ആർദ്രപരിപാലനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
ആർദ്രപരിപാലനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
ഒരു വ്യക്തിക്ക് ഉണ്ടായിരുന്നേക്കാവുന്ന പ്രാപ്തികൾക്കും കഴിവുകൾക്കും, കുട്ടിക്കാലത്ത് അയാൾ എന്തെല്ലാം പഠിച്ചെടുത്തിരിക്കുന്നു എന്നതുമായി ബന്ധമുണ്ടായിരിക്കും. അങ്ങനെയെങ്കിൽ, സമനിലയുള്ള, വിജയപ്രദരായ, വ്യക്തികളായി വളർന്നുവരാൻ കുട്ടികൾക്കു തങ്ങളുടെ മാതാപിതാക്കളിൽനിന്ന് എന്താണ് ആവശ്യം? അടുത്ത ദശകങ്ങളിൽ ഉരുത്തിരിഞ്ഞ ചില ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ എന്തു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്നു കാണുക.
സിനാപ്സുകളുടെ പങ്ക്
മസ്തിഷ്കത്തിന്റെ പ്രവർത്തനവിധങ്ങൾ ഒപ്പിയെടുക്കുന്ന സാങ്കേതികവിദ്യ പുരോഗമിച്ചതോടെ, മുമ്പെന്നത്തെക്കാൾ വിപുലവും വിശദവും ആയി മസ്തിഷ്കത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ചു പഠിക്കാൻ ശാസ്ത്രജ്ഞർക്കു കഴിയുന്നു. ഭാഷയിൽ പ്രാവീണ്യം നേടൽ, സ്വാഭാവികമായ രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കൽ, വിവരങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയ്ക്ക് ആവശ്യമായ മസ്തിഷ്ക പ്രവർത്തനങ്ങൾ വികാസം പ്രാപിക്കുന്നതിനുള്ള നിർണായക സമയമാണ് ശൈശവം എന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. “ആദ്യവർഷങ്ങളിൽ, മസ്തിഷ്കത്തിൽ നാഡീബന്ധങ്ങൾ അസാധാരണമാംവിധം ത്വരിതഗതിയിലാണു രൂപം കൊള്ളുന്നത്. ഒപ്പം, ജനിതക വിവരങ്ങളും പാരിസ്ഥിതിക ഉദ്ദീപനങ്ങളും തമ്മിൽ അനുനിമിഷം ഉണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ മസ്തിഷ്കത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു” എന്ന് നേഷൻ മാസിക റിപ്പോർട്ടു ചെയ്യുന്നു.
സിനാപ്സുകൾ എന്നു വിളിക്കുന്ന ഈ നാഡീബന്ധങ്ങളിൽ ഭൂരിഭാഗവും രൂപപ്പെടുന്നത് ജീവിതത്തിന്റെ ആദ്യത്തെ ഏതാനും വർഷങ്ങളിലാണെന്നു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ സമയത്താണ് “ഒരു കുഞ്ഞിന്റെ ഭാവി ബൗദ്ധികപ്രാപ്തി, വ്യക്തിത്വ അവബോധം, ആശ്രയിക്കാനുള്ള കഴിവ്, പഠിക്കാനുള്ള പ്രചോദനം എന്നിവയെ സ്വാധീനിക്കുന്ന നാഡീബന്ധങ്ങൾ ഇഴചേർക്കപ്പെടുന്നത്” എന്ന് കുട്ടികളുടെ വ്യക്തിത്വവികാസത്തെക്കുറിച്ചുള്ള പഠനമേഖലയിലെ ഒരു വിദഗ്ധനായ ഡോ. റ്റി. ബെറി ബ്രാസെൽട്ടൺ അഭിപ്രായപ്പെടുന്നു.
ഒരു കുഞ്ഞിന്റെ മസ്തിഷ്കം വലുപ്പത്തിലും ഘടനയിലും പ്രവർത്തനങ്ങളിലും അവിശ്വസനീയമാംവിധം വളർച്ച കൈവരിക്കുന്നതും ആദ്യത്തെ ഏതാനും വർഷങ്ങളിലാണ്. ഉദ്ദീപനങ്ങൾ, അനുഭവങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു പരിസ്ഥിതിയിൽ മസ്തിഷ്കത്തിലെ സിനാപ്റ്റിക് ബന്ധങ്ങൾ എണ്ണത്തിൽ പെരുകുന്നു. മസ്തിഷ്കത്തിൽ നാഡീയ ആവേഗങ്ങൾക്കായുള്ള സഞ്ചാരപഥങ്ങളുടെ വിപുലമായ ശൃംഖലകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ സഞ്ചാരപഥങ്ങളാണ് ചിന്തിക്കാനും പഠിക്കാനും ന്യായവാദം ചെയ്യാനും കുട്ടിയെ പ്രാപ്തനാക്കുന്നത്.
ഒരു ശിശുവിന്റെ മസ്തിഷ്കത്തിന് എത്രമാത്രം ഉദ്ദീപനം അഥവാ പ്രചോദനം കിട്ടുന്നുവോ അത്രയധികം നാഡീകോശങ്ങൾ പ്രവർത്തനക്ഷമമാകുകയും അതിനനുസരിച്ച് കൂടുതൽ നാഡീബന്ധങ്ങൾ രൂപംകൊള്ളുകയും ചെയ്തേക്കാം. എന്നാൽ സംഭവങ്ങൾ, രൂപങ്ങൾ, ഭാഷ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ ലഭിക്കുന്ന ബൗദ്ധിക ഉദ്ദീപനം മാത്രമല്ല, വൈകാരിക ഉദ്ദീപനങ്ങളും അനിവാര്യമാണെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. ആശ്ലേഷമോ വാത്സല്യത്തോടെയുള്ള സ്പർശനമോ കിട്ടാത്ത, ആരും കൂടെ കളിക്കാനില്ലാത്ത, വൈകാരിക ഉദ്ദീപനം കിട്ടിയിട്ടില്ലാത്ത കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിൽ വളരെ കുറച്ചു സിനാപ്റ്റിക് ബന്ധങ്ങളേ രൂപംകൊള്ളാനിടയുള്ളൂ.
ആർദ്രപരിപാലനവും ഭാവിയും
കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ, ഒരുതരം ‘വെട്ടിച്ചുരുക്കൽ’ സംഭവിക്കുന്നു. ആവശ്യമില്ലെന്നു തോന്നിയേക്കാവുന്ന സിനാപ്റ്റിക് സഞ്ചാരപഥങ്ങൾ ഉപേക്ഷിക്കാൻ ശരീരം പ്രവണത കാണിക്കുന്നതായി തോന്നുന്നു. ഈ പ്രക്രിയയ്ക്ക് കുട്ടിക്ക് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രാപ്തികളിൽ കാര്യമായ പ്രഭാവം ചെലുത്താൻ കഴിഞ്ഞേക്കും. “കുട്ടിക്ക്, ശരിയായ പ്രായത്തിൽ ശരിയായതരം ഉദ്ദീപനം ലഭിക്കുന്നില്ലെങ്കിൽ,” “നാഡീവ്യവസ്ഥയുടെ സർക്കിട്ടുകൾ വേണ്ടരീതിയിൽ വികാസം പ്രാപിക്കുകയില്ല” എന്ന് മസ്തിഷ്കത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന മാക്സ് കനാഡെർ പറയുന്നു. വളരെ താഴ്ന്ന ഐക്യു, വളരെ പരിമിതമായ പദസമ്പത്ത്, തുലോം തുച്ഛമായ ഗണിതശാസ്ത്രപാടവം എന്നിവയായിരിക്കും അതിന്റെ ഫലം. കൂടാതെ മുതിർന്നുവരുമ്പോൾ ആരോഗ്യപ്രശ്നങ്ങളും എന്തിന് പെരുമാറ്റ ക്രമക്കേടുകൾ പോലും ഉണ്ടാകാനിടയുണ്ടെന്ന് ഡോ. ജെ. ഫ്രേസർ മസ്റ്റാഡ് അഭിപ്രായപ്പെടുന്നു.
അതുകൊണ്ട് ശൈശവകാലത്ത് ഉണ്ടാകുന്ന അനുഭവങ്ങൾ ഒരു വ്യക്തിയുടെ പിൽക്കാല ജീവിതത്തിൽ വ്യക്തമായ പ്രഭാവം ചെലുത്തുന്നതായി കാണപ്പെടുന്നു. ഒരു ദുരവസ്ഥയുമായി അയാൾക്കു പൊരുത്തപ്പെടാനാവുമോ ഇല്ലയോ, കാര്യങ്ങൾ ന്യായവാദം ചെയ്തു ചിന്തിക്കാനുള്ള കഴിവ് അയാൾ ആർജിച്ചെടുക്കുമോ ഇല്ലയോ, സമാനുഭാവം പ്രകടമാക്കുമോ ഇല്ലയോ എന്നിവയെ എല്ലാം സ്വാധീനിക്കാൻ ശൈശവകാല അനുഭവങ്ങൾക്കു കഴിയും. അതുകൊണ്ട് മാതാപിതാക്കളുടെ പങ്ക് ഇവിടെ വിശേഷാൽ പ്രധാനമാണ്. “കുഞ്ഞിന്റെ ജീവിതത്തിന്റെ ആദ്യവർഷങ്ങളിലെ അനുഭവങ്ങളിൽ ഏറ്റവും നിർണായകമായ ഒരു ഘടകം അവനെ ആർദ്രമായി പരിപാലിക്കുന്ന, മൃദുലവികാരങ്ങളുള്ള ഒരു മാതാവിന്റെയോ പിതാവിന്റെയോ സാന്നിധ്യമാണ്” എന്ന് ഒരു ശിശുരോഗവിദഗ്ധൻ അഭിപ്രായപ്പെടുന്നു.
അതേ, അതു വളരെ ലളിതമാണെന്നു തോന്നിയേക്കാം. നിങ്ങളുടെ കുട്ടികളെ പരിപാലിക്കുകയും അവരുടെ കാര്യങ്ങളിൽ നല്ല ശ്രദ്ധ കാണിക്കുകയും ചെയ്യുക, അവർ മിടുക്കരായി വളരും. എന്നാൽ, കുട്ടികളെ പരിപാലിക്കേണ്ട ശരിയായ വിധം ഏതാണെന്നു മനസ്സിലാക്കുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ലെന്ന് മിക്ക മാതാപിതാക്കൾക്കും അറിയാം. മാതാപിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ ഭാഗധേയം ഫലപ്രദമായി നിവർത്തിക്കാനുള്ള പ്രാപ്തി ജന്മസിദ്ധമല്ലല്ലോ.
തങ്ങൾ കുട്ടിയെ പരിപാലിച്ച വിധത്തിന് അവന്റെ അല്ലെങ്കിൽ അവളുടെ ബുദ്ധിയെയും ആത്മവിശ്വാസത്തെയും പഠിക്കാനുള്ള താത്പര്യത്തെയുമൊക്കെ നല്ലതോ മോശമോ ആയി ബാധിക്കാൻ കഴിയുമായിരുന്നു എന്ന കാര്യം അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുത്ത 25 ശതമാനം മാതാപിതാക്കൾക്കും അറിയില്ലായിരുന്നു എന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ഇത് ചില ചോദ്യങ്ങൾ ഉയർത്തുന്നു: നിങ്ങളുടെ കുഞ്ഞിന്റെ ഭാവിസാധ്യതകളെ നന്നായി വികസിപ്പിക്കാനുള്ള സന്തുലിത മാർഗം ഏതാണ്? അതിനായി അനുകൂലമായ ചുറ്റുപാടുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? നമുക്കു നോക്കാം. (g04 10/22)
[6-ാം പേജിലെ ചിത്രം]
ഉദ്ദീപനങ്ങൾ ലഭിക്കാതെ, ഒറ്റയ്ക്കായിപ്പോകുന്ന ശിശുക്കളുടെ വ്യക്തിത്വം മറ്റുള്ളവരെപ്പോലെ വികാസം പ്രാപിച്ചെന്നുവരില്ല