പിഗ്മികൾക്ക് ബൈബിൾസത്യം എത്തിച്ചുകൊടുക്കുന്നു
പിഗ്മികൾക്ക് ബൈബിൾസത്യം എത്തിച്ചുകൊടുക്കുന്നു
കാമറൂണിലെ ഉണരുക! ലേഖകൻ
ലോകത്തിനു ചുറ്റുമുള്ള 230-ലധികം ദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ, “സകല[തരം] മനുഷ്യ”ർക്കും ദൈവരാജ്യത്തിന്റെ സന്ദേശം എത്തിച്ചുകൊടുക്കാൻ പരിശ്രമിക്കുന്നു. (1 തിമൊഥെയൊസ് 2:4; മത്തായി 24:14) 1.2 മീറ്ററിനും 1.4 മീറ്ററിനും ഇടയിൽ ശരാശരി ഉയരം വരുന്ന കൊച്ചുമനുഷ്യരായ ആഫ്രിക്കൻ പിഗ്മികളും ഇതിൽ ഉൾപ്പെടുന്നു. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ പ്രദേശം, തെക്കു കിഴക്കൻ കാമറൂൺ എന്നിവിടങ്ങളിലെ വനാന്തരങ്ങളിലാണ് അവർ മുഖ്യമായും പാർക്കുന്നത്.
ഈജിപ്തിലെ ഫറവോനായ നെഫറിർകാരെ, നൈൽ നദിയുടെ ഉത്ഭവം കണ്ടുപിടിക്കാനായി ഒരു സംഘം യാത്രികരെ അയച്ചപ്പോഴായിരുന്നു ആദ്യമായി സന്ദർശകർ പിഗ്മികളെ കണ്ടുമുട്ടുന്നത് എന്നു ചരിത്രരേഖ പറയുന്നു. ആഫ്രിക്കയുടെ ഉൾവനങ്ങളിൽ ഉയരം കുറഞ്ഞ ആളുകളെ കണ്ടതായി ആ യാത്രികർ റിപ്പോർട്ടു ചെയ്‌തു. പിൽക്കാല ഗ്രീക്ക് എഴുത്തുകാരനായ ഹോമറും തത്ത്വജ്ഞാനിയായ അരിസ്റ്റോട്ടിലും പിഗ്മികളെ കുറിച്ചു പറയുന്നുണ്ട്. 16-ഉം 17-ഉം നൂറ്റാണ്ടുകളിലാണ് യൂറോപ്യന്മാർ ഇവരുമായി സമ്പർക്കത്തിൽ വരുന്നത്.
ആധുനിക നാളിൽ യഹോവയുടെ സാക്ഷികൾ ആഫ്രിക്കൻ കാടുകളിൽ പ്രസംഗിക്കുന്നുണ്ട്. പിഗ്മികൾ രാജ്യസന്ദേശത്തോടു നന്നായി പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇവരെ വീണ്ടും കണ്ടുമുട്ടി ആ താത്പര്യത്തെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ മിക്കവാറും പരാജയപ്പെട്ടിരിക്കുന്നു. ഇതിന്റെ കാരണം പിഗ്മികളുടെ ഊരുചുറ്റൽ സമ്പ്രദായമാണ്—ഏതാനും മാസം കൂടുമ്പോൾ അവർ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു താമസം മാറ്റും.
ആഫ്രിക്കയിൽ 1,50,000 മുതൽ 3,00,000 വരെ പിഗ്മികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവർ ശാന്തപ്രകൃതരും ലജ്ജാശീലരും ആണ്. ഗവണ്മെന്റുകളും സാർവദേശീയ സംഘടനകളും ക്രൈസ്തവ സഭകളും, അവരുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന കൊച്ചുവീടുകളോടൊപ്പം, വിശേഷാൽ അവരുടെ പ്രയോജനത്തിനായി സ്കൂളുകളും നിർമിച്ചു നൽകിയിട്ടുണ്ട്. എങ്കിലും അവരെ ഒരിടത്തു പിടിച്ചുനിറുത്തുന്നതിനുള്ള അനേകം ശ്രമങ്ങളും അമ്പേ പരാജയപ്പെടുകയായിരുന്നു.
ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഒരു അപവാദം കാമറൂണിലെ ഷാൻവ്യേ മ്പാക്കി ആണ്—അവിടത്തെ പിഗ്മികളിൽ ആദ്യമായി ഒരു സാക്ഷിയായിത്തീർന്ന വ്യക്തി. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന സചിത്ര പുസ്തകവും മറ്റു പ്രസിദ്ധീകരണങ്ങളും വായിച്ചശേഷം അദ്ദേഹം ബൈബിൾ സന്ദേശം സ്വീകരിച്ചു. a 2002-ൽ സ്നാപനമേറ്റ ഷാൻവ്യേ ഇപ്പോൾ ഒരു പയനിയറായി—യഹോവയുടെ സാക്ഷികളുടെ മുഴുസമയ സുവിശേഷകരെ വിളിക്കുന്നത് അങ്ങനെയാണ്—സേവിക്കുന്നു. രാജ്യത്തിന്റെ ദക്ഷിണ-പൂർവ പ്രദേശത്തെ ഒരു ചെറിയ പട്ടണമായ മ്പാങിലെ സഭയിൽ ഒരു ശുശ്രൂഷാദാസനും കൂടെയാണ് ഷാൻവ്യേ. “സകല[തരം] മനുഷ്യ”രെയും സ്നേഹിക്കുന്ന ഏകസത്യ ദൈവമായ യഹോവയെ ആരാധിക്കാൻ കാമറൂണിലെ പിഗ്മികളിൽ കൂടുതൽ പേർ മുന്നോട്ടു വരുമോ എന്ന് കാലം തെളിയിക്കും. (g04 8/22)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ അച്ചടിക്കുന്നില്ല.
[24-ാം പേജിലെ ചിത്രം]
കാമറൂണിൽ ഒരു സാക്ഷി ആയിത്തീർന്നതായി അറിയപ്പെടുന്ന ആദ്യ പിഗ്മിയായ ഷാൻവ്യേ മ്പാക്കി ശുശ്രൂഷയിൽ പങ്കെടുക്കുന്നു