലൈറ്റിങ്ങും മേക്കപ്പും കേശാലങ്കാരവും ആർ കൈകാര്യം ചെയ്യും? സൗണ്ടിന്റെയും സ്പെഷ്യൽ ഇഫക്റ്റിന്റെയും സ്റ്റണ്ടിന്റെയും കാര്യമോ? ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പുതന്നെ പരിചിന്തിക്കേണ്ട പല കാര്യങ്ങളിൽ ചിലതു മാത്രമാണ് ഇവ. സിനിമ തുടങ്ങുന്നതിനു മുമ്പോ അവസാനിച്ചുകഴിഞ്ഞോ എഴുതിക്കാണിക്കുന്ന പേരുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും എത്രയെത്ര ആളുകളാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന്. വലിയ മുതൽ മുടക്കി നിർമിച്ചിരിക്കുന്ന ഒരു സിനിമയുടെ കാര്യത്തിലാകുമ്പോൾ അണിയറപ്രവർത്തകരുടെ എണ്ണം നൂറുകണക്കിനാകാം. “ഒരു ഫീച്ചർ ഫിലിം നിർമിക്കാൻ ഒട്ടനവധി ആളുകളുടെ സഹകരണം വേണം,” നിരവധി സിനിമാസെറ്റുകളിൽ ജോലി ചെയ്തിട്ടുള്ള ഒരു ടെക്നീഷ്യൻ പറയുന്നു.
ഷൂട്ടിങ്—രംഗങ്ങൾ ഫിലിമിൽ പകർത്തുന്നു
ഒരു സിനിമയുടെ ഷൂട്ടിങ് വളരെയധികം സമയവും ശ്രമവും പണവും ആവശ്യമായ ഒരു സംരംഭമാണ്. ഒരൊറ്റ
മിനിട്ട് പാഴായാൽ മതി, പതിനായിരക്കണക്കിനു രൂപയുടെ നഷ്ടം വരാൻ. ചിലപ്പോൾ വളരെ ദൂരെയുള്ള ഒരു ലൊക്കേഷനിലായിരിക്കും ഷൂട്ടിങ് നടത്തേണ്ടത്. അഭിനേതാക്കൾക്കും ജോലിക്കാർക്കും പുറമേ ഉപകരണങ്ങളും അവിടെ എത്തിക്കേണ്ടതുണ്ട്. ഷൂട്ടിങ് നടക്കുന്നത് എവിടെയായിരുന്നാലും ഓരോ ദിവസവും നല്ല ചെലവു വരും.ലൈറ്റിങ് കൈകാര്യം ചെയ്യുന്നവർ, കേശാലങ്കാരക്കാർ, മേക്കപ്പ്മാൻ തുടങ്ങിയവരായിരിക്കും ആദ്യം സെറ്റിലെത്തുന്നത്. ഷൂട്ടിങ് നടക്കുന്ന ഓരോ ദിവസവും ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് താരങ്ങൾ മണിക്കൂറുകൾതന്നെ കണ്ണാടിയുടെ മുമ്പിൽ ചെലവഴിക്കേണ്ടതുണ്ടായിരിക്കാം. പിന്നെ ഷൂട്ടിങ് ആരംഭിക്കുകയായി.
ഓരോ രംഗമെടുക്കുമ്പോഴും സംവിധായകൻ അത് അടുത്തു നിരീക്ഷിക്കുന്നുണ്ടാകും. താരതമ്യേന ലളിതമായ ഒരു രംഗംപോലും ഫിലിമിൽ പകർത്താൻ ഒരു ദിവസം മുഴുവൻ വേണ്ടിവന്നേക്കാം. സിനിമയിലെ മിക്ക രംഗങ്ങളും ഒരൊറ്റ ക്യാമറ ഉപയോഗിച്ചാണ് എടുക്കുന്നത്. അതുകൊണ്ട് ഒരു രംഗംതന്നെ ഓരോ ആംഗിളിൽനിന്നും വീണ്ടും വീണ്ടും എടുക്കേണ്ടിവരും. കൂടാതെ, ഒരേ ഷോട്ട്തന്നെ മെച്ചപ്പെട്ട അഭിനയത്തിനോ സാങ്കേതികപൂർണതയ്ക്കോ വേണ്ടി പലപ്രാവശ്യം എടുക്കേണ്ടി വന്നേക്കാം. ഇങ്ങനെ ഓരോ ഷോട്ട് എടുക്കുന്നതിനെ, ടേക്ക് എന്നാണു പറയുന്നത്. വലിയ രംഗങ്ങൾക്ക് 50-ഓ അതിലധികമോ ടേക്കുകൾ വേണ്ടിവന്നേക്കാം! പിന്നീട്—സാധാരണഗതിയിൽ, ഷൂട്ടിങ് നടക്കുന്ന ഓരോ ദിവസത്തിന്റെയും അവസാനം—സംവിധായകൻ എല്ലാ ടേക്കുകളും നിരീക്ഷിച്ചശേഷം ഏതെല്ലാം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കുന്നു. ഷൂട്ടിങ് ആഴ്ചകളോ മാസങ്ങൾതന്നെയോ നീണ്ടുനിന്നേക്കാം.
ഷൂട്ടിങ്ങിനുശേഷം—ചിത്രസംയോജനം
ഈ ഘട്ടത്തിലാണ് ഓരോ ടേക്കും എഡിറ്റ് ചെയ്ത് പൂർവാപരയോജിപ്പോടുകൂടിയ ഒരു ചലച്ചിത്രമാക്കി രൂപപ്പെടുത്തുന്നത്. ആദ്യംതന്നെ ദൃശ്യ, ശ്രവ്യ ഘടകങ്ങളെ സമന്വയിപ്പിക്കുന്നു. അടുത്തതായി എഡിറ്റർ, ഫിലിമിന്റെയും ഓഡിയോ ടേപ്പിന്റെയും ഘടകങ്ങൾ സംയോജിപ്പിച്ച് സിനിമയുടെ ഒരു ആദ്യരൂപം തയ്യാറാക്കുന്നു. ഇതിനെ റഫ്-കട്ട് എന്നാണു പറയുന്നത്.
ദൃശ്യ, ശ്രവ്യ പ്രഭാവങ്ങൾ ചേർക്കുന്നതും ഈ ഘട്ടത്തിലാണ്. സിനിമാനിർമാണത്തിലെ ഏറ്റവും സങ്കീർണമായ കാര്യങ്ങളിലൊന്നായ സ്പെഷ്യൽ ഇഫക്റ്റ്സ് സിനിമേറ്റോഗ്രാഫി, കമ്പ്യൂട്ടർഗ്രാഫിക്സിന്റെ സഹായത്തോടെയാണു ചിലപ്പോൾ സൃഷ്ടിക്കുന്നത്. തീയേറ്ററിലെത്തുമ്പോൾ ഇത്തരം രംഗങ്ങൾ ജീവസ്സുറ്റ, വിസ്മയാവഹമായ ദൃശ്യാനുഭവങ്ങളായി മാറുന്നു.
ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ സംഗീതവും ഈ ഘട്ടത്തിൽത്തന്നെയാണു ചേർക്കുന്നത്. ഇന്നത്തെ സിനിമകളിലാണെങ്കിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടുതാനും. “ഇന്നത്തെ ചലച്ചിത്ര വ്യവസായം മുൻകാലങ്ങളെ അപേക്ഷിച്ച് സംഗീതത്തിനായി കൂടുതൽ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്—നാടകീയ മുഹൂർത്തങ്ങൾക്കുവേണ്ടിയുള്ള വെറും 20 മിനിട്ടു നേരത്തേക്കോ മറ്റോ ഉള്ള സംഗീതമല്ല അവർക്കു വേണ്ടത്, പിന്നെയോ ഒരു മണിക്കൂറിലധികം വരുന്ന സംഗീതമാണ്,” ഫിലിം സ്കോർ മംത്ലിയിൽ എഡ്വിൻ ബ്ലാക്ക് എഴുതുന്നു.
ചിലപ്പോൾ പുതിയതായി എഡിറ്റുചെയ്ത ചിത്രം, തിരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം പ്രേക്ഷകരുടെ—സിനിമയുടെ നിർമാണത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത, സംവിധായകന്റെ സുഹൃത്തുക്കളുടെയോ സഹപ്രവർത്തകരുടെയോ—മുമ്പാകെ പരീക്ഷണാർഥം പ്രദർശിപ്പിക്കാറുണ്ട്. അവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ ചില രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യാനോ പാടേ നീക്കം ചെയ്യാനോ തീരുമാനിച്ചേക്കാം. ചില സാഹചര്യങ്ങളിൽ ഈ പ്രേക്ഷകഗണത്തിന്റെ അഭിപ്രായത്തെ മാനിച്ച് സിനിമയുടെ അവസാനഭാഗം അപ്പാടെ തിരുത്തിയെഴുതിയിട്ടുണ്ട്.
പൂർത്തിയാക്കപ്പെട്ട ചിത്രം ഒടുവിൽ തീയേറ്ററുകളിലെത്തുന്നു. ഈ ഘട്ടത്തിൽ മാത്രമേ അത് ഒരു ബ്ലോക്ക്ബസ്റ്റർ ആകുമോ, ശരാശരി വിജയം കൈവരിക്കുമോ, അതോ പൊളിയുമോ എന്നൊക്കെ പറയാൻ സാധിക്കൂ. ഇവിടെ, ലാഭം മാത്രമല്ല തുലാസ്സിൽ തൂങ്ങുന്നത്. ഒന്നിനു പുറകേ ഒന്നായി ഉണ്ടാകുന്ന പരാജയങ്ങൾ ഒരു അഭിനേതാവിന്റെ സിനിമാരംഗത്തെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാം, അല്ലെങ്കിൽ സംവിധായകന്റെ പേരു നശിപ്പിച്ചേക്കാം. “എന്റെ സമകാലികരിൽ പലരും ഏതാനും പ്രാവശ്യത്തെ പരാജയത്തിനു ശേഷം പിൻവാങ്ങിയതു ഞാൻ കണ്ടിട്ടുണ്ട്,” സിനിമാരംഗത്തെ തന്റെ ആദ്യവർഷങ്ങളെ അനുസ്മരിച്ചുകൊണ്ട് സംവിധായകനായ ജോൺ ബോർമാൻ പറയുന്നു. “പണം മുടക്കുന്നവർക്കു ലാഭമുണ്ടാക്കിക്കൊടുത്തില്ലെങ്കിൽ നിങ്ങൾ ഈ രംഗത്തുനിന്നു പുറത്താകും, ചലച്ചിത്രവ്യവസായത്തിലെ ഒരു പൊള്ളുന്ന യാഥാർഥ്യമാണ് അത്.”
തീയേറ്ററിനു മുമ്പിൽ സിനിമയുടെ പോസ്റ്ററും നോക്കിനിൽക്കുമ്പോൾ ആളുകൾ സിനിമാപ്രവർത്തകരുടെ പ്രശ്നങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാൻ പോകുന്നില്ല. അവർ പ്രധാനമായും ചിന്തിക്കുക, ‘ഈ സിനിമ നന്നായിരിക്കുമോ? ടിക്കറ്റിന്റെ വില മുതലാകുമോ? ഞെട്ടിക്കുന്ന അല്ലെങ്കിൽ മോശമായ രംഗങ്ങൾ ഇതിൽ ഉണ്ടായിരിക്കുമോ? ഇത് എന്റെ കുട്ടികൾക്ക് കാണാൻ കൊള്ളാവുന്നതാണോ?’ എന്നൊക്കെയായിരിക്കും. സിനിമ കാണുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ഈ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം കണ്ടെത്താൻ കഴിയും?
[അടിക്കുറിപ്പുകൾ]
^ ഹാർവാർഡ് ബിസിനസ് സ്കൂളിലെ പ്രൊഫസറായ അനീറ്റ എൽബെർസെ പറയുന്നതനുസരിച്ച്, “ഹോളിവുഡ് സിനിമകൾ, ഇന്നു മിക്കപ്പോഴും ഐക്യനാടുകളിലേതിനെക്കാൾ വിദേശത്താണ് കൂടുതലും വിറ്റഴിയുന്നതെങ്കിലും, അവിടെ അവ എത്ര നന്നായി ഓടും എന്നത് പ്രധാനമായും ഐക്യനാടുകളിലെ അവയുടെ വിജയത്തെ ആശ്രയിച്ചാണിരിക്കുന്നത്.”
^ ഇത് ഓരോ സിനിമയുടെ കാര്യത്തിലും വ്യത്യസ്തമായിരിക്കാമെങ്കിലും, ഒരു രീതിയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
^ ചില സാഹചര്യങ്ങളിൽ നിർമാതാവിന് തിരക്കഥയ്ക്കു പകരം കഥയുടെ ഒരു രൂപരേഖ മാത്രമായിരിക്കും ലഭിക്കുന്നത്. കഥ ഇഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് അവകാശങ്ങൾ വാങ്ങി അത് ഒരു തിരക്കഥയാക്കി മാറ്റാവുന്നതാണ്.
[6-ാം പേജിലെ ആകർഷക വാക്യം]
“ഒരു പ്രത്യേക സമയത്ത് ജനത്തെ ഹരംകൊള്ളിക്കുന്ന, അവരുടെ അനുഭവതലത്തിൽ കുളിരുകോരിയിടുന്ന ചിത്രങ്ങൾ ഏതൊക്കെയായിരിക്കുമെന്ന് ഒരിക്കലും അറിയാൻ പറ്റില്ല.”—ചലച്ചിത്രപഠന വിഭാഗത്തിലെ പ്രൊഫസർ ഡേവിഡ് കുക്ക്
[6, 7 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ചിത്രം ബ്ലോക്ക്ബസ്റ്ററാക്കാൻ
സിനിമയുടെ നിർമാണം പൂർത്തിയായി, അതു പ്രദർശനത്തിനു തയ്യാറായിക്കഴിഞ്ഞു. സിനിമ വിജയിക്കുമോ? അതു വിറ്റഴിക്കാനും അതിനെ ഒരു ബ്ലോക്ക്ബസ്റ്ററാക്കാനും നിർമാതാക്കൾ അവലംബിക്കുന്ന ചില മാർഗങ്ങൾ പരിചിന്തിക്കുക.
◼ ആവേശമുണർത്തുന്ന പ്രചാരണങ്ങൾ: ഒരു സിനിമയെക്കുറിച്ച് ആകാംക്ഷ ജനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർഗം വാക്കാലുള്ള പ്രചാരണമാണ്. ഒരുപക്ഷേ ഇത് സിനിമ റിലീസാകുന്നതിനു മാസങ്ങൾക്കുമുമ്പേ തുടങ്ങും. ചിലപ്പോൾ, മുമ്പ് ഹിറ്റായ ഒരു സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടുള്ളതാകാം ഈ പ്രചാരണങ്ങൾ. ആദ്യചിത്രത്തിലെ താരങ്ങൾതന്നെയായിരിക്കുമോ ഇതിലും അഭിനയിക്കുക? ആദ്യചിത്രത്തിന്റെ അത്രയും നന്നാകുമോ (അതോ അതുപോലെ മോശമായിരിക്കുമോ) രണ്ടാം ഭാഗം? ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾ ആളുകളുടെ മനസ്സിലൂടെ കടന്നുപോയേക്കാം.
ചിലപ്പോൾ സിനിമയിലെ വിവാദപരമായ ഒരു ഘടകത്തെ, അതായത് ഒരു സാധാരണ ചിത്രത്തെ സംബന്ധിച്ചിടത്തോളം തികച്ചും അസാധാരണമായ ‘ചൂടൻ രംഗങ്ങളെ’ക്കുറിച്ച് ഉള്ളതായിരിക്കാം പ്രചാരണങ്ങൾ. ആ രംഗം പറയുന്നത്ര മോശമാണോ? അതോ, സിനിമ “സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചിട്ടുണ്ടോ?” ഈ തർക്കവിതർക്കങ്ങൾ നിർമാതാക്കളെ സംബന്ധിച്ചിടത്തോളം പണംമുടക്കില്ലാത്ത നല്ലൊരു പരസ്യമായി ഉതകുന്നു. കാരണം, ചിലപ്പോൾ ഇത്തരം വിവാദങ്ങൾ, സിനിമ റിലീസാകുന്ന ദിവസം തീയേറ്ററുകളിൽ വൻതിരക്ക് അനുഭവപ്പെടാൻ ഇടയാക്കുന്നു.
◼ മാധ്യമങ്ങൾ: ഒരു സിനിമ പരസ്യപ്പെടുത്താനുള്ള കൂടുതൽ പരമ്പരാഗതമായ മാർഗങ്ങളാണ് പരസ്യബോർഡുകൾ, പത്രപ്പരസ്യങ്ങൾ, ടിവി പരസ്യങ്ങൾ, സിനിമാ ട്രെയിലറുകൾ (സിനിമയുടെ പരസ്യമെന്നനിലയിൽ മുൻകൂട്ടി കാണിക്കുന്ന ചില രംഗങ്ങൾ), ചിത്രത്തെക്കുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തിക്കൊണ്ട് അതിലെ താരങ്ങൾ പങ്കെടുക്കുന്ന അഭിമുഖപരിപാടികൾ എന്നിവ. ഇന്ന്, സിനിമ പരസ്യപ്പെടുത്തുന്നതിനുള്ള മുഖ്യ ഉപാധിയാണ് ഇന്റർനെറ്റ്.
◼ വാണിജ്യവത്കരണം: സിനിമയുടെ പ്രമേയം പരസ്യപ്പെടുത്തിക്കൊണ്ടുള്ള വിൽപ്പനച്ചരക്കുകൾ പുറത്തിറക്കുന്നത് ആ ചലച്ചിത്രം റിലീസാകുന്നതിനു മുമ്പുതന്നെ അതിലേക്ക് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ഇടയാക്കുന്നു. ഉദാഹരണത്തിന്, ഒരു കോമിക് പുസ്തകത്തിലെ കഥാപാത്രത്തെ ആധാരമാക്കിയുള്ള സിനിമയിലെ പ്രമേയത്തോടു ബന്ധപ്പെട്ട് ചോറ്റുപാത്രങ്ങൾ, കപ്പുകൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, കീച്ചെയിനുകൾ, ക്ലോക്കുകൾ, വിളക്കുകൾ, ബോർഡ് ഗെയിം തുടങ്ങിയ ഉത്പന്നങ്ങൾ പുറത്തിറക്കുകയുണ്ടായി. “സാധാരണഗതിയിൽ, ഈ വിൽപ്പനച്ചരക്കുകളുടെ 40 ശതമാനവും സിനിമ റിലീസാകുന്നതിനു മുമ്പുതന്നെ വിറ്റഴിയപ്പെടും,” അമേരിക്കൻ ബാർ അസ്സോസിയേഷന്റെ ഒരു വിനോദ പത്രികയിൽ ജോ സിസ്റ്റോ എഴുതുന്നു.
◼ വീഡിയോ: തീയേറ്ററുകളിൽ വിജയിക്കാതിരുന്ന ഒരു സിനിമയ്ക്ക് വീഡിയോ വിപണിയിലൂടെ ആ നഷ്ടം നികത്താനായേക്കും. “[സിനിമയുടെ] കളക്ഷന്റെ 40-50 ശതമാനവും ലഭിക്കുന്നത് വീഡിയോ വിപണിയിലൂടെയാണ്” എന്ന് ചലച്ചിത്രങ്ങളുടെ കളക്ഷന്റെ കൃത്യമായ രേഖ സൂക്ഷിക്കുന്ന ബ്രൂസ് നാഷ് പറയുന്നു.
◼ റേറ്റിങ്: സിനിമാനിർമാതാക്കൾ ഇതിനെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കാൻ പഠിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ‘പ്രായപൂർത്തിയായവർക്കു മാത്രം’ എന്ന സർട്ടിഫിക്കറ്റ് കിട്ടാനായി മനഃപൂർവം ചില രംഗങ്ങൾ സിനിമയിൽ കുത്തിത്തിരുകിയേക്കാം. ഇനിയും, ‘പ്രായപൂർത്തിയായവർക്കു മാത്രം’ എന്നു വിധിയെഴുതപ്പെടുന്നത് ഒഴിവാക്കാനും കൗമാരപ്രായക്കാരായ പ്രേക്ഷകരെ ആകർഷിക്കാനും അനഭിലഷണീയ രംഗങ്ങൾ പേരിനു മാത്രം വെട്ടിക്കളയുന്നു. ടീൻ റേറ്റിങ്, “ഒരുതരം പരസ്യമായി മാറിയിരിക്കുകയാണ്: കൗമാരക്കാർക്കും കൗമാരത്തിലേക്കു കാലെടുത്തുവെക്കാൻ വെമ്പുന്ന കുട്ടികൾക്കും ഈ സിനിമയിൽ ‘തകർപ്പൻ’ രംഗങ്ങൾ ഉണ്ടായിരിക്കുമെന്ന സന്ദേശം കൈമാറാൻ നിർമാതാക്കൾ ഇത് ഉപയോഗപ്പെടുത്തുന്നു,” ദ വാഷിങ്ടൺ പോസ്റ്റ് മാഗസിനിൽ ലൈസ മുൺഡി എഴുതുന്നു. ഇത് “മാതാപിതാക്കൾക്ക് മുന്നറിയിപ്പു നൽകുകയും അതേസമയം കുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു”വെന്നും അങ്ങനെ “ഇരു തലമുറകൾക്കുമിടയിൽ ഒരുതരം സംഘർഷാവസ്ഥ” സൃഷ്ടിക്കുന്നുവെന്നും മുൺഡി എഴുതുന്നു.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
സിനിമാനിർമാണം
തിരക്കഥ
സ്റ്റോറിബോർഡ്
വസ്ത്രാലങ്കാരം
മേക്കപ്പ്
രംഗങ്ങൾ ഫിലിമിലേക്ക്
സ്പെഷ്യൽ ഇഫക്റ്റുകൾ സൃഷ്ടിക്കുന്നു
സംഗീതം റെക്കോർഡ് ചെയ്യുന്നു
ശബ്ദസംയോജനം
കമ്പ്യൂട്ടർ ആനിമേഷൻ
എഡിറ്റിങ്