ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
വളരും മുമ്പേ മുതിർന്ന കുട്ടികൾ! “വളരും മുമ്പേ മുതിർന്ന കുട്ടികൾ!” (മേയ് 8, 2003) എന്ന ലേഖന പരമ്പര വളരെ നന്നായിരുന്നു. ഞാൻ അനുഭവിച്ചിട്ടുള്ള ചില പ്രശ്നങ്ങളുടെ കാരണം മനസ്സിലാക്കാൻ ഇത് എന്നെ സഹായിച്ചു. നിറംമങ്ങിയ ബാല്യകാലമായിരുന്നു എന്റേത്. ബാല്യത്തിന്റെ പടവുകൾ ഓടിക്കയറാൻ കുട്ടികളെ ബദ്ധപ്പെടുത്താതിരിക്കുന്നതാണ് ജ്ഞാനപൂർവകമായ ഗതി എന്നതിനോടു യോജിച്ചേ തീരൂ.
എസ്. എം., ജപ്പാൻ (g03 12/22)
ഈ ലേഖന പരമ്പര ശരിക്കും എന്റെ ഹൃദയത്തെ സ്പർശിച്ചു. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബത്തിലാണു ഞാൻ വളർന്നുവന്നത്. ആകുലതകൾ നിമിത്തം എന്റെ അമ്മ കരയുന്നതു കേട്ടിട്ട് എനിക്കു പല രാത്രികളിലും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ക്രിസ്തീയ സഭയിൽനിന്നു സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ എന്റെ ഗതി എന്താകുമായിരുന്നെന്ന് എനിക്കറിയില്ല. ഞങ്ങളെ ആത്മീയമായി പോഷിപ്പിക്കുന്നതിനുള്ള നിങ്ങളുടെ സ്നേഹപൂർവകമായ ശ്രമങ്ങൾക്കു നന്ദി.
ഡി. ബി., ഐക്യനാടുകൾ (g03 12/22)
എനിക്കു 11 വയസ്സുണ്ട്. പെട്ടെന്നു വളർന്നു വലുതാകണം എന്നായിരുന്നു എപ്പോഴും എന്റെ ആഗ്രഹം. എന്നാൽ, ഇനിയും ശേഷിക്കുന്ന എന്റെ ബാല്യത്തെ വിലയേറിയതായി കണ്ട് ആസ്വദിക്കേണ്ടതിന്റെ പ്രാധാന്യം ഈ ലേഖന പരമ്പര എനിക്കു കാണിച്ചുതന്നു.
ജി. എം., ഐക്യനാടുകൾ (g03 12/22)
ലേഖനത്തിൽ പരാമർശിച്ചിരുന്ന കാർമെന്റെയും സഹോദരിയുടെയും ജീവിതാനുഭവം എനിക്കു നന്നായി മനസ്സിലാക്കാൻ കഴിയും. അവർ ചെയ്തതു പോലെ ഞാൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയില്ലെങ്കിലും, രണ്ടാനപ്പന്മാരിൽനിന്നുള്ള ദുഷ്പെരുമാറ്റവും അമ്മയിൽനിന്നുള്ള അവഗണനയും എനിക്കു സഹിക്കേണ്ടി വന്നു. എന്റെ മാതാപിതാക്കൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാൽ അനുജന്മാരെ പോറ്റിവളർത്താൻ ഞാൻ നിർബന്ധിതനായി. അതും എനിക്കു വെറും പത്തു വയസ്സുള്ളപ്പോൾ മുതൽ! ഇതു നിമിത്തം എനിക്ക് എന്റേതായ പ്രശ്നങ്ങളും ഉണ്ടായി. എങ്കിലും, വർഷങ്ങളിലൂടെ എനിക്കു ലഭിച്ച സഹായത്തിന് ഞാൻ യഹോവയോട് എന്നും നന്ദിയുള്ളവനാണ്.
ഡി. എസ്., ഐക്യനാടുകൾ (g03 12/22)
തേങ്ങ ഏപ്രിൽ 8, 2003 ലക്കത്തിലെ “ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ ഒരു വൃക്ഷഫലം” എന്ന ലേഖനം ഞാൻ വളരെയധികം ആസ്വദിച്ചു. ഞാനും കൂട്ടുകാരിയും കൂടി ഒരു ഹോബിയെന്നവണ്ണം സോപ്പ് ഉണ്ടാക്കാറുണ്ട്. സോപ്പിൽ ഞങ്ങൾ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കാരണം അത് ചർമത്തിനു നല്ലതാണ്, ധാരാളം പതയും കിട്ടും. ഈ ലേഖനം വായിച്ചതിനുശേഷം ഞാൻ തേങ്ങയുടെ മൂല്യം കൂടുതലായി വിലമതിക്കാൻ തുടങ്ങിയിരിക്കുന്നു.
സി. എം., ഐക്യനാടുകൾ (g03 12/08)
ദത്തെടുക്കൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കൊരു ദത്തുപുത്രി ആകേണ്ടിവന്നത് എന്തുകൊണ്ട്?” (മേയ് 8, 2003) എന്ന തക്കസമയത്തെ ലേഖനത്തിനു നന്ദി. എന്റെ മകൾക്ക് അവളുടെ സാഹചര്യങ്ങൾ നിമിത്തം അവളുടെ കുഞ്ഞിനെ ദത്തുനൽകേണ്ടിവന്നു. ഇത് എന്റെ മനസ്സാക്ഷിയെ വളരെയധികം അലട്ടിയിരുന്നു. ഈ വിവരങ്ങൾ തക്കസമയത്താണു വന്നത്. ഈ ലേഖനം ഞാൻ മകൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
ഇ. ഡി., ഗയാന (g03 12/22)
ദത്തെടുക്കലിനെ കുറിച്ച് മേയ് 8, ജൂൺ 8 ലക്കങ്ങളിൽ വന്ന സമയോചിതമായ ലേഖനങ്ങൾക്കു വളരെയധികം നന്ദി പറയാനാണ് ഞാൻ ഇതെഴുതുന്നത്. ഞാനും ഭർത്താവും അടുത്തകാലത്ത് ഒരു ആൺകുഞ്ഞിനെ ദത്തെടുത്തു. അവനെ യഹോവയും അവന്റെ ഡാഡിയും ഞാനും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അറിയാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് കാലാന്തരത്തിൽ ഞങ്ങൾ ഈ രണ്ടു ലേഖനങ്ങൾ ഉപയോഗിക്കും.
എസ്. ആർ., ഐക്യനാടുകൾ (g03 12/22)
ദത്തെടുക്കലിനെ കുറിച്ചുള്ള ലേഖനത്തിന് ഒരുപാട് നന്ദി. എനിക്ക് 47 വയസ്സുണ്ട്. ഒരു ദത്തുപുത്രി എന്ന നിലയിൽ വളരേണ്ടിവന്നതിനെ കുറിച്ച് ഞാൻ ഇപ്പോഴും വ്യാകുലപ്പെടാറുണ്ട്. ഞാൻ ബഹുമാനിക്കുകയും വളരെയധികം സ്നേഹിക്കുകയും ചെയ്യുന്ന എന്റെ വളർത്തു മാതാപിതാക്കൾക്ക്, സ്നേഹത്തിനും വാത്സല്യത്തിനുമായുള്ള എന്റെ ദാഹത്തോടു പ്രതികരിക്കാൻ കഴിഞ്ഞില്ല. ഒരിക്കലും അവർ വാത്സല്യപൂർവം എന്നെ ആശ്ലേഷിക്കുകയോ ലാളിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ആവശ്യപ്പെട്ടപ്പോൾ പോലും. അത്തരം നിരാകരണം എന്നെ വളരെയധികം വിഷമിപ്പിച്ചു. എന്നിരുന്നാലും, ഈ ലേഖനം ഏറെ സാന്ത്വനം പകരുന്നതും ഹൃദയോഷ്മളവും ആയിരുന്നു.
ഡി. എച്ച്., ഐക്യനാടുകൾ (g03 12/22)