ഭീഷണി എത്ര വലുതാണ്?
ഭീഷണി എത്ര വലുതാണ്?
മൂന്നാഴ്ച പ്രായമുള്ള ഹോള്ളി മള്ളിൻ എന്ന കുഞ്ഞിന് 1997 ഒക്ടോബറിൽ ചെവിയിൽ അണുബാധ പിടിപെട്ടു. ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടും അതു ഭേദമാകാതെ വന്നപ്പോൾ ഡോക്ടർ ഒരു ആധുനിക ആന്റിബയോട്ടിക് കുറിച്ചു കൊടുത്തു. അസുഖം പെട്ടെന്ന് മാറേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. വീണ്ടും അണുബാധയുണ്ടായി. ആന്റിബയോട്ടിക്കുകളുടെ ഓരോ കോഴ്സ് പൂർത്തിയാക്കിയ ശേഷവും ഇത് ആവർത്തിച്ചു.
ഒരു വയസ്സിനുള്ളിൽ ഹോള്ളി വിവിധതരം ആന്റിബയോട്ടിക്കുകളുടെ 17 കോഴ്സുകൾ പൂർത്തിയാക്കി. അങ്ങനെയിരിക്കെ, 21 മാസം പ്രായമുള്ളപ്പോൾ അവൾക്ക് ഏറ്റവും കലശലായ അണുബാധയെ നേരിടേണ്ടി വന്നു. അവസാന ശ്രമം എന്ന നിലയിൽ 14 ദിവസം ഒരു ആന്റിബയോട്ടിക്കിന്റെ കുത്തിവയ്പ് എടുത്തു. അതോടെ അസുഖം ഭേദമായി.
ഇതുപോലുള്ള സംഭവങ്ങൾ ഒന്നിനൊന്ന് വർധിച്ചു വന്നിരിക്കുന്നു. കൊച്ചുകുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും ഇടയിൽ മാത്രമല്ല, എല്ലാ പ്രായക്കാരുടെയും ഇടയിൽ. ഒരുകാലത്ത് ആന്റിബയോട്ടിക്കുകൾകൊണ്ട് അനായാസം മാറിയിരുന്ന അണുബാധകൾ ഇപ്പോൾ ആളുകളെ രോഗത്തിന് അടിമയാക്കുകയും കൊല്ലുക പോലും ചെയ്യുന്നു. വാസ്തവത്തിൽ, ആന്റിബയോട്ടിക് ചികിത്സാപരമ്പരയെ അതിജീവിക്കുന്ന രോഗാണുക്കൾ 1950-കൾ മുതലേ ചില ആശുപത്രികളിൽ ഒരു വലിയ പ്രശ്നമായിരുന്നിട്ടുണ്ട്. തുടർന്ന് 1960-കളിലും 70-കളിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ആശുപത്രിക്കു വെളിയിലുള്ള സമൂഹങ്ങളിലേക്കു വ്യാപിച്ചു.
ഒടുവിൽ, വൈദ്യശാസ്ത്ര ഗവേഷകർ മനുഷ്യരിലെയും ജന്തുക്കളിലെയും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെ, ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ വർധനവിനുള്ള മുഖ്യ കാരണമായി ചൂണ്ടിക്കാട്ടാൻ തുടങ്ങി. 1978-ൽ ഇവരിൽ ഒരാൾ ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗത്തെ “തീർത്തും പിടിവിട്ടുപോയ ഒന്ന്” എന്ന് വിശേഷിപ്പിക്കുകയുണ്ടായി. അതുകൊണ്ട് 1990-കൾ ആയപ്പോഴേക്കും പിൻവരുന്നതുപോലുള്ള തലക്കെട്ടുകൾ ലോകമെമ്പാടും പ്രത്യക്ഷപ്പെടാൻ തുടങ്ങി: “സൂപ്പർ-ബഗ്ഗുകൾ എത്തുന്നു,” “സൂപ്പർബഗ്ഗുകൾ പിടി മുറുക്കുന്നു,” “അപകടകാരികളായ ഔഷധങ്ങൾ—ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം സൂപ്പർബഗ്ഗുകളെ സൃഷ്ടിക്കുന്നു.”
പത്രക്കാർ കാര്യങ്ങളെ വെറുതെ ഊതിപ്പെരുപ്പിക്കുകയായിരുന്നോ? അല്ല എന്നാണ് ആദരണീയമായ വൈദ്യ സംഘടനകളുടെ അഭിപ്രായം. പകർച്ച വ്യാധികളെ കുറിച്ചുള്ള 2000-ലെ ഒരു റിപ്പോർട്ടിൽ, ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) ഡയറക്ടർ ജനറൽ ഇപ്രകാരം പ്രസ്താവിച്ചു: “പുതിയ സഹസ്രാബ്ദത്തിന്റെ പുലരിയിൽ മനുഷ്യവർഗം മറ്റൊരു പ്രതിസന്ധിയെ നേരിടുകയാണ്. മുമ്പ് ഭേദമാക്കാനായിരുന്ന രോഗങ്ങൾ . . . ഇപ്പോൾ പ്രതിസൂക്ഷ്മജീവീയ പ്രതിരോധശേഷിയുടെ [antimicrobial resistance] തുളച്ചുകടക്കാനാവാത്ത പടച്ചട്ടയണിഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ഈ പ്രതിരോധശേഷി ഒന്നിനൊന്ന് വർധിച്ചു വരികയുമാണ്.”
ഈ പ്രതിസന്ധി എത്ര ഗുരുതരമാണ്? “[ഔഷധ പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ,] ഈ അസ്വസ്ഥജനകമായ വളർച്ച പകർച്ചവ്യാധി ചികിത്സയ്ക്കുള്ള അവസരത്തിന്റെ വാതായനങ്ങൾ കൊട്ടിയടയ്ക്കുകയാണ്” എന്ന് ഡബ്ലിയുഎച്ച്ഒ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇന്ന് ചില അധികൃതർ “പൂർവ-ആന്റിബയോട്ടിക് യുഗ”ത്തിലേക്കുള്ള, അതായത് രോഗാണുബാധകൾ ഭേദമാക്കാൻ ആന്റിബയോട്ടിക്കുകൾ ഇല്ലാതിരുന്ന കാലത്തേക്കുള്ള, മാനവരാശിയുടെ തിരിച്ചുപോക്കിനെ കുറിച്ചുപോലും സംസാരിക്കുന്നുണ്ട്.
ഔഷധ പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുജീവികൾക്ക്, അതിസമർഥമായ ശാസ്ത്രീയ മുന്നേറ്റങ്ങളെ കടത്തിവെട്ടി ലോകത്തിൽ അധിനിവേശം ഉറപ്പിക്കാൻ എങ്ങനെ കഴിഞ്ഞു? ഒരു വ്യക്തിക്ക് തന്നെത്തന്നെയോ മറ്റുള്ളവരെയോ സംരക്ഷിക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? സമീപ ഭാവിയിൽ, ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കൾ എന്ന പ്രശ്നത്തിന് എന്തു പരിഹാരങ്ങൾ പ്രതീക്ഷിക്കാനാകും? പിൻവരുന്ന ലേഖനങ്ങൾ ചില ഉത്തരങ്ങൾ പ്രദാനം ചെയ്യുന്നു. (g03 10/22)