പൊണ്ണത്തടി കാരണങ്ങൾ എന്തെല്ലാം?
പൊണ്ണത്തടി കാരണങ്ങൾ എന്തെല്ലാം?
“നമ്മുടെ കുട്ടികളിൽ നിർണായകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒരു പകർച്ചവ്യാധിയുടെ നീരാളിപ്പിടിത്തത്തിലാണു നാം ഇന്ന്. സമൂഹം ഇതിനുള്ള പ്രതിരോധ നടപടികളുമായി രംഗത്തിറങ്ങുന്നില്ലെങ്കിൽ പൊണ്ണത്തടിയെന്ന പ്രശ്നത്തിന്റെ വർധനയ്ക്കു വിരാമമിടാൻ പറ്റില്ല.”—വില്യം ജെ. ക്ലിഷ്, ശിശുരോഗവിഭാഗം പ്രൊഫസർ.
ശരീരഭാരം സംബന്ധിച്ച തലവേദനകളൊന്നും ഇല്ലാത്തവർക്ക്, തൂക്കക്കൂടുതലും പൊണ്ണത്തടിയും ഉള്ള ആളുകളിൽ ചില പോരായ്മകൾ ആരോപിക്കാനുള്ള ചായ്വുണ്ട്. അവർ ഇച്ഛാശക്തിയുടെയും പ്രചോദനങ്ങളുടെയും കാര്യത്തിൽ ദുർബലരാണെന്ന് അത്തരക്കാർ വിധിയെഴുതുന്നു. എന്നാൽ കാര്യങ്ങൾ അത്രയുംകൊണ്ടു തീർന്നോ? പൊണ്ണത്തടിയുള്ളവർ യാതൊരു വ്യായാമവും ചെയ്യാത്ത മടിയന്മാരാണെന്നാണോ? അതോ ഇവരിൽ പലരുടെയും കാര്യത്തിൽ നിയന്ത്രണവിധേയമല്ലാത്ത ദൂരവ്യാപക ഫലമുള്ള മറ്റു കാരണങ്ങളുണ്ടോ?
പാരമ്പര്യമോ? ചുറ്റുപാടുകളോ? അതോ രണ്ടുംകൂടിയോ?
ഫുഡ് ഫൈറ്റ് എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “പൊണ്ണത്തടിയുടെ ഉത്പത്തിക്കു നിദാനം ജനിതക കാരണങ്ങളാണോ ചുറ്റുപാടുകളാണോ എന്നതിനെക്കുറിച്ചു ദീർഘകാലമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്.” ജനിതക കാരണങ്ങൾ എന്നതുകൊണ്ട് ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത്? ഭാവി ആവശ്യങ്ങൾക്കുവേണ്ടി കൂടുതലുള്ള കലോറികൾ സംഭരിച്ചുവെക്കാനുള്ള പ്രാപ്തി സ്വാഭാവികമായും മനുഷ്യശരീരത്തിനുണ്ടെന്നുള്ള സിദ്ധാന്തത്തെ ചിലർ പിന്താങ്ങുന്നു. മേലുദ്ധരിച്ച പുസ്തകം ഇപ്രകാരം തുടരുന്നു: “പൊണ്ണത്തടിയുടെ ജനിതകശാസ്ത്രം ദശകങ്ങളോളം പഠനവിധേയമാക്കിയിട്ടുണ്ട്. . . . മനുഷ്യന്റെ ജീനുകളെയും പൊണ്ണത്തടിയെയും കുറിച്ചു ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. തൂക്കക്കൂടുതലിലേക്കും പ്രമേഹം പോലെയുള്ള രോഗങ്ങളിലേക്കും ആളുകളെ തള്ളിവിടാൻ സാധ്യതയുള്ള ജീനുകളെ തിരിച്ചറിയാൻ സങ്കീർണമായ നൂതന മാർഗങ്ങൾ ഉപയോഗിച്ചു പഠനങ്ങൾ നടത്തിവരുന്നു. ശാസ്ത്രഭാഷയിൽ പറഞ്ഞാൽ, പൊതുവേ ആളുകളുടെ തൂക്കത്തിൽ ഉണ്ടാകുന്ന 25 മുതൽ 40 വരെ ശതമാനം വ്യതിയാനങ്ങൾക്കു കാരണക്കാർ ജീനുകളാണെന്നു പറയാൻ കഴിയും.” പുസ്തകം തുടരുന്നു: “പൊണ്ണത്തടിക്കു വ്യക്തികളെ കുറ്റപ്പെടുത്തുന്ന പ്രവണതയാണല്ലോ കണ്ടുവരുന്നത്. എന്നാൽ ഈ കണക്ക് ജനിതകഘടകത്തിന് അടിവരയിടുന്നു. എന്നിരുന്നാലും, 60 ശതമാനമോ അതിൽ കൂടുതലോ വിരൽചൂണ്ടുന്നത് ചുറ്റുപാടുകളുടെ സ്വാധീനത്തിലേക്കുതന്നെ.” ഇതിന്റെ അർഥം പൊണ്ണത്തടിയെന്ന പ്രശ്നത്തിന്റെ ഒരു കാതലായ ഭാഗം വ്യക്തിയുടെ ജീവിതരീതിയിൽത്തന്നെ അന്തർലീനമായിരിക്കുന്നു എന്നാണ്. ഒരു വ്യക്തിക്ക് ഓരോ ദിവസവും ആവശ്യമായിരിക്കുന്ന കലോറിയിൽ കൂടുതൽ അയാൾ ഭക്ഷണത്തിലൂടെ അകത്താക്കുന്നുണ്ടോ? വേണ്ടാത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കാറുണ്ടോ? ഓരോ ദിവസവും മിതമായ വ്യായാമം ചെയ്യാൻ സമയം ചിട്ടപ്പെടുത്താറുണ്ടോ?
മേയോ ക്ലിനിക്, പൊണ്ണത്തടിയുടെ കാരണം ലളിതമായി വിശദീകരിക്കുന്നു: “പൊണ്ണത്തടിയിലേക്കോ തൂക്കക്കൂടുതലിലേക്കോ നയിച്ചേക്കാവുന്ന ഒരു ഘടകമായിരുന്നേക്കാം ജീനുകൾ, എന്നാൽ നിങ്ങളുടെ ശരീരഭാരം ആത്യന്തികമായി നിർണയിക്കപ്പെടുന്നത് നിങ്ങളുടെ ആഹാരക്രമത്താലും കായിക പ്രവർത്തനങ്ങളാലുമാണ്. കലോറി അമിതമായി ശരീരത്തിലെത്തുന്നതോ മെയ്യനങ്ങാതെയുള്ള ജീവിതരീതിയോ അല്ലെങ്കിൽ രണ്ടുംകൂടിയോ കാലാന്തരത്തിൽ പൊണ്ണത്തടിയെ ക്ഷണിച്ചുവരുത്തുന്നു.”
(ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) അതേ ഉറവിടം തുടരുന്നു: “നിങ്ങളുടെ പാരമ്പര്യം അങ്ങനെയായതുകൊണ്ട് നിങ്ങൾ തടിച്ച ശരീരപ്രകൃതിയുള്ള വ്യക്തി ആയിരിക്കണമെന്നില്ല. . . . നിങ്ങളുടെ ജീനുകൾക്കു പറയാനുള്ളത് എന്തുതന്നെ ആയിരുന്നാലും, പോഷണം, കായിക പ്രവർത്തനം എന്നിവ സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പാണ് ആത്യന്തികമായി നിങ്ങളുടെ തൂക്കം നിർണയിക്കുന്നത്.”എങ്ങനെയെങ്കിലും അമിതതൂക്കമൊന്നു കുറച്ച് പഴയ ആകാരവടിവു നേടിയെടുക്കണമെന്ന ചിന്തയോടെ ആളുകൾ നെട്ടോട്ടമോടുകയാണ്. അതിനുള്ള സഹായവുമായി രംഗം കയ്യടക്കിയിരിക്കുന്ന വാണിജ്യസംഘടനകളുടെ കീശയിലേക്കു കോടികൾ ഒഴുകുന്നു. എന്നാൽ ഈ പരിപാടികളെക്കുറിച്ചു വിദഗ്ധരുടെ അഭിപ്രായമെന്താണ്? “പൊണ്ണത്തടി ചികിത്സിച്ചു ശരിയാക്കുക വളരെ ബുദ്ധിമുട്ടാണ്, തൂക്കം കുറയ്ക്കുന്നവരിൽ മിക്കവരും അത് അങ്ങനെതന്നെ നിലനിറുത്തുന്നുമില്ല,” ഫുഡ് ഫൈറ്റ് എന്ന പുസ്തകം പറയുന്നു. “ഏറ്റവും ആശാവഹമായ ഒരു കണക്കനുസരിച്ച്, 25 ശതമാനം പേരാണ് [നാലിൽ ഒരാൾവീതം] തൂക്കം കുറയ്ക്കുകയും അതു നിലനിറുത്തുകയും ചെയ്യുന്നത്, പലപ്പോഴും പല പ്രാവശ്യത്തെ ശ്രമം അതിന് ആവശ്യമായിവന്നേക്കാം.”
പൊണ്ണത്തടിയുടെ അപകടങ്ങൾ
പൊണ്ണത്തടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാൻ കഴിയും. ദക്ഷിണ കാലിഫോർണിയ മെഡിക്കൽ സെന്ററിലെ ഒരു നാഡീരോഗവിദഗ്ധനായ ഡോ. സ്കോട്ട് ലോറെൻ-സെൽകോ, പൊണ്ണത്തടിയുണ്ടെങ്കിൽ യുവജനങ്ങൾക്കുപോലും ടൈപ്പ് 2-ൽപ്പെട്ട പ്രമേഹം പിടിപെടാനുള്ള ഭീഷണിയിലാണെന്നു മുന്നറിയിപ്പു നൽകുന്നു. (2003 മേയ് 8 ലക്കം ഉണരുക! കാണുക.) അദ്ദേഹം പറയുന്നു: “ഞങ്ങൾ ഇപ്പോൾ അതു നിത്യവും കണ്ണാലെ കണ്ടുകൊണ്ടിരിക്കുകയാണ്, നിങ്ങൾക്കു വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം, അതു ഞെട്ടിപ്പിക്കുന്നതാണ്. ഞാൻ അവരെ [പൊണ്ണത്തടിയുള്ള രോഗികളെ] പ്രമേഹരോഗികളുടെ വാർഡിലൂടെ കൊണ്ടുപോയി അവർക്കു ഭവിക്കാനിരിക്കുന്നത് എന്താണെന്നു കാണിച്ചുകൊടുക്കാമെന്നു പറയാറുണ്ട്. കാഴ്ച നശിച്ചവരും അവയവങ്ങൾ മുറിച്ചു മാറ്റപ്പെട്ടവരും പൂർണമായും അംഗഹീനരായവരും എല്ലാം അവിടെയുണ്ട്. ടൈപ്പ് 2 പ്രമേഹത്തിന്റെ ഇരകളായ അവരെല്ലാം പൊണ്ണത്തടിയുള്ളവരാണ്.” ഇതിനു വഴിവെക്കുന്ന ഒരു ഘടകമെന്താണ്? “അവർക്ക് ഹാംബർഗറും (ഒരുതരം മാംസവിഭവം) വറുത്തതും പൊരിച്ചതുമൊക്കെ വാങ്ങാൻ ഇഷ്ടംപോലെ പണമുണ്ട്. അതുകൊണ്ട് അവർ അതു വാങ്ങിത്തിന്നുന്നു.” ലോറെൻ-സെൽകോ പറയുന്നു. “ഇത് അപകടമാണെന്ന് അവരോട് ആരും പറയുന്നില്ല. ഫാസ്റ്റ്ഫുഡ് കമ്പനികൾ ഇക്കാര്യത്തിൽ തികച്ചും മൗനം പാലിക്കുന്നു. തുറന്നുപറഞ്ഞാൽ മിക്ക ഡോക്ടർമാരും അങ്ങനെതന്നെ, കാരണം അവർക്കൊന്നും പോഷണകാര്യത്തിൽ പരിശീലനം കിട്ടിയിട്ടില്ല.”
പോഷണത്തെക്കുറിച്ച്, പേരുകേട്ട ഒരു എഴുത്തുകാരനായ ഡോ. എഡ്വേർഡ് റ്റോബ് ഇപ്രകാരം പറയുന്നു: “തൂക്കക്കൂടുതൽ ഉണ്ടായിരിക്കുന്നതിനെ ഒരു സാധാരണ സംഗതിയായി, ആധുനിക ജീവിതത്തിന്റെ ഒരു സ്വീകാര്യഭാഗമായി, ചിന്തിക്കുന്നത് ഒരു ഫാഷൻപോലെ ആയിരിക്കുന്നു. അതിൽ ആർക്കും ഒരു രസക്കേടുപോലും തോന്നാറില്ല. ഇതു നമ്മെ തീറ്റിക്കൊഴുപ്പിച്ചുകൊണ്ടു ലാഭം കൊയ്യുന്നതിനുള്ള കച്ചവടക്കണ്ണല്ലാതെ മറ്റൊന്നുമല്ല.”
അരക്കെട്ടിന്റെ ഭാഗത്ത് ദുർമേദസ്സ് ഉള്ളവർ, ഉദരാവയവങ്ങളിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുള്ള (പ്രത്യേകിച്ച് അരവണ്ണം 90-100 സെന്റിമീറ്ററിലും കൂടുതലുള്ള) ആളുകളെക്കാൾ ആരോഗ്യമുള്ളവരായിരിക്കാം. എന്തുകൊണ്ട്? കാരണം “നിങ്ങളുടെ ഉദരഭാഗത്തെ കൊഴുപ്പ് ഉയർന്ന രക്തസമ്മർദം, ഹൃദയധമനീരോഗം, പ്രമേഹം, മസ്തിഷ്കാഘാതം, ചിലതരം കാൻസറുകൾ എന്നിവ ഉണ്ടാകാനുള്ള അപകടസാധ്യത വർധിപ്പിക്കുന്നു” എന്ന് മേയോ ക്ലിനിക് ഓൺ ഹെൽതി വെയ്റ്റ് പറയുന്നു. “നിങ്ങൾക്കു തടിച്ച അരക്കെട്ടും തുടകളും നിതംബവും ആണെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിനു വലിയ അപകടമില്ല.”
അങ്ങനെയെങ്കിൽ, അമിതതൂക്കമുള്ള, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ നിഴലിൽ കഴിയുന്ന, മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്ന കോടിക്കണക്കിന് ആളുകൾക്ക് എന്തു പരിഹാരമാണുള്ളത്? ഫലപ്രദമായ ഒരു പ്രതിവിധിയുണ്ടോ? (g04 11/8)
[5-ാം പേജിലെ ചതുരം/ചാർട്ട്]
എന്താണ് ബിഎംഐ? അതു നിങ്ങളോടു പറയുന്നത് എന്താണ്?
ഉയരവും തൂക്കവും തമ്മിലുള്ള അനുപാതമാണ് ബിഎംഐ (ബോഡി മാസ്സ് ഇൻഡക്സ്). ഒരാൾക്ക് തൂക്കക്കൂടുതലോ പൊണ്ണത്തടിയോ ഉണ്ടോയെന്ന് ഇതു നോക്കിയാൽ അറിയാം. മേയോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, 18.5 മുതൽ 24.9 വരെയുള്ള ബിഎംഐ ഏറ്റവും ആരോഗ്യകരമായ അനുപാതമാണ്. നിങ്ങളുടെ ബിഎംഐ 25-നും 29.9-നും ഇടയ്ക്കാണെങ്കിൽ നിങ്ങൾക്കു തൂക്കക്കൂടുതലുണ്ട്. 30-നു മുകളിലുള്ള ബിഎംഐ പൊണ്ണത്തടിയുടെ പട്ടികയിൽ വരുന്നു. ചാർട്ട് നോക്കി നിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കാം? ഏതു പട്ടികയിൽ വരുന്നെന്ന് ഉറപ്പാക്കാനോ നിർദേശങ്ങൾക്കോ വേണ്ടി നിങ്ങൾ ഡോക്ടറെ കാണേണ്ടതുണ്ടോ?
നിങ്ങളുടെ ബിഎംഐ കണക്കുകൂട്ടുന്നതിന്, നിങ്ങളുടെ തൂക്കം എത്ര കിലോഗ്രാമാണെന്നു കാണുക, നിങ്ങളുടെ ഉയരം മീറ്ററിൽ കണക്കാക്കി അതുകൊണ്ടു തൂക്കത്തെ ഹരിക്കുക. കിട്ടിയ ഉത്തരത്തെ വീണ്ടും നിങ്ങളുടെ ഉയരംകൊണ്ടു ഹരിക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് 90 കിലോഗ്രാം ഭാരവും 1.8 മീറ്റർ ഉയരവും ഉണ്ടെങ്കിൽ നിങ്ങളുടെ ബിഎംഐ 28 ആണ്. (90÷1.8÷1.8=28)
[ചാർട്ട്]
ആരോഗ്യകരം തൂക്കക്കൂടുതൽ പൊണ്ണത്തടി
ബിഎംഐ 18.5-24.9 25-29.9 30-ഉം അതിൽ കൂടുതലും
ഉയരം തൂക്കം കിലോഗ്രാമിൽ
1.47 മീ. 53-ഓ അതിൽ കുറവോ 54-64 65-ഓ അതിൽ കൂടുതലോ
1.50 മീ. 56-ഓ അതിൽ കുറവോ 57-67 68-ഓ അതിൽ കൂടുതലോ
1.52 മീ. 57-ഓ അതിൽ കുറവോ 58-69 70-ഓ അതിൽ കൂടുതലോ
1.55 മീ. 59-ഓ അതിൽ കുറവോ 60-71 72-ഓ അതിൽ കൂടുതലോ
1.57 മീ. 61-ഓ അതിൽ കുറവോ 62-73 74-ഓ അതിൽ കൂടുതലോ
1.60 മീ. 63-ഓ അതിൽ കുറവോ 64-76 77-ഓ അതിൽ കൂടുതലോ
1.63 മീ. 66-ഓ അതിൽ കുറവോ 67-79 80-ഓ അതിൽ കൂടുതലോ
1.65 മീ. 67-ഓ അതിൽ കുറവോ 68-81 82-ഓ അതിൽ കൂടുതലോ
1.68 മീ. 70-ഓ അതിൽ കുറവോ 71-84 85-ഓ അതിൽ കൂടുതലോ
1.70 മീ. 72-ഓ അതിൽ കുറവോ 73-86 87-ഓ അതിൽ കൂടുതലോ
1.73 മീ. 74-ഓ അതിൽ കുറവോ 75-89 90-ഓ അതിൽ കൂടുതലോ
1.75 മീ. 76-ഓ അതിൽ കുറവോ 77-91 92-ഓ അതിൽ കൂടുതലോ
1.78 മീ. 79-ഓ അതിൽ കുറവോ 80-94 95-ഓ അതിൽ കൂടുതലോ
1.80 മീ. 80-ഓ അതിൽ കുറവോ 81-97 98-ഓ അതിൽ കൂടുതലോ
1.83 മീ. 83-ഓ അതിൽ കുറവോ 84-100 101-ഓ അതിൽ കൂടുതലോ
1.85 മീ. 85-ഓ അതിൽ കുറവോ 86-102 103-ഓ അതിൽ കൂടുതലോ
1.88 മീ. 89-ഓ അതിൽ കുറവോ 90-106 107-ഓ അതിൽ കൂടുതലോ
1.90 മീ. 90-ഓ അതിൽ കുറവോ 91-108 109-ഓ അതിൽ കൂടുതലോ
[കടപ്പാട്]
മേയോ ക്ലിനിക് ഓൺ ഹെൽതി വെയ്റ്റിനോട് ചേർച്ചയിലാണിത്
[5-ാം പേജിലെ ചതുരം]
എന്താണ് ഒരു കലോറി?
തൂക്കം കുറയ്ക്കുന്നയാളോടുള്ള ബന്ധത്തിൽ ഒരു കലോറിയെ നിർവചിക്കുന്നത് എങ്ങനെയാണ്? അത് താപോർജം അളക്കുന്ന ഒരു അംഗീകൃത മാനദണ്ഡമാണ്. നിങ്ങൾ വിയർക്കുമ്പോൾ കലോറി അഥവാ താപോർജം കത്തിച്ചുകളയുകയാണു ചെയ്യുന്നത്. “ഒരു കിലോഗ്രാം ജലത്തിന്റെ ഊഷ്മാവ് കൃത്യം ഒരു ഡിഗ്രി സെന്റിഗ്രേഡ് ഉയർത്താൻ ആവശ്യമായ താപത്തിന്റെ അളവാണ് ഒരു കലോറി.” (ബാലൻസ് യുവർ ബോഡി, ബാലൻസ് യുവർ ലൈഫ്) ഓരോ വ്യക്തിക്കും ദിവസവും വേണ്ട കലോറിയുടെ അഥവാ ഊർജത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. വ്യക്തിയുടെ ഉയരം, തൂക്കം, പ്രായം, ജോലി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അത്.
[6-ാം പേജിലെ ചതുരം/ചിത്രം]
മെയ്യനങ്ങാതെയുള്ള ജീവിതരീതിയുള്ളവർ
◼ ടിവി-യുടെ മുന്നിലോ ജോലിസ്ഥലത്തോ വാഹനത്തിലോ ആയി ദിവസത്തിന്റെ അധികപങ്കും ഇരുന്നുകൊണ്ടു ചെലവഴിക്കുന്നു, എഴുന്നേറ്റു നടക്കുന്നേയില്ല
◼ 100 മീറ്ററിൽ കൂടുതൽ നടക്കുന്നില്ല
◼ ഊർജസ്വലതയോടെ ചെയ്യാൻ പറ്റിയ ജോലിയല്ല ചെയ്യുന്നത്
◼ ആഴ്ചയിൽ ഒരിക്കൽപ്പോലും 20 മുതൽ 30 വരെ മിനിട്ട് വ്യായാമം ചെയ്യുന്നില്ല
[കടപ്പാട്]
ഉറവിടം: മേയോ ക്ലിനിക് ഓൺ ഹെൽതി വെയ്റ്റ്