മഴക്കൊയ്ത്ത്—പുരാതന, ആധുനിക രീതികൾ
മഴക്കൊയ്ത്ത്—പുരാതന, ആധുനിക രീതികൾ
ഇന്ത്യയിലെ ഉണരുക! ലേഖകൻ
ഭൂമിയിൽ സഹസ്രാബ്ദങ്ങളായി പുനഃപര്യയനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരേ ജലംതന്നെയാണ്. കരയിൽനിന്നും കടലിൽനിന്നും ബാഷ്പീകരിക്കപ്പെടുന്ന ജലകണങ്ങൾ മേഘങ്ങളായി രൂപംകൊള്ളുന്നു, തുടർന്ന് മഴയും മഞ്ഞുമൊക്കെയായി വർഷിക്കപ്പെടുന്നു. ഈ മികച്ച പ്രകൃതിദത്ത സംവിധാനം ഭൂമുഖത്തുള്ള ഏവർക്കും ജലം യഥേഷ്ടം പ്രദാനം ചെയ്യുന്നു. അങ്ങനെയെങ്കിൽ ജലസംബന്ധമായ ഇത്ര വലിയ പ്രശ്നങ്ങൾ മനുഷ്യവർഗത്തെ വലയ്ക്കുന്നത് എന്തുകൊണ്ട്? ഇതിന് എന്തൊക്കെ പരിഹാരങ്ങളാണ് ഉള്ളത്? ഉത്തരത്തിനായി, ഇന്ത്യയിലെ സ്ഥിതിഗതിയിലേക്ക് ഒന്നു കണ്ണോടിക്കാം.
നൂറു കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയുടെ ജലസ്രോതസ്സുകൾ വറ്റിവരളുകയാണ്. ഈ രാജ്യത്തിന് എവിടെനിന്നാണു ജലം ലഭിക്കുന്നത്? അങ്ങ് വടക്ക്, നദികളെ പോഷിപ്പിക്കുന്നത് ഹിമാലയ പർവതങ്ങളിലെ മഞ്ഞും ഹിമാനികളും ഉരുകിയുണ്ടാകുന്ന ജലമാണ്. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറിയപങ്കും വെള്ളത്തിനായി ആശ്രയിക്കുന്നത് വർഷാവർഷം ഉണ്ടാകുന്ന മൺസൂൺ മഴയെയാണ്. ഈ മഴവെള്ളം ഉണങ്ങിവരണ്ട നിലത്തെ നനയ്ക്കുന്നു, കിണറുകളും തടാകങ്ങളും നിറയ്ക്കുന്നു, രാജ്യത്തങ്ങോളമിങ്ങോളം ഒഴുകുന്ന വൻനദികളെ പോഷിപ്പിക്കുന്നു. എങ്കിലും ഇന്ത്യയിലെ മൺസൂൺ മഴ പ്രവചനാതീതമാണ്. “ഏറ്റവുമധികം കുഴപ്പിക്കുന്ന പ്രതിഭാസങ്ങളിൽ ഒന്ന്” എന്ന് അതു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. “ഉപഗ്രഹങ്ങളും ശക്തിയേറിയ സൂപ്പർ കമ്പ്യൂട്ടറുകളും ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യയിൽ എല്ലാവിധ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും . . . [അത്] പ്രവചിക്കുക തികച്ചും ദുഷ്കരമാണ്.”
സാധാരണഗതിയിൽ മൺസൂൺ മൂന്നുമുതൽ നാലുവരെ മാസം നീണ്ടുനിൽക്കുന്നു. എന്നാൽ ഈ കാലയളവിൽ മഴ ഒരേ രീതിയിൽ പെയ്തുതീരുന്നതിനു പകരം, ഇടയ്ക്കിടെ ശക്തമായി പെയ്യുകയാണു ചെയ്യുന്നത്. തത്ഫലമായി അണക്കെട്ടുകൾ നിറയുന്നു, വെള്ളം തുറന്നുവിടേണ്ടതായി വരുന്നു. നദികൾ നിറഞ്ഞുകവിഞ്ഞ് വയലുകളും വീടുകളും വെള്ളത്തിനടിയിലാകുന്നു. മഴവെള്ളത്തെ വേരുകൾകൊണ്ട് തടഞ്ഞുനിറുത്തി മണ്ണിലേക്കിറങ്ങാൻ സഹായിക്കുന്നതു മരങ്ങളാണ്. എന്നാൽ ആധുനിക വ്യവസായവത്കരണവും നഗരവത്കരണവും വ്യാപകമായ വനനശീകരണത്തിന് ഇടയാക്കിയിരിക്കുന്നതിനാൽ ഈ ധർമം നിർവഹിക്കാൻ ആവശ്യത്തിനു വൃക്ഷങ്ങൾ ഇല്ലാതെയാകുന്നു. അതുകൊണ്ട് മഴവെള്ളപ്പാച്ചിലിൽ മേൽമണ്ണ് ഒലിച്ചുപോകുന്നു. തടാകങ്ങളിലും കുളങ്ങളിലും മണ്ണ് അടിയുന്നതുമൂലം അവയുടെ ആഴം കുറയുന്നു, അങ്ങനെ അവയ്ക്ക് അധികം ജലം സംഭരിക്കാൻ കഴിയാതെയാകുന്നു. ഫലത്തിൽ, അമൂല്യമായ മഴവെള്ളത്തിന്റെ ഒരു വലിയ ഭാഗം പാഴായ്പോകുന്നു.
മഴക്കാലം തീർന്നാൽ പിന്നെയങ്ങോട്ട് വെയിലായിരിക്കും, ചില മാസങ്ങളിൽ ചുട്ടുപഴുത്ത കാലാവസ്ഥയും! പെട്ടെന്നുതന്നെ നിലം വരണ്ടുണങ്ങും, വയലുകൾക്ക് വിള്ളൽ വീഴും. കൂലംകുത്തിയൊഴുകിയിരുന്ന നദികൾ വെറും നേർത്ത നീർച്ചാലുകളായി മാറും. വെള്ളച്ചാട്ടങ്ങൾ അപ്രത്യക്ഷമാകും. ഭൂമിക്കടിയിലുള്ള ജലഭരങ്ങളിലെ വെള്ളം മുകളിലേക്കു കൊണ്ടുവരാനായി കുഴൽക്കിണറുകളുടെ ആഴം കൂട്ടേണ്ടിവരും, അപ്പോൾ ഭൂഗർഭ ജലവിതാനത്തിന്റെ നിരപ്പ് താഴ്ന്നുപോകും. ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കിൽ വരൾച്ച ഉണ്ടാകും. അപ്പോൾ കൃഷി മോശമാകും, കന്നുകാലികൾ ചത്തൊടുങ്ങും, ഗ്രാമവാസികൾ നഗരങ്ങളിലേക്കു കുടിയേറും. അതാകട്ടെ നഗരങ്ങളിലെ ജലസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കും.
എന്നാൽ എല്ലായ്പോഴും അവസ്ഥകൾ ഇങ്ങനെയായിരുന്നില്ല. നദികളും തടാകങ്ങളും മഴക്കാലം കഴിഞ്ഞാൽ വരണ്ടുണങ്ങുമായിരുന്നതിനാൽ അവയെ മാത്രം ആശ്രയിച്ചു കഴിയാനാവില്ലെന്ന് പണ്ടുകാലത്ത് ഭാരതത്തിലെങ്ങുമുള്ള ആളുകൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്, മഴവെള്ളം അപ്പോഴത്തെ ആവശ്യങ്ങൾക്കും മഴക്കാലം കഴിഞ്ഞും ഉപയോഗിക്കാനായി ശേഖരിക്കുന്ന വിദ്യ അവർ വികസിപ്പിച്ചെടുത്തു. മഴക്കൊയ്ത്ത് എന്നാണ് അത് അറിയപ്പെട്ടിരുന്നത്.
മഴക്കൊയ്ത്തിന്റെ ആവശ്യം—ഇന്ന്
ആധുനിക സാങ്കേതികവിദ്യയും കൂറ്റൻ അണക്കെട്ടുകളും ചിറകളും ജലസേചന കനാലുകളും ഒക്കെ ഉള്ളപ്പോൾ—ഇവയൊക്കെ ഇന്ത്യയിൽ യഥേഷ്ടമുണ്ടുതാനും—മഴവെള്ളം ശേഖരിക്കാനുള്ള പുരാതന സമ്പ്രദായങ്ങളിൽ ആരെങ്കിലും തത്പരരായിരിക്കുമോ എന്നു നാം ചിന്തിച്ചേക്കാം. വാസ്തവത്തിൽ, വീടുകളിലോ ഗ്രാമങ്ങളിലോ ഒക്കെ ടാപ്പ് തുറന്നാൽ വെള്ളം കിട്ടുന്ന അവസ്ഥ വന്നതോടെ ഇത്തരം രീതികളിൽ മിക്കതും അപ്രത്യക്ഷമായിരിക്കുകയാണ്. എങ്കിലും ആശങ്കയ്ക്കു കാരണമുണ്ട്. അതിശീഘ്രം പെരുകിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുടെ ആവശ്യങ്ങളെയും കാർഷിക സമൂഹത്തിൽനിന്ന് വ്യവസായവത്കൃത സമൂഹത്തിലേക്ക് ദ്രുതഗതിയിലുണ്ടാകുന്ന മാറ്റത്തെയും തൃപ്തിപ്പെടുത്താൻ, കഴിഞ്ഞ 50 വർഷമായി നടക്കുന്ന ജലവിനിയോഗവുമായി ബന്ധപ്പെട്ട വൻപദ്ധതികൾക്കു കഴിഞ്ഞിട്ടില്ല എന്നു വേണം പറയാൻ. രാജ്യത്തിന്റെ ദാഹം ശമിപ്പിക്കാൻ ആവശ്യമായത്ര ജലം സൂക്ഷിച്ചുവെക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജലം പരിരക്ഷിക്കുന്നതിൽ വ്യക്തിപരമായ ഒരു പങ്കുണ്ടായിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പരിസ്ഥിതിവാദികൾക്കും അധികൃതർക്കും ഇന്നു തോന്നുന്നു. വീടുകൾ, ഫാക്ടറികൾ, സ്കൂളുകൾ എന്നിങ്ങനെ ചെറിയ തോതിൽ ജലം സംഭരിക്കുന്നത് പ്രായോഗികമായിരിക്കുന്ന എവിടെയും മഴവെള്ളം ശേഖരിക്കാൻ പ്രോത്സാഹനം നൽകപ്പെടുന്നു. പല നഗരങ്ങളിലും സംസ്ഥാനങ്ങളിലും, പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ മഴവെള്ളം ശേഖരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നു നിർബന്ധമുണ്ട്!
കോടിക്കണക്കിനു ലിറ്റർ വരുന്ന മഴവെള്ളം വെറുതെ നിലത്തുവീണ് ബാഷ്പീകരിക്കപ്പെട്ടുപോവുകയോ കടലിലേക്ക് ഒഴുകിപ്പോവുകയോ ആണു ചെയ്യുന്നത്. എന്നാൽ, മഴക്കൊയ്ത്ത് വെള്ളം ഇങ്ങനെ പാഴായ്പ്പോകുന്നതു തടയുന്നു. “മഴവെള്ളം അതു വീഴുന്നിടത്തുതന്നെ പിടിച്ചുവെക്കുക” എന്നതാണ് മഴക്കൊയ്ത്തിന് ആധാരമായ തത്ത്വം. അണക്കെട്ടുകളിൽനിന്നും കനാലുകളിൽനിന്നും
ലഭിക്കുന്ന വെള്ളത്തിന് പണം നൽകണമെന്നതിനാൽ ദരിദ്രർക്ക് അതു താങ്ങാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഈ വെള്ളം സൗജന്യമാണ്!നേതൃത്വമെടുക്കൽ
അതുകൊണ്ട് ഇന്ത്യയിൽ ജലപരിരക്ഷണത്തിൽ തത്പരരായ പല ആളുകളും ഈ സംരംഭത്തിനു മുൻകൈയെടുക്കുന്നുണ്ട്. ചിലരെ അവാർഡുകളുടെ രൂപത്തിൽ അന്തർദേശീയ അംഗീകാരം തേടിയെത്തിയിരിക്കുന്നു. ഉദാഹരണത്തിന് രാജേന്ദ്ര സിങ്ങ് എന്ന വ്യക്തിക്ക് 2001-ൽ സാമൂഹിക വികസനത്തിനുള്ള മാഗ്സൈസൈ അവാർഡ് ലഭിക്കുകയുണ്ടായി. സ്വന്തമായി സ്ഥാപിച്ച ഒരു ഗവൺമെന്റേതര സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം രാജസ്ഥാനിലെ ഏതാണ്ട് നാമാവശേഷമായ ആരവാരി നദി പുനരുദ്ധരിച്ചു. ഇന്ത്യയിലെ ജനസംഖ്യയുടെ 8 ശതമാനം വസിക്കുന്ന രാജസ്ഥാന്റെ കൈവശമുള്ളത് രാജ്യത്തെ ജലസമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ആരവാരി നദിയുടെ പുനരുദ്ധാരണം ആ സംസ്ഥാനത്തിന് വലിയ ഒരു അനുഗ്രഹമായി ഭവിച്ചു. 15 വർഷംകൊണ്ട് സിങ്ങും കൂട്ടരും മരങ്ങൾ നട്ടുവളർത്തുകയും വെള്ളം സംഭരിക്കുന്നതിനായി ജോഹദുകൾ എന്നു വിളിക്കപ്പെടുന്ന 3,500 പരമ്പരാഗത ടാങ്കുകൾ നിർമിക്കുകയും ചെയ്തു. ഇത് അവിടത്തെ ഗ്രാമീണർക്ക് വലിയ നേട്ടങ്ങൾ കൈവരുത്തി. മറ്റുചിലരുടെ ശ്രമങ്ങൾ ഇത്ര ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും തങ്ങളാലാവുന്നതു ചെയ്യുന്നതിന്റെ ചാരിതാർഥ്യം അവർക്കുണ്ട്.
നഗര ജലവിതരണത്തോടൊപ്പം മഴവെള്ള ശേഖരണത്തെ ആശ്രയിക്കുന്നത് പ്രയോജനകരമാണെന്ന് വ്യവസായികളും കണ്ടെത്തുന്നു. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്ടറിയിൽ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിക്കുന്നതിന് ചെലവുകുറഞ്ഞ ഒരു സംവിധാനം സ്ഥാപിക്കുകയുണ്ടായി. മുമ്പ് ഹൈവേയിൽ വീണ് പാഴായിപ്പോയിരുന്ന മഴവെള്ളം ഇപ്പോൾ 42,000 ലിറ്ററിന്റെ ഒരു ടാങ്കിലേക്ക് ഒഴുക്കിവിടുന്നു. മഴക്കാലത്ത് ഇങ്ങനെ ശേഖരിച്ചുവെക്കുന്നതിൽനിന്ന് 6,000 ലിറ്റർ വെള്ളം ദിവസവും പാത്രം കഴുകാനും ഫാക്ടറിയിലെ കാന്റീൻ ആവശ്യങ്ങൾക്കും ആയി ശുദ്ധീകരിച്ച് ഉപയോഗിക്കുന്നു. ഈ ആവശ്യങ്ങൾക്ക് നഗര ജലവിതരണത്തെ അവർ ആശ്രയിക്കുന്നതേയില്ല.
‘ഓ അത് തൊട്ടിയിലെ ഒരു തുള്ളി വെള്ളം പോലെയല്ലേ ഉള്ളൂ’ എന്നു നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ ഇതൊന്നു ചിന്തിക്കുക. നിങ്ങൾക്ക് ബാങ്കിൽ ഒരു നിക്ഷേപമുണ്ടെന്നിരിക്കട്ടെ. ഓരോ വർഷവും ഒരു നിശ്ചിത തുക നിങ്ങൾ അതിനോടു കൂട്ടുകയും ചെയ്യുന്നു. ദൈനംദിനാവശ്യങ്ങൾക്കായി നിങ്ങൾക്ക് നിക്ഷേപത്തിൽനിന്നു പണമെടുക്കേണ്ടതുണ്ട്. എന്നാൽ ക്രമേണ നിങ്ങൾ, വർഷാവർഷം നിക്ഷേപിക്കുന്നതിനെക്കാൾ കൂടുതൽ തുക ബാങ്കിൽനിന്നു പിൻവലിക്കുന്നു. കുറേക്കഴിയുമ്പോൾ അത് ഓവർഡ്രാഫ്റ്റാകും, അതായത് നിക്ഷേപത്തിലും കവിഞ്ഞ തുക നിങ്ങൾ ബാങ്കിൽനിന്നു പറ്റിയിട്ടുണ്ടാകും. എന്നാൽ നിത്യജീവിതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായതിലേറെ വരുമാനമുള്ള ഒരു ജോലി ഏതാനും മാസത്തേക്കു ലഭിച്ചാൽ നിങ്ങളുടെ അക്കൗണ്ട് വർധിക്കാനുള്ള സാധ്യതയുണ്ട്. ഈ തത്ത്വം ജലപരിരക്ഷണത്തോടു ബന്ധപ്പെടുത്തുക. നിങ്ങളുടെ ശേഖരത്തെ ലക്ഷക്കണക്കിനു തവണ ഗുണിക്കുക, ഫലം എന്തായിരിക്കും? സമ്പുഷ്ടമായ ജല സ്രോതസ്സുകൾ, ഉയരുന്ന ജലവിതാനം, നിറയുന്ന ജലഭരങ്ങൾ, കൂടാതെ, മഴവെള്ളത്തിന്റെ രൂപത്തിലുള്ള “വരുമാനം” നിലയ്ക്കുമ്പോൾ ഉപയോഗിക്കാനായി ജലശേഖരം നിക്ഷേപത്തിന്റെ രൂപത്തിൽ ഉണ്ടായിരിക്കുകയും ചെയ്യും. ഓർക്കുക, ലഭ്യമായ ജലം പരിമിതമാണ്; വെള്ളത്തിന്റെ കാര്യത്തിൽ നിക്ഷേപത്തിൽ കവിഞ്ഞു കൈപ്പറ്റാനുമാകില്ല. കാരണം ശേഖരത്തിൽ ഉള്ളതു മാത്രമേ നമുക്ക് ഉപയോഗിക്കാനാവൂ.
ശാശ്വത പരിഹാരം
നമ്മുടെ ഗ്രഹം അതിന്റെ നിവാസികൾക്ക് വിഭവങ്ങൾ സമൃദ്ധമായി പ്രദാനം ചെയ്യുന്നു. എന്നാൽ നൂറ്റാണ്ടുകളിലൂടെ മനുഷ്യന്റെ അത്യാർത്തിയും ദീർഘദൃഷ്ടിയില്ലായ്മയും കോടിക്കണക്കിന് ഭൂവാസികളുടെ ജീവിതത്തെ ദുരിതപൂർണമാക്കിയിരിക്കുന്നു. ഭൂമിയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർഥഹൃദയമുള്ള വ്യക്തികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു സമ്പൂർണപരിഹാരം കൊണ്ടുവരാനുള്ള പ്രാപ്തി മനുഷ്യർക്ക് ഇല്ലെന്നതു വ്യക്തമാണ്. സന്തോഷകരമെന്നു പറയട്ടെ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നും ജലപരിവൃത്തിയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുമെന്നും ഭൂമിയുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്തിരിക്കുന്നു. അപ്പോൾ “മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” അതേ, “മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും.” അത് എത്ര ഉന്മേഷദായകമായിരിക്കും!—വെളിപ്പാടു 11:18; യെശയ്യാവു 35:6, 7.
[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പുരാതന മഴക്കൊയ്ത്തു വിദ്യകൾ തിരിച്ചുവരുന്നു
മേൽക്കൂരയിൽ വീഴുന്ന വെള്ളം ശേഖരിക്കൽ: ചെലവുകുറഞ്ഞ ലളിതമായ ഒരു രീതിയാണ് ഇത്. മേൽക്കൂരയ്ക്ക് അൽപ്പം ചെരിവുള്ളതുകൊണ്ട് വെള്ളം ഒഴുകി പാത്തിയിൽ വീഴുന്നു. അവിടെനിന്ന് അവ പൈപ്പുകളിലൂടെ താഴോട്ട് ഒഴുകി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വീപ്പകളിൽ എത്തുന്നു. കമ്പിവലകൊണ്ടുള്ള അരിപ്പ, മണൽ, ചരൽ, മരക്കരി എന്നിവ ജലത്തെ ശുദ്ധീകരിക്കുന്നു. അതിനുശേഷം വെള്ളം ഭൂമിക്കടിയിലുള്ള സംഭരണികളിലേക്കോ മീതെ പണിതിരിക്കുന്ന ടാങ്കുകളിലേക്കോ ഒഴുക്കിവിടുന്നു. വായുവും സൂര്യപ്രകാശവും ജൈവവസ്തുക്കളും കടക്കാതിരിക്കാനായി ടാങ്കുകൾ സീൽ ചെയ്യുന്നു. ആലം എന്ന പദാർഥത്തിന്റെ സഹായത്തോടെ ജലം സംസ്കരിക്കുന്നു. ഇത് ജലത്തിൽനിന്ന് ചെളി നീക്കം ചെയ്യുന്നു. ബ്ലീച്ചിങ് പൗഡർ ബാക്ടീരിയയെ നശിപ്പിക്കുന്നു. ഈ വെള്ളം തോട്ടം നനയ്ക്കാനും തുണി അലക്കാനും ടോയ്ലറ്റുകൾ ഫ്ളഷ് ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. കൂടുതലായി ശുദ്ധീകരിച്ചാൽ ഇത് കുടിക്കാനും ഉപയോഗിക്കാം. മിച്ചം വരുന്ന വെള്ളം കിണറുകളിൽ സംഭരിക്കുകയോ ഭൂമിക്കടിയിലേക്ക് ഒഴുക്കിവിട്ട് ഭൂഗർഭജലവിതാനത്തെ പരിപുഷ്ടിപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. നഗരങ്ങളിൽ ഏറ്റവും പ്രചാരം സിദ്ധിച്ചിരിക്കുന്ന ഒരു രീതിയാണ് ഇത്.
നാലാ: വെള്ളം അണകെട്ടി നിറുത്താനായി തോടിനു കുറുകേ കരിങ്കൽമതിലുകൾ പണിയുന്നു. തൊട്ടരികിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന തണൽമരങ്ങൾ ബാഷ്പീകരണം കുറയ്ക്കുന്നു. ഔഷധച്ചെടികൾ ഈ കൊച്ചു സംഭരണികളിലേക്കിടുന്നത് ജലത്തെ ശുദ്ധീകരിക്കുന്നു.
പെർക്കുലേഷൻ ടാങ്കുകൾ അഥവാ റാപ്പാറ്റ്: മഴവെള്ളം സംഭരിക്കാനായി മണലോ പാറകളോ നിറഞ്ഞമണ്ണിൽ പണിയുന്ന കൊച്ചു ടാങ്കുകൾ. ഇതിലെ ജലത്തിന്റെ കുറച്ചു ഭാഗം ഉപയോഗിക്കപ്പെടുമെങ്കിലും ബാക്കിയുള്ളത് മണലിലൂടെയോ പാറയിലെ വിടവുകളിലൂടെയോ ഭൂമിക്കടിയിലെ ജലഭരങ്ങളിലേക്ക് അരിച്ചിറങ്ങുന്നു. ഈ ജലം കിണറുകളെ പോഷിപ്പിക്കുന്നു.
ഭണ്ഡാര: അരുവികളിലൂടെയും മറ്റും ഒഴുകിപ്പോകുന്ന വെള്ളം പിടിച്ചുവെക്കാനായി ഭൂമിക്കടിയിൽ നിർമിക്കുന്ന ടാങ്കുകൾ. ഈ ജലം നഗരങ്ങളിലെ ആവശ്യങ്ങൾക്കായി സംഭരണ ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നു.
കാനാറ്റ്: മഴവെള്ളം ശേഖരിക്കാനായി കുന്നിൻപ്രദേശങ്ങളിൽ നിർമിക്കുന്ന ലംബമായ ഷാഫ്റ്റുകൾ. ഇവയിലൂടെ ഒഴുകിവരുന്ന മഴവെള്ളം ഭൂമിക്കടിയിലെ കനാലുകളിൽ സംഭരിക്കപ്പെടുകയും തുടർന്ന് ഗുരുത്വാകർഷണത്താൽ അവയിലൂടെ താഴേക്ക് ഒഴുകി ദൂരെയുള്ള സംഭരണികളിലെത്തുകയും ചെയ്യുന്നു.
ഇന്റഗ്രേറ്റഡ് ടാങ്കുകൾ: മഴവെള്ളം ചാലുകൾവഴി ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നു, അവയിൽ നിറഞ്ഞുകവിയുന്ന വെള്ളം താഴെയുള്ള ടാങ്കുകളുടെ ഒരു ശ്രേണിയിൽ പതിക്കുന്നു.
[കടപ്പാട്]
കടപ്പാട്: S. Vishwanath, Rainwater Club, Bangalore, India
[19-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
UN/DPI Photo by Evan Schneider
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
UN/DPI Photo by Evan Schneider