മുൻവിധി പിഴുതെറിയപ്പെടുമ്പോൾ
മുൻവിധി പിഴുതെറിയപ്പെടുമ്പോൾ
മുൻവിധിയുടേതായ പ്രവണതകൾ നമ്മിൽ ഉള്ളതായി നമുക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഉദാഹരണത്തിന്, നമുക്ക് ഒരു വ്യക്തിയെ അറിയില്ലെങ്കിൽ കൂടെ, അയാളുടെ രാജ്യത്തെയോ വംശത്തെയോ ഗോത്രത്തെയോ തൊലിയുടെ നിറത്തെയോ ആസ്പദമാക്കി നാം ആ വ്യക്തിയുടെ സ്വഭാവത്തെ പറ്റി അഭിപ്രായങ്ങൾ രൂപീകരിക്കാറുണ്ടോ? അതോ നമുക്ക് ഓരോ വ്യക്തിയെയും അയാളുടെ തനതായ ഗുണവിശേഷങ്ങൾ നിമിത്തം വിലമതിക്കാൻ കഴിയുന്നുണ്ടോ?
യേശുവിന്റെ നാളുകളിൽ, യെഹൂദ്യയിലും ഗലീലയിലും പാർത്തിരുന്ന ആളുകൾക്കു പൊതുവേ ‘ശമര്യരുമായി യാതൊരു സമ്പർക്കവും’ ഉണ്ടായിരുന്നില്ല. (യോഹന്നാൻ 4:9) “ഞാൻ ഒരിക്കലും ഒരു ശമര്യക്കാരനെ കാണാൻ ഇടവരാതിരിക്കട്ടെ” എന്ന, തൽമൂദിൽ രേഖപ്പെടുത്തിയിരിക്കുന്ന ചൊല്ല് യഹൂദരിൽ പലർക്കും ഉണ്ടായിരുന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്നു.
യേശുവിന്റെ അപ്പൊസ്തലന്മാർപോലും ശമര്യർക്കെതിരെ ഒരളവുവരെ മുൻവിധി വെച്ചുപുലർത്തിയിരിക്കാം. ഒരിക്കൽ ഒരു ശമര്യ ഗ്രാമത്തിൽ ചെന്ന അവർക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചില്ല. അനുകൂലമായി പ്രതികരിക്കാതിരുന്ന ഈ ആളുകളെ ആകാശത്തുനിന്ന് തീ ഇറങ്ങി നശിപ്പിക്കാൻ പറയട്ടെയോ എന്ന് യാക്കോബും യോഹന്നാനും ചോദിച്ചു. അപ്പോൾ യേശു അവരെ ശാസിച്ചുകൊണ്ട് അവരുടെ മനോഭാവം ശരിയല്ലെന്നു കാണിച്ചുകൊടുത്തു.—ലൂക്കൊസ് 9:52-56.
പിന്നീട് യേശു, യെരൂശലേമിൽനിന്നു യെരീഹോയിലേക്കുള്ള യാത്രാ മധ്യേ കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട ഒരു മനുഷ്യനെ കുറിച്ചുള്ള സാരോപദേശകഥ പറഞ്ഞു. യഹൂദരായ രണ്ട് മതഭക്തർ അതുവഴി വന്നെങ്കിലും ആ മനുഷ്യനെ സഹായിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ അതുവഴി വന്ന ഒരു ശമര്യക്കാരൻ ആ മനുഷ്യന്റെ അടുത്തുചെന്ന് അയാളുടെ മുറിവുകൾ കെട്ടി. എന്നിട്ട്, അയാൾ പരിക്കുകളിൽനിന്നു സുഖം പ്രാപിച്ചു വരാൻ തക്കവണ്ണം പരിചരണത്തിനുള്ള ഏർപ്പാടു ചെയ്തു. അങ്ങനെ, താൻ ഒരു യഥാർഥ അയൽക്കാരൻ ആണെന്ന് ആ ശമര്യക്കാരൻ തെളിയിച്ചു. (ലൂക്കൊസ് 10:29-37) മറ്റുള്ളവരിലെ നല്ല ഗുണങ്ങൾ കാണാനാകാത്ത വിധം മുൻവിധി തങ്ങളെ അന്ധരാക്കിയിരിക്കുകയാണ് എന്നു മനസ്സിലാക്കാൻ യേശുവിന്റെ സാരോപദേശകഥ അവന്റെ ശ്രോതാക്കളെ സഹായിച്ചിരിക്കാം. ഏതാനും വർഷങ്ങൾക്കു ശേഷം യോഹന്നാൻ ശമര്യയിലേക്കു മടങ്ങിച്ചെന്ന് അവിടത്തെ നിരവധി ഗ്രാമങ്ങളിൽ പ്രസംഗിച്ചു—നശിച്ചുകാണാൻ അവൻ ഒരിക്കൽ ആഗ്രഹിച്ചിരുന്ന ഗ്രാമവും ഒരുപക്ഷേ ഇതിൽ ഉൾപ്പെട്ടിരിക്കാം.—പ്രവൃത്തികൾ 8:14-17, 25.
യേശുവിനെ കുറിച്ച് റോമൻ ശതാധിപനായ കൊർന്നേല്യൊസിനോടു സംസാരിക്കാൻ ഒരു ദൂതനാൽ വഴിനയിക്കപ്പെട്ട അപ്പൊസ്തലനായ പത്രൊസും പക്ഷപാതരഹിതമായി പ്രവർത്തിക്കേണ്ടതുണ്ടായിരുന്നു. പത്രൊസിന് യഹൂദരല്ലാത്തവരുമായി ഇടപെട്ടു പരിചയമില്ലായിരുന്നു, യഹൂദരിൽ മിക്കവർക്കും റോമൻ പടയാളികളോടു യാതൊരു സ്നേഹവും ഉണ്ടായിരുന്നില്ല. (പ്രവൃത്തികൾ 10:28) എന്നാൽ ഇപ്പോൾ, ദൈവത്തിന്റെ വഴിനടത്തിപ്പ് ഇക്കാര്യത്തിൽ ഉണ്ടെന്നു മനസ്സിലാക്കിയ പത്രൊസ് ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
മുൻവിധിയോടു പോരാടുന്നതിനുള്ള പ്രേരകഘടകം
മുൻവിധി, യേശു പഠിപ്പിച്ച ഒരു അടിസ്ഥാന തത്ത്വം ലംഘിക്കുന്നു. അത് ഇതാണ്: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) ജന്മസ്ഥലം, ത്വക്കിന്റെ നിറം, പശ്ചാത്തലം ഇവയിൽ ഏതിന്റെയെങ്കിലും പേരിൽ മാത്രം അവജ്ഞയ്ക്കു പാത്രമാകാൻ ആരാണ് ആഗ്രഹിക്കുക? പക്ഷപാതമില്ലായ്മ സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെയും മുൻവിധി ലംഘിക്കുന്നു. ‘ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ [യഹോവ] ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി’ എന്നു ബൈബിൾ പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 17:26) അതുകൊണ്ട് എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ്.
ഇനിയും, ദൈവം ന്യായംവിധിക്കുന്നത് ഓരോ വ്യക്തിയെയുമാണ്. മാതാപിതാക്കളോ പൂർവികരോ ചെയ്ത കാര്യങ്ങൾക്ക് അവൻ ഒരാളെ കുറ്റംവിധിക്കുന്നില്ല. (യെഹെസ്കേൽ 18:20; റോമർ 2:6) മറ്റൊരു രാഷ്ട്രത്തിൽനിന്നു നിഷ്ഠുരമായ പെരുമാറ്റം നേരിടേണ്ടിവരുന്നെങ്കിൽ പോലും അത് ആ രാഷ്ട്രത്തിലെ വ്യക്തികളെ വെറുക്കുന്നതിനുള്ള സാധുവായ ഒരു കാരണമല്ല. ആ അനീതിക്ക് അവർ വ്യക്തിപരമായി ഉത്തരവാദികളേ അല്ലായിരിക്കാം. ‘തങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാനും തങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും’ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു.—മത്തായി 5:44, 45.
അത്തരം പഠിപ്പിക്കലുകളുടെ സഹായത്താൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങളുടെ മുൻവിധികളെ തരണംചെയ്ത് ഒരു അതുല്യ അന്താരാഷ്ട്ര സഹോദരവർഗമായിത്തീർന്നു. വ്യത്യസ്തങ്ങളായ നിരവധി സംസ്കാരങ്ങളിൽനിന്ന് ഉള്ളവരായിരുന്നെങ്കിൽപ്പോലും അവർ പരസ്പരം സഹോദരീസഹോദരന്മാർ എന്നു സംബോധന ചെയ്യുകയും അന്യോന്യം അങ്ങനെതന്നെ കാണുകയും ചെയ്തുപോന്നു. (കൊലൊസ്സ്യർ 3:9-11; യാക്കോബ് 2:5; 4:11) ഈ മാറ്റത്തിനു പ്രചോദകമായി വർത്തിച്ച തത്ത്വങ്ങൾക്ക് ഇന്നും അതേ പ്രയോജനങ്ങൾതന്നെ ഉളവാക്കാൻ കഴിയും.
മുൻവിധിയോടുള്ള പോരാട്ടം—ഇന്ന്
നമ്മിൽ ഒട്ടുമിക്കവരും മുൻധാരണകൾ വെച്ചുപുലർത്തുന്നവരാണ്. എന്നാൽ ഇവ മുൻവിധിയിലേക്കു നയിക്കണമെന്നില്ല. “അപര്യാപ്തമായ തെളിവുകളിൽ അധിഷ്ഠിതമായ മുൻധാരണകൾ മുൻവിധികൾ ആയിത്തീരുന്നത് കൂടുതലായ വിവരങ്ങൾ ലഭിച്ചിട്ടും അവ തിരുത്തപ്പെടാത്തപ്പോൾ മാത്രമാണ്” എന്ന് മുൻവിധിയുടെ സ്വഭാവം എന്ന പുസ്തകം പറയുന്നു. ആളുകൾ അന്യോന്യം അടുത്തറിയുമ്പോൾ മുൻവിധി പലപ്പോഴും അപ്രത്യക്ഷമാകാറുണ്ട്. എന്നാൽ അതേ പുസ്തകം ഇങ്ങനെ പറയുന്നു: “ആളുകൾ ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നതിലേക്ക് നയിക്കുന്ന തരം ബന്ധം മാത്രമേ മനോഭാവങ്ങളിൽ മാറ്റം വരുത്താനിടയുള്ളൂ.”
ഇബോ ജനതയിൽപ്പെട്ട നൈജീരിയക്കാരനായ ജോൺ, ഹൗസ ജനതയ്ക്ക് എതിരെയുള്ള തന്റെ മുൻവിധിയെ തരണംചെയ്തത് ഈ വിധത്തിലാണ്. അവൻ പറയുന്നു: “യൂണിവേഴ്സിറ്റിയിൽവെച്ച് ചില
ഹൗസ വിദ്യാർഥികളെ ഞാൻ കണ്ടുമുട്ടി. താമസിയാതെ അവർ എന്റെ കൂട്ടുകാരായിത്തീർന്നു. ശ്രേഷ്ഠമായ തത്ത്വങ്ങൾ വെച്ചുപുലർത്തുന്നവരാണ് അവരെന്ന് ഞാൻ കണ്ടെത്തി. ഹൗസ ജനതയിൽപ്പെട്ട ഒരു വിദ്യാർഥിയും ഞാനും ഒരുമിച്ച് ഒരു പ്രോജക്ട് ചെയ്തു. വളരെ നന്നായി ഒത്തുപോകാൻ ഞങ്ങൾക്കു കഴിഞ്ഞു. എന്നാൽ ഇബോ ജനതയിൽപ്പെട്ട എന്റെ മുൻ സുഹൃത്ത് അവനു ചെയ്യാനുള്ളതൊന്നും ചെയ്യാതെ സൂത്രത്തിൽ രക്ഷപ്പെട്ടു നടക്കുമായിരുന്നു.”മുൻവിധിയോടു പോരാടാനായി ഒരു ആയുധം
വർഗീയതയ്ക്കെതിരെ യുനെസ്കോ എന്ന റിപ്പോർട്ട് പറയുന്നതനുസരിച്ച്, “വിദ്യാഭ്യാസത്തിന് വർഗീയത, വിവേചനം, മുഖ്യധാരാ സമൂഹത്തിൽനിന്നും അതിന്റെ ആനുകൂല്യങ്ങളിൽനിന്നുമുള്ള അകറ്റിനിറുത്തൽ എന്നിവയുടെ പുതിയ രൂപങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലെ ഒരു വിലപ്പെട്ട ആയുധമായിരിക്കാൻ കഴിയും.” ബൈബിൾ വിദ്യാഭ്യാസമാണ് ഇക്കാര്യത്തിൽ ഏറ്റവും നല്ല സഹായമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (യെശയ്യാവു 48:17, 18) ആളുകൾ അതിന്റെ പഠിപ്പിക്കലുകൾ പിൻപറ്റുമ്പോൾ സംശയം ആദരവിനു വഴിമാറുന്നു, സ്നേഹം വിദ്വേഷത്തിന്റെ തീ ഊതിക്കെടുത്തുകയും ചെയ്യുന്നു.
മുൻവിധിയെ തരണംചെയ്യാൻ ബൈബിൾ തങ്ങളെ സഹായിക്കുന്നതായി യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും വംശങ്ങളിൽനിന്നും ഉള്ള ആളുകളുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള പ്രചോദനവും അവസരവും ബൈബിൾ അവർക്കു പ്രദാനം ചെയ്യുന്നു. ഈ ലേഖന പരമ്പരയിലെ ആദ്യ ലേഖനത്തിൽ പരാമർശിച്ച ക്രിസ്റ്റീന യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. “രാജ്യഹാളിലെ യോഗങ്ങൾ എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അവിടെ ആയിരിക്കുമ്പോൾ എനിക്കു സുരക്ഷിതത്വം അനുഭവപ്പെടുന്നു. കാരണം അവിടെ ആർക്കും എന്നോടു മുൻവിധി ഉള്ളതായി എനിക്കു തോന്നുന്നില്ല,” അവൾ പറയുന്നു.
മറ്റൊരു സാക്ഷിയായ ജാസ്മിൻ ഒമ്പതാം വയസ്സിൽ ആദ്യമായി വർഗീയതയ്ക്ക് ഇരയായത് ഓർമിക്കുന്നു. അവൾ ഇങ്ങനെ പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം ഇടദിവസങ്ങളിൽവെച്ച് ഏറ്റവും പിരിമുറുക്കം കുറഞ്ഞ ദിവസം എല്ലായ്പോഴും വ്യാഴാഴ്ചയായിരുന്നിട്ടുണ്ട്. അന്നു രാത്രി ഞാൻ രാജ്യഹാളിൽ പോകുന്നു എന്നതാണു കാരണം. അവിടെ ആളുകൾ എന്നോടു സ്നേഹം പ്രകടമാക്കുന്നു. അവജ്ഞയോടെ വീക്ഷിക്കുന്നതിനു പകരം ഞാൻ വളരെ വേണ്ടപ്പെട്ടവളാണെന്ന തോന്നൽ അവർ എന്നിൽ ഉളവാക്കുന്നു.”
യഹോവയുടെ സാക്ഷികൾ ഏറ്റെടുത്തു നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങളും വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളെ ഒരുമിച്ചു കൂട്ടിവരുത്തുന്നു. സൈമൺ ബ്രിട്ടനിലാണു ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കരീബിയൻ സ്വദേശികളാണ്. ലോകത്തിലെ നിർമാണ കമ്പനികൾക്കായി ഇഷ്ടികപ്പണി ചെയ്തുവരുന്ന സമയത്ത് അദ്ദേഹത്തിന് വളരെയധികം മുൻവിധിയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ സഹവിശ്വാസികളോടൊപ്പം സന്നദ്ധ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വർഷങ്ങളിൽ അദ്ദേഹത്തിന് ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. “പല ദേശങ്ങളിൽനിന്നുള്ള സഹസാക്ഷികളോടൊപ്പം എനിക്കു പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പരസ്പരം നന്നായി ഒത്തുപോകാൻ ഞങ്ങൾ പഠിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലർ മറ്റു രാജ്യങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നും ഉള്ളവരായിരുന്നു,” സൈമൺ പറയുന്നു.
തീർച്ചയായും, യഹോവയുടെ സാക്ഷികളും അപൂർണ മനുഷ്യരാണ്. അതുകൊണ്ടുതന്നെ അവർക്ക് മുൻവിധി ഉള്ളവരായിരിക്കാനുള്ള പ്രവണതകളോട് പോരാടുന്നതിൽ തുടരേണ്ടതുണ്ടായിരിക്കാം. എന്നാൽ ദൈവം മുഖപക്ഷമില്ലാത്തവനാണ് എന്ന അറിവ് അതു ചെയ്യുന്നതിനുള്ള ശക്തമായ പ്രചോദനം അവർക്കു നൽകുന്നു.—എഫെസ്യർ 5:1, 2.
മുൻവിധിയോടു പോരാടുന്നതിന്റെ പ്രയോജനങ്ങൾ അനവധിയാണ്. മറ്റു പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളുമായി ഇടകലരുമ്പോൾ നമ്മുടെ ജീവിതം സമ്പന്നമാകുന്നു. കൂടാതെ, ദൈവം അവന്റെ രാജ്യം മുഖേന ഉടൻതന്നെ നീതി വസിക്കുന്ന ഒരു മനുഷ്യ സമൂഹം സ്ഥാപിക്കും. (2 പത്രൊസ് 3:13) അന്ന് മുൻവിധി എന്നെന്നേക്കുമായി പിഴുതെറിയപ്പെടും. (g04 9/8)
[11-ാം പേജിലെ ചതുരം]
ഞാൻ മുൻവിധി വെച്ചുപുലർത്തുന്നുവോ?
അറിയാതെതന്നെ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള മുൻവിധികൾ വെച്ചുപുലർത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക:
1. ഒരു പ്രത്യേക വംശത്തിലോ മതത്തിലോ രാജ്യത്തിലോ പെട്ട ആളുകൾക്ക് ബുദ്ധിശൂന്യത, മടി, പിശുക്ക് തുടങ്ങിയ മോശമായ ഗുണങ്ങൾ ഉള്ളതായി ഞാൻ സങ്കൽപ്പിക്കുന്നുവോ? (പല തമാശകളും ഇത്തരം മുൻവിധിയെ നിലനിറുത്തിക്കൊണ്ടുപോകുന്നു.)
2. സാമ്പത്തികമോ സാമൂഹികമോ ആയ എന്റെ പ്രശ്നങ്ങൾക്ക് കുടിയേറ്റക്കാരെയോ മറ്റൊരു വംശത്തിൽപ്പെട്ട ആളുകളെയോ പഴിചാരാൻ ഞാൻ പ്രവണത കാണിക്കുന്നുവോ?
3. എന്റെ ദേശത്തിന് മറ്റൊരു ദേശത്തോട് നാളുകളായി ശത്രുതയുണ്ട് എന്ന കാരണത്താൽ എനിക്ക് അവിടത്തെ ആളുകളോടു ശത്രുത തോന്നുന്നുവോ?
4. ഞാൻ കണ്ടുമുട്ടുന്ന വ്യക്തികളുടെ ത്വക്കിന്റെ നിറമോ സംസ്കാരമോ വംശീയ പശ്ചാത്തലമോ എന്തായിരുന്നാലും അവരിൽ ഓരോരുത്തരെയും ഒരു വ്യക്തിയെന്ന നിലയിൽ വീക്ഷിക്കാൻ എനിക്കു കഴിയുന്നുണ്ടോ?
5. എന്റേതിൽനിന്നു വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലത്തിൽപ്പെട്ടവരെ അടുത്തറിയാനുള്ള അവസരത്തെ ഞാൻ സ്വാഗതം ചെയ്യുന്നുവോ? അങ്ങനെ ചെയ്യാൻ ഞാൻ ശ്രമം നടത്തുന്നുണ്ടോ?
[8-ാം പേജിലെ ചിത്രം]
നല്ല ശമര്യക്കാരന്റെ സാരോപദേശ കഥയിലൂടെ മുൻവിധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നു യേശു നമ്മെ പഠിപ്പിച്ചു
[8-ാം പേജിലെ ചിത്രം]
‘ദൈവത്തിന്നു മുഖപക്ഷമില്ല എന്ന് ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു’ എന്ന് കൊർന്നേല്യൊസിന്റെ വീട്ടിൽ വെച്ച് പത്രൊസ് പറഞ്ഞു
[9-ാം പേജിലെ ചിത്രം]
ബൈബിളിന്റെ പഠിപ്പിക്കൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽപ്പെട്ട ആളുകളെ ഏകീകരിക്കുന്നു
[9-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ പഠിച്ച കാര്യങ്ങൾ അനുസരിച്ചു ജീവിക്കുന്നു
[10-ാം പേജിലെ ചിത്രം]
ക്രിസ്റ്റീന—“രാജ്യഹാളിലെ യോഗങ്ങൾ എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു”
[10-ാം പേജിലെ ചിത്രം]
ജാസ്മിൻ—“ആളുകൾ എന്നോടു സ്നേഹം പ്രകടമാക്കുന്നു. അവജ്ഞയോടെ വീക്ഷിക്കുന്നതിനു പകരം ഞാൻ വളരെ വേണ്ടപ്പെട്ടവളാണെന്ന തോന്നൽ അവർ എന്നിൽ ഉളവാക്കുന്നു”
[10-ാം പേജിലെ ചിത്രങ്ങൾ]
ഒരു സന്നദ്ധ നിർമാണപ്രവർത്തകനായ സൈമൺ—“പരസ്പരം നന്നായി ഒത്തുപോകാൻ ഞങ്ങൾ പഠിച്ചു”