അമ്മയുടെ ആദരണീയ പങ്ക്
അമ്മയുടെ ആദരണീയ പങ്ക്
അമ്മയുടെ ധർമത്തെ പലപ്പോഴും ആളുകൾ വിലമതിക്കാതിരിക്കുകയും അവജ്ഞയോടെപോലും വീക്ഷിക്കുകയും ചെയ്യുന്നു. ഏതാനും ദശകങ്ങൾക്കു മുമ്പ്, കുട്ടികളെ വളർത്താനായി വീട്ടിലിരിക്കുന്നതിനെ ഒരു കുറച്ചിലായി വീക്ഷിക്കുന്ന പ്രവണത രംഗപ്രവേശം ചെയ്തു. അത് ഒരു ഉദ്യോഗത്തിന്റെയത്ര പ്രാധാന്യമില്ലാത്തതോ ഒരുതരം അടിച്ചമർത്തൽപോലുമോ ആണെന്നായിരുന്നു ചിലരുടെയൊക്കെ വീക്ഷണം. ഇതൊക്കെ കുറെ കടന്ന ചിന്തയാണെന്നു മിക്കവരും പറയുമെങ്കിലും വീട്ടുകാര്യങ്ങളും നോക്കി കുട്ടികളെയും വളർത്തി കഴിഞ്ഞുകൂടുന്നത് ഒരു രണ്ടാംകിട ജോലിയാണെന്ന ചിന്ത പല അമ്മമാരുടെയും മനസ്സിൽ കയറിക്കൂടാൻ പലപ്പോഴും മറ്റുള്ളവർ ഇടയാക്കുന്നു. സ്ത്രീയുടെ കഴിവുകൾ മുഴുവനും പുറത്തെടുക്കണമെങ്കിൽ അവൾക്കൊരു ഉദ്യോഗം കൂടിയേ തീരൂ എന്നുപോലും ചിലർക്കു തോന്നുന്നു.
എന്നാൽ, കുടുംബത്തിൽ അമ്മയുടെ പങ്കിനെ വിലമതിക്കുന്ന നിരവധി ഭർത്താക്കന്മാരും മക്കളുമുണ്ട്. യഹോവയുടെ സാക്ഷികളുടെ ഫിലിപ്പീൻസിലെ ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്ന കാർലോ പറയുന്നു: “എന്റെ അമ്മ തന്ന പരിശീലനമാണ് എന്നെ ഇവിടെ എത്തിച്ചത്. പിതാവ് ഒരു ശിക്ഷകന്റെ റോളിലായിരുന്നു, ഉടനടി ശിക്ഷ നടപ്പാക്കിക്കഴിയും. പക്ഷേ അമ്മ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും ന്യായവാദം ചെയ്തുകൊണ്ടും ഞങ്ങളെ സഹായിച്ചിരുന്നു. അമ്മയുടെ പഠിപ്പിക്കൽ രീതി ഞാൻ ശരിക്കും വിലമതിക്കുന്നു.”
പഠിപ്പുകുറഞ്ഞ ഒരു അമ്മ വളർത്തിക്കൊണ്ടുവന്ന ആറുമക്കളിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയിലുള്ള പീറ്റർ. പിതാവ് അവരുടെ കുടുംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. പീറ്റർ സ്മരിക്കുന്നു: “വീട്ടുവേലക്കാരിയും കെട്ടിടം സൂക്ഷിപ്പുകാരിയും ആയി ജോലിനോക്കിയ അമ്മ അധികമൊന്നും സമ്പാദിച്ചിരുന്നില്ല. ഞങ്ങളുടെയെല്ലാം സ്കൂൾ ഫീസ് അടയ്ക്കാൻ അമ്മ നന്നേ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും ഞങ്ങൾ വെറുംവയറോടെയാണ് ഉറങ്ങാൻ പോയിരുന്നത്. ഞങ്ങൾക്കു തലചായ്ക്കാനൊരിടം തരാൻ അമ്മ നന്നേ ക്ലേശിച്ചു. ഈ കഷ്ടപ്പാടെല്ലാം ഉണ്ടായിരുന്നിട്ടും അമ്മ ഒരിക്കലും മടുത്തു പിന്മാറിയില്ല. മറ്റുള്ളവരുമായി നമ്മെ ഒരിക്കലും താരതമ്യം ചെയ്യരുതെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. അമ്മയുടെ ധീരോദാത്തമായ അർപ്പണമനോഭാവം ഇല്ലായിരുന്നെങ്കിൽ ജീവിതത്തിലെ കടമ്പകൾ
കടന്ന് ഞങ്ങൾ ഒരിക്കലും ഇവിടെവരെ എത്തില്ലായിരുന്നു.”നൈജീരിയയിൽനിന്നുള്ള അഹമ്മദ്, മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ ഭാര്യ തന്നെ സഹായിക്കുന്ന വിധത്തെക്കുറിച്ച് തനിക്ക് എന്തു തോന്നുന്നുവെന്നു പറയുന്നു: “എന്റെ ഭാര്യ ചെയ്യുന്ന കാര്യങ്ങളെ ഞാൻ വിലമതിക്കുന്നു. ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ കുട്ടികളുടെ കാര്യങ്ങൾക്ക് ഒരു കുറവും വരില്ലെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ഭാര്യ ഒപ്പത്തിനൊപ്പം കാര്യങ്ങൾ ചെയ്യുന്നതിൽ അസൂയ തോന്നുന്നതിനു പകരം എനിക്ക് അവളോടു നന്ദിയാണുള്ളത്. കുട്ടികൾ എന്നെ ബഹുമാനിക്കുന്നതുപോലെതന്നെ അവളെയും ആദരിക്കണമെന്ന് ഞാൻ അവരോടു പറയാറുണ്ട്.”
പാലസ്തീൻകാരനായ ഒരു ഭർത്താവിന് ഭാര്യയെ പ്രശംസിക്കാൻ ഒരു മടിയുമില്ല. ഒരു അമ്മയുടെ ഭാഗധേയം അവൾ ഭംഗിയായി നിർവഹിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു: “ഞങ്ങളുടെ മകളെ പരിശീലിപ്പിക്കുന്നതിലും കുടുംബത്തിന്റെ ആത്മീയത ഉന്നമിപ്പിക്കുന്നതിലും ലിന വഹിക്കുന്ന പങ്ക് വളരെ വലുതാണ്! അവളുടെ വിജയം അവളുടെ മതവിശ്വാസങ്ങൾ മൂലമാണെന്നാണ് എന്റെ അഭിപ്രായം.” ലിന യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. മകളെ അഭ്യസിപ്പിക്കുന്നതിൽ അവൾ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നു.
ഈ തത്ത്വങ്ങളിൽ ചിലത് ഏവയാണ്? അമ്മമാരെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്? കുട്ടികളെ പ്രബോധിപ്പിക്കുന്നവർ എന്ന നിലയിൽ പുരാതന കാലത്ത് അമ്മമാർക്ക് ആദരവും മാന്യതയും കൽപ്പിച്ചിരുന്നത് എങ്ങനെയാണ്?
അമ്മമാരെക്കുറിച്ചുള്ള സന്തുലിത വീക്ഷണം
സൃഷ്ടിയുടെ സമയത്ത് സ്ത്രീക്ക് കുടുംബ ക്രമീകരണത്തിൽ ആദരണീയമായ ഒരു സ്ഥാനമാണു കൽപ്പിച്ചുകൊടുത്തത്. ബൈബിളിന്റെ ആദ്യപുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ [“ഞാൻ അവന് അവന്റെ പൂരകമെന്നനിലയിൽ ഒരു സഹായിയെ,” NW] ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.” (ഉല്പത്തി 2:18) അങ്ങനെ ആദ്യ സ്ത്രീയായ ഹവ്വായെ ആദാമിന്റെ പൂരകമായി, അവന്റെ ‘നല്ലപാതി’യായി അവനു നൽകി. അവന് ഏറ്റവും യോജിച്ച ഒരു സഹായിയെന്ന നിലയിലാണ് അവൾ സൃഷ്ടിക്കപ്പെട്ടത്. കുട്ടികളെ ജനിപ്പിച്ചു വളർത്തുകയും ഭൂമിയെയും അതിലെ ജന്തുജാലങ്ങളെയും പരിപാലിക്കുകയും ചെയ്യുക എന്ന അവരെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിന്റെ ഭാഗമായിരിക്കേണ്ടിയിരുന്നു സ്ത്രീ. അവൾ അവനു ബൗദ്ധിക പ്രചോദനവും പ്രോത്സാഹനവും നൽകിക്കൊണ്ട് ഒരു യഥാർഥ സ്നേഹിത ആയിരിക്കുമായിരുന്നു. സ്രഷ്ടാവിൽനിന്ന് ഈ സുന്ദരമായ സമ്മാനം ലഭിച്ചപ്പോൾ ആദാമിന് എത്രമാത്രം സന്തോഷം തോന്നിയെന്നോ!—ഉല്പത്തി 1:26-28; 2:23.
പിന്നീട്, സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ദൈവം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകി. ഉദാഹരണത്തിന്, ഇസ്രായേല്യ അമ്മമാരോട് ആദരവോടെ ഇടപെടണമായിരുന്നു, അവരോട് അവജ്ഞയോടെ പെരുമാറാൻ പാടില്ലായിരുന്നു. ഒരു പുത്രൻ ‘അപ്പനെയോ അമ്മയെയോ ശപിച്ചാൽ’ മരണശിക്ഷയായിരുന്നു ഫലം. “അമ്മയപ്പന്മാരെ . . . അനുസരിപ്പിൻ” എന്ന് ക്രിസ്തീയ യുവജനങ്ങളെ ഉദ്ബോധിപ്പിക്കുകയുണ്ടായി.—ലേവ്യപുസ്തകം 19:3; 20:9; എഫെസ്യർ 6:1; ആവർത്തനപുസ്തകം 5:16; 27:16; സദൃശവാക്യങ്ങൾ 30:17.
ഭർത്താവിന്റെ നേതൃത്വത്തിൻ കീഴിൽ അമ്മ ആൺമക്കളെയും പെൺമക്കളെയും പഠിപ്പിക്കണമായിരുന്നു. ‘അമ്മയുടെ ഉപദേശം ഉപേക്ഷിക്കരുത്’ എന്ന് പുത്രന്മാരോടു കൽപ്പിക്കപ്പെട്ടു. (സദൃശവാക്യങ്ങൾ 6:20) കൂടാതെ, സദൃശവാക്യങ്ങൾ 31-ാം അധ്യായത്തിൽ ‘ലെമൂവേൽ രാജാവിന് അവന്റെ അമ്മ ഉപദേശിച്ചുകൊടുത്ത അരുളപ്പാടി’നെക്കുറിച്ചു പറയുന്നു. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് മദ്യത്തിന്റെ ദുരുപയോഗം ഒഴിവാക്കാൻ ജ്ഞാനപൂർവം അവൾ തന്റെ പുത്രനെ ഉപദേശിച്ചു: “വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; . . . മദ്യാസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു. അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.”—സദൃശവാക്യങ്ങൾ 31:1, 4, 5.
ഇനി, വിവാഹത്തെപ്പറ്റി ചിന്തിക്കുന്ന ഓരോ യുവാവും “സാമർത്ഥ്യമുള്ള ഭാര്യയെ”ക്കുറിച്ചുള്ള ലെമൂവേൽ രാജാവിന്റെ അമ്മയുടെ വർണന പരിചിന്തിക്കുന്നതു ജ്ഞാനമായിരിക്കും. “അവളുടെ വില മുത്തുകളിലും ഏറും” എന്ന് അവർ പറയുകയുണ്ടായി. തുടർന്ന്, അത്തരമൊരു ഭാര്യ വീടിന് ഒരു വിളക്കായിരിക്കുന്നത് എങ്ങനെയെന്നു വിവരിച്ചതിനു ശേഷം രാജമാതാവ് ഇങ്ങനെ പറഞ്ഞു: “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.” (സദൃശവാക്യങ്ങൾ 31:10-31) അതേ, കുടുംബത്തിൽ ഉത്തരവാദിത്വവും ആദരവും ഉള്ള ഒരു സ്ഥാനം അലങ്കരിക്കാനാണ് നമ്മുടെ സ്രഷ്ടാവ് സ്ത്രീകളെ സൃഷ്ടിച്ചതെന്നു വ്യക്തമാണ്.
ഭാര്യമാരെയും അമ്മമാരെയും ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരിടമാണ് ക്രിസ്തീയ സഭ. എഫെസ്യർ 5:25 പറയുന്നു: “ഭർത്താക്കന്മാരേ, . . . നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” “തിരുവെഴുത്തുകളെ” ആദരിക്കാൻ പഠിപ്പിച്ച് അമ്മയും വല്യമ്മയും വളർത്തിക്കൊണ്ടുവന്ന യുവാവായ തിമൊഥെയൊസിന് “മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെ” കരുതുക എന്ന നിശ്വസ്ത ബുദ്ധിയുപദേശം ലഭിക്കുകയുണ്ടായി. (2 തിമൊഥെയൊസ് 3:14; 1 തിമൊഥെയൊസ് 5:2) അതുകൊണ്ട്, ഒരു പുരുഷൻ തന്നെക്കാൾ മൂത്ത ഒരു സ്ത്രീയെ സ്വന്തം അമ്മയെപ്പോലെ കരുതി ആദരിക്കേണ്ടതുണ്ട്. തീർച്ചയായും ദൈവം സ്ത്രീകൾക്കു മൂല്യം കൽപ്പിക്കുകയും അവർക്കു മാന്യമായ ഒരു സ്ഥാനം നൽകുകയും ചെയ്തിരിക്കുന്നു.
നിങ്ങളുടെ വിലമതിപ്പ് തുറന്നു പ്രകടിപ്പിക്കുക
സ്ത്രീകളെ തരംതാണവരായി വീക്ഷിക്കുന്ന ഒരു സംസ്കാരത്തിൽ വളർന്നുവന്ന ഒരു മനുഷ്യൻ പറയുന്നു: “പുരുഷ മേധാവിത്വം ഉയർത്തിക്കാട്ടുന്നതരം വിദ്യാഭ്യാസമാണ് എനിക്കു ലഭിച്ചത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും അവരോടുള്ള ആദരവില്ലായ്മയും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടു സ്രഷ്ടാവ് വീക്ഷിക്കുന്നതുപോലെ സ്ത്രീകളെ വീക്ഷിക്കാൻ അതായത്, ഭവനത്തിലും കുട്ടികളെ അഭ്യസിപ്പിക്കുന്ന കാര്യത്തിലും സ്ത്രീയെ ഒരു തുണയും സഹായിയുമായി കാണാൻ എനിക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രശംസാവാക്കുകളിലൂടെ എന്റെ ഭാര്യയെ അഭിനന്ദിക്കാൻ എനിക്കു വിമുഖതയുണ്ടെങ്കിലും എന്റെ മക്കളിൽ കാണുന്ന സദ്സ്വഭാവം അവളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഞാൻ അംഗീകരിക്കുന്നു.”
അധ്യാപകരെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അമ്മമാർക്ക് തീർച്ചയായും അഭിമാനംകൊള്ളാം. അത് മൂല്യവത്തായ ഒരു ഉദ്യോഗംതന്നെയാണ്. ഈ അമ്മമാർ അഭിനന്ദനങ്ങൾക്കും ഹൃദയംനിറഞ്ഞ വിലമതിപ്പിൻ പ്രകടനങ്ങൾക്കും തികച്ചും യോഗ്യരാണ്. നമ്മൾ അമ്മമാരിൽനിന്ന് ഒട്ടനവധി കാര്യങ്ങൾ പഠിക്കുന്നു. ജീവിതകാലത്തുടനീളം മുതൽക്കൂട്ടാകുന്ന ശീലങ്ങൾ, നല്ല ബന്ധങ്ങൾ നിലനിറുത്തുന്നതിന് അനിവാര്യമായ നല്ല പെരുമാറ്റ രീതികൾ, യുവജനങ്ങളെ നേർവഴിയിൽ നയിക്കാൻ ഉതകുന്ന ധാർമികവും ആത്മീയവുമായ പരിശീലനം എന്നിങ്ങനെ പലതും. അമ്മ നിങ്ങൾക്കു ചെയ്തുതന്നിട്ടുള്ള കാര്യങ്ങൾക്കെല്ലാം അടുത്തകാലത്തെങ്ങാനും നിങ്ങൾ അമ്മയോടു നന്ദിപറയുകയുണ്ടായോ?
[9-ാം പേജിലെ ചിത്രം]
മടുത്തു പിന്മാറാതിരിക്കാൻ പീറ്ററിന്റെ അമ്മ അദ്ദേഹത്തെ പഠിപ്പിച്ചു
[10-ാം പേജിലെ ചിത്രം]
കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിലുള്ള ഭാര്യയുടെ സഹായം അഹമ്മദ് വളരെയേറെ വിലമതിക്കുന്നു
[10-ാം പേജിലെ ചിത്രം]
മകളുടെ നല്ല പെരുമാറ്റം ഭാര്യയുടെ മതവിശ്വാസങ്ങൾ മൂലമാണെന്ന് ലിനയുടെ ഭർത്താവ്