സർക്കസ് കൂടാരത്തിലെ എന്റെ ജീവിതം
സർക്കസ് കൂടാരത്തിലെ എന്റെ ജീവിതം
ജോൺ സ്മോളി പറഞ്ഞ പ്രകാരം
“മാന്യമഹാജനങ്ങളേ . . . ലോകത്തിലെ ഏറ്റവും വലിയ സർക്കസ് പ്രദർശനത്തിലേക്ക് നിങ്ങൾക്കേവർക്കും സ്വാഗതം!” കാണികളിൽ അനേകരെയും സംബന്ധിച്ചിടത്തോളം റിങ് മാസ്റ്ററുടെ ആ വാക്കുകൾ, മൃഗങ്ങളും കോമാളികളും കായികാഭ്യാസികളും എല്ലാം ഉൾപ്പെട്ട ആവേശജനകമായ കാഴ്ചകളുടെ ആരംഭം കുറിക്കുന്നതായിരുന്നു. എന്നാൽ എന്റെ കുടുംബത്തിന്റെ കാര്യത്തിൽ അത്, ‘റിങ്ലിങ് ബ്രദേഴ്സ്-ബാർനം ആന്റ് ബെയ്ലി സർക്കസ് കമ്പനി’യുടെ കൂടാരക്കീഴിലെ മറ്റൊരു പ്രദർശനപരിപാടിയുടെ തുടക്കത്തെ അർഥമാക്കി.
ഞാൻ ജനിച്ചത് 1951-ൽ ആയിരുന്നു. “കാലിൽ അറക്കപ്പൊടി പറ്റിയ” അവസ്ഥയിലാണു ഞാൻ പിറന്നുവീണത് എന്ന് വേണമെങ്കിൽ പറയാം; ആ പ്രയോഗം, വിശാലമായ സർക്കസ് കൂടാരങ്ങളുടെ തറയിലിടുന്ന അറക്കപ്പൊടിയെ പരാമർശിക്കുന്നു. പിച്ചവെച്ചു തുടങ്ങിയതു മുതൽ ഞാനും എന്റെ സഹോദരനും ചെറിയ തോതിലായിരുന്നെങ്കിലും സർക്കസ് ജീവിതത്തിൽ ഞങ്ങളുടേതായ പങ്കുവഹിച്ചിരുന്നു.
ഞാൻ ജനിക്കുന്നതിനു മുമ്പെ എന്റെ മാതാപിതാക്കളായ ഹാരിയും ബിയാട്രിസും, ക്ലൈഡ് ബിറ്റി എന്ന സർക്കസിൽ ചേർന്നിരുന്നു. ഒരു പാട്ടുകാരി ആയിരുന്ന എന്റെ അമ്മ, സമ്പൂർണമായ പരമ്പരാഗത മെക്സിക്കൻ വസ്ത്രാലങ്കാരത്തോടെ സ്പാനീഷ് ഗീതങ്ങൾ ആലപിച്ചിരുന്നു. എന്റെ ഡാഡിയാകട്ടെ, സംഗീതസംഘത്തിന്റെ നായകനും സംഗീത രചയിതാവുമായ ജോൺ ഫിലിപ്പ് സൂസയോടൊപ്പം ഒന്നാം ലോകയുദ്ധ കാലത്ത് ഒരു സംഗീതജ്ഞൻ ആയി പ്രവർത്തിച്ചിരുന്നു. അതുകൊണ്ടായിരിക്കാം തുടർന്ന് 1950-കളിൽ, പ്രസിദ്ധികേട്ട റിങ്ലിങ് ബ്രദേഴ്സ് സംഘം, റ്റ്യൂബ വായിക്കാൻ ഡാഡിയെ തിരഞ്ഞെടുത്തത്.
കാലപ്രവാഹത്തിൽ വിവിധ സർക്കസ് കമ്പനികളിൽ ഞങ്ങൾ വേല ചെയ്തു. ഒടുവിൽ, ഐക്യനാടുകളിൽ വളരെ പ്രസിദ്ധിയാർജിച്ചിരുന്ന അൽ ജി. കെലി ആൻഡ് മിലർ ബ്രദേഴ്സ് എന്ന കമ്പനിയിൽ എത്തിപ്പെട്ടു. ഈ സർക്കസിന് മൂന്നു വലിയ കൂടാരങ്ങൾ ഉണ്ടായിരുന്നു. അവയിൽ ഒന്നിൽ സിംഹം, കരടി, ആന, കഴുതപ്പുലി എന്നിവയെ കൂടാതെ മറ്റു വിദേശ മൃഗങ്ങളെയും പാർപ്പിച്ചിരുന്നു.
രണ്ടാമത്തെ കൂടാരം ഞങ്ങളുടെ ഭാഷയിൽ ‘സൈഡ് ഷോ’യ്ക്കുള്ളത് ആയിരുന്നു. വാൾ വിഴുങ്ങുന്ന അഭ്യാസി, ‘ഹിജഡകൾ’, കുള്ളന്മാർ, മല്ലൻ എന്നിവരെ കൂടാതെ അസാധാരണമായ ശാരീരിക സവിശേഷതകളുള്ള മറ്റു വ്യക്തികളും ആയിരുന്നു സാധാരണമായി അവിടെ ഉണ്ടായിരുന്നത്. അത്തരം വിഭിന്ന മനുഷ്യരോടു കൂടെയുള്ള ജീവിതം കുട്ടികളായ ഞങ്ങൾക്ക് ഏറെ വിജ്ഞാനപ്രദം ആയിരുന്നു. ചിലർ നിർദയമായി അവരെ വളരെ മോശമായ പേരുകൾ വിളിച്ചിരുന്നെങ്കിലും, അവർ ഞങ്ങൾക്കു കുടുംബാംഗങ്ങളെപ്പോലെ ആയിരുന്നു. വർഷത്തിന്റെ ഏറിയ പങ്കും ഞങ്ങൾ ഒന്നിച്ച് വേലയെടുക്കുകയും ഭക്ഷിക്കുകയും ചെയ്തുകൊണ്ട് ജീവിതം ചെലവഴിച്ചു.
പ്രധാന സർക്കസ് കൂടാരം മൂന്നാമത്തേത് ആയിരുന്നു, അവിടെയുള്ള മൂന്നു റിങ്ങുകളിലും ഒരേസമയത്ത് പലതരം പ്രകടനങ്ങൾ നടത്തിയിരുന്നു. ഏറ്റവും അപകടകരമോ ആകർഷകമോ ആയ അഭ്യാസങ്ങൾ സാധാരണഗതിയിൽ മധ്യത്തിലുള്ള റിങ്ങിലാണു നടത്തിയിരുന്നത്.
സർക്കസ് ജീവിതത്തിലെ ഒരു ദിവസം
നന്നേ ചെറുപ്പം മുതലേ ഞാനും സഹോദരനും കായികാഭ്യാസികൾ ആയിരുന്നു. അമരിന്ത്യൻ കുട്ടികളുടെ റോളിൽ അഭിനയിച്ചുകൊണ്ട് വൈൽഡ് വെസ്റ്റ് (പടിഞ്ഞാറൻ അമേരിക്കയുടെ ഗതകാലവുമായി ബന്ധപ്പെട്ട) പരിപാടികളിലും ഞങ്ങൾ ഉൾപ്പെട്ടിരുന്നു. ഇതിൽ പങ്കെടുത്തിരുന്ന ചോക്റ്റൊ
എന്ന തദ്ദേശ അമേരിക്കൻ ഗോത്രത്തിൽപ്പെട്ട ഒരു കുടുംബം, ഞങ്ങളെ അമരിന്ത്യൻ നൃത്തങ്ങൾ അഭ്യസിപ്പിച്ചു.ഞങ്ങളുടെ ദിവസം സാധാരണ രാവിലെ ആറു മണിയോടെ ആരംഭിക്കുന്നു. അപ്പോൾ, അടുത്ത പട്ടണത്തിലേക്കു തിരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. കൂടാരസാമഗ്രികളും മറ്റും അഴിച്ചെടുത്തു കൊണ്ടുപോകുന്നതിലും പുനഃസ്ഥാപിക്കുന്നതിലും കളിക്കാർ എല്ലാവരും പങ്കെടുക്കുമായിരുന്നു. ഉദാഹരണത്തിന്, സംഗീതപരിപാടികൾ നടത്തുന്നതിനു പുറമേ എന്റെ ഡാഡി, സർക്കസ് കമ്പനിയുടെ ഏഴ് ആനകളെ കയറ്റിക്കൊണ്ടുപോകാറുണ്ടായിരുന്ന ഒരു വലിയ ട്രക്കും ഓടിച്ചിരുന്നു. ചിലപ്പോഴൊക്കെ, ഞാനും സഹോദരനും അമ്മയും ഡാഡിയോടൊപ്പം ആ ട്രക്കിൽ സഞ്ചരിച്ചിരുന്നു.
മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ഒരു പുതിയ സ്ഥലത്തേക്കു പോകുകയും അവിടെ രണ്ടു പ്രദർശനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച, മാറ്റിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്നിമിത്തം വൈകുന്നേരം കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നു. ആ ദിവസം കുടുംബസമേതം പ്രത്യേകമായ എന്തെങ്കിലും ചെയ്യുക എന്നത് ഡാഡിയുടെ പതിവ് ആയിരുന്നു, ഒന്നുകിൽ ആഘോഷമായി പട്ടണത്തിൽ പോയി മിൽക്ക് ഷേക്ക് വാങ്ങും അല്ലെങ്കിൽ ഒരു ഡ്രൈവ്-ഇൻ-മൂവീ തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കും.
സർക്കസ് കൂടാരം ഉറപ്പിക്കുന്നതിൽ കഠിനാധ്വാനം ഉൾപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ആനകൾ പോലും സഹായിച്ചിരുന്നു. എങ്ങനെയെന്നോ? മൂന്നു കൂടാരങ്ങൾക്കും വേണ്ടിയുള്ള തൂണുകൾ നാട്ടാൻ അവയെ ആണ് ഉപയോഗിച്ചിരുന്നത്. തൂണിന്റെ ഒരറ്റം, കൂടാരത്തുണിയിൽ ഘടിപ്പിച്ചിട്ടുള്ള ഒരു വളയത്തിൽ കടത്തിയിടുന്നു. തുടർന്ന്, ആനയെ ഉപയോഗിച്ച് തൂൺ പൊക്കി നേരെ നിറുത്തുന്നു. തൂണുകൾ എല്ലാം ഉറപ്പിക്കുകയും പ്രകാശത്തിനായി ജനറേറ്ററുകൾ സ്ഥാപിക്കുകയും ചെയ്തതിനു ശേഷം ഞങ്ങൾ ഉച്ചകഴിഞ്ഞത്തെ പ്രദർശനത്തിനുള്ള ഒരുക്കം തുടങ്ങും.
പുതിയ വിദ്യകൾ പഠിക്കുന്നു
സർക്കസ് കമ്പനിയിലെ നിരവധി വരുന്ന കുട്ടികൾ മലക്കം മറിയൽ, ഞാണിന്മേൽ നടത്തം, അമ്മാനമാട്ടം, ട്രപ്പീസ് പ്രകടനങ്ങൾ എന്നിവയെല്ലാം അഭ്യസിച്ചിരുന്നത് ഉച്ചകഴിഞ്ഞും വൈകുന്നേരവും ഉള്ള പ്രദർശനങ്ങൾക്ക് ഇടയിലുള്ള സമയത്ത് ആയിരുന്നു. പരമ്പരാഗതമായി സർക്കസ് രംഗത്തു പ്രവർത്തിക്കുന്ന തലമൂത്ത സർക്കസുകാരാണ് ഞങ്ങളെ പരിശീലിപ്പിച്ചിരുന്നത്. ആദ്യമായി മലക്കം മറിയാൻ എന്നെ പഠിപ്പിച്ച ഇറ്റലിക്കാരനായ അഭ്യാസിയെ ഞാൻ ഓർക്കുന്നു. അന്നെനിക്ക് ഏകദേശം നാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാൻ വീണുപോകാതിരിക്കാനായി ആദ്യമൊക്കെ ഒരു സേഫ്റ്റിബെൽറ്റ് അദ്ദേഹം കെട്ടിത്തരുമായിരുന്നു, പിന്നെപ്പിന്നെ എന്നെ താങ്ങാനായി അദ്ദേഹം കൈകൾ മാത്രം ഉപയോഗിക്കാൻ തുടങ്ങി, അപ്പോഴൊക്കെ ഞാൻ വീഴുന്നുണ്ടോ എന്നു നോക്കി അദ്ദേഹം എന്റെ അരികിൽത്തന്നെ ഉണ്ടാകും. ക്രമേണ അദ്ദേഹം കൈകൾ പിൻവലിച്ചു, അങ്ങനെ ഞാൻ അത് സ്വന്തമായി ചെയ്യാറായി.
പ്രധാന കൂടാരത്തിൽ അശ്വാഭ്യാസങ്ങൾക്കു വേണ്ടിയുള്ള ഗ്രൗണ്ടിനു ചുറ്റുമായി നടത്തിയിരുന്ന ഗംഭീരമായ പരേഡിന്റെ സമയത്തായിരുന്നു എനിക്ക് ആകെക്കൂടി ഒരു അപകടം നേരിട്ടത്. ഞാനും സഹോദരനും ഒരു കോമാളിയുടെ പിമ്പിലും ഒരു ആനക്കൂട്ടത്തിന്റെ മുമ്പിലുമായി നീങ്ങുകയായിരുന്നു. നടക്കുന്നതിനിടയിൽ ഞാൻ കൈകൾ വീശിക്കൊണ്ടിരുന്നു. അതുകണ്ട് ഭയന്നിട്ടാകാം കോമാളിയുടെ കൂടെ നടന്നിരുന്ന കുരങ്ങുകളിൽ ഒന്ന് എന്റെ കൈയ്യിൽ ചാടിപ്പിടിച്ച് ശക്തമായി കടിച്ചു. എങ്കിലും, മുറിവ് പഴുക്കുകയുണ്ടായില്ല. വളരെ ഭംഗിയുള്ളതും ഇണക്കമുള്ളതും ആണെന്നു തോന്നിയാലും വന്യമൃഗങ്ങളോട് ഇടപെടുന്നതു സൂക്ഷിച്ചുവേണം എന്നതിനുള്ള ശക്തമായ ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഇടതു കൈയിൽ അതിന്റെ പാട് ഇപ്പോഴും മായാതെ കിടപ്പുണ്ട്.
ഞാൻ മൂല്യവത്തായ പാഠങ്ങൾ പഠിച്ചു
സർക്കസ് ജീവിതം ഞങ്ങളുടെ കുടുംബ ജീവിതത്തെ മോശമായി ബാധിച്ചിരുന്നില്ല. മാതാപിതാക്കൾ എല്ലായ്പോഴും ഞങ്ങളെ വിശിഷ്ടമായ തത്ത്വോപദേശങ്ങളും ധാർമിക മൂല്യങ്ങളും പഠിപ്പിക്കുമായിരുന്നു. ഡാഡി എന്നെ മടിയിൽ ഇരുത്തി, മറ്റൊരു വർഗത്തിലോ പശ്ചാത്തലത്തിലോ ഉള്ള ആളുകളോട് മുൻവിധി പുലർത്തരുത്
എന്നു പറഞ്ഞുതന്നത് ഞാൻ ഇന്നും ഓർക്കുന്നു. ഇത് ഒരു വിലയേറിയ പാഠം തന്നെ ആയിരുന്നു. കാരണം, വ്യത്യസ്ത ശരീര ഘടന ഉള്ളവർ മാത്രമല്ല വ്യത്യസ്ത ദേശക്കാരായവരും എന്നോടൊപ്പം ജീവിച്ചിരുന്നു.അമ്മയും എന്നെ നല്ല രീതിയിൽ സ്വാധീനിച്ചിരുന്നു. ചിലപ്പോഴൊക്കെ സർക്കസ് കാണാൻ കൂടാരം നിറയെ ആളുകൾ ഉണ്ടായിരിക്കും, മറ്റു ചിലപ്പോഴോ വളരെക്കുറച്ചും. അമ്മ എപ്പോഴും ഞങ്ങളോടു പറയും: “പണം സമ്പാദിക്കുകയല്ല, ആളുകളെ രസിപ്പിക്കുകയാണ് (ഇതു പറയുമ്പോൾ അമ്മ കൈകൊട്ടി കാണിക്കും) നമ്മുടെ ലക്ഷ്യം. കാണികൾ നൂറുകണക്കിന് ഉണ്ടായിരുന്നാലും അല്ലെങ്കിൽ അവരുടെ എണ്ണം തുലോം കുറവായിരുന്നാലും, നിങ്ങളുടെ പ്രകടനം ഏറ്റവും മികച്ചത് ആയിരിക്കണം.” ആ വാക്കുകൾ ഞാൻ ഒരിക്കലും മറന്നില്ല. എത്ര പേർ ഉണ്ട് എന്നതു ഗണ്യമാക്കാതെ, വന്നിട്ടുള്ളവരിൽ വ്യക്തിപരമായ താത്പര്യം ഉണ്ടായിരിക്കണം എന്നു പഠിപ്പിക്കുകയായിരുന്നു അമ്മ.
സർക്കസിലെ ഞങ്ങളുടെ പ്രകടനങ്ങൾക്കു പുറമേ ഞാനും സഹോദരനും, പ്രദർശനങ്ങൾക്കു ശേഷം ചപ്പുചവറുകൾ പെറുക്കിക്കൊണ്ട് കൂടാരം വൃത്തിയാക്കാനും സഹായിച്ചിരുന്നു. ഇതും ഞങ്ങൾക്കു നല്ല പരിശീലനം ആയിരുന്നു.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ സർക്കസ് പുതിയ പുതിയ സ്ഥലങ്ങളിലേക്കു സഞ്ചരിച്ചുകൊണ്ടിരുന്നതിനാൽ ഞങ്ങൾക്കു മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ഒക്ലഹോമയിലെ ഹ്യൂഗോയിലാണു ഞങ്ങൾ ശൈത്യകാലം ചെലവഴിച്ചത്. ആ സമയത്ത് അഞ്ചു മാസത്തോളം ഞങ്ങൾ സ്കൂളിൽ പോയി. ശൈത്യകാലത്ത് മറ്റു സർക്കസുകാരും അവിടെ എത്തിയിരുന്നതിനാൽ ഒരേ സാഹചര്യങ്ങളിലുള്ള അനേകം കുട്ടികൾ ഉണ്ടായിരുന്നു. പട്ടണത്തിലുള്ള ആ സ്കൂൾ ഞങ്ങളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തുതന്നു.
ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ദിവസം
1960 സെപ്റ്റംബർ 16-ാം തീയതി രാവിലെ അഞ്ചു മണിയോടെ ഡാഡി ഉറക്കമുണർന്ന് യാത്രയ്ക്കായി ഒരുങ്ങാൻ ഞങ്ങളെ സഹായിച്ചുതുടങ്ങി. എന്നാൽ പതിവിനു വിപരീതമായി, ആനയെ കയറ്റിയ ട്രക്കിൽ ഡാഡിയോടൊപ്പം പോകാതെ ഞങ്ങൾ സർക്കസ് കമ്പനിയുടെ സാധാരണ യാത്രാവണ്ടിയിൽ പോയാൽ മതി എന്ന് അമ്മ തീരുമാനിച്ചു.
സർക്കസിനുള്ള പുതിയ സ്ഥലത്ത് എത്തിച്ചേർന്നശേഷം ഞാനും സഹോദരനും കൂടി പരിസരമെല്ലാം വീക്ഷിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് ആരോ ഇങ്ങനെ വിളിച്ചുപറയുന്നതായി ഞങ്ങൾ കേട്ടത്: “ട്രക്ക് അപകടത്തിൽ പെട്ടു, സ്മോളിയും റിങ് മാസ്റ്ററും മരിച്ചുപോയി.” പക്ഷേ ഉടൻതന്നെയുള്ള എന്റെ പ്രതികരണം, ‘അത് സത്യമല്ല, പറഞ്ഞ ആൾക്ക് എന്തോ തെറ്റുപറ്റിയതാണ്’ എന്നായിരുന്നു. എന്നാൽ, അമ്മ അപകടസ്ഥലത്തേക്കു പോയിക്കഴിഞ്ഞിരുന്നു എന്നു പിന്നീട് ഞാൻ മനസ്സിലാക്കി. കാലിഫോർണിയയിലെ പ്ലാസർവില്ലിനു സമീപം ഒരു മലമ്പാതയിലൂടെ ഇറങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. ബ്രേക്ക് പൊട്ടിയതാണു കാരണം എന്നു തോന്നുന്നു. ആനകളുടെ ഭാരം നിമിത്തം ട്രെയ്ലർ ബാലൻസു തെറ്റി ഡ്രൈവറുടെ കാബിന്റെമേൽ ശക്തമായി വന്നിടിച്ചു. ശക്തമായ മർദം ഹേതുവായി വണ്ടിയുടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും ഡാഡിയും ഒപ്പം ഉണ്ടായിരുന്ന റിങ് മാസ്റ്ററും തത്ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. ഞാൻ ആകെ തളർന്നുപോയി. ഞാൻ എന്റെ ഡാഡിയെ അത്രയ്ക്കും സ്നേഹിച്ചിരുന്നു. ഞങ്ങൾ ശരിക്കും സുഹൃത്തുക്കൾ ആയിരുന്നു.
മിസൗറിയിലുള്ള സ്വന്തം പട്ടണമായ റിച്ച് ഹില്ലിൽ ഡാഡിയെ അടക്കിയശേഷം ഞങ്ങൾ, ഒക്ലഹോമയിലെ ഹ്യൂഗോയിലുള്ള ശൈത്യകാല വസതിയിലേക്കു തിരിച്ചുപോയി. അപ്പോൾ സർക്കസ് സീസൺ ആയിരുന്നതിനാൽ ഞങ്ങളുടെ കമ്പനി വ്യത്യസ്ത സ്ഥലങ്ങളിലായി പ്രദർശനം നടത്തിക്കൊണ്ടിരുന്നു. അതേസമയം കുട്ടികളായ ഞങ്ങൾ സാധാരണ സമയത്തുതന്നെ പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ പോകാൻ തുടങ്ങി. അത് ഒരു പുതിയ അനുഭവം ആയിരുന്നെങ്കിലും, കെലി മിലർ കളിക്കാരോടൊപ്പം ചുറ്റിക്കറങ്ങാനുള്ള അടുത്ത സീസണു വേണ്ടി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു. എന്നാൽ ഞങ്ങളുടെ ജീവിതം ശ്രദ്ധേയമായ ഒരു വഴിത്തിരിവിന്റെ വക്കിൽ എത്തിയിരുന്നു.
ബൈബിൾ ഞങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു
ഒരു ദിവസം സ്കൂളിൽനിന്നു മടങ്ങിയെത്തിയപ്പോൾ, ബൈബിൾ പഠിക്കുന്നതിനു ഞങ്ങളെ സഹായിക്കാൻ വീട്ടിൽ വന്ന ഒരു സ്ത്രീയെ അമ്മ എനിക്കു പരിചയപ്പെടുത്തി. അവർ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരുന്നു, പേര് ജിമി ബ്രൗൺ. എനിക്കാണെങ്കിൽ ബൈബിൾ പഠിക്കുന്ന കാര്യത്തിൽ ഒട്ടും താത്പര്യം ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് സർക്കസിൽ തിരിച്ചുചെന്ന് ട്രപ്പീസ് അഭ്യസിക്കുക എന്നതായിരുന്നു എന്റെ മുഴു ചിന്തയും ലക്ഷ്യവും. കാലങ്ങളായി ഞാൻ കൊണ്ടുനടന്നിരുന്ന ഒരു മോഹമാണ് അത്. ഒരു ഇടക്കാല ക്രമീകരണം എന്ന നിലയിൽ ഞാനും സഹോദരനും ചേർന്ന് രണ്ടു മരങ്ങൾക്കിടയിലായി ഒരു ട്രപ്പീസ് കെട്ടുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഞങ്ങൾ എല്ലാവരും ബൈബിൾ പഠിക്കാനും, എട്ടു സാക്ഷികൾ മാത്രമുള്ള ഹ്യൂഗോയിലെ ഒറ്റപ്പെട്ട ഒരു കൂട്ടത്തോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. ഏറെ താമസിയാതെ, സർക്കസിൽനിന്നു വിരമിച്ചുകൊണ്ട് ബൈബിൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്മ തീരുമാനിച്ചു. നിറകണ്ണുകളോടെ ഞാൻ അമ്മയുടെ തീരുമാനത്തെ പിന്താങ്ങി. സർക്കസിലുള്ളവരൊക്കെ വന്ന് എന്താണ് അവരോടൊപ്പം ചെല്ലാത്തത് എന്നു തിരക്കുമ്പോഴായിരുന്നു തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത്.
സർക്കസ് കൂടാതെയുള്ള ഒരു ജീവിതം എനിക്കു സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. ഡാഡിയെ ഞങ്ങൾ മനഃപൂർവം മറക്കാൻ ശ്രമിക്കുകയാണെന്നുപോലും ഒരിക്കൽ ഞാൻ ചിന്തിച്ചു. അതേസമയം, ബൈബിൾ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചതും അദ്ദേഹത്തിന്റെ മരണം തന്നെ ആയിരുന്നു. കാരണം, എനിക്കു ശക്തമായ പ്രചോദനം നൽകിയിരുന്ന കാര്യങ്ങളിൽ ഒന്നായിരുന്നു പുനരുത്ഥാന പ്രത്യാശ. അത് ഇന്നും എന്നിൽ സജീവമായി നിലകൊള്ളുന്നു. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പറുദീസാ ഭൂമിയിലേക്കു മടങ്ങിവരുന്ന അദ്ദേഹത്തെ സ്വാഗതം വെളിപ്പാടു 20:12-14.
ചെയ്യുന്നവരുടെ കൂട്ടത്തിൽ മുൻനിരയിൽത്തന്നെ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.—യഹോവയുടെ സംഘടന ഒരു വലിയ കുടുംബം പോലെയാണെന്നു തിരിച്ചറിയാൻ സാക്ഷികളായ റിഡർ ദമ്പതികൾ ഞങ്ങളെ സഹായിച്ചു. അതെത്ര സത്യമായിരുന്നു! യഹോവയുടെ സാക്ഷികളുടെ ആ ചെറിയ കൂട്ടം, ആരാധനയിൽ ഏകീകൃതരായ അനേകം കുടുംബങ്ങൾ ഉൾപ്പെട്ട ഒരു സഭ ആയിത്തീർന്നു. ദമ്പതികളായ റോബർട്ട് എങൽഹാർട്ടിന്റെയും ഭാര്യ കാരളിന്റെയും കാര്യവും എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു, തങ്ങളുടെ ആത്മീയ പുത്രനായി അവർ എന്നെ ദത്തെടുത്തിരുന്നു. ആ കൗമാര വർഷങ്ങളിൽ അവർ എനിക്ക് സ്നേഹപൂർവകവും അതേസമയം സുദൃഢവുമായ ബുദ്ധിയുപദേശവും മാർഗനിർദേശവും പ്രദാനം ചെയ്തു.
പക്വതയുള്ള ക്രിസ്ത്യാനികൾ പ്രകടിപ്പിച്ച ആ സ്നേഹം നഷ്ടബോധം തരണം ചെയ്യാൻ ഞങ്ങളെ സഹായിച്ചു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ എന്റെ തുടർന്നുള്ള ജീവിതത്തിലും അതു സത്യമായിരുന്നു. ഒക്ലഹോമയിലും ടെക്സാസിലും ഞാൻ ഏറെക്കാലം ജീവിച്ചു. അവിടെയുള്ള എല്ലാ സഭകളിലും സ്നേഹനിധികളായ അനേകം സഹോദരീസഹോദരന്മാരെ ഞാൻ കണ്ടുമുട്ടി. പ്രായമേറിയ ചില സഹോദരന്മാർ പിതൃതുല്യമായ മാർഗനിർദേശവും പ്രോത്സാഹനവും എനിക്കു നൽകി. യഥാർഥത്തിൽ അവർ എന്റെ ആത്മീയ പിതാക്കന്മാർ ആയിരുന്നു.
യാത്ര തുടരുന്നു
ഏതാനും വർഷങ്ങൾക്കു മുമ്പ് അമ്മയും മരണത്തിൽ നിദ്രപ്രാപിച്ചു. അന്നുവരെയും അവർ ശുഷ്കാന്തിയുള്ള ഒരു ബൈബിൾ പഠിതാവും ഒരു വിശ്വസ്ത ക്രിസ്ത്യാനിയും ആയിരുന്നു. കല്ലറകളിൽനിന്നു ദൈവം തന്റെ വിശ്വസ്തരെ തിരികെ വരുത്തുമ്പോൾ അക്കൂട്ടത്തിൽ എന്റെ അമ്മയും ഉണ്ടായിരിക്കും. അമ്മയുടെ അപ്പോഴത്തെ സന്തോഷം എനിക്കു ഭാവനയിൽ കാണാൻ കഴിയുന്നു. ആ ദിവസത്തിനായി കാത്തിരിക്കവേ, യഹോവയുടെ സംഘടന പല വിധങ്ങളിലും എനിക്കായി ഒരു കുടുംബത്തെ പ്രദാനം ചെയ്തിരിക്കുന്നു എന്ന വസ്തുത ആശ്വാസം പകരുന്നു.
ദൈവജനത്തിന്റെ ഇടയിൽനിന്ന് എഡ്നയെ ഭാര്യയായി ലഭിച്ചപ്പോൾ ഞാൻ പ്രത്യേകം അനുഗ്രഹിക്കപ്പെട്ടതായി എനിക്കു തോന്നി. വിവാഹത്തിനു ശേഷം, ബൈബിൾ വിദ്യാഭ്യാസ വേലയിൽ മുഴുസമയം പങ്കുപറ്റാനായി ഞങ്ങൾ കാര്യാദികൾ ക്രമീകരിച്ചു. ഞങ്ങളുടെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റാനായി ഞാൻ ഒരു അപ്രന്റിസ് ടെലിവിഷൻ റിപ്പോർട്ടർ ആയി ജോലി ചെയ്തു. ആ മേഖലയിൽ പരിചയമോ പരിശീലനമോ എനിക്ക് ഉണ്ടായിരുന്നില്ല എങ്കിലും യഹോവയുടെ സാക്ഷികളുടെ സഭയിൽനിന്ന് ബൈബിളധ്യയനം നടത്തുന്നതിനു ലഭിച്ച പരിശീലനം ആ ജോലിക്ക് എന്നെ യോഗ്യനാക്കി. ഒടുവിൽ ഞാൻ ഒരു റേഡിയോ നിലയത്തിന്റെ ന്യൂസ് ഡയറക്ടർ ആയിത്തീർന്നു. എന്നിരുന്നാലും, മാധ്യമ മേഖലയിൽ പേരു സമ്പാദിക്കുക എന്നത് ആയിരുന്നില്ല എന്റെ ലക്ഷ്യം. പകരം, ആവശ്യമുള്ള എവിടെയും ബൈബിൾ സത്യം പഠിപ്പിക്കാനായി ഞാനും എഡ്നയും ഞങ്ങളെത്തന്നെ ലഭ്യമാക്കിത്തീർത്തു.
1987-ൽ, യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിച്ചുകൊണ്ട് ഒരു സഞ്ചാര മേൽവിചാരകനായി പ്രവർത്തിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി. ഒരു സ്വമേധാ സഞ്ചാര മൂപ്പൻ എന്ന നിലയിൽ ഓരോ വാരവും ഞാൻ വ്യത്യസ്ത സഭകൾ സന്ദർശിക്കുകയും എന്റെ ആത്മീയ സഹോദരീസഹോദരന്മാർക്ക് ബൈബിൾ വിദ്യാഭ്യാസ വേലയിൽ പ്രോത്സാഹനവും പരിശീലനവും നൽകുകയും ചെയ്യുന്നു. ആത്മീയ അർഥത്തിൽ ഇന്ന് എന്റെ കുടുംബം ഏറെ വളർന്നിരിക്കുന്നു. ഞങ്ങൾക്കു മക്കളില്ലെങ്കിലും യഹോവയുടെ സംഘടനയിൽ ധാരാളം ആത്മീയ പുത്രന്മാരും പുത്രിമാരും ഞങ്ങൾക്കുണ്ട്.
ഒരു കണക്കിനു നോക്കിയാൽ, അനേകം വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഞാൻ പട്ടണം തോറും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് രസകരമായ ഒരു സംഗതിയാണ്, സർക്കസിൽനിന്നു സർക്കിട്ടിലേക്ക്! ട്രപ്പീസ് അഭ്യാസിയാകാൻ കഴിയുമായിരുന്നോ, ഒറ്റ ചാട്ടത്തിൽ മൂന്നു പ്രാവശ്യം മലക്കം മറിയുന്നതിൽ വൈദഗ്ധ്യം നേടുക എന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുമായിരുന്നോ എന്നൊക്കെ ഞാൻ അറിയാതെ ചിന്തിച്ചുപോകാറുണ്ട്. എന്നാൽ, ഭൂമിയെ ഒരു പറുദീസ ആക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തെ കുറിച്ച് ഓർക്കുമ്പോൾ അത്തരം ചിന്തകൾ പെട്ടെന്നു തന്നെ മാഞ്ഞുപോകുന്നു.—വെളിപ്പാടു 21:4, 5എ.
“കാലിൽ അറക്കപ്പൊടി പറ്റിയ” അവസ്ഥയിലാണു ഞാൻ പിറന്നുവീണത് എന്നതു സത്യം തന്നെ. എന്നാൽ, “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് ഞാൻ ഓർക്കുന്നു. (റോമർ 10:15) ദൈവത്തെ കുറിച്ച് പഠിക്കാൻ ആളുകളെ സഹായിക്കുക എന്ന പദവി, ഒരു സർക്കസുകാരൻ എന്ന നിലയിൽ എനിക്കു നേടാൻ കഴിയുമായിരുന്ന എന്തിനെക്കാളും ശ്രേഷ്ഠമാണ്. യഹോവയുടെ അനുഗ്രഹം എന്റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു! (g04 9/22)
[19-ാം പേജിലെ ചിത്രങ്ങൾ]
ഞങ്ങളുടെ സർക്കസ് “കുടുംബ”ത്തിൽപ്പെട്ട ചിലർ; റ്റ്യൂബയുമായി നിൽക്കുന്നത് ഡാഡി
[21-ാം പേജിലെ ചിത്രം]
ഭാര്യ എഡ്നയോടൊപ്പം ഇന്ന്