ആഴക്കടലിലെ ജീവനുള്ള ദീപാലങ്കാരങ്ങൾ
ആഴക്കടലിലെ ജീവനുള്ള ദീപാലങ്കാരങ്ങൾ
സമുദ്രത്തിനടിയിലുള്ള ഒരു പാറത്തട്ടിന്റെ ഓരം ചേർന്ന്, ആ സ്കൂബാ ഡൈവർ നീന്തുകയായിരുന്നു. പെട്ടെന്ന്, 60 സെന്റിമീറ്റർ നീളം വരുന്ന ഒരു കണവമത്സ്യം ഒരു പൊത്തിനുള്ളിൽ തെന്നിനടക്കുന്നത് അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. നീല കലർന്ന ചാരനിറത്തിലുള്ള പശ്ചാത്തലത്തിൽ അതിനെ തിരിച്ചറിയുക നന്നേ പ്രയാസമായിരുന്നു. അദ്ദേഹം മെല്ലെ അതിന്റെ അടുത്തേക്കു നീങ്ങിയപ്പോൾ അതിന്റെ നിറം, മിന്നിത്തിളങ്ങുന്ന കടുംചുവപ്പായി മാറി. അദ്ദേഹം പുറകോട്ടു മാറിയപ്പോൾ അത് അതിന്റെ പഴയ നിറത്തിലേക്കു തിരിച്ചുവന്നു. എന്നാൽ എങ്ങനെയാണ് ഇത്തരം മൊളസ്കുകൾ (തോടുള്ള മൃദുമാംസ ജീവികൾ) ചിലയിനം നീരാളികളെയും കൂന്തൽ മത്സ്യങ്ങളെയും പോലെ, അതിശയിപ്പിക്കുന്ന ഈ കൃത്യം നിർവഹിക്കുന്നത്?
അവയുടെ ത്വക്കിലുള്ള, വർണകം അടങ്ങിയ ക്രോമാറ്റോഫോറുകൾ എന്ന കോശങ്ങൾ ആണ് ഈ നിറമാറ്റങ്ങൾക്കു കാരണം. പേശീസങ്കോചത്തിലൂടെ നാഡികൾ ഈ കോശങ്ങളുടെ വലുപ്പം നിയന്ത്രിക്കുന്നു. അങ്ങനെ സ്വന്തശരീരത്തിൽ പലതരം നിറങ്ങളും നിറങ്ങളുടെ സമ്മിശ്രങ്ങളും സൃഷ്ടിക്കാൻ ഈ ജീവികൾക്കു സാധിക്കുന്നു.
എന്നാൽ നിറം മാറുന്നതിനു പുറമേ, കൂന്തൽ മത്സ്യത്തിന്റെ അനേകം വർഗങ്ങൾ മിന്നാമിനുങ്ങിനെപ്പോലെ സ്വന്തമായി പ്രകാശം ഉത്പാദിപ്പിക്കുക പോലും ചെയ്യുന്നു. ജെല്ലി മത്സ്യം, കൊഞ്ച് തുടങ്ങിയ അനേകം സമുദ്ര ജീവികളുടെ കാര്യത്തിലെന്നപോലെ, സ്വയം പ്രകാശിക്കാനുള്ള ഇവയുടെ കഴിവിന് ആധാരം ഫോട്ടോസൈറ്റുകൾ എന്നു വിളിക്കപ്പെടുന്ന കോശങ്ങളിലോ ഫോട്ടോഫോറുകൾ എന്നറിയപ്പെടുന്ന അവയവങ്ങളിലോ നടക്കുന്ന സങ്കീർണമായ രാസ പ്രതിപ്രവർത്തനങ്ങളാണ്. എന്നാൽ ഇവയുമായി സഹജീവനബന്ധം പുലർത്തുന്ന, പ്രകാശിക്കുന്ന ചിലതരം ബാക്ടീരിയയുടെ പ്രവർത്തനവും ഇതിനു കാരണമായേക്കാം.
ആദ്യത്തെ കേസിൽ സംഭവിക്കുന്നത് ഇതാണ്: പ്രകാശം പ്രസരിപ്പിക്കുന്ന കോശങ്ങളിലും അവയവങ്ങളിലും അടങ്ങിയിരിക്കുന്ന ലൂസിഫെറിൻ എന്ന രാസവസ്തു, ഒരു രാസാഗ്നിയുടെ സാന്നിധ്യത്തിൽ ഓക്സിജനുമായി പ്രതിപ്രവർത്തിക്കുകയും സാധാരണമായി നീലകലർന്ന പച്ച നിറത്തിലുള്ള പ്രകാശം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. സയന്റിഫിക് അമേരിക്കൻ എന്ന മാസിക പറയുന്നതനുസരിച്ച്, പ്രകാശം പരത്തുന്ന ചില അവയവങ്ങൾ “വെളിച്ചത്തെ കേന്ദ്രീകരിക്കാനുള്ള ലെൻസുകൾ, കളർ ഫിൽറ്റർ, സ്വിച്ച് പോലെ പ്രവർത്തിക്കുന്ന വഴക്കമുള്ള ഒരു പാളി എന്നിവയെല്ലാം ഉള്ള സങ്കീർണമായ ഉപകരണങ്ങൾ ആണ്. ത്വക്കിൽ ഫോട്ടോഫോറുകളും ക്രോമാറ്റോഫോറുകളും അടങ്ങിയിട്ടുള്ള കൂന്തലുകൾക്ക് അവ ഉത്പാദിപ്പിക്കുന്ന പ്രകാശത്തിന്റെ നിറവും തീവ്രതയും നിയന്ത്രിക്കാൻ കഴിയും.”
പ്രകാശിക്കുന്ന ബാക്ടീരിയയുടെ സഹായത്താൽ വെളിച്ചം പരത്തുന്ന ജീവികൾ, അതിഥികളായ ആ സൂക്ഷ്മാണുക്കളെ ചോരത്തുടിപ്പുള്ള പ്രത്യേക പ്രകാശ അവയവങ്ങളിലാണു പാർപ്പിക്കുന്നത്. ബാക്ടീരിയയ്ക്ക് ആവശ്യമായ പോഷകങ്ങൾ രക്തത്തിലൂടെ എത്തിച്ചുകൊടുത്തുകൊണ്ട് അവ ഫലത്തിൽ “കറന്റു ബിൽ” അടയ്ക്കുകയും ചെയ്യുന്നു. (g04 9/22)
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഉൾച്ചിത്രം: Courtesy Jeffrey Jeffords/www.divegallery.com
© David Nicholson/Lepus/Photo Researchers, Inc.