കളിപ്പാട്ടങ്ങളില്ലാത്ത കിന്റർഗാർട്ടൻ
കളിപ്പാട്ടങ്ങളില്ലാത്ത കിന്റർഗാർട്ടൻ
ജർമനിയിലെ ഉണരുക! ലേഖകൻ
ഒരു ദിവസം രാവിലെ കുട്ടികൾ നഴ്സറിയിൽ ചെന്നപ്പോൾ ക്ലാസ്സ് മുറികളിൽ മേശയും കസേരയും പോലുള്ള സാമഗ്രികളൊഴികെ മറ്റൊന്നും കാണാനായില്ല. ആ കുരുന്നുകൾ തങ്ങളുടെ പാവക്കുട്ടികളെയും കളിപ്പാട്ടങ്ങളെയും അവിടമാകെ തിരഞ്ഞു. പുസ്തകങ്ങളോ അടുക്കിവെച്ചു കളിക്കാനുള്ള ചതുരക്കട്ടകളോ ഒന്നും അവിടെ ഇല്ലായിരുന്നു. പേപ്പറും കത്രികയും പോലും കാണാനില്ല. എന്താണു സംഭവിച്ചത്? അവിടെയുണ്ടായിരുന്ന കളിപ്പാട്ടങ്ങളെല്ലാം മൂന്നു മാസത്തേക്ക് അവിടെനിന്നു മാറ്റിയതായിരുന്നു. കാരണം?
‘കളിപ്പാട്ടങ്ങളില്ലാത്ത കിന്റർഗാർട്ടൻ’ എന്ന, സവിശേഷവും നൂതനവുമായ ഒരു സംരംഭത്തിന്റെ ഉത്പന്നങ്ങളായ ഇത്തരം നഴ്സറിസ്കൂളുകൾ ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കേട്ടാൽ വളരെ വിചിത്രമായി തോന്നിയേക്കാമെങ്കിലും, യൂറോപ്യൻ യൂണിയന്റെ ആരോഗ്യവിദഗ്ധർ ഈ പദ്ധതിയെ വാനോളം പുകഴ്ത്തുകയുണ്ടായി. എന്തു സംഗതികളോടുമുള്ള ആസക്തി തടയുക എന്നതാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ആളുകൾ തങ്ങളുടെ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ വ്യക്തികളോടും സമൂഹത്തോടും ഇടപഴകി ജീവിക്കാനുള്ള പ്രാപ്തി സ്വായത്തമാക്കുന്നെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആസക്തിക്ക് അടിമപ്പെടാനുള്ള സാധ്യത കുറവാണെന്ന് സമീപ വർഷങ്ങളിൽ ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ പ്രാപ്തിയിൽ, “ഫലപ്രദമായി ആശയവിനിമയം നടത്താനും എളുപ്പം ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനും ഉള്ള വൈദഗ്ധ്യം, അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യാനുള്ള പാടവം, സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തന്റേടം, നിശ്ചിത ലക്ഷ്യങ്ങൾ വെക്കാനുള്ള കഴിവ്, പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സഹായം തേടാനും പരിഹാരം കണ്ടെത്താനും ഉള്ള കഴിവ്” എന്നിവ ഉൾപ്പെടുന്നു എന്ന് ഒരു വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. ഇത്തരം വൈദഗ്ധ്യങ്ങൾ നന്നേ ചെറുപ്പത്തിൽത്തന്നെ വികസിപ്പിച്ചെടുക്കേണ്ടതാണ് എന്നാണ് ഈ പരിപാടിയുടെ പ്രയോക്താക്കളുടെ അഭിപ്രായം. കൂട്ടിന് കളിപ്പാട്ടങ്ങളില്ലാതെ വരുമ്പോൾ ഈ ഉദ്ദേശ്യം സാധിക്കും. കുട്ടികളിൽ സർഗാത്മകതയും ആത്മവിശ്വാസവും വളരും.
മൂന്നു മാസത്തേക്ക് കുട്ടികളെ കളിപ്പാട്ടങ്ങളിൽനിന്ന് അകറ്റിനിറുത്താനുള്ള ഈ പരിപാടി ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത ഒന്നായിരുന്നു. മാത്രമല്ല, മാതാപിതാക്കളുമായും കുട്ടികളുമായും ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ആദ്യമൊക്കെ, കളിപ്പാട്ടങ്ങൾ ഇല്ലാത്തതിനാൽ ചില കുട്ടികൾക്ക് ഒരു ഉത്സാഹവും തോന്നിയില്ല. “ആദ്യത്തെ നാലാഴ്ച കുട്ടികൾ കളിപ്പാട്ടങ്ങളില്ലാതെ വിറളിപിടിച്ചു നടന്ന നഴ്സറിസ്കൂളുകളുണ്ട്.” അത്തരം കേസുകൾ ഇതിന്റെ ആസൂത്രകരെ വെള്ളംകുടിപ്പിച്ചെന്നു റിപ്പോർട്ടു പറയുന്നു. എന്നാൽ പുതിയ സാഹചര്യത്തോടു പൊരുത്തപ്പെടാനും സർഗവാസന പ്രകടമാക്കാനും കുട്ടികൾ പഠിക്കുന്നു. കളിക്കാൻ കളിപ്പാട്ടങ്ങൾ ഇല്ലാതെ വരുമ്പോൾ, എന്താണു കളിക്കേണ്ടത് എന്ന് കുട്ടികൾ തമ്മിൽ ചർച്ചചെയ്യുന്നു. എന്നിട്ട് പതിവിലേറെ സമയം അവർ ഒന്നിച്ചു കളിക്കുന്നു. ഇത് സാമൂഹികവും ഭാഷാപരവുമായ പ്രാപ്തികൾ വികസിക്കാൻ ഇടയാക്കുന്നു. എന്നും കളിപ്പാട്ടങ്ങൾക്കു പിന്നിൽ “പതുങ്ങി” ഇരിക്കാറുള്ളവർപോലും ഇപ്പോൾ കൂട്ടുകാരെ സമ്പാദിച്ചു തുടങ്ങി. കുട്ടികളിൽ വന്ന നല്ല മാറ്റം രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കളികളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ ഇപ്പോൾ നല്ല രീതിയിൽ പെരുമാറുന്നുണ്ടെന്നും മുമ്പത്തെക്കാൾ സർഗവാസന അവരിൽ ദൃശ്യമാണെന്നും മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. (g04 9/22)