കൗമാരപ്രായക്കാർ നേരിടുന്ന സമ്മർദങ്ങൾ
കൗമാരപ്രായക്കാർ നേരിടുന്ന സമ്മർദങ്ങൾ
കൗമാരം, ഏറ്റവും അഭിലഷണീയമായ ചുറ്റുപാടുകളിൽപ്പോലും അത് പ്രക്ഷുബ്ധമായ സമയമായിരുന്നേക്കാം. താരുണ്യം തളിരിടുമ്പോൾ കുമാരീകുമാരന്മാരിൽ അതുവരെയില്ലാത്ത വികാരങ്ങളുടെയും തോന്നലുകളുടെയും ഒരു വേലിയേറ്റംതന്നെ ഉണ്ടാകുന്നു. അധ്യാപകരിൽനിന്നും സമപ്രായക്കാരിൽനിന്നുമുള്ള നിരന്തര സമ്മർദങ്ങൾ, ടെലിവിഷൻ, സിനിമകൾ, സംഗീതലോകം, ഇന്റർനെറ്റ് എന്നിവയെല്ലാം ഇടതടവില്ലാതെ ഈ യുവജനങ്ങളുടെ ജീവിതത്തിലേക്കു തള്ളിക്കയറുന്നു. അതുകൊണ്ട് ഒരു ഐക്യരാഷ്ട്ര റിപ്പോർട്ട് കൗമാരത്തെ “പൊതുവേ സമ്മർദവും ഉത്കണ്ഠയും മുഖമുദ്രയായിട്ടുള്ള ഒരു പരിവർത്തന കാലഘട്ടം” എന്നു വിളിക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, പലപ്പോഴും സമ്മർദത്തെയും ഉത്കണ്ഠയെയുമൊക്കെ ക്രിയാത്മകമായി നേരിടാൻതക്ക അനുഭവപരിചയം ഇല്ലാത്തവരാണു യുവജനങ്ങൾ. (സദൃശവാക്യങ്ങൾ 1:4) ശരിയായ മാർഗനിർദേശത്തിന്റെ അഭാവത്തിൽ, അവർ അപകടകരമായ സ്വഭാവരീതികളിലേക്ക് എളുപ്പത്തിൽ വഴുതിവീണേക്കാം. ഉദാഹരണത്തിന്, യുഎൻ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങുന്നത് പലപ്പോഴും കൗമാരത്തിലോ യുവത്വത്തിന്റെ പ്രാരംഭത്തിലോ ആണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.” അക്രമം, പല പങ്കാളികളുമായുള്ള കുത്തഴിഞ്ഞ ലൈംഗികത എന്നിവപോലുള്ള സ്വഭാവദൂഷ്യങ്ങൾ നാമ്പെടുക്കുന്നതും ഈ പ്രായത്തിൽത്തന്നെയാണെന്നു പറയാൻ കഴിയും.
ഇത്തരം സംഭവങ്ങൾ “ദരിദ്രർ”ക്കിടയിലും ചില വംശീയ കൂട്ടങ്ങൾക്കിടയിലും മാത്രമേ സംഭവിക്കാറുള്ളൂ എന്നു ധരിക്കുന്ന മാതാപിതാക്കൾക്കു പലപ്പോഴും തെറ്റുപറ്റിയിരിക്കുന്നു. ഇന്നത്തെ യുവജനങ്ങളെ വലയംചെയ്തിരിക്കുന്ന പ്രശ്നങ്ങൾ സാമൂഹിക, സാമ്പത്തിക, വംശീയ പശ്ചാത്തലങ്ങൾക്കെല്ലാം അതീതമാണ്. “‘കൗമാര കുറ്റവാളി’ എന്നുവെച്ചാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉൾനഗരത്തിലെ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 17 വയസ്സുകാരനായ ആൺകുട്ടി, മറ്റുള്ളവരുടെ സഹായഹസ്തങ്ങൾകൊണ്ടു മാത്രം ജീവിതം തള്ളിനീക്കേണ്ടിവരുന്ന ദരിദ്രയായ അമ്മയുടെ മകൻ എന്നൊക്കെയാണ് നിങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെങ്കിൽ അടുത്തകാലത്തെ സംഭവവികാസങ്ങൾ സംബന്ധിച്ചൊക്കെ നിങ്ങൾ അജ്ഞരാണെന്നേ പറയാൻ കഴിയൂ,” എഴുത്തുകാരനായ സ്കോട്ട് വാൾട്ടർ എഴുതുന്നു. “ഇക്കാലത്ത്, ‘പ്രശ്നം സൃഷ്ടിക്കുന്ന കുട്ടി’ വെള്ളക്കാരനായിരിക്കാം, ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽനിന്നോ നല്ലനിലയിൽ കഴിയുന്ന മധ്യവർഗ കുടുംബത്തിൽനിന്നോ ഉള്ളവനായിരിക്കാം. പ്രായം 16-ൽ താഴെയായിരിക്കാം (അല്ലെങ്കിൽ അതിലും വളരെ കുറച്ചും ആകാം). ഇനി, അത് ആൺകുട്ടിയായിരിക്കണമെന്നില്ല, ഒരു പെൺകുട്ടി ആണെന്നുംവരാം,” അദ്ദേഹം തുടരുന്നു.
ഇത്രയധികം യുവജനങ്ങൾ അപകടത്തിലായിരിക്കുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ തലമുറകളിലെ യുവജനങ്ങളും, വെല്ലുവിളികളും പ്രലോഭനങ്ങളും നേരിട്ടിട്ടില്ലേ? ഉണ്ട്, എന്നാൽ നാം ഇന്നു ജീവിക്കുന്നത് ‘ദുർഘടസമയങ്ങൾ നിറഞ്ഞ അന്ത്യകാലം’ എന്നു ബൈബിൾ വിളിക്കുന്ന ഒരു കാലഘട്ടത്തിലാണ്. (2 തിമൊഥെയൊസ് 3:1-5) മാനവ ചരിത്രത്തിൽ ഈ കാലത്തിന്റെ മാത്രം പ്രത്യേകതകളായ ചില സാഹചര്യങ്ങളും സമ്മർദങ്ങളും യുവജനങ്ങളെ വലയം ചെയ്യുന്നു. ഇവയിൽ ചിലത് നമുക്കു പരിശോധിക്കാം.
കുടുംബത്തിലെ മാറ്റങ്ങൾ
കുടുംബജീവിതത്തിന്റെ താളപ്പിഴകളെക്കുറിച്ചു ചിന്തിക്കുക. “അമേരിക്കയിലെ കുട്ടികളിൽ മൂന്നിലൊന്നിൽ അധികവും 18 വയസ്സാകുന്നതിനു മുമ്പുതന്നെ മാതാപിതാക്കൾ വിവാഹമോചിതരാകുന്നതിന്റെ ഹൃദയവേദന അനുഭവിക്കുന്നു,” ജേർണൽ ഓഫ് ഇൻസ്ട്രക്ഷണൽ സൈക്കോളജി റിപ്പോർട്ടു ചെയ്യുന്നു. മറ്റ് പാശ്ചാത്യനാടുകളിൽനിന്നു സമാനമായ കണക്കുകൾ റിപ്പോർട്ടു ചെയ്യാനാകും. മാതാപിതാക്കൾ വിവാഹബന്ധം പൊട്ടിച്ചെറിയുമ്പോൾ, ഈ യുവജനങ്ങൾക്ക് പലപ്പോഴും അതുളവാക്കുന്ന കടുത്ത ഹൃദയവ്യഥയുമായി പൊരുത്തപ്പെടേണ്ടിവരുന്നു. “സ്വച്ഛമായ കുടുംബാന്തരീക്ഷമുള്ളവരോ ഒറ്റയ്ക്കുള്ള ഒരു രക്ഷിതാവിന്റെ സംരക്ഷണയിൽ ദീർഘനാളായി കഴിയുന്നവരോ രണ്ടാനപ്പൻ അല്ലെങ്കിൽ രണ്ടാനമ്മ ഉള്ള കുടുംബാന്തരീക്ഷവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞവരോ ആയ കുട്ടികളെക്കാൾ പൊതുവേ സ്കൂളിലും മറ്റുള്ളവരോടുള്ള ഇടപെടലുകളിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ബുദ്ധിമുട്ടു നേരിടുന്നത് സമീപകാലത്ത് കുടുംബത്തകർച്ചയുടെ ബലിയാടുകളായ കുട്ടികൾക്കാണ് . . . കൂടാതെ, മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തുന്നത് മിക്കപ്പോഴും കുട്ടിയുടെ വൈകാരിക സ്ഥിരതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നു,” ജേർണൽ പറയുന്നു.
കുടുംബിനികൾ ഉദ്യോഗസ്ഥകളായി മാറുന്ന സാഹചര്യം വർധിക്കുകയാണ്. ഇതും കുടുംബാന്തരീക്ഷത്തിനു ഗതിഭംഗം വരുത്തുന്നു. മാതാപിതാക്കളിൽ ഒരാൾ വീട്ടിലിരിക്കുന്ന കുടുംബങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ മാതാപിതാക്കൾ രണ്ടുപേരും ജോലിക്കാരായ കുടുംബങ്ങളിൽ കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക ഏറെ ദുഷ്കരമാണെന്ന് കൗമാര കുറ്റകൃത്യങ്ങളെക്കുറിച്ച് ജപ്പാനിൽ നടന്ന ഒരു പഠനറിപ്പോർട്ട് അഭിപ്രായപ്പെടുന്നു.
ഉപജീവനത്തിനുവേണ്ടി മാത്രംപോലും ചില കുടുംബങ്ങൾക്ക് രണ്ടു പേരുടെ വരുമാനം ആവശ്യമായിവരുന്നുവെന്നതു ശരിതന്നെ. രണ്ടു പേരുടെ വരുമാനമുണ്ടെങ്കിൽ കുട്ടികൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ നൽകാനും കഴിയും. എന്നാൽ ഇതിന് ഒരു ഇരുണ്ടവശമുണ്ട്: കോടിക്കണക്കിനു കുട്ടികൾ സ്കൂളിൽനിന്നു തിരിച്ചെത്തുന്നത് ഒഴിഞ്ഞുകിടക്കുന്ന ഭവനങ്ങളിലേക്കാണ്. മാതാപിതാക്കൾ വീടണയുന്നത് ആകെ ക്ഷീണിച്ച് അവശരായിട്ടായിരിക്കും, ഒപ്പം ജോലിസ്ഥലത്തെ പ്രശ്നങ്ങളും. ഫലമോ? അനേകം കൗമാരപ്രായക്കാർക്കും മാതാപിതാക്കളിൽനിന്നു വളരെക്കുറച്ചു ശ്രദ്ധയേ കിട്ടുന്നുള്ളൂ. “ഞങ്ങളുടെ വീട്ടിൽ കുടുംബം ഒന്നിച്ചു സമയം ചെലവിടാറില്ല,” ഒരു യുവാവ് സങ്കടത്തോടെ പറയുന്നു.
ഇങ്ങനെ പോയാൽ കുട്ടികളുടെ ഭാവി ശോഭനമായിരിക്കില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. “കുട്ടികളെ വളർത്തുന്ന കാര്യത്തിൽ കഴിഞ്ഞ മുപ്പതു വർഷംകൊണ്ട്
ഉണ്ടായ പരിണാമം ആത്മബന്ധമോ ആശയവിനിമയമോ ഇല്ലാത്ത, പഠനവൈകല്യങ്ങളുള്ള, നിയന്ത്രിക്കാൻ നന്നേ ബുദ്ധിമുട്ടുള്ള കുട്ടികളെ വാർത്തെടുക്കുന്നതിലേക്കു നയിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ഡോ. റോബർട്ട് ഷാ പറയുന്നു. “ഭൗതികത്വം തലയ്ക്കുപിടിച്ച, നേട്ടങ്ങൾ ആർത്തിയോടെ വാരിക്കൂട്ടാൻ ആഹ്വാനം നൽകുന്ന ഒരു സമൂഹത്തിന്റെ കെണിയിലാണ് മാതാപിതാക്കൾ. ആ സ്വാധീനം മണിക്കൂറുകളോളം ജോലിചെയ്യാനും പണമൊഴുക്കാനും അവരെ നിർബന്ധിതരാക്കുന്നു. അതിനാൽ കുട്ടികളുമായി ഒരു ആത്മബന്ധം വളർത്തിയെടുക്കാനായി സമയം ചെലവിടാൻ അവർക്കു കഴിയുന്നില്ല,” അദ്ദേഹം തുടരുന്നു.കൗമാരങ്ങൾ വഴുതിവീണേക്കാവുന്ന മറ്റൊരു അപകടമേഖല ഇതാണ്: ജോലിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക്, ആരുടെയും മേൽനോട്ടമില്ലാതെ ചെലവഴിക്കാൻ പറ്റിയ സമയം ഇഷ്ടംപോലെ വീണുകിട്ടുന്നു. മാതാപിതാക്കൾ മക്കൾക്കു വേണ്ടത്ര ശ്രദ്ധകൊടുക്കാത്തത് ആപത്തു ക്ഷണിച്ചുവരുത്തും.
ശിക്ഷണം—മാറുന്ന വീക്ഷണങ്ങൾ
ശിക്ഷണം നൽകുന്ന കാര്യത്തിൽ മാതാപിതാക്കളുടെ വീക്ഷണങ്ങൾ മാറുകയാണ്. ഇന്നത്തെ യുവജനങ്ങളെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് ഇത്. ഡോ. റോൺ ടാഫെൽ തുറന്നടിക്കുന്നതുപോലെ മിക്ക മാതാപിതാക്കളും “തങ്ങളുടെ അധികാരം വിട്ടൊഴിയുകയാണ്.” ഇങ്ങനെ സംഭവിക്കുമ്പോൾ വളർന്നുവരുന്ന യുവപ്രായക്കാരുടെ സ്വഭാവരൂപീകരണത്തിന് ആവശ്യമായ നിയമങ്ങൾ ഇല്ലാതെ വരുന്നു. അല്ലെങ്കിൽ അത് അവരെ കയറൂരിവിട്ട ഒരവസ്ഥയിലാക്കുന്നു.
ചില കേസുകളിൽ, കയ്പേറിയ സ്വന്തം ജീവിതാനുഭവങ്ങൾ ശിക്ഷണം സംബന്ധിച്ച മാതാപിതാക്കളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നു. ശിക്ഷകരുടെ റോൾ ഏറ്റെടുക്കാതെ മക്കളുടെ സുഹൃത്തുക്കളായിരിക്കാൻ അവർ ആഗ്രഹിക്കുന്നു. “ഞാൻ തീരെ അയഞ്ഞമട്ടായിരുന്നു,” ഒരു അമ്മ സമ്മതിക്കുന്നു. “എന്റെ മാതാപിതാക്കൾ വളരെ കർക്കശരായിരുന്നു. എന്റെ കുട്ടിയുടെ അടുത്ത് അങ്ങനെയായിരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ എനിക്കു തെറ്റിപ്പോയി.”
ശിക്ഷകരുടെ റോൾ നിർവഹിക്കാതിരിക്കുന്ന കാര്യത്തിൽ ചില മാതാപിതാക്കൾ എത്രത്തോളം പോകുന്നു? യുഎസ്എ ടുഡേ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ന്യൂയോർക്ക്, ടെക്സസ്, ഫ്ളോറിഡ, കാലിഫോർണിയ എന്നിവിടങ്ങളിൽ മയക്കുമരുന്നിന്റെ അടിമത്തത്തിൽനിന്നു മോചിതരാകാൻ ചികിത്സ നേടിക്കൊണ്ടിരിക്കുന്ന ഏകദേശം 600 കൗമാരക്കാരിൽ നടത്തിയ ഒരു പുതിയ സർവേ സൂചിപ്പിച്ചത്, അവരിൽ 20 ശതമാനം പേർ മാതാപിതാക്കളോടൊപ്പമിരുന്ന് മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഇതിൽ 5 ശതമാനം കൗമാരക്കാർ മയക്കുമരുന്നുകൾ—സാധാരണമായി മാരിഹ്വാന—ആദ്യമായി പരീക്ഷിച്ചുനോക്കിയത് മമ്മിയുടെയോ ഡാഡിയുടെയോ കൈയിൽനിന്നാണ്.” ഇത്ര നിരുത്തരവാദിത്വപരമായ ഒരു കൃത്യം ചെയ്യാൻ ഒരു മാതാവിനെയോ പിതാവിനെയോ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരു അമ്മ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നീ വീട്ടിൽവെച്ചു മയക്കുമരുന്ന് ഉപയോഗിക്കുകയാണെങ്കിൽ നിന്റെമേൽ ഒരു കണ്ണുണ്ടായിരിക്കാൻ എനിക്കു കഴിയുമല്ലോ എന്ന് ഞാൻ അവളോടു പറഞ്ഞു.” മക്കളുമായി മയക്കുമരുന്നു പങ്കുവെക്കുന്നത് അവരുമായി “ഉറ്റബന്ധം” സ്ഥാപിക്കാനുള്ള ഒരു വഴിയാണെന്ന് വേറെ ചില രക്ഷിതാക്കൾ ധരിച്ചുവെച്ചിരിക്കുന്നതായി തോന്നുന്നു.
മാധ്യമങ്ങളുടെ സ്വാധീനം
മാധ്യമങ്ങളുടെ ശക്തമായ സ്വാധീനം, അതാണ് അടുത്ത അപായമേഖല. ഐക്യനാടുകളിലെ കുട്ടികൾ ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുമ്പിൽ ഒരു ദിവസം ശരാശരി നാലു മണിക്കൂറും 48 മിനിട്ടും ചെലവിടുമെന്ന് ഒരു സർവേ വെളിപ്പെടുത്തുന്നതായി ഗവേഷക മാരീറ്റാ മോൾ അഭിപ്രായപ്പെടുന്നു.
ഇത് അത്ര ദോഷം ചെയ്യുമോ? മാധ്യമങ്ങളിൽ ചിത്രീകരിക്കുന്ന അക്രമങ്ങൾക്ക് “ചില കുട്ടികളിലെ അക്രമാസക്ത പെരുമാറ്റവുമായി” ബന്ധമുണ്ടെന്ന് അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ ഉൾപ്പെടെ “ഐക്യനാടുകളിലെ ആറ് പ്രമുഖ പ്രൊഫഷണൽ സൊസൈറ്റികൾ,” ഐകകണ്ഠ്യേന നിഗമനം ചെയ്തതായി സയൻസ് മാസികയിൽ വന്ന ഒരു ലേഖനം റിപ്പോർട്ടു ചെയ്തു. “മാധ്യമങ്ങളിൽ കാണുന്ന അക്രമരംഗങ്ങൾ സമൂഹത്തിലെ അക്രമങ്ങൾക്ക് ആക്കം കൂട്ടുന്നുവെന്ന് വിദഗ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഈ സന്ദേശം പൊതുമാധ്യമങ്ങളിലൂടെ ജനങ്ങൾക്കു ലഭിക്കുന്നില്ലെന്നു തോന്നുന്നു,” സയൻസ് മാസിക പറഞ്ഞു.
ഉദാഹരണത്തിന്, സംഗീത വീഡിയോകളുടെ കാര്യമെടുക്കുക. ഈ വീഡിയോകളിൽ ചിലത് ലൈംഗികതയെ എത്ര പച്ചയായി ചിത്രീകരിക്കുകയും വർണിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കുന്ന മാതാപിതാക്കൾ പലപ്പോഴും ഞെട്ടിപ്പോകുന്നു. ഇത്തരം വീഡിയോകൾക്ക് ചില
കുമാരീകുമാരന്മാരുടെ പെരുമാറ്റ രീതികളെ സ്വാധീനിക്കാൻ കഴിഞ്ഞേക്കുമോ? 500 കോളേജ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പഠനം ഇപ്രകാരം പറയുന്നു: “അക്രമം നിഴലിക്കുന്ന പാട്ടിന്റെ വരികൾ മനസ്സിൽ അക്രമാസക്ത വികാരങ്ങളും തോന്നലുകളും ഇളക്കിവിടുന്നു.” അടുത്തകാലത്തെ മറ്റൊരു പഠനം അനുസരിച്ച്, “‘ഗാംങ്സ്റ്റ’ റാപ്പ് സംഗീത വീഡിയോകളിൽ ലൈംഗികതയും അക്രമവും കണ്ടുകൊണ്ടു കൂടുതൽ സമയം ചെലവിടുന്ന കൗമാരപ്രായക്കാർ ഇവ യഥാർഥ ജീവിതത്തിൽ പകർത്താനുള്ള സാധ്യത ഏറെയാണ്.” 500-ലധികം പെൺകുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പഠനം വെളിപ്പെടുത്തിയത്, ഗാംങ്സ്റ്റ വീഡിയോ കാണുന്നതിൽ മുഴുകിയിരിക്കുന്നവർ അറസ്റ്റു ചെയ്യപ്പെടാനോ ഒരു അധ്യാപകനെ പ്രഹരിക്കാനോ ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലർത്താനോ ഉള്ള സാധ്യത കൂടൂതലാണ് എന്നായിരുന്നു.കൗമാരക്കാരും കമ്പ്യൂട്ടറും
സമീപ കാലങ്ങളിൽ യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ കമ്പ്യൂട്ടറും ഒരു പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. “അടുത്ത ദശകങ്ങളിൽ വീടുകളിലുള്ള സ്വകാര്യ കമ്പ്യൂട്ടറുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ട്,” പീഡിയാട്രിക്സ് എന്ന ജേർണൽ പറയുന്നു. “രാജ്യത്തുടനീളം [ഐക്യനാടുകളിൽ] സ്കൂൾപ്രായത്തിലുള്ള (6-17 പ്രായം) കുട്ടിയുള്ള മൂന്നിൽ രണ്ടു വീടുകളിലും ഒരു കമ്പ്യൂട്ടറുണ്ടായിരുന്നു . . . ഐക്യനാടുകളിൽ, കമ്പ്യൂട്ടറുള്ള വീട്ടിൽ ജീവിക്കുന്ന 3 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾ 1998-ൽ 55 ശതമാനം ആയിരുന്നത് 2000-ത്തിൽ 65 ശതമാനമായി വർധിച്ചു.” കമ്പ്യൂട്ടറിന്റെ ഉപയോഗം മറ്റു ദേശങ്ങളിലും വ്യാപകമായിരിക്കുകയാണ്.
എന്നിരുന്നാലും, കമ്പ്യൂട്ടർ ഉപയോഗിക്കാൻ അവസരം കിട്ടുന്നതിന് ഒരു യുവവ്യക്തിക്ക് സ്വന്തമായി ഒരു കമ്പ്യൂട്ടർ ഉണ്ടായിരിക്കണമെന്നില്ല. “ഏകദേശം 5 മുതൽ 17 വരെ വയസ്സുള്ള യുവജനങ്ങളിൽ 90 ശതമാനവും കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരാണ്, അവരിൽ 59 ശതമാനം ഇന്റർനെറ്റും ഉപയോഗിക്കുന്നുണ്ട്” എന്ന് ഒരു ഗവേഷകൻ അവകാശപ്പെടുന്നു. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി യുവമനസ്സുകൾക്ക് ഇപ്പോൾ വിവരങ്ങൾ വിരൽത്തുമ്പിലാണ്. കമ്പ്യൂട്ടർ പ്രയോജനപ്രദമായ കാര്യങ്ങൾക്ക്, മുതിർന്നവരുടെ മേൽനോട്ടത്തിൻ കീഴിൽ ഉപയോഗിച്ചാൽ നല്ലതുതന്നെ. പക്ഷേ, നിരവധി മാതാപിതാക്കൾ ഈ ഉപാധി ഇഷ്ടാനുസരണം ഉപയോഗിക്കാൻ കുട്ടികളെ കയറൂരി വിട്ടിരിക്കുകയാണ്.
ഇതിനുള്ള തെളിവുകൾ നോക്കാം. ഗവേഷകയായ മാരീറ്റാ മോൾ ഫി ഡെൽറ്റാ കാപ്പൻ എന്ന ജേർണലിൽ എഴുതിയതനുസരിച്ച് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് 2001-ൽ നടത്തിയ ഒരു സർവേ പ്രകാരം “മാതാപിതാക്കളിൽ 71 ശതമാനംപേർ തങ്ങളുടെ കുട്ടിയുടെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ‘നന്നായിത്തന്നെ അല്ലെങ്കിൽ വേണ്ടത്ര അറിയാമെന്ന്’ വിചാരിച്ചു. എന്നാൽ കുട്ടികളോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ അവരിൽ 70 ശതമാനവും
പറഞ്ഞത്, തങ്ങളുടെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ‘മാതാപിതാക്കൾക്കു വളരെക്കുറച്ചേ അറിയാമായിരുന്നുള്ളൂ അല്ലെങ്കിൽ ഒട്ടും അറിയില്ലായിരുന്നു’” എന്നാണ്. ഈ സർവേ പ്രകാരം, “9-നും 10-നും ഇടയ്ക്കു പ്രായമുള്ള 30 ശതമാനം പേർ, മുതിർന്നവർക്കു മാത്രമുള്ള സ്വകാര്യ ചാറ്റ്-റൂമുകൾ സന്ദർശിച്ചിട്ടുണ്ടെന്നു പറയുകയുണ്ടായി. എന്നാൽ 11-നും 12-നും ഇടയ്ക്കു പ്രായമുള്ള 58 ശതമാനം പേരും 13-നും 14-നും ഇടയ്ക്കു പ്രായമുള്ളവരിൽ 70 ശതമാനം പേരും 15-17 വരെയുള്ള പ്രായക്കാരിൽ 72 ശതമാനം പേരും ഇതു ചെയ്തിട്ടുണ്ടെന്ന് അറിയുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം വർധിക്കുന്നു. . . . വീടുകളിലെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് നടത്തിയ ഒരു ബ്രിട്ടീഷ് സർവേയിൽ കുട്ടികൾ ഇന്റർനെറ്റിൽ എന്താണു കാണുന്നതെന്ന് തങ്ങൾക്കറിയില്ല എന്ന് ഏഴു മാതാപിതാക്കളിൽ ഒരാൾവീതം, സമ്മതിക്കുകയുണ്ടായി.”കുട്ടികൾ മേൽനോട്ടമില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അവർ അശ്ലീലവുമായി സമ്പർക്കത്തിൽ വരാൻ ഇടയാക്കും. എന്നാൽ, അപകടം ഇവിടംകൊണ്ട് തീരുന്നില്ല. “നമ്മുടെ കുട്ടികൾ സ്കൂളിലും സൈബർസ്പേസിലും കൂട്ടുകാരെ കണ്ടെത്തുകയാണ്. ഫലമോ? പലപ്പോഴും, നാം കണ്ടുമുട്ടാനിടയില്ലാത്ത കുട്ടികളുമായിട്ടാണ് അവർ സമയം ചെലവഴിക്കുന്നത്” എന്ന് മുമ്പ് പരാമർശിച്ച ടാഫെൽ വ്യസനപൂർവം പറയുന്നു.
അതേ, മുൻതലമുറകൾക്ക് അജ്ഞാതമായിരുന്ന സമ്മർദങ്ങളും പ്രശ്നങ്ങളുമാണ് ഇന്നത്തെ കൗമാരങ്ങളെ ചൂഴ്ന്നു നിൽക്കുന്നത്. മനോവേദനയുളവാക്കുന്ന തരത്തിൽ നിരവധി യുവജനങ്ങൾ പെരുമാറുന്നതിൽ അതിശയിക്കാനൊന്നുമില്ല! ഇന്നത്തെ കൗമാരങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
[6-ാം പേജിലെ ആകർഷക വാക്യം]
“കുട്ടികളെ വളർത്തുന്ന കാര്യത്തിൽ കഴിഞ്ഞ മുപ്പതു വർഷംകൊണ്ട് ഉണ്ടായ പരിണാമം ആത്മബന്ധമോ ആശയവിനിമയമോ ഇല്ലാത്ത, പഠനവൈകല്യങ്ങളുള്ള, നിയന്ത്രിക്കാൻ നന്നേ ബുദ്ധിമുട്ടുള്ള കുട്ടികളെ വാർത്തെടുക്കുന്നതിലേക്കു നയിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.”—ഡോ. റോബർട്ട് ഷാ
[6, 7 പേജുകളിലെ ചിത്രം]
നിരവധി വീട്ടമ്മമാർ ഉദ്യോഗസ്ഥകളായത് കുടുംബാന്തരീക്ഷത്തെ മാറ്റിമറിച്ചിരിക്കുകയാണ്
[7-ാം പേജിലെ ചിത്രം]
മേൽനോട്ടമില്ലാത്ത യുവ ജനങ്ങൾ എളുപ്പം കുഴപ്പത്തിൽ അകപ്പെട്ടേക്കാം
[8-ാം പേജിലെ ചിത്രം]
അക്രമസ്വഭാവത്തെ അക്രമാസക്ത സംഗീത വീഡിയോകളുമായി ഗവേഷകർ ബന്ധിപ്പിച്ചിരിക്കുന്നു
[9-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടി ഇന്റർനെറ്റിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?