അമ്മമാർ വെല്ലുവിളികൾ തരണം ചെയ്യുന്നു
അമ്മമാർ വെല്ലുവിളികൾ തരണം ചെയ്യുന്നു
കുടുംബത്തിനുവേണ്ടി സാമ്പത്തികമായി കരുതാൻ ഇന്നു പല അമ്മമാർക്കും ജോലിചെയ്യേണ്ടിവരുന്നു, ഇത് അവർക്ക് ഒരു വലിയ വെല്ലുവിളിയാണ്. മാത്രമല്ല, പല കാരണങ്ങൾ നിമിത്തം മറ്റാരുടെയും കൈത്താങ്ങില്ലാതെ ചില അമ്മമാർക്കു മക്കളെ വളർത്തേണ്ടതായും വരുന്നു.
മെക്സിക്കോയിലുള്ള മാർഗാരീറ്റാ ഒറ്റയ്ക്കുള്ള ഒരു മാതാവാണ്, തന്റെ രണ്ടു മക്കളെയും അവൾ തനിച്ചാണു വളർത്തിക്കൊണ്ടുവന്നത്. “അവരെ ധാർമികമായും ആത്മീയമായും പരിശീലിപ്പിക്കുകയെന്നത് ദുഷ്കരമായിരുന്നു” അവൾ പറയുന്നു. “ഒരു ദിവസം, കൗമാരപ്രായത്തിലുള്ള എന്റെ മകൻ ഒരു പാർട്ടി കഴിഞ്ഞ് മദ്യപിച്ചാണു വീട്ടിലെത്തിയത്. ഇനി ഇതാവർത്തിച്ചാൽ അവനെ വീട്ടിൽ കയറ്റുകയില്ലെന്നു ഞാൻ താക്കീതുനൽകി. അടുത്തതവണ അവൻ മദ്യപിച്ചുവന്നപ്പോൾ ഞാൻ അവനെ പുറത്തുനിറുത്തി വാതിലടച്ചുപൂട്ടി, എനിക്ക് അതിൽ വളരെ വിഷമം ഉണ്ടായിരുന്നെങ്കിലും. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, പിന്നീടൊരിക്കലും അവൻ അത് ആവർത്തിച്ചില്ല.”
താമസിയാതെ മാർഗാരീറ്റാ ബൈബിൾ പഠിക്കാൻ തുടങ്ങി. മക്കളിൽ ധാർമിക മൂല്യങ്ങൾ ഉൾനടാൻ അത് അവളെ സഹായിച്ചു. ഇന്ന് രണ്ടു മക്കളും യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരാണ്.
ഭർത്താക്കന്മാർ വിദേശത്തു പോകുമ്പോൾ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ നിരവധി ഭർത്താക്കന്മാർ മക്കളെ ഭാര്യയുടെ സംരക്ഷണയിലേൽപ്പിച്ച് ഏറെ സമ്പന്നമായ ദേശങ്ങളിലേക്കു ജോലിതേടിപ്പോകുന്നു. നേപ്പാളിലുള്ള ഒരു അമ്മയായ ലക്ഷ്മി പറയുന്നു: “ഏഴു വർഷമായി എന്റെ ഭർത്താവു വിദേശത്താണ്. മക്കൾ അവരുടെ അച്ഛനെ അനുസരിക്കുന്നതുപോലെ എന്നെ അനുസരിക്കുന്നില്ല. കുടുംബത്തിൽ നേതൃത്വമെടുക്കാൻ അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായിരുന്നേനെ.”
ബുദ്ധിമുട്ടുകളുണ്ടെങ്കിലും ലക്ഷ്മി വെല്ലുവിളികളെയൊക്കെ വിജയകരമായി നേരിടുന്നുണ്ട്. അവൾക്കു വിദ്യാഭ്യാസം കുറവായതിനാൽ മൂത്ത കുട്ടികളെ സ്കൂൾപഠനത്തിൽ സഹായിക്കാൻ അവൾ ട്യൂഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ആഴ്ചതോറും മക്കളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ട് അവർക്ക് ആത്മീയ വിദ്യാഭ്യാസം നൽകുന്നതിൽ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഓരോ ദിവസവും അവൾ അവരോടൊപ്പം ഒരു ബൈബിൾ വാക്യം പരിചിന്തിക്കുകയും അവരെ
ക്രമമായി ക്രിസ്തീയ യോഗങ്ങൾക്കു കൊണ്ടുപോകുകയും ചെയ്യുന്നു.വിദ്യാഭ്യാസം കുറവുള്ള അമ്മമാർ
സ്ത്രീകൾക്കിടയിലെ താരതമ്യേന ഉയർന്ന നിരക്ഷരതയാണ് ചില രാജ്യങ്ങളിലെ മറ്റൊരു വെല്ലുവിളി. അമ്മയ്ക്ക് വിദ്യാഭ്യാസമില്ലെങ്കിൽ സംഭവിക്കാവുന്ന ദോഷഫലങ്ങൾക്ക് ഉദാഹരണമാണ് മെക്സിക്കോയിൽനിന്നുള്ള ഔറില്യായുടെ അനുഭവം. ആറുമക്കളുടെ അമ്മയായ അവർ പറയുന്നു: “പഠിത്തം പെണ്ണുങ്ങൾക്കുള്ളതല്ലെന്ന് എന്റെ അമ്മ എല്ലായ്പോഴും പറയുമായിരുന്നു. അതുകൊണ്ട് ഞാൻ ഒരിക്കലും വായിക്കാൻ പഠിച്ചില്ല. ഫലമോ? എന്റെ മക്കളെ ഗൃഹപാഠത്തിൽ സഹായിക്കാൻ എനിക്കു കഴിഞ്ഞില്ല. എത്ര നിരാശ തോന്നിയെന്നോ. എന്നാൽ മക്കളെങ്കിലും എന്നെപ്പോലെ ആകാതിരിക്കട്ടെയെന്നു കരുതി അവർക്കു വിദ്യാഭ്യാസം നൽകാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു.”
വിദ്യാഭ്യാസം കുറവുള്ള ഒരു അമ്മയ്ക്കുപോലും നിർണായക സ്വാധീനം ചെലുത്താൻ കഴിയും. “സ്ത്രീകൾക്കു വിദ്യാഭ്യാസം നൽകുകവഴി, നിങ്ങൾ പുരുഷന്മാരുടെ അധ്യാപകരെ പഠിപ്പിക്കുകയാണ്” എന്ന ചൊല്ല് അർഥനിർഭരമാണ്. നേപ്പാളിൽനിന്നുള്ള, മൂന്ന് ആൺമക്കളുടെ അമ്മയായ ബിഷ്ണുവിന് അക്ഷരാഭ്യാസമില്ലായിരുന്നു. എന്നാൽ ബൈബിൾ സത്യങ്ങൾ മനസ്സിലാക്കാനും കുട്ടികളെ അവ പഠിപ്പിക്കാനുമുള്ള ആഗ്രഹം നിമിത്തം കഠിനശ്രമം ചെയ്ത് അവൾ എഴുത്തും വായനയും പഠിച്ചു. കുട്ടികൾ ഗൃഹപാഠം ചെയ്യുന്നുണ്ടെന്ന് അവൾ ഉറപ്പുവരുത്തുകയും അവരുടെ പഠനകാര്യങ്ങളെക്കുറിച്ച് അധ്യാപകരുമായി സംസാരിക്കാൻ അവൾ പതിവായി അവരുടെ സ്കൂളുകൾ സന്ദർശിക്കുകയും ചെയ്തു.
തങ്ങൾക്കു ലഭിച്ച ആത്മീയവും ധാർമികവുമായ വിദ്യാഭ്യാസത്തെക്കുറിച്ച് ബിഷ്ണുവിന്റെ മകൻ സിലാഷ് പറയുന്നു: “ഞങ്ങൾ തെറ്റു ചെയ്യുമ്പോൾ തിരുത്താനായി അമ്മ ഞങ്ങളോടു ബൈബിൾ ദൃഷ്ടാന്തങ്ങൾ പറയുമായിരുന്നു. അമ്മയുടെ പഠിപ്പിക്കൽ രീതികളിൽ എനിക്കേറ്റവും ഇഷ്ടം അതായിരുന്നു. ഫലപ്രദമായ ഈ രീതി തിരുത്തൽ സ്വീകരിക്കാൻ എന്നെ സഹായിച്ചു.” ബിഷ്ണു തന്റെ ആൺമക്കളുടെ വിദഗ്ധയായ അധ്യാപികയാണ്, ഇന്ന് അവർ മൂന്നുപേരും ദൈവഭക്തരായ യുവാക്കന്മാരാണ്.
രണ്ടു മക്കളുടെ അമ്മയായ, മെക്സിക്കോയിൽനിന്നുള്ള ആന്റോണിയാ പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ പ്രൈമറിസ്കൂൾവരെയേ പഠിച്ചിട്ടുള്ളൂ. ഞങ്ങൾ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലാണു താമസിച്ചിരുന്നത്. ഏറ്റവും അടുത്ത സെക്കൻഡറി സ്കൂളാകട്ടെ വളരെ ദൂരെയും. എന്നാൽ എന്റെ മക്കൾക്ക് എന്നെക്കാളും വിദ്യാഭ്യാസം വേണമെന്നു ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് അവർക്കുവേണ്ടി ഞാൻ ഏറെ സമയം ചെലവഴിച്ചു. അക്ഷരങ്ങളും സംഖ്യകളും ഞാൻ അവരെ പഠിപ്പിച്ചു. എന്റെ മകൾക്ക് സ്കൂളിൽ പോകുന്നതിനു മുമ്പുതന്നെ അവളുടെ പേരും മുഴുവൻ അക്ഷരങ്ങളും എഴുതാൻ അറിയാമായിരുന്നു. കിൻഡർഗാർട്ടനിൽ പോകാൻ പ്രായമായപ്പോഴേക്ക് എന്റെ മകൻ നന്നായി വായിക്കാൻ പഠിച്ചിരുന്നു.”
എന്നാൽ മക്കൾക്ക് ആത്മീയവും ധാർമികവുമായ വിദ്യാഭ്യാസം നൽകാൻ എന്താണു ചെയ്യാറുണ്ടായിരുന്നതെന്ന് ചോദിച്ചപ്പോൾ ആന്റോണിയാ ഇങ്ങനെ പറയുന്നു: “ഞാൻ അവരെ ബൈബിൾ കഥകൾ പഠിപ്പിച്ചു. സംസാരിക്കാറാകുന്നതിനു മുമ്പേതന്നെ എന്റെ മകൾ ബൈബിൾ കഥകൾ ആംഗ്യങ്ങളിലൂടെ അവതരിപ്പിക്കുമായിരുന്നു. ക്രിസ്തീയ യോഗത്തിൽ എന്റെ മകൻ ആദ്യമായി പരസ്യ ബൈബിൾവായന നടത്തിയപ്പോൾ അവനു നാലുവയസ്സേ ഉണ്ടായിരുന്നുള്ളൂ.” പരിമിത വിദ്യാഭ്യാസമുള്ള നിരവധി അമ്മമാർ മക്കൾക്ക് അധ്യാപകരായിരിക്കുക എന്ന വെല്ലുവിളി വിജയകരമായി നേരിടുന്നു.
ദ്രോഹകരമായ ആചാരങ്ങളോടു പൊരുതൽ
മെക്സിക്കോയിലെ, റ്റ്സോട്സിൽ വംശജരുടെ ഇടയിൽ 12-ഓ 13-ഓ വയസ്സായ പെൺകുട്ടികളെ ഭാര്യമാരായി വിൽക്കുന്ന ഒരു ഏർപ്പാടുണ്ട്. പലപ്പോഴും പെൺകുട്ടികളെക്കാൾ വളരെ പ്രായമുള്ള, ഒരു രണ്ടാം ഭാര്യയെയോ മൂന്നാം ഭാര്യയെയോ ആഗ്രഹിക്കുന്ന പുരുഷന്മാർക്കാണ് ഇവരെ വിൽക്കുന്നത്. അയാൾക്കു പിന്നീട് കുട്ടിയെ ഇഷ്ടമല്ലാതാകുന്നെങ്കിൽ അവളെ തിരികെയേൽപ്പിച്ച് പണം മടക്കിവാങ്ങാം. പെട്രോണാ ഒരു കുട്ടിയായിരുന്നപ്പോൾ ഈ ആചാരത്തിന്റെ കുരുക്കിൽപ്പെടേണ്ടതായിരുന്നു. ഒരു കൊച്ചുപെൺകുട്ടിയായിരിക്കെ അവളുടെ അമ്മയെ ഇങ്ങനെ വിറ്റതാണ്, ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ടായി. പിന്നെ അവരെ വിവാഹമോചനവും നടത്തി. എല്ലാം വെറും 13 വയസ്സിനുള്ളിൽത്തന്നെ! ആ കുഞ്ഞു മരിച്ചുപോയി, പെട്രോണായുടെ അമ്മയെ പിന്നെയും
രണ്ടു പ്രാവശ്യം വിറ്റു. എല്ലാ വിവാഹബന്ധങ്ങളിലുംകൂടി എട്ടു കുട്ടികൾക്ക് അവർ ജന്മം നൽകി.പെട്രോണാ അത്തരമൊരു കുരുക്കിൽ ചെന്നുപെടാതിരിക്കാൻ ആഗ്രഹിച്ചു. എങ്ങനെയാണ് അതിനു കഴിഞ്ഞതെന്ന് അവൾ വിശദീകരിക്കുന്നു: “എനിക്കു കല്യാണം വേണ്ട, പഠിച്ചാൽ മതിയെന്ന് എന്റെ പ്രൈമറി സ്കൂൾ പഠനം കഴിഞ്ഞപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു. പക്ഷേ അമ്മയ്ക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും പോയി അപ്പനോടു സംസാരിക്കാനും അമ്മ പറഞ്ഞു.”
“ഞാൻ നിന്നെ വിവാഹം കഴിപ്പിക്കാൻ പോകുകയാണ്,” അപ്പൻ പറഞ്ഞു. “സ്പാനീഷ് സംസാരിക്കാൻ നിനക്കറിയാം, വായിക്കാനും അറിയാം, ഇത്രയൊക്കെ പോരേ? ഇനിയും പഠിക്കണമെങ്കിൽ സ്കൂൾചെലവ് നീതന്നെ വഹിച്ചുകൊള്ളണം.”
“ഞാൻ അങ്ങനെതന്നെ ചെയ്തു” പെട്രോണാ പറയുന്നു. “തുണിയിൽ എംബ്രോയിഡറി ചെയ്തുകൊണ്ട് എന്റെ ചെലവുകൾക്കു വേണ്ടതു ഞാൻ സമ്പാദിച്ചു.” അങ്ങനെ അവൾ ഈ ആചാരത്തിന്റെ കെണിയിൽനിന്നു രക്ഷപ്പെട്ടു. പെട്രോണാ മുതിർന്നപ്പോഴേക്കും അവളുടെ അമ്മ ബൈബിൾ പഠിക്കാൻ തുടങ്ങി. ഇത് പെട്രോണായുടെ അനുജത്തിമാരിൽ ബൈബിളധിഷ്ഠിത മൂല്യങ്ങൾ ഉൾനടാൻ അവർക്കു ധൈര്യം പകർന്നു. കൊച്ചുപെൺകുട്ടികളെ ഭാര്യമാരായി വിൽക്കുന്ന ആചാരത്തിന്റെ കയ്പേറിയ ഫലങ്ങളെക്കുറിച്ച് സ്വന്തം അനുഭവത്തിൽനിന്നുതന്നെ മക്കളെ പഠിപ്പിക്കാൻ ആ അമ്മയ്ക്കു കഴിഞ്ഞു.
ഇനി, പലയിടങ്ങളിലും ആൺകുട്ടികളെ ഗുണദോഷിക്കാൻ പിതാക്കന്മാർക്കു മാത്രമേ അധികാരമുള്ളൂ. പെട്രോണാ പറയുന്നു: “സ്ത്രീകൾ പുരുഷന്മാരെക്കാൾ താണവരാണെന്നാണ് റ്റ്സോട്സിൽ വംശജരായ സ്ത്രീകളെ പഠിപ്പിക്കുന്നത്. പുരുഷന്മാർ വളരെ മേധാവിത്വമനോഭാവം ഉള്ളവരാണ്. ചെറിയ ആൺകുട്ടികൾ തങ്ങളുടെ അപ്പന്മാരെ അനുകരിക്കുന്നു. അവർ അമ്മമാരോടു പറയും: ‘എന്തു ചെയ്യണമെന്ന് എന്നോടു പറയാൻ അമ്മയ്ക്ക് അധികാരമില്ല. അപ്പൻ പറഞ്ഞാലേ ഞാൻ അനുസരിക്കൂ.’ ഇത്തരം സാഹചര്യത്തിൽ അമ്മമാർക്ക് സ്വന്തം പുത്രന്മാരെ പഠിപ്പിക്കാൻ കഴിയുകയില്ല. എന്നാൽ എന്റെ അമ്മ ഇപ്പോൾ ബൈബിൾ പഠിച്ചിരിക്കുന്ന സ്ഥിതിക്ക് എന്റെ ആങ്ങളമാരെ വിജയകരമായി ബുദ്ധിയുപദേശിക്കാൻ അമ്മയ്ക്കു കഴിയുന്നു. എഫെസ്യർ 6:1-3 അവർക്കു മനഃപാഠമാണ്: ‘മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ . . . അനുസരിപ്പിൻ; . . . നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.’”
നൈജീരിയയിൽനിന്നുള്ള മേരി ഇങ്ങനെ പറയുന്നു: “ആൺകുട്ടികളെ പഠിപ്പിക്കാനോ അവർക്കു ശിക്ഷണം നൽകാനോ ഞാൻ വളർന്നുവന്ന സ്ഥലത്തെ സംസ്കാരം അമ്മമാരെ അനുവദിക്കുന്നില്ല. എന്നാൽ തിമൊഥെയൊസിന്റെ അമ്മ യൂനീക്കയുടെയും വല്യമ്മ ലോവീസിന്റെയും ബൈബിൾ ദൃഷ്ടാന്തം പിൻപറ്റിക്കൊണ്ട് എന്റെ മക്കളെ പഠിപ്പിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. അതിൽനിന്ന് എന്നെ തടയാൻ പ്രാദേശിക ആചാരങ്ങളെ അനുവദിക്കില്ലെന്ന് ഞാൻ ദൃഢനിശ്ചയം ചെയ്തു.”—2 തിമൊഥെയൊസ് 1:5.
ചില രാജ്യങ്ങളിൽ സാധാരണമായിരിക്കുന്ന മറ്റൊരു ആചാരം, “സ്ത്രീ പരിച്ഛേദന” എന്നു ചിലർ വിളിക്കുന്ന ഒന്നാണ്. സ്ത്രീ ജനനേന്ദ്രിയ ഛേദനം എന്ന പേരിലാണ് ഇപ്പോൾ ഇത് പൊതുവേ അറിയപ്പെടുന്നത്. പെൺകുട്ടിയുടെ ബാഹ്യജനനേന്ദ്രിയങ്ങളുടെ ഒരു ഭാഗമോ മിക്ക ഭാഗങ്ങളോ നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. ഈ ആചാരത്തിനെതിരെ ശബ്ദമുയർത്തിക്കൊണ്ട് പൊതുജനശ്രദ്ധയാകർഷിച്ചത് ഐക്യരാഷ്ട്ര ജനസംഖ്യാ നിധിയുടെ പ്രത്യേക അംബാസിഡറും പേരുകേട്ട ഒരു ഫാഷൻ മോഡലുമായിരുന്ന വാരിസ് ഡിരി ആയിരുന്നു. സൊമാലിയയിലെ പ്രാദേശിക ആചാരമനുസരിച്ച് ഒരു കൊച്ചുകുട്ടിയായിരിക്കെ അമ്മ അവരെ ഈ പ്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, മധ്യപൂർവദേശത്തും ആഫ്രിക്കയിലുമായി 80 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രിയയ്ക്കു വിധേയരാകാനിടയുണ്ട്. ഐക്യനാടുകളിൽപ്പോലും 10,000 പെൺകുട്ടികൾ ഈ ആചാരത്തിന്റെ കരിനിഴലിലാണെന്ന് കണക്കുകൾ കാണിക്കുന്നു.
ഏതൊക്കെ വിശ്വാസങ്ങളുടെ പിൻബലത്തിലാണ് ഈ ആചാരം? സ്ത്രീ ജനനേന്ദ്രിയങ്ങൾ നിന്ദ്യമാണെന്നും അവ ഒരു പെൺകുട്ടിയെ അശുദ്ധയാക്കുന്നുവെന്നും അതുകൊണ്ടുതന്നെ അവളെ വിവാഹത്തിന് യോഗ്യയല്ലാതാക്കുന്നുവെന്നുമുള്ള ധാരണയാണു ചിലർക്ക്. കൂടാതെ, ഇവ മുറിച്ചുനീക്കുന്നത് കുട്ടിയുടെ കന്യകാത്വവും ദാമ്പത്യവിശ്വസ്തതയും ഉറപ്പാക്കുമെന്നും അവർ ധരിച്ചുവെച്ചിരിക്കുന്നു. മകളുടെ കാര്യത്തിൽ ഈ ആചാരം പിന്തുടരാതിരിക്കുന്ന ഒരു അമ്മ ഭർത്താവിന്റെയും പ്രാദേശിക സമുദായത്തിന്റെയും ക്രോധത്തിനു പാത്രമായിത്തീർന്നേക്കാം.
എന്നിരുന്നാലും, ഈ വേദനാകരമായ ആചാരത്തിന് മതപരമോ വൈദ്യശാസ്ത്രപരമോ ശുചിത്വസംബന്ധമോ ആയ ന്യായമായ ഒരു പിൻബലവും ഇല്ലെന്ന് പല അമ്മമാരും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തങ്ങളുടെ പെൺകുഞ്ഞുങ്ങളെ ഈ ആചാരത്തിനു വിധേയരാക്കാൻ നിരവധി അമ്മമാർ ധൈര്യപൂർവം വിസമ്മതിച്ചിരിക്കുന്നതായി നിന്ദ്യമായ ആചാരങ്ങളെ നിഷേധിക്കൽ (ഇംഗ്ലീഷ്) എന്ന നൈജീരിയൻ പുസ്തകം വെളിപ്പെടുത്തുന്നു.
അതേ, നിരവധി വെല്ലുവിളികളുണ്ടായിരുന്നിട്ടും ലോകമെമ്പാടുമുള്ള അമ്മമാർ മക്കളെ സംരക്ഷിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നതിൽ വിജയംവരിക്കുന്നു. അവരുടെ ശ്രമങ്ങൾ യഥാർഥത്തിൽ വിലമതിക്കപ്പെടുന്നുണ്ടോ?
[5-ാം പേജിലെ ചതുരം/ചിത്രം]
“പുരോഗതിക്കും വികസനത്തിനും മുതൽക്കൂട്ടാകുന്ന പദ്ധതികളിലൊക്കെ സ്ത്രീകൾക്കു നിർണായക പങ്കുണ്ടെന്ന് പഠനങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നു. സ്ത്രീകൾ പൂർണമായും ഉൾപ്പെടുമ്പോൾ പ്രയോജനങ്ങൾ സത്വരം ദൃശ്യമാണ്: കുടുംബങ്ങൾ നന്നായി പോഷിപ്പിക്കപ്പെടുന്നു, ആരോഗ്യം മെച്ചപ്പെടുന്നു. അവരുടെ വരുമാനം, സമ്പാദ്യം, പുനഃനിക്ഷേപം എന്നിവയും ഉയരുന്നു. കുടുംബങ്ങളുടെ മാത്രമല്ല സമുദായങ്ങളുടെയും കാലാന്തരത്തിൽ മുഴുരാജ്യങ്ങളുടെതന്നെയും കാര്യത്തിൽ ഇതു സത്യമാണ്.”—യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, 2003 മാർച്ച് 8.
[കടപ്പാട്]
UN/DPI photo by Milton Grant
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അമ്മ ഞങ്ങൾക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾ
ബ്രസീലിൽനിന്നുള്ള ഷൂലിയാനൂ എന്ന യുവാവ് പറയുന്നു: “എനിക്ക് അഞ്ചുവയസ്സുണ്ടായിരുന്നപ്പോൾ അമ്മയ്ക്ക് വളരെ നല്ല ഒരു ജോലിയുണ്ടായിരുന്നു. എന്റെ പെങ്ങളുടെ ജനനത്തോടെ ഞങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതിനായി ജോലി രാജിവെച്ച് വീട്ടിലിരിക്കാൻ അമ്മ തീരുമാനിച്ചു. ജോലി രാജിവെപ്പിക്കാതിരിക്കാൻ ജോലിസ്ഥലത്തെ ഉപദേശകരൊക്കെ കഴിവതും ശ്രമിച്ചു. കുട്ടികൾ വിവാഹിതരായി വീടുവിട്ടുപോകുന്നതോടെ അവർക്കുവേണ്ടി ചെയ്തതെല്ലാം വൃഥാവാകും, ഒരു ലാഭവും കിട്ടാത്ത നിക്ഷേപമാണ് അമ്മ നടത്താൻ പോകുന്നത് എന്നൊക്കെയായിരുന്നു അവരുടെ അഭിപ്രായങ്ങൾ. എന്നാൽ അവർ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് ഞാൻ പറയുന്നു; അമ്മ കാണിച്ച സ്നേഹം ഞാൻ ഒരിക്കലും മറക്കുകയില്ല.”
[ചിത്രങ്ങൾ]
മക്കളോടൊത്ത്, ഷൂലിയാനൂവിന്റെ അമ്മ; ഇടത്ത്: ഷൂലിയാനൂവിന് അഞ്ചുവയസ്സ് ഉള്ളപ്പോൾ
[6-ാം പേജിലെ ചിത്രങ്ങൾ]
ബിഷ്ണു എഴുത്തും വായനയും പഠിച്ചു, എന്നിട്ട് നല്ല വിദ്യാഭ്യാസം നേടാൻ തന്റെ പുത്രന്മാരെ സഹായിച്ചു
[7-ാം പേജിലെ ചിത്രങ്ങൾ]
ആന്റോണിയായുടെ മകൻ ക്രിസ്തീയ യോഗങ്ങളിൽ ബൈബിൾ വായന നിർവഹിക്കുന്നു
[7-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ മെക്സിക്കോയിലെ ബ്രാഞ്ചിൽ സ്വമേധയാസേവകയാണ് പെട്രോണാ. സാക്ഷിയായിത്തീർന്ന അവളുടെ അമ്മ അവളുടെ കൂടപ്പിറപ്പുകളെ പഠിപ്പിക്കുന്നു
[8-ാം പേജിലെ ചിത്രം]
വാരിസ് ഡിരി, സ്ത്രീ ജനനേന്ദ്രിയ ഛേദനത്തിനെതിരെ ശബ്ദമുയർത്തിയ ഒരു പ്രശസ്ത വ്യക്തി
[കടപ്പാട്]
Photo By Sean Gallup/ Getty Images