തോട്ടനിർമാണം അതു നിങ്ങൾക്കു പ്രയോജനം ചെയ്യും
തോട്ടനിർമാണം അതു നിങ്ങൾക്കു പ്രയോജനം ചെയ്യും
തോട്ടനിർമാണം നിങ്ങൾ ആസ്വദിക്കുന്നുണ്ടോ? അതിൽനിന്നു സന്തോഷം മാത്രമല്ല നിങ്ങൾക്കു ലഭിക്കുന്നത്. “തോട്ടനിർമാണം മാനസിക സമ്മർദങ്ങളും രക്തസമ്മർദവും കുറച്ചുകൊണ്ട് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. എന്തിന്, അത് നിങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കുകപോലും ചെയ്യുന്നു” എന്നതിനുള്ള തെളിവുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെന്ന് ലണ്ടനിലെ ഇൻഡിപെൻഡന്റ് വർത്തമാനപത്രം റിപ്പോർട്ടുചെയ്യുന്നു.
“തിരക്കേറിയതും സമ്മർദപൂരിതവും ആയ ഒരു ദിവസത്തിനുശേഷം വീട്ടിലെത്തി നിങ്ങളുടെ തോട്ടത്തിൽ സമയം ചെലവഴിക്കുന്നതു വലിയ ആശ്വാസം നൽകുന്നു,” എഴുത്തുകാരിയായ ഗേ സാർച്ച് പറയുന്നു. അതു പ്രതിഫലദായകവും രസകരവും ആണെന്നു മാത്രമല്ല, ഒരു ജിംനേഷ്യത്തിൽ പോകുന്നതിനെക്കാൾ മെച്ചപ്പെട്ട വ്യായാമം നൽകുകയും ചെയ്തേക്കാം. അതെങ്ങനെ? സാർച്ചിന്റെ അഭിപ്രായത്തിൽ, “കുഴികുത്തുന്നതും വരണ്ടിക്കൂട്ടുന്നതും നല്ല വ്യായാമം നൽകുന്നു, തത്ഫലമായി സൈക്കിളിങ്ങിൽ ഏർപ്പെടുമ്പോൾ വിനിയോഗിക്കപ്പെടുന്നതിനെക്കാൾ കൂടുതൽ കലോറി ഊർജം ഉപയോഗിക്കപ്പെടുന്നു.”
തോട്ട പരിചരണം പ്രായംചെന്നവർക്കു വിശേഷാൽ പ്രയോജനപ്രദമാണ്. ഒരു പുതുനാമ്പു പൊട്ടിമുളയ്ക്കാൻ കാത്തിരിക്കുന്നത്, ഭാവിയിലേക്ക് ശുഭാപ്തിവിശ്വാസത്തോടെ നോക്കാൻ അവരെ സഹായിക്കുന്നു. മാത്രമല്ല “തോട്ടം,” വാർധക്യത്തിന്റെ “വേദനകൾക്കും ഫലശൂന്യതാബോധത്തിനും ഉള്ള ഒരു പ്രതിവിധിയാണ്,” റോയൽ ഹോർട്ടിക്കൾച്ചറൽ സൊസൈറ്റിയിലെ ഡോക്ടർ ബ്രിജിഡ് ബോർഡ്മാൻ പ്രസ്താവിക്കുന്നു. മറ്റുള്ളവരെ അധികമധികം ആശ്രയിക്കേണ്ടിവരുന്നതിനാൽ പ്രായമായവർക്കു പലപ്പോഴും നിരുത്സാഹം അനുഭവപ്പെടുന്നു. എന്നാൽ ഡോക്ടർ ബോർഡ്മാൻ അഭിപ്രായപ്പെടുന്നതുപോലെ, “നാം എന്തു നടുന്നു, ഏതു വിധത്തിൽ തോട്ടം രൂപകൽപ്പന ചെയ്യുന്നു, എങ്ങനെ സംരക്ഷിക്കുന്നു എന്നീ കാര്യങ്ങളിൽ നിയന്ത്രണംചെലുത്തുന്നതു മുഖാന്തരം, കാര്യാദികളെ നിയന്ത്രിച്ചു നിറുത്തുകയെന്ന ആവശ്യം സാധിക്കുന്നു. പരിപാലിക്കുകയെന്ന ആവശ്യവും നിറവേറ്റപ്പെടുന്നു.”
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് മനോഹരവും ശാന്തവും ആയ ഒരു ചുറ്റുപാടിൽ വേല ചെയ്യുമ്പോൾ മിക്കപ്പോഴും പിരിമുറുക്കം ഇല്ലാത്തതുപോലെ തോന്നുന്നു. മാത്രമല്ല, മറ്റുള്ളവർക്കുവേണ്ടി പുഷ്പങ്ങളോ പച്ചക്കറികളോ ഉത്പാദിപ്പിക്കുന്നത് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുക്കാൻ അത്തരം വ്യക്തികളെ സഹായിച്ചേക്കാം.
എന്നിരുന്നാലും, തോട്ട നിർമാണത്തിൽ ഏർപ്പെടുന്നവർ മാത്രമല്ല തോട്ടത്തിന്റെ പച്ചപ്പിൽനിന്നു പ്രയോജനം നേടുന്നത്. ടെക്സാസ് സർവകലാശാലയിലെ പ്രൊഫസർ റോജർ ഉൾറിച്ച്, പിരിമുറുക്കത്തിനിടയാക്കുന്ന ഒരു സാഹചര്യത്തിനു വിധേയരാക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തി. അവരിൽ ചിലരെ പച്ചപ്പുള്ള, വൃക്ഷനിബിഡമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. അവർക്ക്, അത്തരം ചുറ്റുപാടുകളിലേക്കു പോകാതിരുന്ന ആളുകളെക്കാൾ വേഗത്തിൽ പിരിമുറുക്കത്തിൽനിന്നു മുക്തി നേടാൻ സാധിച്ചെന്ന് അദ്ദേഹം കണ്ടെത്തി. ഹൃദയമിടിപ്പും രക്തസമ്മർദ്ദത്തിന്റെ തോതും ആസ്പദമാക്കിയാണ് ഇതു നിശ്ചയിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുക്കുന്നവർ, വൃക്ഷങ്ങൾ കാണാൻ കഴിയുംവിധമുള്ള മുറികളിൽ കഴിയുന്നതു സഹായകമാണെന്ന് മേൽപ്പറഞ്ഞതിനു സമാനമായ ഒരു പരീക്ഷണം കണ്ടെത്തി. മറ്റു രോഗികളോടുള്ള താരതമ്യത്തിൽ അവർ “പെട്ടെന്നു സുഖംപ്രാപിച്ചു വീട്ടിലേക്കു പോയി. വേദനാശമനത്തിനു കുറച്ചു ചികിത്സ മാത്രമേ അവർക്കു വേണ്ടിവന്നുള്ളൂ, മാത്രമല്ല അവർക്കു പരാതിയും കുറവായിരുന്നു.”