പ്രത്യാശ അതിന് യഥാർഥത്തിൽ എന്തെങ്കിലും ശക്തിയുണ്ടോ?
പ്രത്യാശ അതിന് യഥാർഥത്തിൽ എന്തെങ്കിലും ശക്തിയുണ്ടോ?
ഡാനിയേലിന് പത്തുവയസ്സേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഒരു വർഷമായി അവൻ കാൻസറിനോട് മല്ലിടുകയായിരുന്നു. ഡോക്ടർമാർക്കും പ്രിയപ്പെട്ടവർക്കും അവനെ കുറിച്ചുള്ള സകല പ്രതീക്ഷയും അസ്തമിച്ചിരുന്നു. എന്നാൽ ഡാനിയേൽ പ്രതീക്ഷ കൈവെടിഞ്ഞില്ല. താൻ വളർന്നു വലുതായി ഒരു ഗവേഷകനായിട്ട് കാൻസറിന് ഒരു പ്രതിവിധി കണ്ടുപിടിക്കുമെന്ന് അവൻ വിശ്വസിച്ചു. തന്റെ പ്രത്യേകതരം കാൻസർ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ഒരു ഡോക്ടർ തന്നെക്കാണാൻ വരുന്നുണ്ട് എന്നറിഞ്ഞ് അവൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. ഡോക്ടറുടെ സന്ദർശന ദിവസം വന്നു. പക്ഷേ, കാലാവസ്ഥ മോശമായതിനാൽ അദ്ദേഹത്തിനു തന്റെ യാത്ര റദ്ദാക്കേണ്ടിവന്നു. അന്ന് ആദ്യമായി ഡാനിയേൽ നിരാശനായി. അവനിൽ അതുവരെ ഉണ്ടായിരുന്ന ഉത്സാഹമെല്ലാം പോയ്മറഞ്ഞു. ഏതാനും ദിവസങ്ങൾക്കകം അവൻ മരിച്ചു.
ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ പ്രത്യാശയ്ക്കും നിരാശയ്ക്കും ഉള്ള പങ്കിനെ കുറിച്ച് പഠനം നടത്തിയ ഒരു ആരോഗ്യ പ്രവർത്തകൻ വിവരിച്ചതാണ് ഡാനിയേലിന്റെ കഥ. നിങ്ങളും ഇതുപോലുള്ള കഥകൾ കേട്ടിരിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, മരണം വാതിൽക്കലെത്തിയ, പ്രായമേറെ ചെന്ന ഒരു വ്യക്തി വളരെ നാളുകളായി ഒരു സുപ്രധാന സംഭവത്തിനുവേണ്ടി, ഒരുപക്ഷേ പ്രിയപ്പെട്ട ആരുടെയെങ്കിലും സന്ദർശനത്തിനോ, ഏതെങ്കിലും ഒരു മധുരസ്മരണയുടെ വാർഷികത്തിനോ വേണ്ടി, ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. കാത്തുകാത്തിരുന്ന ആ മധുരനിമിഷങ്ങൾ വന്നുപോകുന്നു, അതോടെ വ്യക്തിയും മരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ചിലർ വിശ്വസിക്കുന്നതുപോലെ പ്രത്യാശയ്ക്ക് അത്രമേൽ ശക്തിചെലുത്താനാകുമോ?
ശുഭാപ്തിവിശ്വാസം, പ്രത്യാശ, മറ്റു ക്രിയാത്മക വികാരങ്ങൾ എന്നിവയ്ക്ക് ഒരു വ്യക്തിയുടെ ജീവിതത്തിലും ആരോഗ്യത്തിലും ശക്തമായ പ്രഭാവം ചെലുത്താനാകുമെന്ന് അഭിപ്രായപ്പെടുന്ന വൈദ്യശാസ്ത്ര ഗവേഷകരുടെ എണ്ണം ഏറിവരികയാണ്. എന്നാൽ അത്തരം വീക്ഷണങ്ങളെ എല്ലാവരുമൊന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടില്ല. ശാസ്ത്രീയ പിന്തുണയൊന്നുമില്ലാത്ത വെറും കെട്ടുകഥകളാണ് ഇതെന്ന് ആരോപിച്ചുകൊണ്ട് ചില ഗവേഷകർ ഈ അവകാശവാദത്തെ അപ്പാടെ തള്ളിക്കളയുന്നു. ശാരീരിക അനാരോഗ്യത്തിലേക്കു നയിക്കുന്ന ഘടകങ്ങൾ ശാരീരികമായവതന്നെയാണ് എന്നു വിശ്വസിക്കാനാണ് അവർക്കിഷ്ടം.
വാസ്തവത്തിൽ, പ്രത്യാശയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേഹം ഒരു പുതിയ കാര്യമല്ല. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന അരിസ്റ്റോട്ടിലിനോട് പ്രത്യാശയെ നിർവചിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “അത് ഒരു ദിവാസ്വപ്നമാണ്” എന്ന് അദ്ദേഹം പറയുകയുണ്ടായി. കുറെക്കൂടെ അടുത്തകാലത്ത്, അമേരിക്കൻ രാജ്യതന്ത്രജ്ഞനായ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഇങ്ങനെ തുറന്നടിച്ചു: “പ്രത്യാശയെ നമ്പുന്നവൻ വിശന്നു മരിക്കും.”
അങ്ങനെയെങ്കിൽ പ്രത്യാശ സംബന്ധിച്ച വാസ്തവം എന്താണ്? അവ എല്ലായ്പോഴും വെറും കിനാവുകളാണോ, സാന്ത്വനത്തിനായി ആളുകളുടെ മുന്നിൽ തുറക്കുന്ന മിഥ്യാവിചാരങ്ങൾ? അതോ, അതിലെല്ലാം ഉപരിയായ എന്തോ ഒന്ന്—നമ്മുടെയെല്ലാം ആരോഗ്യത്തിനും സന്തോഷത്തിനും അനിവാര്യമായ, യഥാർഥ അടിസ്ഥാനവും യഥാർഥ പ്രയോജനങ്ങളും ഉള്ള ഒന്ന്—ആണു പ്രത്യാശ എന്നു ചിന്തിക്കാൻ നമുക്ക് ഈടുറ്റ കാരണമുണ്ടോ? (g04 4/22)