ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
വിരൂപയായ കുട്ടി മൈലിനിന്റെ അനുഭവം എന്നെ ആഴത്തിൽ സ്പർശിച്ചു. (“മൈലിനിന് ഒരു പുതിയ മുഖം,” 2004 ജൂൺ 8) 11 വയസ്സുള്ള ഈ കുട്ടി തന്റെ ഭീതിദമായ അവസ്ഥ സഹിക്കുന്നതിനെക്കുറിച്ചും എന്നിട്ടും അവൾ തന്റെ ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിനെക്കുറിച്ചും വായിച്ചത് എനിക്കു പ്രോത്സാഹനം പകർന്നു.
എം. ബി., ഇറ്റലി
മൈലിനിന്റെയും കുടുംബത്തിന്റെയും ക്രിയാത്മകമായ വീക്ഷണം എനിക്കു വളരെയേറെ പ്രോത്സാഹനമായി. ഇന്നത്തെ മാധ്യമങ്ങൾ ബാഹ്യാകാരത്തിന് അമിതമായ ഊന്നൽ കൊടുക്കുന്നു. ഇത് ഒരുവന്റെ മനസ്സിടിച്ചുകളഞ്ഞേക്കാം. എന്നാൽ മൈലിനിന്റെ ഉള്ളിലെ യഥാർഥ സൗന്ദര്യം എനിക്കു വളരെ വ്യക്തമായി കാണാനാകുന്നുണ്ടെന്ന് അവൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. പുതിയ ലോകത്തിൽ യഹോവ അവൾക്ക് ഒരു പുതിയ മുഖം കൊടുക്കുമ്പോൾ അവളോടൊപ്പം സന്തോഷിക്കാൻ എനിക്കു അവസരമുണ്ടാകുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അവളുടെ വിശ്വാസം എന്നെ ബലപ്പെടുത്തിയിരിക്കുന്നു.
എം. എസ്., ഐക്യനാടുകൾ
ഉടൻതന്നെ ഞാൻ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയാകാനിരിക്കുകയാണ്, എന്റെ ഒരു സ്തനം നീക്കം ചെയ്യേണ്ടിവരും. രോഗംനിമിത്തം നിങ്ങളുടെ ആകാരത്തിനു ക്ഷതം തട്ടുമ്പോൾ തകർന്നുപോകാതിരിക്കാൻ നല്ല ആത്മബലവും ധൈര്യവും വേണം. മൈലിനിന്റെ ധൈര്യവും ശുഭാപ്തിവിശ്വാസവും എന്നെ ശക്തീകരിച്ചു. മൈലിനിനോട് എനിക്കു പറയാനുള്ളത് ഇതാണ്: നിനക്ക് എല്ലാ മംഗളാശംസകളും, എനിക്കു നീ സുന്ദരിയാണ്!
ജി. ആർ., ഫ്രാൻസ്
എനിക്ക് ജന്മനാതന്നെ മുച്ചുണ്ട് ഉണ്ട്. സ്കൂളിൽ കുട്ടികൾ പലപ്പോഴും എന്നെ ഒരു വിചിത്രജീവിയെപ്പോലെ നോക്കാറുണ്ടായിരുന്നു. ചിലർ എന്റെമേൽ തുപ്പിയിട്ടുപോലുമുണ്ട്. എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ ധൈര്യവും ആത്മവിശ്വാസവും ഉള്ളവനായിരിക്കാൻ എന്നെ സഹായിച്ചത് ബൈബിളിൽനിന്ന് അമ്മ പഠിപ്പിച്ച കാര്യങ്ങളാണ്. എനിക്കിപ്പോൾ 31 വയസ്സുണ്ട്, എന്റെ ആകാരത്തെപ്രതി എനിക്കിന്നും വല്ലായ്മ തോന്നുന്നു. അതുകൊണ്ട് മൈലിനിന്റെ അനുഭവം എന്നെ വളരെയേറെ സ്പർശിച്ചു. യഹോവയുടെ സഹായത്താൽ വരാനിരിക്കുന്ന എന്തു വെല്ലുവിളിയും നമുക്കു തരണം ചെയ്യാനാകുമെന്ന് എനിക്കറിയാം.
റ്റി. എസ്., ജപ്പാൻ
ഒരുവന് സന്തുഷ്ടിയും ആത്മസംതൃപ്തിയും നൽകുന്നത് ബാഹ്യാകാരമല്ലെന്ന് മൈലിനിന്റെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അവ ലഭിക്കുന്നത് നാം ദൈവത്തെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ മാത്രമാണ്. മൈലിനിന്റെ അനുഭവം എനിക്കു പ്രചോദനമേകുന്നു.
എ. റ്റി., ഫിലിപ്പീൻസ്
കോർട്ടിങ്ങിനിടയിലെ ദുഷ്പെരുമാറ്റം യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഇത്ര മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ട്? (2004 ജൂൺ 8) എന്ന ലേഖനത്തിനു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. കോർട്ടിങ്ങിനിടയിൽ മോശമായ പെരുമാറ്റം സഹിക്കേണ്ടിവന്ന ഒരാളാണു ഞാൻ. ഞങ്ങൾക്കിടയിൽ ചില കാര്യങ്ങൾ ശരിയാകാതെ വരുമ്പോഴെല്ലാം അത് എന്റെ കുഴപ്പംകൊണ്ടാണെന്ന് ബോയ്ഫ്രണ്ട് ആരോപിച്ചിരുന്നു. അക്രമവും ദുഷിച്ച സംസാരവും പതിവായിരുന്ന ഒരു കുടുംബത്തിലാണ് ഞാൻ വളർന്നുവന്നത്. അതുകൊണ്ട് അയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും എനിക്കു തോന്നിയില്ല. ഇപ്പോൾ ആ ബന്ധം ഉപേക്ഷിച്ചതിൽ ഞാൻ സന്തുഷ്ടയാണ്, ഒരു വിവാഹ ഇണയായിരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് അയാൾ സ്വയം തെളിയിച്ചു.
പേരു വെളിപ്പെടുത്തിയിട്ടില്ല, ബെലീസ്
എന്റെ വികാരങ്ങൾ വാക്കുകളിലൂടെ അവതരിപ്പിച്ചതാണ് ഈ ലേഖനമെന്നു പറയാം. വിവാഹത്തിനു മുമ്പും ശേഷവും നിങ്ങൾ വിവരിച്ചതുപോലുള്ള സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി. മാനസികവും വൈകാരികവുമായി ഞാൻ അനുഭവിച്ച അതിക്രമങ്ങൾ എന്റെ ആത്മാഭിമാനത്തെ പിച്ചിച്ചീന്തി. കോർട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന അനേകരെ തങ്ങളുടെ ബന്ധം എങ്ങനെയുള്ളതാണെന്നു പരിശോധിക്കാൻ ഈ ലേഖനം സഹായിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാൻ വിവാഹത്തിനു മുമ്പ് പരസ്പരം നന്നായി മനസ്സിലാക്കുന്നത് എത്ര ജ്ഞാനമാണ്.
എം. എം., ജർമനി
ഏകാന്തത എനിക്കു 14 വയസ്സുണ്ട്, ഞാൻ സഹപാഠികളുടെ അംഗീകാരത്തിനായി ആശിച്ച ഒരു കാലമുണ്ടായിരുന്നു. അവർ എന്റെ കൂട്ടുകാരാണെന്നു ഞാൻ വിചാരിച്ചു. എന്നാൽ, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഞാൻ വ്യത്യസ്തനാണെന്ന് അവർ തിരിച്ചറിഞ്ഞപ്പോൾ ഞാൻ അവരെപ്പോലെ ആകുന്നില്ലെങ്കിൽ അവർ എന്നെ ഒഴിവാക്കുമെന്ന് എനിക്കു മനസ്സിലായി. യഥാർഥ സുഹൃത്തുക്കളെ, അവർ പ്രായമേറിയവരോ ചെറുപ്പക്കാരോ ആയിക്കൊള്ളട്ടെ, ക്രിസ്തീയ സഭയ്ക്കുള്ളിൽ കണ്ടെത്താൻ കഴിയുമെന്നു ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
എൻ. സി., സ്പെയിൻ