നയ്റോബി—“കുളിർജലത്തിന്റെ നാട്”
നയ്റോബി—“കുളിർജലത്തിന്റെ നാട്”
കെനിയയിലെ ഉണരുക! ലേഖകൻ
“നിറംകെട്ട ഒരു ചതുപ്പുഭൂമി. സദാ കാറ്റു ചീറിയടിക്കുന്ന, എങ്ങും ഒരു മനുഷ്യഗന്ധംപോലുമില്ലാത്ത നനഞ്ഞുകുഴഞ്ഞ പ്രദേശം. സകല ഇനങ്ങളിലുംപെട്ട ആയിരക്കണക്കിനു വന്യജീവികളുടെ വിഹാരരംഗം. വല്ലപ്പോഴും ഒരു മനുഷ്യസാന്നിധ്യം ഉണ്ടാകാറുണ്ട് എന്നതിന്റെ ഏകമാത്ര തെളിവായി ചെളിപുതഞ്ഞ സമഭൂമിയുടെ അരികുപറ്റി നീളുന്ന പൗരാണിക സഞ്ചാരിസംഘങ്ങളുടെ പാത.”—കെനിയ കോളനിയുടെ ഉത്ഭവം (ഇംഗ്ലീഷ്).
ഒരു നൂറ്റാണ്ടിനപ്പുറത്തെ നയ്റോബിയുടെ മുഖച്ഛായ ഈ വാക്കുകളിൽനിന്നും വരച്ചെടുക്കാം. സിംഹങ്ങൾ, കാണ്ടാമൃഗങ്ങൾ, പുള്ളിപ്പുലികൾ, ജിറാഫുകൾ, വിഷസർപ്പങ്ങൾ തുടങ്ങി അനന്തവൈവിധ്യമാർന്ന വന്യജീവികൾ അന്ന് ഇവിടെ യഥേഷ്ടം വിഹരിച്ചിരുന്നു. ധീരരായ മസായികൾ തങ്ങളുടെ വിലപ്പെട്ട കാലിക്കൂട്ടങ്ങളെ അവിടെയുള്ള സ്വച്ഛമായ ഒരു നീരുറവയിലേക്കു കൊണ്ടുവരുമായിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജനസമുദായങ്ങളുടെ ഉള്ളം കുളിർക്കുന്ന കാഴ്ചയായിരുന്നു ആ ജലസമൃദ്ധി. മസായികൾ ആ നദിക്ക് ഊവാസോ നയ്റോബി എന്നു പേരിട്ടു. “കുളിർജലം” എന്നാണ് അതിന്റെ അർഥം. ആ സ്ഥലത്തിന് “കുളിർജലത്തിന്റെ നാട്” എന്ന് അർഥംവരുന്ന എൻകാരി നയ്റോബി എന്നും. അങ്ങനെ കെനിയയുടെ ചരിത്രം അപ്പാടെ തിരുത്തിക്കുറിക്കുമായിരുന്ന ആ ഭൂവിഭാഗത്തിന് ഒരു പേരുകിട്ടി.
a 1899-ന്റെ മധ്യത്തോടെ തീരദേശ നഗരമായ മൊമ്പാസയിൽനിന്ന് നയ്റോബിവരെ 530 കിലോമീറ്റർ നീളത്തിൽ പാളം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പക്ഷേ ഈ കാലയളവിൽ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ കിടിലംകൊള്ളിച്ചുകൊണ്ട് “ത്സാവോയിലെ നരഭോജികൾ” എന്നറിയപ്പെട്ടിരുന്ന രണ്ടു സിംഹങ്ങൾ അവിടെ വിഹരിച്ചിരുന്നു. തൊഴിലാളികളിൽ നിരവധിപ്പേരെ ഇവറ്റകൾ വകവരുത്തി. കൂടാതെ മഹാഭ്രംശ താഴ്വരയുടെ ദുർഗമമായ ഭൂപ്രകൃതിയും തൊഴിലാളികൾക്കൊരു പ്രതിബന്ധമായിരുന്നു. റെയിൽപ്പാത പിന്നെയും ഉൾപ്രദേശങ്ങളിലേക്കു നീളേണ്ടതുണ്ടായിരുന്നതിനാൽ, മൊമ്പാസയെ ഒരു പ്രധാന ഡിപ്പോയായി തുടർന്നും ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയാണ്, ഒട്ടും വാസയോഗ്യമല്ലാതെ കിടന്ന നയ്റോബി ആതിഥേയന്റെ കുപ്പായമണിഞ്ഞത്. തൊഴിലാളികൾക്കു താമസിക്കാനും നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ കരപ്രദേശത്തുള്ള ഒരു ഡിപ്പോ ആക്കാനും പറ്റിയ സ്ഥലമായി നയ്റോബിക്കു നറുക്കുവീണു. കെനിയയുടെ തലസ്ഥാനനഗരിയായി അവരോധിക്കപ്പെടുന്നതിലേക്കുള്ള ഒരു കാൽവെപ്പായിരുന്നു ഇത്.
നയ്റോബിയുടെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു കെനിയൻ റെയിൽപ്പാതയുടെ നിർമാണം, ഇതിന്റെ മുമ്പത്തെ പേരായിരുന്നു ‘വിഡ്ഢി എക്സ്പ്രസ്.’20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, പുതുതായി രൂപം നൽകിയ ‘ഈസ്റ്റ് ആഫ്രിക്ക പ്രൊട്ടെക്റ്റൊറേറ്റ്’ എന്നറിയപ്പെട്ട അന്നത്തെ കെനിയയുടെ ഭരണകേന്ദ്രമായി നയ്റോബി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വികസനത്തിന്റെ പാതയിൽ പിച്ചവെച്ചുതുടങ്ങിയ ഈ പ്രദേശത്തിനുവേണ്ടി മുൻകൂട്ടി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതായിരുന്നു. പക്ഷേ, റെയിൽവേ സ്റ്റേഷനു ചുറ്റുമായി യാതൊരു അടുക്കും ചിട്ടയുമില്ലാതെ കുറെ കെട്ടിടങ്ങളും മറ്റും മുളച്ചുപൊങ്ങി. തടിയും ഇരുമ്പുതകിടുകളും മറ്റു പ്രാദേശിക നിർമാണ സാമഗ്രികളുംകൊണ്ടു തട്ടിക്കൂട്ടിയ നിർമിതികൾ നയ്റോബിയെ കാഴ്ചയ്ക്ക് ഒരു ചേരിപ്രദേശം പോലെയാക്കിമാറ്റി, ഭാവിയിലെ ഒരു അന്താരാഷ്ട്ര കേന്ദ്രമെന്ന പദവിയിൽനിന്നും എത്ര അകലെ! 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടെയുണ്ടായിരുന്ന ഏതാനും കെട്ടിടങ്ങളും അത്തരമൊരു ഭാവി മുൻകൂട്ടിക്കണ്ടു നിർമിച്ചവയായിരുന്നില്ല. ഇതിനെല്ലാം പുറമേ, അവിടങ്ങളിൽ അപ്പോഴും സ്വൈരവിഹാരം നടത്തിയിരുന്ന ഘോരമൃഗങ്ങൾ ഒരു ഒടുങ്ങാത്ത ഭീഷണിയാണെന്നും തോന്നി.
വൈകാതെതന്നെ പല മാരകരോഗങ്ങളും പുതിയ വാസകേന്ദ്രത്തിലെ സന്ദർശകരായി. പ്ലേഗ് ആയിരുന്നു പുതിയ ഭരണസാരഥികളുടെ ഉറക്കം കെടുത്തിയ ആദ്യത്തെ പ്രശ്നം. എന്തായിരുന്നു രോഗനിവാരണത്തിനൊരു സത്വര പരിഹാരം? പ്ലേഗിനു കടിഞ്ഞാണിടാൻ അവർ പട്ടണത്തിന്റെ രോഗബാധിത പ്രദേശങ്ങൾ തീയിട്ടു! അടുത്ത അര നൂറ്റാണ്ടിനുള്ളിൽ നയ്റോബി മെല്ലെ അതിന്റെ നിറംകെട്ട ഭൂതകാലത്തിന്റെ പടംപൊഴിച്ച് പൂർവാഫ്രിക്കയുടെ സാമൂഹികവും വാണിജ്യപരവുമായ സിരാകേന്ദ്രമായി തിളങ്ങാൻ പോകുകയായിരുന്നു.
ആധുനിക നഗരം പിറന്നത് എങ്ങനെ?
ഏകദേശം 1,680 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നയ്റോബിയിൽ നിന്നാൽ ചുറ്റുമുള്ള പ്രദേശങ്ങളുടെ മനോഹാരിത നമുക്ക് ഒപ്പിയെടുക്കാം. തെളിവാർന്ന ഒരു പകലിൽ നയ്റോബിയിൽനിന്ന് ഒരുവന് ആഫ്രിക്കയുടെ രണ്ടു സവിശേഷ ഭൂവിലാസങ്ങളെ വേർതിരിച്ചുകാണാനാകും. ഒന്ന്, 5,119 മീറ്റർ ഉയരത്തിൽ വടക്കു സ്ഥിതിചെയ്യുന്ന കെനിയ പർവതമാണ്. ഉയരംകൊണ്ട് കെനിയയിൽ ഒന്നാം സ്ഥാനവും ആഫ്രിക്കയിൽ രണ്ടാംസ്ഥാനവും ഇതിനാണ്. മറ്റൊന്ന് തെക്കേയറ്റത്തെ കെനിയ-ടാൻസാനിയ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന, 5,895 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ പർവതമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് ഇത്. ഭൂമധ്യരേഖയ്ക്കടുത്തുള്ള ഈ പർവതരാജന്റെ നെറുകയിലെ മഞ്ഞിന്റെയും ഹിമത്തിന്റെയും നിത്യസാന്നിധ്യം 150 വർഷങ്ങൾക്കു മുമ്പ് യൂറോപ്പിലെ ഭൂമിശാസ്ത്രജ്ഞരുടെയും പര്യവേഷകരുടെയും ജിജ്ഞാസയെ തൊട്ടുണർത്തിയിരുന്നു.
ഏകദേശം 50-ലേറെ വർഷത്തെ ചരിത്രമുറങ്ങുന്ന നയ്റോബി നഗരം, ഒരു സമ്പൂർണ രൂപാന്തരപ്രക്രിയയിലൂടെ കടന്നുപോയിട്ടുണ്ട്. ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന കെട്ടിടനിരകൾതന്നെ നഗരത്തിന്റെ വളർച്ചയുടെ സാക്ഷ്യപത്രങ്ങളാണ്. ഇന്നത്തെ നയ്റോബിക്ക് ഗ്ലാസ്സും ഉരുക്കും കൊണ്ടുള്ള അംബരചുംബികളായ ഗംഭീര കെട്ടിടസമുച്ചയങ്ങളുണ്ട്. ഇവ ഉഷ്ണമേഖലാ സൂര്യന്റെ അസ്തമയ കിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്നത് ഒന്നു കാണേണ്ടതുതന്നെയാണ്. നയ്റോബിയിലെ മുഖ്യ വ്യാപാര മേഖലയിലെത്തുന്ന ഒരു സന്ദർശകൻ, താൻ നിൽക്കുന്നിടം വെറും നൂറുവർഷങ്ങൾക്കു മുമ്പ് ഹിംസ്രജന്തുക്കൾ പതിയിരുന്ന, മനുഷ്യന്
അങ്ങേയറ്റം അപകടകരമായ സ്ഥലമായിരുന്നെന്ന് അറിയുമ്പോൾ അമ്പരന്നുപോയേക്കാം.കാലാന്തരത്തിൽ ആ പ്രദേശത്തിന്റെ രൂപഭാവങ്ങൾക്കു മാറ്റംവന്നു. മറ്റുദേശങ്ങളിൽനിന്നു പൂച്ചെടികൾ കൊണ്ടുവന്നു വെച്ചുപിടിപ്പിച്ചു. അവയിൽ മനോഹരമായ ബൊഗേൻവില്ലകളും പൂത്തുലയുന്ന ജക്കാരന്താ മരങ്ങളും അതിവേഗം വളരുന്ന യൂക്കാലി മരങ്ങളും അക്കേഷ്യയും ഉൾപ്പെടുന്നു. അങ്ങനെ, മുമ്പത്തെ പൊടിനിറഞ്ഞ പാതകൾ മരങ്ങൾ അതിരുതീർക്കുന്ന വിശാലവീഥികളായി. വേനൽക്കാലങ്ങളിൽ ഈ മരങ്ങൾ കാൽനടക്കാർക്കു തണലും കുളിർമയുമേകുന്നു. നഗരമധ്യത്തിനടുത്തുള്ള ഒരു ആർബോററ്റത്തിൽ (ശാസ്ത്രീയ-വിദ്യാഭ്യാസ പരിശോധനയ്ക്കു വേണ്ടിയുള്ള മാതൃകാത്തോട്ടം) കുറഞ്ഞത് 270 ഇനം മരങ്ങളുണ്ട്. “നയ്റോബിയെ കണ്ടാൽ അതു വനമധ്യത്തിൽ പണിതുയർത്തിയതുപോലെയുണ്ട്” എന്ന് ഒരു എഴുത്തുകാരൻ പറഞ്ഞതിൽ അതിശയിക്കാനില്ല. ഇളംചൂടുള്ള പകലുകളും കുളിരുള്ള രാത്രികളുംകൊണ്ട് നയ്റോബിയിൽ ഒരു ഹൃദ്യമായ താപനിലയ്ക്ക് അരങ്ങൊരുക്കുന്നതിൽ ഈ ഹരിതസമൃദ്ധിയുടെ പങ്കു ചെറുതല്ല.
സംസ്കാരങ്ങളുടെ ഒരു സംഗമസ്ഥാനം
നയ്റോബി ഒരു കൂറ്റൻ കാന്തം പോലെയാണ്. മനുഷ്യവർഗത്തിന്റെ വിഭിന്ന വർഗങ്ങൾ ഇവിടേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ജനസംഖ്യ ഇപ്പോൾ 20 ലക്ഷം കവിഞ്ഞിരിക്കുന്നു. റെയിൽപ്പാതയുടെ നിർമാണം പൂർത്തീകരിച്ചത് ഈ പ്രദേശത്തേക്കു കുടിയേറാൻ ആളുകൾക്കൊരു പ്രചോദനമായി. പാളംപണിയിൽ പങ്കെടുത്ത ഇന്ത്യക്കാർ ഇവിടെത്തന്നെ തങ്ങി രാജ്യമെങ്ങും പടർന്നു പന്തലിച്ച വലിയ വ്യാപാരസംരംഭങ്ങൾക്ക് അടിത്തറപാകി. ഇന്ത്യക്കാരുടെ കാലടികൾ പിന്തുടർന്ന് ഓസ്ട്രേലിയ, കാനഡ, മറ്റുനിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വ്യവസായ സംരംഭകരും ഇവിടേക്കു ചേക്കേറി.
നയ്റോബി വിഭിന്ന സംസ്കാരങ്ങളുടെ ഒരു സംഗമസ്ഥാനമാണ്. സാരി ധരിച്ച ഒരു ഇന്ത്യൻ വനിത ഷോപ്പിങ്ങിനു പോകുന്നതും പാകിസ്ഥാൻകാരനായ ഒരു എഞ്ചിനീയർ പണിസ്ഥലത്തേക്കു തിരക്കിട്ടോടുന്നതും കുറ്റമറ്റരീതിയിൽ വസ്ത്രധാരണം ചെയ്ത, നെതർലൻഡ്സിൽനിന്നുള്ള ഒരു ഫ്ളൈറ്റ് അറ്റൻഡന്റ് നഗരത്തിലെ ഒരു ഹോട്ടലിലേക്കു കയറിപ്പോകുന്നതും ജപ്പാൻകാരനായ ഒരു ബിസിനസ്സുകാരൻ ഒരു പ്രധാനപ്പെട്ട മീറ്റിംഗിനായി, ഒരുപക്ഷേ നയ്റോബിയിലെ കുതിച്ചുയരുന്ന സ്റ്റോക്ക് മാർക്കറ്റിലേക്ക്, പാഞ്ഞുപോകുന്നതുമൊക്കെ ഇവിടത്തെ തെരുവിലെ സാധാരണ ദൃശ്യങ്ങളാണ്. കൂടാതെ, നാട്ടുകാരെയും കാണാം, അവർ ബസ്സ്റ്റോപ്പിൽ കാത്തിരിക്കുന്നതും, പന്തൽ കെട്ടിയും വഴിവക്കിലെ ചന്തകളിലും കടകളിലും മറ്റും കച്ചവടം നടത്തുന്നതും നയ്റോബിയിലെ നിരവധി വ്യവസായശാലകളിലും ഓഫീസുകളിലും ജോലിചെയ്യുന്നതും ഒക്കെ.
വൈരുദ്ധ്യമെന്നു പറയട്ടെ, നഗരത്തിൽ ജീവിക്കുന്ന കെനിയക്കാരിൽ യഥാർഥ “നയ്റോബിക്കാർ” എന്നു പറയാവുന്നവർ നന്നേ ചുരുക്കമാണ്. മിക്കവരുംതന്നെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് ഇവിടേക്കു പച്ചപ്പ് തേടിയിറങ്ങിയവരാണ്. മൊത്തത്തിൽ പറഞ്ഞാൽ നയ്റോബിയിലെ ജനങ്ങൾ സൗഹൃദമനസ്കരും അതിഥിപ്രിയരുമാണ്. ഒരുപക്ഷേ ലോകസംഘടനകൾക്കും പ്രാദേശിക സംഘടനകൾക്കും സഖ്യങ്ങൾക്കും മറ്റും ആതിഥ്യമരുളാൻ ഈ നഗരത്തിനു
കഴിഞ്ഞത് ഈ ഉപചാരപ്രിയംകൊണ്ടായിരിക്കാം. ‘ഐക്യരാഷ്ട്രങ്ങളുടെ പരിസ്ഥിതി പരിപാടി’യുടെ ലോകാസ്ഥാനം നയ്റോബിയിലാണ്.എന്താണ് സന്ദർശകരെ ആകർഷിക്കുന്നത്?
വന്യജീവികളുടെ അനന്തവൈവിധ്യങ്ങളാൽ അനുഗൃഹീതമാണ് കെനിയ. അതിന്റെ നിരവധി ദേശീയപാർക്കുകളും വന്യജീവിസങ്കേതങ്ങളും വർഷംതോറും ആയിരക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നു. പല ഉല്ലാസയാത്രകളും സംഘടിപ്പിക്കുന്നത് നയ്റോബിയിൽനിന്നാണ്. ഇനി, നയ്റോബിതന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. നയ്റോബിപോലെ പടിവാതിൽക്കൽ വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന നഗരങ്ങൾ ലോകത്തു വിരലിലെണ്ണാവുന്നവയേ ഉള്ളൂ. നഗരമധ്യത്തിൽനിന്നു പത്തുകിലോമീറ്റോളം പോയാൽ മതി നയ്റോബി നാഷണൽ പാർക്കിലെത്താം. സഞ്ചാരികളുടെ സങ്കേതമാണിവിടം. b ഇവിടെ നിങ്ങൾക്ക് നയ്റോബിയിലെ ആദ്യതാമസക്കാരെ നേരിട്ടുകാണാം. ഏതാനും കമ്പിയഴികൾ മാത്രമാണു മൃഗലോകത്തെ മനുഷ്യസമ്പർക്കത്തിൽനിന്നു വേർതിരിക്കുന്നത്. അടുത്തയിടെ 2002 സെപ്റ്റംബറിൽ, പൂർണ വളർച്ചയെത്തിയ ഒരു പുള്ളിപ്പുലിയെ നയ്റോബിയിലെ ഒരു വീട്ടിലെ സ്വീകരണമുറിയിൽനിന്നു പിടികൂടുകയുണ്ടായി. അടുത്തുള്ള വനത്തിൽനിന്നു വഴിതെറ്റിവന്നതായിരുന്നു കക്ഷി!
നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് ഏതാനും മിനിട്ടു നടന്നാൽ നയ്റോബി മ്യൂസിയത്തിലെത്താം. കെനിയയുടെ സമ്പന്നമായ ഗതകാലത്തെക്കുറിച്ചു മനസ്സിലാക്കാൻ നൂറുകണക്കിനു സന്ദർശകർ ദിവസവും ഇവിടെ വന്നുപോകുന്നു. മ്യൂസിയത്തിനകത്ത് ഒരു സ്നേക്ക് പാർക്ക് ഉണ്ട്, വിവിധയിനം ഇഴജന്തുക്കൾ ഇവിടെ പരിപാലിക്കപ്പെടുന്നു. സന്ദർശകരുടെ തുറിച്ചുനോട്ടം ഗൗനിക്കാതെ ഗമയിൽ കിടക്കുന്ന മുതലയും ചുറ്റുമുള്ള ലോകത്തിന്റെ തിരക്കൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന മട്ടിൽ പതിയെപ്പതിയെ നീങ്ങുന്ന ആമയും ഒക്കെ ഇവിടത്തെ അന്തേവാസികളാണ്. എങ്കിലും പ്രധാന താമസക്കാർ ഇഴഞ്ഞുനീങ്ങുന്ന കൂട്ടരാണ്—മൂർഖൻ, പെരുമ്പാമ്പുകൾ, അണലികൾ മുതലായവ. ഇത്തരം അപകടകാരികളുള്ള സ്ഥിതിക്ക് പിൻവരുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കാതിരിക്കരുത്: “അതിക്രമിച്ചു കടക്കുന്നവരെ വിഷംതീണ്ടും”!
വ്യത്യസ്തമായ വെള്ളം
നയ്റോബിക്ക് സ്വന്തം പേരു ലഭിക്കാൻ കാരണമായ ആ നദി ഇന്നും പ്രവഹിക്കുന്നു. പക്ഷേ ഇന്ന് അതിലെ ജലം വ്യവസായ ശാലകളിലെയും ജനവാസകേന്ദ്രങ്ങളിലെയും മാലിന്യങ്ങളാൽ മലീമസമായിരിക്കുകയാണ്, വികസന പാതയിലേക്കുള്ള മിക്ക നഗരങ്ങളിലെയും പോലെതന്നെ. എന്നിരുന്നാലും, നയ്റോബി നിവാസികൾക്കു നിരവധി വർഷങ്ങളായി ഒരു ഉയർന്ന ഉറവിൽനിന്ന് ഒഴുകിയെത്തുന്ന “വെള്ളം” ലഭിച്ചുകൊണ്ടാണിരിക്കുന്നത്. ഇത് ബൈബിളിൽനിന്ന് യഹോവയുടെ സാക്ഷികൾ അവരെ പഠിപ്പിക്കുന്ന നിത്യജീവന്റെ സന്ദേശമാണ്.—യോഹന്നാൻ 4:14.
നയ്റോബി അതിന്റെ ഇന്നത്തെ പ്രതാപത്തിലെത്തുന്നതിനുമുമ്പ് 1931-ൽ, ദക്ഷിണാഫ്രിക്കയിൽനിന്ന് രണ്ടു സഹോദരന്മാർ—ഗ്രേ സ്മിത്തും ഫ്രാങ്ക് സ്മിത്തും—ബൈബിൾ സത്യം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ കെനിയയിലെത്തി. മൊമ്പാസയിൽനിന്ന് അവർ അതേ റെയിൽപ്പാതയിലൂടെ യാത്രചെയ്തു, നിരവധി അപകടങ്ങൾ അവർ സധൈര്യം നേരിട്ടു, ചിലപ്പോൾ അവർക്കു വന്യമൃഗങ്ങളുടെ മൂക്കിനുതാഴെ കിടന്നുറങ്ങേണ്ടിവന്നിട്ടുപോലുമുണ്ട്. നയ്റോബിയിൽ അവർ 600 ചെറുപുസ്തകങ്ങൾ വിതരണം ചെയ്തു, മറ്റു ബൈബിൾ പ്രസിദ്ധീകരണങ്ങൾ വേറെയും. വൻ നഗരമായ നയ്റോബിയിൽ ഇന്ന് 61 സഭകളിലായി 5,000-ത്തിലധികം സാക്ഷികളുണ്ട്. യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾ, സമ്മേളനങ്ങൾ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ, അന്താരാഷ്ട്ര കൺവെൻഷനുകൾ എന്നിവയാൽ നയ്റോബി നിവാസികൾ ഇപ്പോൾ സാക്ഷികളുടെ പ്രവർത്തനങ്ങളുമായി പരിചിതരാണ്. സാക്ഷികൾ പങ്കുവെക്കുന്ന പ്രത്യാശയുടെ സന്ദേശം അവരിൽ അനേകർ സസന്തോഷം സ്വീകരിച്ചിരിക്കുന്നു.
ഒരു ശോഭനഭാവി
“പാർപ്പിട ദാരിദ്ര്യം പലപ്പോഴും വ്യവസായവത്കൃത നഗരങ്ങൾക്ക് തലവേദനയായിത്തീരാറുണ്ട് . . . വ്യവസായശാലകൾ വായുവിനെയും വെള്ളത്തെയും മലീമസമാക്കുന്നു,” എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. നയ്റോബിയുടെ സ്ഥിതിയും ഇതൊക്കെത്തന്നെ. ഗ്രാമപ്രദേശങ്ങളിൽനിന്ന് ദിനംപ്രതിയെന്നവണ്ണം ഇവിടേക്കു പ്രവഹിക്കുന്ന ജനസഞ്ചയം ഈ പ്രശ്നങ്ങൾ പിന്നെയും വഷളാക്കിയേക്കാം. ഇടതടവില്ലാതെ പൊന്തിവരുന്ന ഇത്തരം പ്രശ്നച്ചുഴികളിൽപ്പെട്ടു നട്ടംതിരിയുമ്പോൾ നയ്റോബിയുടെ ചാരുതകൾക്ക് എളുപ്പം മങ്ങലേറ്റേക്കാം.
എന്നിരുന്നാലും ദൈവരാജ്യത്തിൻ കീഴിൽ, സകലരും ജീവിതം പൂർണമായി ആസ്വദിക്കുന്ന ഒരു കാലം വരാൻ പോകുന്നു എന്നതു സന്തോഷവാർത്തയാണ്. ഇന്നു നഗരജീവിതം ദുഷ്കരമാക്കുന്ന ദുരവസ്ഥകളിൽനിന്നെല്ലാം വിമുക്തമായ ഒരു ലോകമായിരിക്കും അത്.—2 പത്രൊസ് 3:13. (g04 11/8)
[അടിക്കുറിപ്പുകൾ]
a ഈ റെയിൽപ്പാതയുടെ നിർമാണത്തെക്കുറിച്ചുള്ള പൂർണ വിവരണത്തിന് 1998 സെപ്റ്റംബർ 22 ലക്കം ഉണരുക!യുടെ 21-4 പേജുകളിലെ “പൂർവാഫ്രിക്കയിലെ ‘വിഡ്ഢി എക്സ്പ്രസ്’” എന്ന ലേഖനം കാണുക.
b 2003 ജൂൺ 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 24-7 വരെയുള്ള പേജുകൾ കാണുക.
[16-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
നയ്റോബി
[18-ാം പേജിലെ ചിത്രം]
കിളിമഞ്ചാരോ പർവതം
[18-ാം പേജിലെ ചിത്രം]
കെനിയ പർവതം
[കടപ്പാട്]
Duncan Willetts, Camerapix
[18-ാം പേജിലെ ചിത്രം]
ചന്ത
[19-ാം പേജിലെ ചിത്രം]
സ്മിത്ത് സഹോദരന്മാരായ ഫ്രാങ്കും ഗ്രേയും, 1931-ൽ
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Crispin Hughes/Panos Pictures