നമ്മുടെ ഗ്രഹം എത്ര രോഗാതുരം?
നമ്മുടെ ഗ്രഹം എത്ര രോഗാതുരം?
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ
രോഗിയുടെ നില ഗുരുതരമാണ്. പലവിധമായ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഉച്ഛ്വാസത്തിൽ ദുർഗന്ധം വമിക്കുന്നു. മുമ്പെന്നത്തെക്കാൾ ശക്തമായ പനി, എന്തൊക്കെ ചെയ്തിട്ടും അതു കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല. ശരീര ദ്രവങ്ങളിൽ വിഷാംശം കണ്ടെത്തിയിരിക്കുന്നു. ഒരു ഭാഗത്തെ അസ്വാസ്ഥ്യങ്ങൾക്കു ചികിത്സിക്കുമ്പോൾ, ഇതര ഭാഗങ്ങളിൽ വേറെ പത്തെണ്ണം തലപൊക്കുന്നു. ഒരു സാധാരണ രോഗിയായിരുന്നെങ്കിൽ, ഇതിനെ മരണകരമായ ഒരു മാറാരോഗമായി ഡോക്ടർമാർ വിധിയെഴുതിയേനെ. വേറെ എന്തു ചെയ്യണമെന്നു നിശ്ചയമില്ലാത്തതിനാൽ, മരണംവരെ രോഗിയുടെ അസ്വാസ്ഥ്യങ്ങളും വേദനയും ആവുന്നത്ര കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളുക മാത്രമായിരിക്കും അവർ ചെയ്യുന്നത്.
പക്ഷേ, ഈ രോഗി ഒരു മനുഷ്യനല്ല. അതു നമ്മുടെ ഭവനമായ ഭൂമിയാണ്. മുകളിൽ ചിത്രീകരിച്ച രംഗം, നമ്മുടെ ഗ്രഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ഉചിതമായി വരച്ചുകാട്ടുന്നു. മലിനവായു, ആഗോളതപനം, മലീമസമായ ജലം, വിഷമാലിന്യങ്ങൾ എന്നിവ രോഗാതുരയായ ഭൂമി പേറുന്ന വിഴുപ്പുകളിൽ ഏതാനും ചിലതു മാത്രം. മുകളിൽ പരാമർശിച്ച ഡോക്ടർമാരെപ്പോലെ, എന്തു ചെയ്യണമെന്നറിയാതെ വിദഗ്ധർ കുഴങ്ങുകയാണ്.
പിൻവരുന്നവ പോലുള്ള തലക്കെട്ടുകളും ചിത്രക്കുറിപ്പുകളും ഉപയോഗിച്ച് ഭൂമിയുടെ ക്ഷയിക്കുന്ന ആരോഗ്യത്തിലേക്ക് മാധ്യമങ്ങൾ പതിവായി ശ്രദ്ധക്ഷണിക്കുന്നു: “തോട്ടയിട്ടുള്ള മീൻപിടിത്തം—ആഴിയുടെ അടിത്തട്ടുകൾ ശവപ്പറമ്പുകളായി മാറുന്നു.” “24 വർഷത്തിനുള്ളിൽ നൂറുകോടി ഏഷ്യക്കാർ ദാഹിച്ചു വലയും.” “ആഗോള വിഷമാലിന്യ വ്യാപാരം—പ്രതിവർഷം നാലുകോടി ടൺ.” “ജപ്പാനിലെ 1,800 കിണറുകളിൽ ഏതാണ്ട് മൂന്നിൽ രണ്ടും വിഷലിപ്തം.” “അന്റാർട്ടിക്കയ്ക്കു മീതെ ഓസോൺ ദ്വാരം ഉത്കണ്ഠാജനകമാംവിധം വലുതാകുന്നു.”
പരിസ്ഥിതി നേരിടുന്ന ഭീഷണി സംബന്ധിച്ച് കൂടെക്കൂടെ കാണാറുള്ള വാർത്തകൾക്ക്, പതിവു പല്ലവി എന്നതിൽക്കവിഞ്ഞ പ്രാധാന്യമൊന്നും ചിലയാളുകൾ കൽപ്പിക്കുന്നില്ല, വിശേഷിച്ചും ‘എന്നെ ബാധിക്കാത്തിടത്തോളം കാലം ഞാൻ എന്തിനു തലപുകയ്ക്കണം’ എന്ന മട്ടാണവർക്ക്. എന്നാൽ, നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ഭൗമപരിസ്ഥിതിയുടെ വലിയതോതിലുള്ള നാശം ആളുകളിൽ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്നു. മലിനീകരണം ഇന്ന് ആഗോള വ്യാപകമായിരിക്കുന്നതിനാൽ, നമ്മുടെ ജീവിതത്തിന്റെ ഒന്നിലധികം വശങ്ങളെ അത് ഇപ്പോൾത്തന്നെ ബാധിക്കുന്നുണ്ടാകണം. അതുകൊണ്ട് നമ്മുടെ ഭൗമഭവനത്തിന്റെ ആരോഗ്യവും സംരക്ഷണവും സംബന്ധിച്ച് നാമെല്ലാം ചിന്തയുള്ളവരായിരിക്കണം. അല്ലെങ്കിൽപ്പിന്നെ ജീവിക്കാൻ നാം മറ്റെവിടെപ്പോകും?
പ്രശ്നം വാസ്തവത്തിൽ എത്ര വ്യാപകമാണ്? ഭൂമി എത്രത്തോളം രോഗാതുരയാണ്? ആളുകളുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നു? ഭൂമിയുടെ അവസ്ഥ ലഘുവായെടുക്കാവുന്ന ഒന്നല്ല, മറിച്ച് വളരെ ഗുരുതരമാണ് എന്നു പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഏതാനും ചില ഘടകങ്ങൾ നമുക്കു പരിശോധിക്കാം.
◼ സമുദ്രങ്ങൾ: സമുദ്രത്തിൽ വ്യാപകമായി അമിത മത്സ്യബന്ധനം നടക്കുന്നു. “പിടിക്കുന്ന മത്സ്യങ്ങൾക്ക് ആനുപാതികമായി മത്സ്യപ്രജനനം സാധിക്കാത്തവിധം അല്ലെങ്കിൽ അതു ദുഷ്കരമാകുംവിധം കടലിലെ മത്സ്യബന്ധനമേഖലകളുടെ 70 ശതമാനം അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്നു” എന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഒരു റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, ഉത്തര അറ്റ്ലാന്റിക്കിലെ കോഡ്, ഹേക്, ഹാഡക്, ഫ്ളൗൺഡർ എന്നീ മത്സ്യങ്ങളുടെ എണ്ണം 1989-നും 1994-നും ഇടയ്ക്ക് 95 ശതമാനം കുറഞ്ഞു. ഇതു തുടരുകയാണെങ്കിൽ, ഭക്ഷണത്തിനായി പ്രധാനമായും കടലിനെ ആശ്രയിക്കുന്ന ദശലക്ഷങ്ങളുടെ അവസ്ഥ എന്താകും?
ഇതുകൂടാതെ, പ്രതിവർഷം രണ്ടുമുതൽ നാലുവരെ കോടി ടൺ—സാധാരണഗതിയിൽ മുറിവേറ്റതോ ചത്തതോ ആയ—കടൽ ജീവികളെ പിടിച്ചശേഷം തിരിച്ച് സമുദ്രത്തിൽ എറിഞ്ഞു കളയുന്നതായി കണക്കാക്കപ്പെടുന്നു. ഇവയെ ഇങ്ങനെ വീണ്ടും കടലിലേക്കു തള്ളുന്നത് എന്തുകൊണ്ടാണ്? പിടിക്കാൻ ലക്ഷ്യമിട്ടിരുന്ന മത്സ്യത്തോടൊപ്പം ഇവയും വലയിൽ പെട്ടുപോകുന്നതാണ്.
◼ വനങ്ങൾ: വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങൾ അനവധിയാണ്. വൃക്ഷങ്ങൾ ഇല്ലാതാകുന്നതു നിമിത്തം കാർബൺഡയോക്സൈഡ് വലിച്ചെടുക്കാനുള്ള ഭൂമിയുടെ പ്രാപ്തി കുറഞ്ഞുപോകുന്നു. ഇത് ആഗോളതപനത്തിനു വഴിവെക്കുന്നതായി പറയപ്പെടുന്നു. ജീവരക്ഷാ മരുന്നുകളുടെ സാധ്യതയുള്ള ഉറവിടമായ ചിലയിനം സസ്യങ്ങൾ അപ്രത്യക്ഷമാകും. ഇതൊക്കെയാണെങ്കിലും വനനശീകരണം നിർബാധം തുടരുകയാണ്. വാസ്തവത്തിൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിന്റെ ആവൃത്തി വർധിച്ചിരിക്കുകയാണ്. ഈ പോക്കുപോയാൽ ഏതാണ്ട് 20 വർഷത്തിനുള്ളിൽ ഉഷ്ണമേഖലാ വനങ്ങൾ അപ്രത്യക്ഷമായേക്കാം എന്ന് ചില വിദഗ്ധർ കരുതുന്നു.
◼ വിഷവിസർജ്യങ്ങൾ: ഹാനികരമായ വസ്തുക്കൾ കരയിലും കടലിലും തള്ളുന്നത് ദശലക്ഷങ്ങൾക്ക് അപായഭീഷണി ഉയർത്തുന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. അണുപ്രസരണ ശേഷിയുള്ള അവശിഷ്ടങ്ങൾ, ഘനലോഹങ്ങൾ, പ്ലാസ്റ്റിക് ഉപോത്പന്നങ്ങൾ എന്നിവ മനുഷ്യരിലും മൃഗങ്ങളിലും ജൈവ ക്രമക്കേടുകൾക്കോ രോഗത്തിനോ മരണത്തിനോ പോലും ഇടയാക്കിയേക്കാം.
◼ രാസപദാർഥങ്ങൾ: കഴിഞ്ഞ നൂറ്റാണ്ടിൽ ഏതാണ്ട് 1,00,000 പുതിയ രാസപദാർഥങ്ങൾ ഉപയോഗത്തിൽ വരികയുണ്ടായി. ഈ രാസപദാർഥങ്ങൾ ഒടുവിൽ വായുവിലും മണ്ണിലും ജലത്തിലും നമ്മുടെ ഭക്ഷണത്തിലും എത്തിച്ചേരുന്നു. ഇവ മനുഷ്യരിൽ ഉളവാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ താരതമ്യേന ചുരുക്കം ചില പദാർഥങ്ങളെ മാത്രമേ പഠനവിധേയമാക്കിയിട്ടുള്ളൂ. എന്നാൽ ഗവേഷണ വിധേയമാക്കിയവയിൽ ഗണ്യമായ ഒരു സംഖ്യ കാൻസറിനും മറ്റു രോഗങ്ങൾക്കും നിമിത്തമാകുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ പരിസ്ഥിതിക്കു ഭീഷണിയായ അനേകം സംഗതികൾ ഇനിയുമുണ്ട്: വായു മലിനീകരണം, സംസ്കരിക്കാത്ത മലിനജലം, അമ്ലമഴ, ശുദ്ധജലക്ഷാമം. ഇതുവരെ പരാമർശിച്ച സംഗതികൾതന്നെ ഭൂമി വാസ്തവത്തിൽ രോഗാർത്തയാണ് എന്നു വ്യക്തമാക്കാൻ പോന്നതാണ്. രോഗിയെ രക്ഷിക്കാൻ കഴിയുമോ? അതോ സ്ഥിതി ആശയറ്റതാണോ? (g03 11/22)