തട്ടിപ്പ് ഒരു ആഗോളപ്രശ്നം
തട്ടിപ്പ് ഒരു ആഗോളപ്രശ്നം
വശ്യതയാർന്ന വ്യക്തിത്വത്തിന് ഉടമയും മൃദുഭാഷിയുമായ വെയ്ൻ, കാരെന്റെ ഭർത്തൃസങ്കൽപ്പത്തിന്റെ സാക്ഷാത്കാരമായിരുന്നു. “ഇങ്ങനെയൊരു ആൾക്കുവേണ്ടിയായിരുന്നു ഞാൻ ആഗ്രഹിച്ചതും പ്രാർഥിച്ചതും,” കാരെൻ പറയുന്നു. “കാണുന്നവരെല്ലാം പറയുമായിരുന്നു ഞങ്ങൾ തമ്മിൽ എത്ര ചേർച്ചയാണെന്ന്. ഞാൻ കഴിഞ്ഞിട്ടേ വെയ്നിന് മറ്റെന്തുമുള്ളു എന്ന് ഞാൻ ധരിച്ചുപോയി.”
എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. ഓസ്ട്രേലിയൻ രഹസ്യാന്വേഷണ സംഘടനയിൽ മൂന്നാം സ്ഥാനമുള്ള ഓഫീസറാണു താൻ എന്നാണ് വെയ്ൻ കാരെനോടു പറഞ്ഞിരുന്നത്. അദ്ദേഹം രാജിവെക്കാൻ ആഗ്രഹിച്ചെങ്കിലും അവർ അനുവദിക്കുമായിരുന്നില്ലത്രേ. അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിനു വിശദമായി അറിയാവുന്നതിനാൽ അവർ അദ്ദേഹത്തെ കൊന്നുകളയുമെന്ന് വെയ്ൻ ഭയപ്പെട്ടു. ഇരുവരും കൂടി ഒരു പദ്ധതി തയ്യാറാക്കി. വിവാഹം കഴിച്ച്, തങ്ങളുടെ സമ്പാദ്യവുമായി ഓസ്ട്രേലിയയിൽനിന്നു കാനഡയിലേക്കു കടക്കുക. കാരെൻ വീടും മറ്റു വസ്തുക്കളുമെല്ലാം വിറ്റ് പണം വെയ്നിനെ ഏൽപ്പിച്ചു.
പദ്ധതിയനുസരിച്ച് വിവാഹം നടന്നു. വെയ്ൻ രാജ്യം വിട്ടുപോവുകയും ചെയ്തു. എന്നാൽ കാരെൻ വഴിയാധാരമായി. ആറു ഡോളർ തികച്ചുണ്ടായിരുന്നില്ല അവളുടെ ബാങ്ക് അക്കൗണ്ടിൽ. തട്ടിപ്പു നടത്തുന്നതിനു വേണ്ടി തന്ത്രപൂർവം മെനഞ്ഞെടുത്ത നുണകളുടെ വലയിലാണ് താൻ കുടുങ്ങിപ്പോയത് എന്ന് അവൾ അപ്പോഴേ മനസ്സിലാക്കിയുള്ളൂ. തഴക്കംവന്ന ഒരു നടനെപ്പോലെ വെയ്ൻ തന്റെ ഭാഗം നന്നായി അഭിനയിച്ചുകൊണ്ട് അവളെ തന്നിലേക്ക് ആകർഷിച്ചുകളഞ്ഞു. അയാളുടെ പശ്ചാത്തലവും താത്പര്യങ്ങളും വ്യക്തിത്വവും അവളോടുണ്ടെന്നു ഭാവിച്ച സ്നേഹവുമെല്ലാം അവളുടെ വിശ്വാസം നേടിയെടുക്കാനുള്ള അയാളുടെ അടവുകൾ മാത്രമായിരുന്നു. ആ വിശ്വാസത്തിന് അവൾക്ക് 2,00,000-ത്തിലധികം ഡോളറാണ് വിലയൊടുക്കേണ്ടി വന്നത്. ഒരു പോലീസ് ഓഫീസർ ഇങ്ങനെ പറഞ്ഞു: “വൈകാരികമായി അവൾ ആകെ തകർന്നുപോയിരിക്കുന്നു. പണത്തിന്റെ കാര്യം പോകട്ടെ, മാനസികമായി ഒരു വ്യക്തിയെ ഇത്രത്തോളം ദ്രോഹിക്കാൻ കഴിയുമെന്നത് അവിശ്വസനീയംതന്നെ.”
“വൈകാരികമായി ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലാണ് ഞാൻ,” കാരെൻ പറയുന്നു. “എനിക്കറിയാവുന്ന വെയ്ൻ . . . ശരിക്കും അങ്ങനെയൊരാളേ ഇല്ല.”
ലോകമെമ്പാടും നടക്കുന്ന എണ്ണമറ്റ തട്ടിപ്പുകളുടെ ഒരു ഇര മാത്രമാണ് കാരെൻ. കൃത്യമായി പറയാൻ സാധിക്കുകയില്ലെങ്കിലും ഓരോ വർഷവും തട്ടിച്ചെടുക്കുന്ന തുക സഹസ്രകോടിക്കണക്കിനു ഡോളർ വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വർഷംതോറും ഈ തുക വർധിക്കുകയാണുതാനും. സാമ്പത്തിക നഷ്ടത്തിനു പുറമേ, കാരെനെപ്പോലെയുള്ള ഇരകൾക്ക്
കടുത്ത വൈകാരിക വേദനയും സഹിക്കേണ്ടിവരുന്നു. കാരണം പലപ്പോഴും, അവർക്ക് അടുത്ത് അറിയാവുന്ന, അവർ പൂർണ വിശ്വാസം അർപ്പിക്കുന്ന ആളുകൾ തന്നെയാണ് തട്ടിപ്പു നടത്തുന്നത്.പ്രതിരോധം—ഏറ്റവും നല്ല നയം
തട്ടിപ്പിനെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു: “പണമുണ്ടാക്കുന്നതിനു വേണ്ടി തെറ്റായ ധാരണകളോ വിവരങ്ങളോ വാഗ്ദാനങ്ങളോ നൽകിയുള്ള ചതി അഥവാ വഞ്ചന.” മനഃപൂർവം ചതിച്ചതാണ് എന്നു തെളിയിക്കുക ദുഷ്കരമായതിനാൽ മിക്ക തട്ടിപ്പുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ് സങ്കടകരമായ സംഗതി. മാത്രമല്ല മിക്ക തട്ടിപ്പുവീരന്മാർക്കും നിയമത്തിലെ പഴുതുകൾ നന്നായി അറിയാം. കേസു തെളിയിക്കാൻ ബുദ്ധിമുട്ടോ അസാധ്യമോ ആയ വിധത്തിൽ തട്ടിപ്പു നടത്തേണ്ടത് എങ്ങനെയെന്ന് അവർക്കറിയാം. തന്നെയുമല്ല, ഒരു തട്ടിപ്പു കേസ് തെളിയിക്കണമെങ്കിൽ ധാരാളം പണവും സമയവും ചെലവഴിക്കേണ്ടിവരും. പലപ്പോഴും കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയവരോ പൊതുജന ശ്രദ്ധ ആകർഷിക്കത്തക്കവിധം ഞെട്ടിക്കുന്ന കൃത്രിമം കാട്ടിയിട്ടുള്ളവരോ മാത്രമാണ് നിയമത്തിന്റെ പിടിയിൽ അകപ്പെടുന്നത്. എന്നാൽ ഒരു തട്ടിപ്പുകാരനെ പിടികൂടി ശിക്ഷിച്ചാൽ പോലും മിക്കപ്പോഴും കൈക്കലാക്കിയ പണം അതിനകം അയാൾ ചെലവഴിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തുകഴിഞ്ഞിരിക്കും. തത്ഫലമായി തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കാതെ പോകുന്നു.
ചുരുക്കിപ്പറഞ്ഞാൽ തട്ടിപ്പിന് ഇരയായാൽ നിങ്ങൾക്കു നഷ്ടപ്പെട്ടതു വീണ്ടുകിട്ടാനുള്ള സാധ്യത വളരെ കുറവാണ്. വഞ്ചിക്കപ്പെട്ടതിനു ശേഷം, പോയ പണം എങ്ങനെ തിരികെ വാങ്ങാം എന്ന് ആലോചിക്കുന്നതിലും ഭേദം തട്ടിപ്പിന് ഇരയാകാതെ നോക്കുന്നതാണ്. ജ്ഞാനിയായ ഒരു വ്യക്തി വർഷങ്ങൾക്കു മുമ്പേ ഇങ്ങനെ എഴുതി: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് അടുത്ത ലേഖനം വിശദീകരിക്കും. (g04 7/22)