“ത്രഡ്നീഡിൽ തെരുവിലെ മുത്തശ്ശിയെ” പരിചയപ്പെടുക
“ത്രഡ്നീഡിൽ തെരുവിലെ മുത്തശ്ശിയെ” പരിചയപ്പെടുക
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ജാലകങ്ങളില്ലാത്ത കൂറ്റൻ മതിൽക്കെട്ടുകൾ ആ മുത്തശ്ശിയുടെ പ്രൗഢിയാർന്ന വസതിയെ സംരക്ഷിക്കുന്നു. വെട്ടിത്തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ടെയിൽകോട്ടും ചുവന്ന വെയിസ്റ്റ്കോട്ടും കറുത്ത ടോപ്പ്ഹാറ്റും ധരിച്ച കാവൽക്കാർ അവരുടെ വീടിന്റെ കവാടങ്ങൾ കാക്കുന്നു. ക്യാമറക്കണ്ണുകൾ സന്ദർശകരെ സശ്രദ്ധം വീക്ഷിക്കുന്നു. ‘ത്രഡ്നീഡിൽ തെരുവിലെ ഈ മുത്തശ്ശി’ ആരാണ്, അവർക്ക് ഇത്ര കനത്ത സംരക്ഷണം ആവശ്യമുള്ളത് എന്തുകൊണ്ട്?
ലോകത്തിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ് ഈ “മുത്തശ്ശി.” എന്നാൽ ഒരു ബാങ്കിന് അസാധാരണമായ ഇത്തരമൊരു പേരു ലഭിച്ചത് എങ്ങനെയാണ്? ഒരു കാലത്ത് ധാരാളം ഗിൽഡുകൾ—മധ്യയുഗത്തിലെ വ്യാപാരികളുടെ അല്ലെങ്കിൽ കരകൗശലവേലക്കാരുടെ സംഘടന—ഉണ്ടായിരുന്ന സ്ഥലമാണ് ലണ്ടനിലെ ത്രഡ്നീഡിൽ തെരുവ്. സൂചിനിർമാണക്കമ്പനിയുടെ ചിഹ്നത്തിലുള്ള മൂന്നു സൂചികളെ ആസ്പദമാക്കിയാകാം തെരുവിന് ആ പേരു ലഭിച്ചത്. രാഷ്ട്രീയനേതാവും നാടകകൃത്തും ആയ റിച്ചാർഡ് ഷെറിഡൻ, ബാങ്ക് സ്ഥാപിക്കപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം പാർലമെന്റിൽ പ്രസംഗിക്കവേ ആ ബാങ്കിനെ “സത്പേരുള്ള, വളരെക്കാലം ജീവിച്ചിരുന്ന ഒരു മുത്തശ്ശി” എന്നു പരാമർശിക്കുകയുണ്ടായി. കാർട്ടൂണിസ്റ്റ് ആയിരുന്ന ജെയിംസ് ഗിൽറേയുടെ തൂലിക ആ വാക്കുകൾ ചിത്രരൂപത്തിലേക്കു മൊഴിമാറ്റം നടത്തി. അന്നുമുതൽ ബാങ്ക്, “ത്രഡ്നീഡിൽ തെരുവിലെ മുത്തശ്ശി” എന്ന പേരിൽ പ്രസിദ്ധിയാർജിച്ചുതുടങ്ങി.
ഒരു ദേശീയ ബാങ്ക് ആവശ്യമായി വരുന്നു
17-ാം നൂറ്റാണ്ടിൽ ലണ്ടനിലെ ബാങ്കുകളെല്ലാം സ്വർണപ്പണിക്കാരാണു നിയന്ത്രിച്ചിരുന്നത്. ഈ ബാങ്കിങ് ക്രമീകരണം ഭേദപ്പെട്ട നിലയിൽ മുന്നോട്ടുപോവുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റുവർട്ട് രാജവംശത്തിലെ രാജാക്കന്മാർ, കടം വാങ്ങുന്ന പണം തിരികെക്കൊടുക്കാതിരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾക്കു മാറ്റം വന്നു. സ്വർണപ്പണിക്കാരായ ബാങ്കർമാർക്കിടയിലെ പ്രമുഖർ ക്രമേണ പാപ്പരായിത്തീർന്നു. അതോടെ, ഫ്രാൻസുമായുള്ള യുദ്ധത്തിനുവേണ്ട പണം കണ്ടെത്താനാകാതെ ഗവൺമെന്റ് കുഴങ്ങി.
1689-ൽ വില്യം മൂന്നാമനും ഭാര്യ മേരിയും സിംഹാസനാരൂഢരായതോടെ, ഗവൺമെന്റിന്റെ ബാങ്കറും ധനസമാഹർത്താവും എന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു ദേശീയ ബാങ്കിനുവേണ്ടിയുള്ള അടിയന്തിര ആഹ്വാനം നൽകപ്പെട്ടു. നിരവധി പദ്ധതികൾ സമർപ്പിക്കപ്പെട്ടു. ഇതിൽ സ്കോട്ട്ലൻഡിലെ വ്യാപാരിയായ വില്യം പാറ്റേഴ്സന്റെ പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുണ്ടായെങ്കിലും പാർലമെന്റ് അതാണു തിരഞ്ഞെടുത്തത്. ലണ്ടനിലെ പൗരന്മാരോട് പണം കടമായി നൽകാൻ ആവശ്യപ്പെട്ടു, 12,00,000 പൗണ്ട് സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. പ്രതിഫലമായി ഗവൺമെന്റ് അവർക്ക് 8 ശതമാനം പലിശ നൽകുകയും അവരെ ‘ദ ഗവർണർ ആൻഡ് കമ്പനി ഓഫ് ദ ബാങ്ക് ഓഫ് ഇംഗ്ലണ്ട്’ എന്ന കോർപ്പറേഷനിലെ അംഗങ്ങളായി നിയമിക്കുകയും ചെയ്യുമായിരുന്നു പ്രതീക്ഷിച്ച പണം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിച്ചു. അങ്ങനെ 1694-ൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവർത്തനമാരംഭിച്ചു.
നാൽപ്പതു വർഷത്തിനുശേഷം ബാങ്ക്, ത്രഡ്നീഡിൽ തെരുവിൽ പ്രവർത്തനം തുടങ്ങി. ഇപ്പോഴുള്ള കെട്ടിടസമുച്ചയം 1930-ൽ നിർമിച്ചതാണ്. മൂന്ന് ഏക്കർ പ്രദേശം കയ്യടക്കിയിരിക്കുന്ന ഏഴു നിലയുള്ള ആ കെട്ടിടത്തിന്റെ വിശാലമായ ഭൂഗർഭ അറകളിൽ ഉരുപ്പടികൾ സൂക്ഷിച്ചുവെക്കുന്നതിനുള്ള സൗകര്യമുണ്ട്.
കയറ്റവും ഇറക്കവും
പൗണ്ട്, ഷില്ലിങ്, പെനി എന്നിവയുടെ രൂപത്തിൽ പണം സൂക്ഷിക്കാൻ ഏൽപ്പിക്കുന്നവർക്ക് ആദ്യമൊക്ക ബാങ്ക്പേപ്പറിൽ എഴുതിത്തയ്യാറാക്കിയ രസീതുകൾ (ബാങ്ക്നോട്ടുകൾ) ആണു കൊടുത്തിരുന്നത്. ഈ ബാങ്ക്നോട്ടുകൾ തിരികെക്കൊടുത്തുകൊണ്ട് പണം സ്വർണമോ നാണയങ്ങളോ ആയി മാറ്റിയെടുക്കാമായിരുന്നു. എല്ലാവരും ഒരേ സമയം പണം ആവശ്യപ്പെട്ടാൽ ബാങ്ക് തീർച്ചയായും പാപ്പരായിപ്പോകുമായിരുന്നു. ഏറെക്കുറെ അങ്ങനെ സംഭവിച്ച സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 1797-ഓടെ ഫ്രാൻസുമായി ഉണ്ടായ യുദ്ധം വീണ്ടും രാജ്യത്തെ ആകമാനം പാപ്പരാക്കി. പരിഭ്രാന്തരായ നിക്ഷേപകർ ഒന്നടങ്കം തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിച്ചപ്പോൾ പണത്തിനു ഞെരുക്കമനുഭവപ്പെട്ടു. കുറഞ്ഞ മൂല്യമുള്ള ബാങ്ക്നോട്ടുകൾ ഇറക്കുകയല്ലാതെ ബാങ്കിന് ഗത്യന്തരമില്ലായിരുന്നു. സ്വർണത്തിനു പകരം ഇറക്കിയ ഈ നോട്ടുകൾ അടുത്ത 24 വർഷം ഉപയോഗത്തിലിരുന്നു. ഈ പ്രതിസന്ധി കാലത്താണ് ബാങ്കിന് ത്രഡ്നീഡിൽ തെരുവിലെ മുത്തശ്ശിയെന്ന പേരു കിട്ടിയത്. തിടുക്കത്തിൽ തയ്യാറാക്കിയ ഈ ബാങ്ക്നോട്ടുകൾ വ്യാജമായി നിർമിക്കാൻ വളരെ എളുപ്പമായിരുന്നു. എന്നാൽ അന്ന് അതിനുള്ള ശിക്ഷ വളരെ കഠിനമായിരുന്നു. മുന്നൂറിലധികം ആളുകളെയാണ് കള്ളനോട്ടടിച്ചതിനു തൂക്കിക്കൊന്നത്.
ബാങ്ക് തലനാരിഴയ്ക്കു രക്ഷപ്പെട്ട വേറൊരു സംഭവവും ഉണ്ടായിട്ടുണ്ട്. 1780-ൽ ലണ്ടനിൽ കലാപകാരികൾ ബാങ്കിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു. അതിനുശേഷം 1973 വരെ, രാജ്യത്തിന്റെ സ്വർണനിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ രാത്രികളിലും ഒരു സൈനികവിഭാഗം കെട്ടിടത്തിനു ചുറ്റും റോന്തുചുറ്റുമായിരുന്നു.
19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പൗണ്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബാങ്ക്നോട്ടുകളും ലോകത്തിലെ ഏറ്റവും ആശ്രയയോഗ്യമായ കറൻസി ആയിത്തീർന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധം എല്ലാം മാറ്റിമറിച്ചു. യുദ്ധത്തിനു വേണ്ടിവന്ന ഭാരിച്ച ചെലവുകൾ രാജ്യത്തിനു സാമ്പത്തികമായി കനത്ത പ്രഹരമേൽപ്പിച്ചു. അതുകൊണ്ട് പല നിക്ഷേപകരും തങ്ങളുടെ കൈവശമുണ്ടായിരുന്ന ബാങ്ക്നോട്ടുകൾ സ്വർണമാക്കി മാറ്റാൻ തിടുക്കംകൂട്ടി, പെട്ടെന്നുതന്നെ സ്വർണ നാണയങ്ങൾ അപ്രത്യക്ഷമായി. സ്വർണ നാണയങ്ങൾക്കു പകരം കുറഞ്ഞ മൂല്യമുള്ള ബാങ്ക്നോട്ടുകൾ വീണ്ടും രംഗത്തെത്തി. അനുദിന ഉപയോഗത്തിനുള്ള സ്വർണ നാണയങ്ങൾ എന്നെന്നേക്കുമായി തിരോഭവിച്ചു. 1931-ൽ ബ്രിട്ടൻ സ്വർണാധിഷ്ഠിത മൂല്യനിർണയം പൂർണമായും ഒഴിവാക്കി, അതായത് പൗണ്ട് സ്റ്റെർലിങ്ങിന്റെ മൂല്യം മേലാൽ ഒരു നിശ്ചിത അളവ് സ്വർണത്തോടു ബന്ധപ്പെട്ടിരിക്കുമായിരുന്നില്ല.
ബാങ്കിന്റെ ചരിത്രത്തിലുടനീളം അത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായിരുന്നു. എന്നാൽ 1946-ൽ അത് ദേശസാത്കരിക്കപ്പെട്ടു.
തിരക്കോടെ പ്രവർത്തിക്കുന്ന മുത്തശ്ശി
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരു കേന്ദ്രബാങ്ക് ആണ്. അത് ഗവൺമെന്റിന്റെ ബാങ്ക് ആയി പ്രവർത്തിക്കുന്നതോടൊപ്പം സാമ്പത്തിക കാര്യങ്ങളിൽ ഗവൺമെന്റിനു വേണ്ട ഉപദേശങ്ങൾ നൽകുകയും ഉചിതമായ പലിശനിരക്കുകൾ നിശ്ചയിച്ചുകൊണ്ട് നാണയത്തിന്റെ മൂല്യം സാധ്യമാകുന്നിടത്തോളം ഭദ്രമാക്കുകയും ചെയ്യുന്നു. അതിന്റെ മറ്റ് ഇടപാടുകാർ വാണിജ്യ ബാങ്കുകളും വിദേശ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും ആണ്. അത് ഭൂഗർഭ അറകളിൽ രാജ്യത്തിന്റെ സ്വർണ നിക്ഷേപം സുരക്ഷിതമായി കാക്കുന്നു, ലണ്ടനുപുറത്തുള്ള മറ്റൊരു സുരക്ഷിത കേന്ദ്രത്തിൽ പുതിയ ബാങ്ക്നോട്ടുകളുടെ മുദ്രണത്തിനു മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
ലോകത്തിലെ സമയമേഖലകളുടെ കേന്ദസ്ഥാനത്തിനടുത്തു സ്ഥിതിചെയ്യുന്ന ലണ്ടൻ നഗരം ഒരിക്കലും ഉറങ്ങുന്നില്ല. നഗരാന്തർഭാഗത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഒരു നിർണായക സ്ഥാനമുണ്ട്. ജാലകങ്ങളില്ലാത്ത ആ മതിലിനകത്തു നടക്കുന്ന പ്രവർത്തനങ്ങൾ അന്തർദേശീയ സാമ്പത്തിക ചലനങ്ങളെ ബാധിക്കുന്നു. അതേ, രാജ്യത്തിന്റെ സമ്പത്ത് മടിശ്ശീലയിൽ സൂക്ഷിക്കുന്ന “ത്രഡ്നീഡിൽ തെരുവിലെ മുത്തശ്ശി” എന്നത്തെയുംപോലെ തിരക്കിലാണ്.
[24-ാം പേജിലെ ചിത്രം]
ബാങ്കിന്റെ ആദ്യത്തെ ചാർട്ടർ, 1694
[24-ാം പേജിലെ ചിത്രം]
എഴുതിത്തയ്യാറാക്കിയ അഞ്ചു പൗണ്ട് നോട്ട്, 1793
[24-ാം പേജിലെ ചിത്രം]
ത്രഡ്നീഡിൽ തെരുവിൽ, 1794
[24-ാം പേജിലെ ചിത്രം]
ഒരു പവൻ, 1911
[24-ാം പേജിലെ ചിത്രം]
ജെയിംസ് ഗിൽറേയുടെ ആദ്യത്തെ കാർട്ടൂൺ ശകലം, 1797
[25-ാം പേജിലെ ചിത്രം]
പത്തു ഷില്ലിങ്ങിന്റെ നോട്ട്, 1928
[25-ാം പേജിലെ ചിത്രം]
1939 മുതൽ ഉപയോഗത്തിലുള്ള കെട്ടിടം