എങ്ങനെയുള്ള ഒരു പിതാവിനെയാണ് കുട്ടികൾക്കു വേണ്ടത്?
എങ്ങനെയുള്ള ഒരു പിതാവിനെയാണ് കുട്ടികൾക്കു വേണ്ടത്?
കുട്ടികൾക്കു വേണ്ടത് അവരെ സ്നേഹിക്കുന്ന ഒരു പിതാവിനെയാണ്, അവരുടെ സുഹൃത്തും വഴികാട്ടിയുമായി പിന്തുണയുടെ പുഞ്ചിരിയുമായി എപ്പോഴും കൂടെയുള്ള ഒരു പിതാവിനെ; ഉത്തരവാദിത്വബോധമുള്ള, ആശ്രയയോഗ്യരായ വ്യക്തികളായി വളർന്നുവരാൻ തങ്ങളെ സഹായിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്ന ഒരു പിതാവിനെ. എന്നാൽ പിതാവിനെ കുറിച്ചുള്ള കുട്ടികളുടെ ഈ സ്വപ്നം പൂവണിയിക്കാൻ പല പിതാക്കന്മാരും തക്കതായ ഗൗരവത്തോടെ ശ്രമിക്കുന്നില്ല.
കുഞ്ഞുങ്ങളെ ഈ ലോകത്തിലേക്ക് ആനയിക്കുന്നത് അമ്മമാരാണ് എന്നതു ശരിതന്നെ. അമ്മയുടെ വാത്സല്യം കുഞ്ഞുങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ് എന്നു പറയേണ്ടതില്ലല്ലോ. എന്നാൽ പിതാക്കന്മാർക്കും തത്തുല്യമായ സുപ്രധാന പങ്ക് നിർവഹിക്കാനുണ്ട് എന്ന വസ്തുതയെ പരാമർശിച്ചുകൊണ്ട് ദ വിൽസൺ ക്വാർട്ടേർലി ഇപ്രകാരം പറയുകയുണ്ടായി: “അമേരിക്കൻ സമൂഹത്തെ കാർന്നുതിന്നുന്ന ഏറ്റവും രൂക്ഷമായ മിക്ക പ്രശ്നങ്ങളുടെയും മുഖ്യ കാരണം പിതാക്കന്മാർ തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ്.” ലോകമൊട്ടാകെ പടർന്നിരിക്കുന്ന പ്രശ്നങ്ങളുടെ ഒരു മുഖ്യഹേതുവും ഇതുതന്നെയാണ് എന്നു പറയേണ്ടിയിരിക്കുന്നു.
യുവജനങ്ങളുടെ പെരുമാറ്റ വൈകല്യങ്ങളിൽ അനേകവും—അക്രമസ്വഭാവം, അച്ചടക്കമില്ലായ്മ, മോശമായ പഠന നിലവാരം, ഉദാസീനത എന്നിവ—പലപ്പോഴും അവരുടെ പിതാക്കന്മാർ “ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുന്ന”തിന്റെ പ്രതിഫലനമാണെന്ന് ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ബ്രസീലിയൻ പത്രമായ ഷൂർണാൽ ഡാ റ്റാർഡെ റിപ്പോർട്ടു ചെയ്യുകയുണ്ടായി. കുട്ടികളുടെ വിജയകരമായ വളർച്ചയ്ക്ക് മാതാവും പിതാവും ആവശ്യമാണ് എന്ന വസ്തുതയെ മാർഷെല്ലോ ബെർനാർഡിയുടെ ഇറ്റാലിയൻ പുസ്തകമായ ലീ ഇംപെർഫെറ്റി ജേനിറ്റൊറീ (അപൂർണരായ മാതാപിതാക്കൾ) ഊന്നിപ്പറയുന്നു.
കുടുംബജീവിതം മെച്ചപ്പെടുത്താനാകും
ഇനി, പിതാവിന്റെ അനാസ്ഥ കുടുംബപ്രശ്നങ്ങൾക്കു വഴിമരുന്നിടുകയോ അല്ലെങ്കിൽ പ്രശ്നങ്ങൾക്ക് അധികപങ്കും അദ്ദേഹം കാരണമായിരിക്കുകയോ ചെയ്യുന്നെങ്കിൽ പോലും, കാര്യങ്ങൾ നേരെയാക്കാനും കുടുംബജീവിതം മെച്ചപ്പെടുത്താനും കഴിയും. എങ്ങനെ? പിതാവ് ഇതിന് എന്താണു ചെയ്യേണ്ടത്?
ഒരു കാര്യം വ്യക്തമാണ്: അടുക്കും ചിട്ടയുമുള്ള ഒരു കുടുംബവ്യവസ്ഥയിലാണ് കുട്ടികൾ വളരേണ്ടത്. അവരുടെ ക്ഷേമത്തിൽ അതീവ താത്പര്യമുള്ള ഒരാളാണ് കുടുംബസാരഥ്യം വഹിക്കുന്നത് എന്ന് അവർക്കു തോന്നണം. ഇന്നത്തെ മിക്ക കുടുംബങ്ങളിലും സംഭവിക്കുന്നതു പോലെ, ആ തോന്നൽ കുട്ടികൾക്കു ലഭിക്കുന്നില്ലെങ്കിൽ അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇങ്ങനെയുള്ള ഭവനങ്ങളിലെ കുട്ടികളുടെ സാഹചര്യം—പിതാവ് ഇല്ലെങ്കിലും പിതാവ് വേണ്ടവിധത്തിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ലെങ്കിലും—ആശയറ്റതല്ല. ‘ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവ്’ ആയിരിക്കുന്നു എന്ന് സങ്കീർത്തനം 68:5-ൽ ബൈബിൾ പറയുന്നു. a
സഹായം നേടാനാകുന്ന വിധം
ഇക്കാര്യത്തിൽ വിജയംവരിക്കുന്നതിന് ദൈവം നൽകുന്ന സഹായം അതിപ്രധാനമാണെന്നും ആ സഹായം
നേടിയെടുക്കാൻ സാധിക്കുന്നതാണെന്നും വ്യക്തമാക്കുന്ന ഒരു അനുഭവമാണ് മുൻ ലേഖനത്തിൽ പരാമർശിച്ച, പോളണ്ടിൽനിന്നുള്ള ലിഡിയ എന്ന പെൺകുട്ടിയുടേത്. അവളുടെ കുടുംബത്തിലെ ജീവിത സാഹചര്യം എങ്ങനെയുള്ളതായിരുന്നു? ആ കുടുംബം എങ്ങനെയാണ് ദൈവത്തിന്റെ സഹായം സ്വീകരിച്ചത്?തന്റെ മക്കൾ കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ താൻ കുടുംബത്തെ അവഗണിച്ചിരുന്നെന്ന് മകൾ ലിഡിയയുടെ വാക്കുകൾ ശരിവെച്ചുകൊണ്ട് പിതാവ് ഫ്രാൻചിഷെക്ക് സമ്മതിക്കുന്നു. അദ്ദേഹം പറയുന്നു: “ഞങ്ങളുടെ കുട്ടികൾ ചെയ്യുന്നത് എന്താണ് എന്നതിനെ കുറിച്ചൊന്നും എനിക്കു യാതൊരു ചിന്തയുമില്ലായിരുന്നു. ഞാൻ അവരോടു വാത്സല്യം കാണിച്ചിരുന്നില്ല. എനിക്കും കുട്ടികൾക്കും തമ്മിൽ ഒരു അടുപ്പവും ഇല്ലായിരുന്നു.” ലിഡിയയ്ക്ക് 14 വയസ്സുള്ളപ്പോൾ അവളും ഇളയ അനുജനും അനുജത്തിയും കൂടി പാർട്ടികളിൽ കുടിച്ചുകൂത്താടുകയും പുകവലിക്കുകയും മറ്റുള്ളവരുമായി അടിപിടികളിൽ ഏർപ്പെടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞതേയില്ല.
തന്റെ കുട്ടികൾ എത്ര വലിയ ആപത്തിലാണു ചെന്നുപെട്ടിരിക്കുന്നത് എന്ന് ഒടുവിൽ തിരിച്ചറിഞ്ഞ ഫ്രാൻചിഷെക്ക് ഞെട്ടിപ്പോയി. അവരെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. “സഹായത്തിനായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു,” അദ്ദേഹം പറയുന്നു. രസാവഹമെന്നു പറയട്ടെ, താമസിയാതെതന്നെ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തിന്റെ വീടു സന്ദർശിച്ചു. അദ്ദേഹവും ഭാര്യയും ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. ക്രമേണ മാതാപിതാക്കൾ ബൈബിൾ പഠിപ്പിക്കലുകൾ തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തുടങ്ങി. അത് കുട്ടികളിൽ എന്തു ഫലമാണ് ഉളവാക്കിയത്?
ഫ്രാൻചിഷെക്ക് ഇപ്രകാരം വിശദീകരിക്കുന്നു: “ഞാൻ കുടിനിറുത്തി ഒരു നല്ല ഡാഡിയായി മാറുന്നത് കുട്ടികൾ ശ്രദ്ധിക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികളെ കുറിച്ചു കൂടുതൽ അറിയാൻ അവർ ആഗ്രഹിച്ചു. അവരും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചു തുടങ്ങുകയും ചീത്ത കൂട്ടുകെട്ടുകൾ ഉപേക്ഷിക്കുകയും ചെയ്തു.” അദ്ദേഹത്തിന്റെ മകൻ റാഫോ തന്റെ ഡാഡിയെ കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ ഡാഡിയെ സ്നേഹിച്ചു തുടങ്ങി, ഒരു കൂട്ടുകാരനെയെന്നപോലെ.” അവൻ തുടരുന്നു: “പെട്ടെന്നുതന്നെ സാമൂഹികവിരുദ്ധ തെരുവുസംഘങ്ങളെയൊക്കെ ഞങ്ങൾ മറന്നു. ഞങ്ങളുടെ കുടുംബം ആത്മീയ പ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടാൻ തുടങ്ങി.”
ഫ്രാൻചിഷെക്ക് ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ മൂപ്പനായി സേവിക്കുകയാണ്. അദ്ദേഹം ഇപ്പോഴും കുടുംബാംഗങ്ങളുടെ കാര്യാദികളിൽ ഉൾപ്പെടുകയും ഓരോരുത്തരുടെയും ആത്മീയ വളർച്ചയിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകൾ ലിഡിയയും പയനിയർമാർ അഥവാ മുഴുസമയ സുവിശേഷകർ ആണ്. റാഫോയും അനുജത്തി സിൽവിയയും ബൈബിളധ്യയനത്തിൽ മുഴുഹൃദയത്തോടെ പങ്കുപറ്റുന്നു. കൂടാതെ, ക്രിസ്തീയ യോഗങ്ങളിൽ അഭിപ്രായം പറയുകയും തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്നു.
പഠിപ്പിച്ചിരുന്ന കാര്യങ്ങൾ സ്വന്തജീവിതത്തിൽ അദ്ദേഹം പ്രാവർത്തികമാക്കി
മാകാറേനയുടെ പിതാവ് ലൂയിസിന്റെ കാര്യത്തിൽ എന്തു സംഭവിച്ചു എന്നും കാണുക. പ്രാരംഭ ലേഖനത്തിൽ പരാമർശിച്ച, സ്പെയിനിൽ നിന്നുള്ള ആ 21 വയസ്സുകാരിയുടെ വാക്കുകൾ ഓർക്കുന്നുണ്ടാകുമല്ലോ. ലൂയിസിന്റെ ജീവിതം മദ്യപാനിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ജീവിതരീതിയുടെ തനിപ്പകർപ്പായിരുന്നു. സുഹൃത്തുക്കളോടൊപ്പം പോയിക്കഴിഞ്ഞാൽ പിന്നെ ലൂയിസിനെ ഏതാനും ദിവസത്തേക്കു കാണുകയേ ഇല്ലായിരുന്നു എന്ന് മാകാറേന പറഞ്ഞു. മാത്രമല്ല, അദ്ദേഹം ഭാര്യയെ തന്റെ വിലപ്പെട്ട ജീവിതസഖിയായി കരുതുന്നതിനു പകരം വെറും ഒരു വേലക്കാരിയായിട്ടാണ് കണക്കാക്കിയിരുന്നത്. അവരുടെ വിവാഹജീവിതം തകർച്ചയുടെ വക്കിലായിരുന്നു. മാകാറേനയും അവളുടെ ഇളയ കൂടപ്പിറപ്പുകളും അങ്ങേയറ്റത്തെ വൈകാരികവ്യഥ അനുഭവിച്ചിരുന്നു.
അങ്ങനെയിരിക്കെ, ലൂയിസ് യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “ഞാൻ ഭാര്യയോടും കുട്ടികളോടും ഒപ്പം സമയം ചെലവിടാൻ തുടങ്ങി. ഞങ്ങൾ ഒരുമിച്ചിരുന്നു സംസാരിച്ചു, ഒന്നിച്ച് ആഹാരം കഴിച്ചു, ഒരുമിച്ച് ബൈബിൾ പഠിച്ചു. വീട്ടുജോലികളിലും വിനോദത്തിലും ഞങ്ങൾ ഒന്നിച്ച് ഏർപ്പെട്ടു.” മാകാറേനയുടെ വാക്കുകൾ ശ്രദ്ധിക്കുക: “കുടുംബത്തോട് ആത്മാർഥ താത്പര്യം കാണിക്കുന്ന സ്നേഹധനനായ ഒരു പിതാവിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാൻ തുടങ്ങി.”
ദൈവത്തെ സേവിക്കാൻ ലൂയിസ് തന്റെ കുടുംബത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ചെയ്തത്. മറിച്ച് കുടുംബത്തെ പഠിപ്പിച്ചിരുന്ന കാര്യങ്ങൾ സ്വന്തജീവിതത്തിൽ അദ്ദേഹം പ്രാവർത്തികമാക്കി. “നല്ല വരുമാനം ലഭിച്ചുകൊണ്ടിരുന്ന ഒരു ബിസിനസ്” അദ്ദേഹം ഉപേക്ഷിച്ചു. മാകാറേന വിശദീകരിക്കുന്നു: “കാരണം അത് അദ്ദേഹത്തിന്റെ സമയത്തിന്റെ സിംഹഭാഗവും അപഹരിച്ചിരുന്നു. കുടുംബകാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധകൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചു.” അതിന്റെ ഫലം വിസ്മയാവഹമായിരുന്നു. “അദ്ദേഹത്തിന്റെ ദൃഷ്ടാന്തം, കണ്ണ് ലളിതമായി സൂക്ഷിക്കാനും ആത്മീയ കാര്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകാനും എന്നെ പഠിപ്പിച്ചു” എന്ന് മാകാറേന പറയുന്നു. അവൾ ഇന്ന് ഒരു പയനിയറായി സേവിക്കുന്നു. അവളുടെ അമ്മയും ഇളയ കൂടപ്പിറപ്പുകളും ക്രിസ്തീയ സഭയിലെ സജീവ അംഗങ്ങളാണ്.
റെയിൽവേ എക്സിക്യൂട്ടീവിന്റെ തീരുമാനം
തന്റെ കുട്ടികളുടെ ക്ഷേമം മുൻനിറുത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരു പിതാവിനെയാണ് കുട്ടികൾക്കു വേണ്ടത്. മുൻലേഖനത്തിൽ പരാമർശിച്ച ജാപ്പനീസ് എക്സിക്യൂട്ടീവ് ടാകേഷി ടാമുറയുടെ കൗമാരപ്രായത്തിലുള്ള മകൻ ചീത്ത കൂട്ടുകെട്ടിൽ ഉൾപ്പെട്ടിരുന്നു. അവൻ വലിയ അപകടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതായും കാണപ്പെട്ടു. ആ സമയത്താണ്, അതായത് 1986-ൽ, ജാപ്പനീസ് നാഷണൽ റെയിൽവേയ്സിയിലെ തന്റെ ഉന്നതപദവി ഉപേക്ഷിക്കാൻ ടാകേഷി തീരുമാനിച്ചത്. 18 വർഷത്തിനു ശേഷം ഇന്ന് അദ്ദേഹത്തിന് തന്റെ തീരുമാനത്തെ പ്രതി എന്തു തോന്നുന്നു?
“ഒരുപക്ഷേ ഞാൻ എടുത്തിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ല തീരുമാനം ആയിരിക്കണം ഇത്” എന്ന് അടുത്തകാലത്ത് അദ്ദേഹം പറയുകയുണ്ടായി. “എന്റെ മകനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ബൈബിൾ പഠനം ഉൾപ്പെടെ കാര്യങ്ങൾ ഒന്നിച്ചു ചെയ്യുകയും ചെയ്തതിന് വിസ്മയകരമായ ഫലമുണ്ടായി. ഞങ്ങൾ കൂട്ടുകാരായി, അവൻ ചീത്ത കൂട്ടുകെട്ടും മോശമായ പെരുമാറ്റവും ഉപേക്ഷിച്ചു.”
ടാകേഷിയുടെ ഭാര്യ ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ യഹോവയുടെ സാക്ഷികളിൽ ഒരാളായി മാറിയിരുന്നു. അവരുടെ മാതൃകായോഗ്യമായ പെരുമാറ്റമാണ് ബൈബിൾ പരിശോധിക്കാനും കുടുംബത്തിന്റെ കാര്യത്തിൽ കൂടുതൽ ഉൾപ്പെടാനും അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. കാലാന്തരത്തിൽ അദ്ദേഹവും മകനും മകളും യഹോവയുടെ സാക്ഷികൾ ആയിത്തീർന്നു. ടാകേഷിയും മകനും ഇപ്പോൾ തങ്ങളുടെ സഭകളിൽ
മൂപ്പന്മാരായി സേവിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകളും പയനിയർമാരാണ്.പിതാക്കന്മാർക്ക് സഹായം ആവശ്യം
സ്വന്തം കുട്ടികളെ തങ്ങൾ അവഗണിക്കുകയാണെന്നു തിരിച്ചറിയുന്ന അനേകം പിതാക്കന്മാർക്കും പക്ഷേ കുട്ടികൾക്കുവേണ്ടി എന്തു ചെയ്യണം എന്ന് അറിയില്ല. സ്പാനീഷ് പത്രമായ ലാ വാൻഗ്വാർഡ്യയിൽ വന്ന ഒരു തലക്കെട്ടു ശ്രദ്ധിക്കുക: “കൗമാരപ്രായക്കാരായ മക്കളെ വളർത്തേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് [സ്പാനീഷ്] മാതാപിതാക്കളിൽ 42 ശതമാനം പേർ സമ്മതിക്കുന്നു.” കൗമാരത്തിന്റെ പടി കയറി തുടങ്ങിയിട്ടില്ലാത്ത കുട്ടികളെയും പിച്ചവെച്ചുനടക്കുന്ന പ്രായത്തിലുള്ള കുട്ടികളെയും വളർത്തിക്കൊണ്ടുവരുന്നതു സംബന്ധിച്ചുള്ള ചില പിതാക്കന്മാരുടെ അറിവും ഇങ്ങനെതന്നെ ആണെന്നു പറയാൻ കഴിയും. കൊച്ചുകുഞ്ഞുങ്ങൾക്ക് തങ്ങളുടെ സാമീപ്യവും ശ്രദ്ധയുമൊന്നും അത്ര ആവശ്യമില്ലെന്നാണ് പല പിതാക്കന്മാരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ അവർക്കും വാത്സല്യമുള്ള പിതാക്കന്മാരുടെ സാമീപ്യവും ശ്രദ്ധയും ഒഴിച്ചുകൂടാനാവാത്തതാണ്.
കുട്ടികളുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ പിതാക്കന്മാർക്ക് എങ്ങനെ കഴിയും എന്നതിനെ കുറിച്ച് ഇനി എന്താണു പഠിക്കാനുള്ളത്? പിതാക്കന്മാർക്കുള്ള ഏറ്റവും നല്ല മാതൃകകൾ ആരെല്ലാമാണ്? അവരിൽനിന്ന് എന്തു പഠിക്കാൻ കഴിയും? ഈ ലേഖന പരമ്പരയിലെ ഞങ്ങളുടെ ഒടുവിലത്തെ ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും. (g04 8/22)
[അടിക്കുറിപ്പ്]
a ദയവായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിൽ “മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾക്കു വിജയിക്കാനാവും!” എന്ന അധ്യായം കാണുക.
[7-ാം പേജിലെ ചിത്രങ്ങൾ]
കുട്ടികൾക്ക് വേണ്ടതു നൽകിയ പിതാക്കന്മാർ
ഫ്രാൻചിഷെക്കും കുടുംബവും
ലൂയിസും കുടുംബവും
ടാകേഷിയും കുടുംബവും