കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ
കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ
പോളണ്ടിലെ ഉണരുക! ലേഖകൻ
“സമസ്ത പോളണ്ടും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നു” എന്ന ഒരു വാർഷിക പ്രചാരണപരിപാടിയുടെ സംഘാടകർ പറയുന്നതു ശ്രദ്ധിക്കൂ: “അറിവും ബൗദ്ധികപ്രാപ്തിയും നേടുന്നതിനുള്ള താക്കോലാണ് വായന. . . . മനുഷ്യചിന്തയുടെയും പരിജ്ഞാനത്തിന്റെയും വിശാലലോകത്തിലേക്കു കടക്കുന്നതിനുള്ള വാതായനമാണ് അത്.” ഇതു സത്യമാണെങ്കിൽ പിന്നെ നിരവധി മുതിർന്നവരും കുട്ടികളും വായനയെ ഒരു തലവേദനയായി കാണുന്നത് എന്തുകൊണ്ടാണ്?
പ്രചാരണപരിപാടിയുടെ സംഘാടകർ തുടരുന്നു: “പുസ്തകങ്ങളോടുള്ള ഇഷ്ടവും വായനാശീലവും കുട്ടിക്കാലത്തുതന്നെ വളർത്തിയെടുക്കേണ്ടതാണ്.” മാതാപിതാക്കളോടുള്ള അവരുടെ അഭ്യർഥന ഇതാണ്: “മക്കൾ സ്കൂളിലും ജീവിതത്തിലും വിവേകികളും വിജയികളും ആയിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ദിവസവും 20 മിനിട്ട് അവരെ വായിച്ചു കേൾപ്പിക്കുക.”
കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനു കാലവിളംബം വരുത്താതെ അതു “സാധ്യമാകുന്നത്ര നേരത്തേ തുടങ്ങാൻ” അവർ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. എത്ര നേരത്തേ? മാതാപിതാക്കൾക്ക് അവർ ഈ ആഹ്വാനം നൽകുന്നു: “ശൈശവത്തിൽത്തന്നെ നമുക്ക് അവനെ വായിച്ചുകേൾപ്പിക്കാം, അവനെ നമ്മുടെ കരവലയത്തിലൊതുക്കിപ്പിടിച്ച്, നമ്മുടെ കണ്ണുകളിൽ വാത്സല്യം നിറച്ച്, നമ്മുടെ ശബ്ദത്താൽ അവന്റെ കൊച്ചുകൗതുകത്തെ ഉണർത്തി, അതു ചെയ്യാം.” “ഇങ്ങനെ ചെയ്യവേ, സുരക്ഷിതത്വബോധം, ആഹ്ലാദം, ഉറ്റബന്ധം എന്നിവയുടെ ഊഷ്മളതയിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു ബന്ധം ഉടലെടുക്കുന്നു. കൂടാതെ, അത് കുഞ്ഞിന്റെ മാനസിക വളർച്ചയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.”
“കുട്ടികളെ വായിച്ചുകേൾപ്പിക്കേണ്ടത് മുമ്പെന്നത്തേതിലും പ്രധാനമാണ്” എന്ന് ഈ പ്രചാരണപരിപാടിയുടെ സംഘാടകർ ഊന്നിപ്പറയുന്നു. അവർ മറ്റു പ്രയോജനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ഉറക്കെ വായിക്കുന്നത് കുട്ടികളെ ചിന്തിക്കാൻ പഠിപ്പിക്കുന്നു, “മറ്റ് ആളുകളെയും ലോകത്തെയും തങ്ങളെത്തന്നെയും മനസ്സിലാക്കാൻ [അത്] അവരെ സഹായിക്കുന്നു, . . . [അത്] അവരുടെ അഭിരുചികളെ തൊട്ടുണർത്തുന്നു, ഭാവനയ്ക്കു ചിറകുകൾ നൽകുന്നു, വൈകാരിക വളർച്ചയെ ഉദ്ദീപിപ്പിക്കുന്നു, അവരെ ധാർമിക മൂല്യങ്ങൾ അഭ്യസിപ്പിക്കുന്നു, അവരിൽ മൃദുലവികാരങ്ങളും സമാനുഭാവവും നട്ടുവളർത്തുന്നു, . . . ആത്മാഭിമാനം വളർത്തുന്നു.” നിസ്സംശയമായും, ഇത് “കുട്ടികളുടെ മനസ്സിനെയും ഹൃദയത്തെയും കളങ്കപ്പെടുത്തുന്ന അഭികാമ്യമല്ലാത്ത സ്വാധീനങ്ങൾക്കെതിരെയുള്ള ഒരു മറുമരുന്നാണ്” എന്ന് ഇതിന്റെ സാരഥികൾ കൂട്ടിച്ചേർക്കുന്നു.
ഇങ്ങനെ വായിച്ചു കൊടുക്കുമ്പോൾ അതു വിശേഷാൽ പ്രഭാവം ചെലുത്തണമെങ്കിൽ തങ്ങളുടെ സ്വർഗീയ പിതാവിനോടു കുട്ടികളെ അടുപ്പിക്കുന്ന തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ദൈവത്തോട് അടുത്തുചെല്ലാൻ നമ്മെ സഹായിക്കുന്ന ഏറ്റവും നല്ല പുസ്തകം ബൈബിളാണ്. യുവാവായിരുന്ന തിമൊഥെയൊസ് അവന്റെ ‘ശൈശവം മുതൽ’ (NW) “തിരുവെഴുത്തുകളെ” കുറിച്ചു പഠിപ്പിക്കപ്പെട്ടു എന്ന് ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:14) കുട്ടികളെ ഉറക്കെ വായിച്ചുകേൾപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് എന്റെ ബൈബിൾ കഥാ പുസ്തകം, മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്നീ ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്താൻ കഴിയും. ഇവ യഹോവയുടെ സാക്ഷികൾ കൊച്ചുകുട്ടികൾക്കുവേണ്ടി പ്രത്യേകം തയ്യാർചെയ്തു പ്രസിദ്ധീകരിച്ചവയാണ്. (g04 10/22)