കൗമാരം പ്രതിസന്ധിയിൽ
കൗമാരം പ്രതിസന്ധിയിൽ
◼ ഐക്യനാടുകളിൽ, ഒരു പതിനഞ്ചുകാരൻ സഹപാഠികളുടെ നേർക്ക് വെടിയുതിർത്തു. 2 പേർ മരിച്ചു, 13 പേർക്കു പരിക്കുപറ്റി.
◼ റഷ്യയിൽ, മദ്യപിച്ചു ലക്കുകെട്ട ഒരുകൂട്ടം കൗമാരക്കാർ ഒമ്പതു വയസ്സുള്ള ഒരു പെൺകുട്ടിയെ മൃഗീയമായി കൊലപ്പെടുത്തി, അവളുടെ പിതാവിനെയും അദ്ദേഹത്തിന്റെ സഹോദരീപുത്രനെയും തല്ലിച്ചതച്ചു.
◼ ബ്രിട്ടനിൽ, ഒരു പതിനേഴുകാരൻ ഒരു പതിന്നാലുകാരനെ മർദിക്കുകയും കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. “അവനെ കൊല്ലണമെന്നൊന്നും ആദ്യം ഞാൻ കരുതിയില്ല,” അവൻ പോലീസിനോടു പറഞ്ഞു. “പക്ഷേ രക്തം കണ്ടപ്പോൾ പിന്നെ ഞാൻ പിൻവാങ്ങിയില്ല.”
ഇതുപോലെയുള്ള ഞെട്ടിക്കുന്ന വാർത്തകൾ ഒറ്റപ്പെട്ട സംഭവമല്ല. അസാധാരണം എന്നു മുദ്രകുത്തി അവയെ തള്ളിക്കളയാനുമാവില്ല. “യുവജന അക്രമങ്ങൾ നമ്മുടെ സമൂഹത്തിലെ കാതലായ ഒരു പ്രശ്നമാണ്,” പ്രൊഫഷണൽ സ്കൂൾ കൗൺസിലിങ് എന്ന പ്രസിദ്ധീകരണത്തിലെ ഒരു ലേഖനം പറയുന്നു. കണക്കുകൾ ഇതിനെ പിന്താങ്ങുന്നു.
ഐക്യനാടുകളിൽ സ്കൂളിലെ അക്രമപ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് അൽപ്പസ്വൽപ്പം കുറവുണ്ടായിട്ടുണ്ടെങ്കിലും “2001-ൽ സ്കൂളുകളിൽ നടന്ന മരണകരമല്ലാത്ത ഏകദേശം 20 ലക്ഷം അക്രമങ്ങൾക്കും മോഷണത്തിനും 12-18 വയസ്സുള്ള വിദ്യാർഥികൾ ഇരകളായിട്ടുണ്ട്” എന്ന് യു.എസ്.-ലെ നാഷണൽ സെന്റർ ഫോർ എഡ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. സ്കൂളിലെ മുട്ടാളത്തങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും വർധിച്ചിരിക്കുകയാണ്.
ഐക്യനാടുകളിലെ എല്ലാ യുവജന അക്രമങ്ങളും വിദ്യാർഥികളുടെ നേർക്കല്ല. “സ്കൂളുകളിൽ, 1997 മുതൽ 2001 വരെയുള്ള അഞ്ചുവർഷത്തെ കാലയളവിൽ, മരണകരമല്ലാത്ത ഏകദേശം 13 ലക്ഷം കുറ്റകൃത്യങ്ങൾക്ക് അധ്യാപകർ ഇരകളായിട്ടുണ്ട്. ഇതിൽ 8,17,000 മോഷണങ്ങളും 4,73,000 ആക്രമണങ്ങളും ഉൾപ്പെടുന്നു” എന്ന് മേൽപ്പറഞ്ഞ അതേ ഉറവിടം ചൂണ്ടിക്കാട്ടുന്നു. ഇനി, “എല്ലാ പ്രൈമറി സ്കൂളിലെയും സെക്കന്ററി സ്കൂളിലെയും 9 ശതമാനം അധ്യാപകർ ഏതെങ്കിലും ഒരു വിദ്യാർഥിയിൽനിന്ന് അക്രമഭീഷണി നേരിട്ടിട്ടുള്ളവരാണ്. 4 ശതമാനംപേർ ഒരു വിദ്യാർഥിയിൽനിന്നുള്ള ശാരീരിക ആക്രമണത്തിന് ഇരയായവരാണ്.”
മറ്റു ദേശങ്ങളിലെ ചിത്രമോ? “ചൈനയിൽ 69,780 യുവ നിയമലംഘികളെ 2003-ൽ അറസ്റ്റു ചെയ്യുകയുണ്ടായി” എന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു, “2002-ലേതിൽനിന്ന് 12.7 ശതമാനത്തിന്റെ വർധന.” “കൂട്ടം ചേർന്നുള്ള അക്രമങ്ങളിൽ ഉൾപ്പെടുന്നവരിൽ 70 ശതമാനവും യുവ നിയമലംഘികളാണ്” എന്നാണ് റിപ്പോർട്ടു പറയുന്നത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നടന്ന അക്രമപ്രവർത്തനങ്ങളിൽ പകുതിക്കും ഉത്തരവാദികൾ യുവജനങ്ങളാണെന്ന് ജപ്പാനിൽനിന്നുള്ള 2003-ലെ ഒരു റിപ്പോർട്ടു പറയുന്നു.
മയക്കുമരുന്നുകൾ—ഇളംശരീരത്തിനൊരു പ്രഹരം
ഇനി, ഇവർ സ്വന്ത ശരീരങ്ങളെ ആക്രമിക്കുന്നു. കൗമാരങ്ങൾ കുഴപ്പത്തിലാണെന്നുള്ളതിന്റെ മറ്റൊരു തെളിവാണിത്. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ഐക്യനാടുകളിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്
അനുസരിച്ച്, ആ ദേശത്തെ കൗമാരക്കാരിൽ ഏതാണ്ട് പകുതിയും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പ് ഏതെങ്കിലുമൊരു മയക്കുമരുന്ന് പരീക്ഷിച്ചുനോക്കിയിട്ടുണ്ട് എന്നാണ്. റിപ്പോർട്ട് തുടരുന്നു: “ഇന്നത്തെ കൗമാരക്കാർക്കിടയിൽ മദ്യത്തിന്റെ ഉപയോഗം അങ്ങേയറ്റം വ്യാപകമാണ്. ഏതാണ്ട് അഞ്ചു വിദ്യാർഥികളിൽ നാലുപേരും (77 ശതമാനം) ഹൈസ്കൂളിന്റെ പടിയിറങ്ങുമ്പോഴേക്ക് മദ്യം കഴിച്ചിട്ടുണ്ടായിരിക്കും (ഏതാനും സിപ്പ് മദ്യം അകത്താക്കുന്നതിനെക്കാൾ കൂടുതൽ); ഇതിൽ പകുതിപ്പേർ (46 ശതമാനം) 8-ാം ഗ്രേഡിൽവെച്ചുതന്നെ അതു ചെയ്തിരിക്കും.”പലരുമായുള്ള ലൈംഗികബന്ധങ്ങൾ
എയ്ഡ്സ് നടമാടുന്ന ഈ യുഗത്തിൽ പലരുമായുള്ള ലൈംഗികബന്ധങ്ങൾ അങ്ങേയറ്റം ആപത്കരമാണെന്നതിനു രണ്ടുപക്ഷമില്ല. എന്നാൽ, അനേകം യുവജനങ്ങളും ലൈംഗികതയെ വെറും നിർദോഷമായ ഒരു വിനോദമായാണു കാണുന്നതെന്നു തോന്നുന്നു. ഉദാഹരണത്തിന്, ചില അമേരിക്കൻ യുവജനങ്ങൾ വൈകാരിക പ്രതിബദ്ധതയോ വിശ്വസ്തതയോ ഒന്നും കടന്നുവരാത്ത ലൈംഗികതയെ പരാമർശിക്കാൻ “ഹുക്കിങ്-അപ്പ്” എന്ന ഒരു പദപ്രയോഗം നടത്താറുണ്ട്, ഇങ്ങനെയുള്ള കാര്യങ്ങളെയൊക്കെ വളരെ നിസ്സാരമട്ടിൽ വീക്ഷിച്ചുകൊണ്ട്. “ഉപകാരമുള്ള ഒരു സുഹൃത്ത്” അതായത് വൈകാരികമായ യാതൊരു ആവശ്യങ്ങളും ഉന്നയിക്കാത്ത ഒരു ലൈംഗികപങ്കാളി ഉണ്ടായിരിക്കുന്നതിനെപ്പറ്റിയും അവർ സംസാരിക്കുന്നു.
പട്ടണപ്രാന്തങ്ങളിലുള്ള ചില യുവജനങ്ങൾ തങ്ങളുടെ മാതാപിതാക്കൾ ജോലിക്കുപോകുന്ന സമയത്തു തരപ്പെടുത്തുന്ന, ലഹരിക്കൂത്താട്ടങ്ങളുള്ള ചില പാർട്ടികളെക്കുറിച്ച് എഴുത്തുകാരനായ സ്കോട്ട് വോൾട്ടർ വിവരിക്കുന്നു. അത്തരമൊരു പാർട്ടിയിൽ ഒരു കൊച്ചുപെൺകുട്ടി “താൻ അവിടെയുള്ള എല്ലാ ആൺകുട്ടികളുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പോകുകയാണെന്ന് വിളിച്ചുകൂവി . . . 12 വയസ്സുമാത്രമുള്ള കുട്ടികളും പാർട്ടികളിൽ ഉണ്ടായിരുന്നു.”
ഞെട്ടിക്കുന്നതുതന്നെ അല്ലേ? കൗമാരപ്രായക്കാരുടെ പെരുമാറ്റത്തെക്കുറിച്ചു പഠിക്കുന്ന വിദഗ്ധരെ പക്ഷേ ഇതൊന്നും അതിശയിപ്പിക്കുന്നില്ല. “കഴിഞ്ഞ 20 വർഷംകൊണ്ട്, ലൈംഗികതയിൽ ഏർപ്പെടുന്ന കൗമാരക്കാരുടെ ശരാശരി പ്രായം കുറഞ്ഞുകുറഞ്ഞു വരുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. 12-ാം വയസ്സിൽത്തന്നെ ലൈംഗികതയിലേർപ്പെടുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും കാണുന്നത് മേലാൽ ഒരു അതിശയമല്ല,” ഡോ. ആൻഡ്രിയ പെന്നിങ്ടൺ എഴുതുന്നു.
ഇനി, തികച്ചും നിരാശാജനകമായ ഒരു റിപ്പോർട്ടാണ് വർത്തമാനപ്പത്രമായ യുഎസ്എ ടുഡേയിൽ വന്നത്: “രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കൗമാരക്കാർക്കിടയിൽ . . . അധരസംഭോഗത്തിൽ ഏർപ്പെടുന്നവരുടെ . . . എണ്ണം വർധിച്ചുവരികയാണ് . . . ‘ഇത് ശരിക്കുള്ള ലൈംഗികബന്ധമല്ല’ എന്ന് കുട്ടികൾ ധരിച്ചുവെച്ചിരിക്കുന്നു.” 10,000 പെൺകുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സർവേയിൽ “എൺപതു ശതമാനം പേർ പറഞ്ഞത് തങ്ങൾ കന്യകമാരാണെന്നാണ്. എന്നാൽ അവരിൽ 25 ശതമാനം പേർ അധരസംഭോഗത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 27 ശതമാനം ഈ സംഗതിയെ, ഏതെങ്കിലും ഒരാളുമായി ‘വെറുതെ ഒരു രസത്തിനുവേണ്ടി ചെയ്യുന്ന കാര്യം’ എന്നാണ് വിവരിച്ചത്.”
ലൈംഗികത സംബന്ധിച്ച ഇത്തരം ചിന്താഗതികൾ മറ്റിടങ്ങളിലേക്കും നുഴഞ്ഞു കയറിയിരിക്കുന്നു. “നിരവധി പങ്കാളികളുമായി ലൈംഗിക ബന്ധം പുലർത്തിക്കൊണ്ട് എച്ച്ഐവിയുടെ കരാളഹസ്തത്തിൽ അകപ്പെടുന്ന യുവജനങ്ങളുടെ എണ്ണം ഏഷ്യയിൽ വർധിച്ചുവരികയാണ്. ചെറുപ്രായത്തിൽത്തന്നെ ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുന്നു,” യുനെസ്കോ റിപ്പോർട്ട് ചെയ്യുന്നു. അത് ഇങ്ങനെ തുടരുന്നു: “കുമാരീകുമാരന്മാർ തങ്ങളുടെ മാതാപിതാക്കളുടെ ‘ഏഷ്യൻ മൂല്യങ്ങളെ’ കാറ്റിൽപ്പറത്തുകയാണ്, അവർ വിവാഹപൂർവ ലൈംഗികതയിലേർപ്പെടുന്നു, പലപ്പോഴും നിരവധി ലൈംഗിക പങ്കാളികളുമായി.”
യുവജനങ്ങളെ കുഴപ്പത്തിലാക്കുന്ന മറ്റെന്തെങ്കിലുമുണ്ടോ? കാനഡയിലെ വനിതകളുടെ ആരോഗ്യ വാരിക ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “16-നും 19-നും ഇടയ്ക്കുള്ള 25 ശതമാനം വനിതകളും കടുത്ത വിഷാദത്തിന് അടിമകളാകും.” എന്നാൽ വിഷാദം പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന രോഗമാണ്. ഓരോ വർഷവും അയ്യായിരത്തോളം യുവജനങ്ങൾ ജീവനൊടുക്കുന്നതായി യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. ചില കാരണങ്ങളാൽ “ആൺകുട്ടികളുടെ ആത്മഹത്യാനിരക്ക് പെൺകുട്ടികളുടേതിനെക്കാൾ ആറിരട്ടി കൂടുതലാണ്” എന്ന് റിപ്പോർട്ടു പറയുന്നു.
ഇന്നത്തെ യുവതലമുറ കുഴപ്പത്തിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് എന്നതിൽ സംശയമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ?
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
STR/AFP/Getty Images